Tuesday, August 26, 2008

വാഴ്ത്തപ്പെട്ട പൊന്‍കുരിശും വിശുദ്ധ വാലെന്‍റ്റൈനും

ഗാല്‍ഗുത്താന്‍ കലാലയത്തിന്റെ നിയന്ത്രണം വഹിച്ചിരുന്ന ഇടയ സഭയുടെ ചരിത്രത്തില്‍ വാഴ്ത്തപെട്ട പൊന്‍കുരിശ് കാര്‍ലോയെ പോലെ അത്ഭുതങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ കഴിവുള്ളവര്‍ അധികമില്ലായിരുന്നു. പക്ഷേ ഫാദര്‍ പൊന്‍കുരിശ് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ പുറംലോകമറിഞ്ഞാല്‍ ഒരുപക്ഷേ വെള്ളം വീഞ്ഞാക്കല്‍ , തൊട്ട് സുഖപ്പെടുത്തല്‍ തുടങ്ങിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച കര്‍ത്താവിനു തുല്യമായ ഒരു സ്ഥാനം വിശ്വാസികള്‍ പൊന്‍കുരിശിനും കൊടുത്തേക്കാം എന്ന ഭയത്താല്‍ ഇടയ സഭാ നേത്രത്വം വിശുദ്ധ കാര്‍ലോയുടെ അത്ഭുത കര്‍മ്മങ്ങള്‍ മൂടി വെയ്ക്കുകയായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ സഭയിലെ കുഞ്ഞാടുകളെ സേവിക്കുക എന്ന ഒരേ ഒരാക്രാന്തവുമായി നടക്കുന്ന ഫാദര്‍ കാര്‍ലോയും പ്രശസ്തി ഇല്ലെങ്കിലും സേവനം തുടര്‍ന്നാല്‍ മതി എന്ന് തീരുമാനിച്ചത് കാരണം നമ്മേപ്പോലുള്ള അപൂര്‍വ്വം ചിലര്‍ മാത്രമേ സഭക്ക് പുറത്ത്‌ കാര്‍ലോ വിശുദ്ധന്‍റെ മഹത്ത്വം അതിന്‍റെ ശരിയായ വ്യാപ്തിയില്‍ മനസിലാക്കിയിരുന്നുള്ളു.

വിശുദ്ധന്‍റെ ചരിത്രത്തിന് വിക്രമാദിത്യ കഥയില്‍ എന്ത് സ്ഥാനം എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ , അവര്‍ക്കായി മാത്രം ഒരു രാജകീയ രഹസ്യം വെളിപ്പെടുത്തുന്നു. ഫാദര്‍ കാര്‍ലോസ് തോട്ടപ്പള്ളിയെ വിശുദ്ധ പൊന്‍കുരിശ് കാര്‍ലോ ആയി വാഴ്ത്തിയത് നാമാണ്.

ഗാല്‍ഗുത്താന്‍ കലാലയത്തില്‍ ഞങ്ങള്‍ക്ക് മിനക്കേടുണ്ടാക്കാന്‍ നല്ല ഇടയന്മാരുടെ പ്രതിനിധിയായി സ്ഥാനം ഏല്‍ക്കുന്നതിനു മുന്‍പ് അദ്ദേഹം നടത്തിയ ഒരു അത്ഭുത കര്‍മ്മത്തിന്റെ വിവരം രഹസമായി ചോര്‍ന്ന് കിട്ടയപ്പോള്‍, അതിന്‍റെ സ്മരണക്കായി ബേപ്പൂര്‍ സുല്‍ത്താനെ മനസ്സില്‍ സ്മരിച്ച് നാം പട്ടും വളയുമായി നല്‍കിയ നാമമാണത് .

മേല്‍പ്പറഞ്ഞ അത്ഭുതം വിശുദ്ധ കാര്‍ലോ പ്രവര്‍ത്തിക്കുന്നത് ഇടയ സഭയുടെ വലിയ ഇടയന്‍ ഗാല്‍ഗുത്താന്‍ തിരുമേനി ഹ്രദയ ശസ്ത്രക്രിയക്ക് അമേരിക്കന്‍ ഐക്യ നാടുകളിലേക്ക് പോയ വേളയിലാണ്. തിരുമേനി അമേരിക്കയില്‍ നിന്നും നേരെ ' എന്‍ സ്വദേശം കണ്മതിനായി' പോയേക്കും എന്നാശിച്ച് ഫാദര്‍ തോട്ടപ്പള്ളി ഇടയ സഭക്കായി ഒരു കൊടും ത്യാഗം അനുഷ്ടിക്കുവാന്‍ തീരുമാനിച്ചു .ത്യാഗത്തിന്റെ പരിപൂര്‍ണ്ണ സാഫല്യത്തിന്നായി അമേരിക്കയിലായിരുന്ന ഗാല്‍ഗുത്താന്‍ തിരുമേനിയുടെ കൈയ്യൊപ്പ് ആധാര പത്രങ്ങളില്‍ പ്രത്യക്ഷമാക്കി അരമന വക കണ്ണായ ഇരുന്നൂറേക്കര്‍ ഭൂമി സ്വന്തം പേരിലാക്കി മാറ്റിയ അത്ഭുതത്തിന് സമമായ ഒന്ന് മോശ വടി പാമ്പാക്കിയപ്പോള്‍ മാത്രമെ കണ്ടിട്ടുള്ളു എന്ന് അറിയപ്പെടാത്ത ചരിത്രം പറയുന്നു .
പക്ഷെ പുതു വിദ്യാഭ്യാസ വര്‍ഷത്തില്‍ സഭയുടെ വക സ്ഥാപനങളില്‍ വീഴുന്ന ചക്ക്രത്തിന്റെ കണക്കുകള്‍ കൂടി കണ്ടിട്ട് ദൈവ പുത്രനെ നേരിട്ടു കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്ന് പ്രഖ്യാപിച്ച് , ഗാല്ഗുത്തന്‍ തിരുമേനി പുലി പോലെ തിരിച്ചു വന്നു . അതുകൊണ്ട് തോട്ടപ്പള്ളിക്ക് ത്യാഗം ഏറെ നാള്‍ സഹിക്കേണ്ടി വന്നില്ലാ.

ആധാരം അവസാന തീര്‍പ്പാക്കപ്പെടുന്നതിനു മുന്പ് വിവരം ലഭിച്ചതിനാല്‍ ഗാല്‍ഗുത്താന്‍ തിരുമേനി തോട്ടപ്പള്ളിയെ വിളിച്ചുവരുത്തി "ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദിയുണ്ടെടാ പന്നി " എന്ന് എന്നാശിര്‍വദിച്ച് ഭൂമി തിരികെ എഴുതി വാങ്ങുകയും,ത്യാഗിയെ കര്‍ത്താവിന്റെ ഇടത്തോ വലത്തോ കയറ്റി നിറുത്തുവാന്‍ ഇടപാടുണ്ടാക്കുകയും ചെയ്തു .

പക്ഷേ തോട്ടപ്പള്ളിയുടെ ഇളയ സഹോദരങ്ങള്‍ രണ്ടു പേര്‍ സഭക്ക് വേണ്ടപ്പെട്ട മദ്യ രാജാക്കന്മാരയിരുന്നതിനാല്‍ ഗാല്‍ഗുത്താന്‍ തിരുമേനിക്ക് ഒടുവില്‍ ക്രൂശിക്കല്‍ പദ്ധതിയില്‍ നിന്നും പിന്‍മാറേണ്ടി വന്നു . തോട്ടപ്പള്ളി പ്രവര്‍ത്തിച്ച അത്ഭുത ചരിത്രം മദ്യ രാജാക്കാന്‍മാരുടെ സഭയിലേക്കുള്ള കനത്ത സംഭാവനകളുടെ പ്രഭാവത്തില്‍ നിഷ്പ്രഭമാവുകയും ചെയ്തു. അന്നാദ്യമായ്‌ കര്‍ത്താവായ ഈശോ മിശിഹായ്ക്ക് , പന്ത്രണ്ട് വകക്ക് കൊള്ളാത്തവന്മാരെ കൂടെ കൊണ്ടു നടന്ന നേരത്ത് ഒന്നോ രണ്ടോ മദ്യ രാജാക്കാന്‍മാരെ ശിഷ്യരായി സ്വീകരിച്ചിരുന്നെങ്കില്‍ കാല്‍വരി കുന്ന് കയറേണ്ടി വരുമായിരുന്നില്ല എന്ന് തോന്നിയിരിക്കണം. പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ?

സംഗതികള്‍ ഇങ്ങനെയൊക്കെ പരിണമിച്ചെങ്കിലും, തോട്ടപ്പള്ളിയുടെ അത്ഭുത പ്രവര്‍ത്തി പൂര്‍ണ്ണമായി വിസ്മരിക്കുവാന്‍ ഗാല്‍ഗുത്താന്‍ തിരുമേനിക്ക് കഴിഞ്ഞില്ലാ. അദ്ദേഹം തോട്ടപ്പള്ളിയെ "മേലാല്‍ അരമനയുടെ പരിസരത്തു കണ്ടു പോയാല്‍ നിന്റെ കാല് ഞാന്‍ തല്ലിയൊടിക്കും കുഞ്ഞാടേ " എന്ന് ജ്ഞാനസ്നാനം ചെയ്യിച്ച് അരമനയില്‍ നിന്നു ഗാല്‍ഗുത്താന്‍ കലാലയത്തിന്റെ വക ആണ്‍ സത്രം മേലധികാരിയാക്കി തുരത്തി വിട്ടു . ഒപ്പം ഗാല്‍ഗുത്താനിലെ വഴിതെറ്റിയ കുഞ്ഞാടുകളെ നന്നാക്കുവാനുള്ള 'ബര്‍സാര്‍ ' എന്ന പദവിയും നല്‍കി. ഗാല്‍ഗുത്താന്‍ വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാ കച്ചവടങ്ങള്‍ക്കും മധ്യസ്ഥം വഹിക്കുക എന്ന അരമന വക പദവിയില്‍ നിന്നും ഇത്ര തുച്ഛമായ ഒരു പദവിയില്‍ വന്നുപ്പെട്ടതിന്റെ എല്ലാ പ്രശ്നങ്ങളും തോട്ടപ്പള്ളിയില്‍ ഉണ്ടായിരുന്നു. അത് തീര്‍ക്കുവാന്‍ ഗാല്ഗുത്താനില്‍ അദ്ദേഹത്തിന് ലഭിച്ചതോ കര്‍ത്താവില്‍ പ്രിയമുള്ള ചെകുത്താന്‍മാരായ ഞങ്ങള്‍ കുഞ്ഞാടുകളെയും .

പ്രണയം , പഞ്ചാര തുടങ്ങിയ വാക്കുകളോട് പൊതുവായ ശത്രുത പുലര്‍ത്തിയിരുന്ന തോട്ടപ്പള്ളി പാലം വലിച്ച് തകര്‍ത്ത കൌമാര പ്രണയ കഥകള്‍ ഗാല്‍ഗുത്താനില്‍ വര്‍ദ്ധിച്ച് തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു . ഒപ്പം പ്രണയ വിവരം വീട്ടുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക എന്ന തോട്ടപ്പള്ളി വക സത്കര്‍മം കാരണം പെമ്പിള്ളാരുടെ ബന്ധുക്കള്‍ ഓടിച്ചിട്ടടിച്ച കാമുകന്‍മാരുടെ എണ്ണവും . ഇപ്രകാരം കാമുകിയുടെ ബന്ധുക്കളുടെ കൈയ്യില്‍ നിന്നും അത്യാവശ്യം വൃത്തിയായി സ്നേഹ പരിലാളന ഏറ്റ്വാങ്ങിയവരുടെ കൂട്ടത്തില്‍ നമ്മുടെ സുഹ്രത്ത് ഫരീദ് ഷേക്കിന്റെ നാമവും കയറികൂടി. ഷേക്കിന്റെ പ്രണയം തകര്‍ന്നില്ലാ. പക്ഷെ വലം കൈയ്യുടെ എല്ല് രണ്ടിടത്തായി തകര്‍ന്നു. ആ സംഭവം നമ്മില്‍ സൃഷ്ടിച്ച ചലനത്തിന്‍റെ ഭാഗമാണ് ഫാദര്‍ കാര്‍ലോസ് തോട്ടപ്പള്ളിയെ നാം വിശുദ്ധ പൊന്‍കുരിശ് കാര്‍ലോയായി വാഴ്ത്തുവാന്‍ ഇടയാക്കിയത്. ചെറുപ്പം മുതലേ , പഠിപ്പിക്കുന്ന അദ്ധ്യാപകരെ , അവര്‍ എങ്ങിനെ ഉള്ളവരായിരുന്നാലും ബഹുമാനിക്കണം എന്ന ബോധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നതിനാല്‍ , നാമാകരണത്തില്‍ പ്രതികരണം ഒതുങ്ങി . ഇന്നത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നെങ്കില്‍ വിശുദ്ധ കാര്‍ലോയെ ചവിട്ടിക്കൊന്നേനെ . അങ്ങിനെ പൊന്‍കുരിശിനെ ഭയന്ന് ഗാല്‍ഗുത്താന്‍ കലാലയത്തിലെ പെണ്‍കൊടികള്‍ എല്ലാം കന്യാസ്ത്രീകളും , ചെറുക്കന്മാരെല്ലാം പാതിരിമാരും ആയേക്കും എന്ന ആശങ്ക നിലനില്‍ക്കുന്ന കാലത്താണ്‌ കാമുക ഹ്രദയങ്ങളുടെ വേദന കണ്ടറിഞ്ഞ് കര്‍ത്താവ് നേരിട്ട് വിശുദ്ധ വാലെന്‍റ്റൈനെ ഞങ്ങള്‍ക്കിടയിലേക്കയക്കുന്നത് .വാലെന്‍റ്റൈന്‍ അവതാരത്തിന് നിമിത്തമായത് ഗാല്‍ഗുത്താന്റെ സ്വപ്ന സുന്ദരി പട്ടത്തിനു മത്സരിച്ചിരുന്നവരില്‍ പ്രമുഖയായ പാര്‍വ്വതി നാരായണന്‍.

നമ്മേക്കാള്‍ മൂന്ന് വസസ്സിനു മൂത്തതെങ്കിലും നാമും അല്‍പ്പ കാലം പിന്നാലെ നടന്ന ഈ സുന്ദരിക്ക് പ്രണയപ്പനി പിടിച്ചത് നാം ഗാല്‍ഗുത്താനില്‍ രണ്ടാം വര്ഷം തകര്‍ക്കുന്ന വേളയില്‍. (പ്രണയം നമ്മോടായിരുന്നു എന്ന് തെറ്റിദ്ധരിച്ചവരേ ...നിങ്ങളുടെ മനസ്സ് നാം തങ്കം പൂശിക്കും ).

കഥയിലെ നായകന്‍ , ഗാല്‍ഗുത്താന്റെ സ്വന്തം കവി ഹരി ( ദുഷ്ടന്‍ ) . പാര്‍വ്വതിക്ക് ഹരിയല്ലാ ഹരന്റെ പരമ ഭക്തനായ നാമാണ് കൂടുതല്‍ യോജിക്കുക എന്ന് നാം പറഞ്ഞു നോക്കി. എവിടെ? അതൊന്നും വകവെയ്ക്കാതെ പാര്‍വ്വതി കവിയെക്കയറി പ്രേമിച്ചു. എന്ന് മാത്രമോ , സ്ഥലത്തെ പ്രധാന തലതിരിഞ്ഞവനായ നമ്മേ ഹരി വന്ന് കണ്ടു ചായയും വടയും വാങ്ങി തന്നവന്റെ ഉറ്റ സുഹ്രത്തായി മാറ്റുകയും ചെയ്തു ( പരമദ്രോഹി ) . അതോടെ അവരുടെ പ്രണയ സാഫല്യം നമ്മുടെ ഉത്തരവാദിത്ത്വമായി മാറി.

സ്ഥലം സുന്ദരിയായ പാര്‍വ്വതിയുടെ പ്രണയം തകര്‍ക്കാന്‍ അക്കാലത്ത് ചില തത്പര കക്ഷികള്‍ ഇറങ്ങിയിരുന്നു. പാര്‍വ്വതിയുടെ അച്ഛന്‍ നാണൂസിനെ ദൂരവിനിമയ യന്ത്രം വഴി ഈ പ്രണയ വാര്‍ത്ത ചൂടാറാതെ നിരന്തരം അറിയിച്ച് കൊണ്ടേ ഇരിക്കുക എന്നതായിരുന്നു അവരുടെ ആദ്യ തന്ത്രം. പൊതുവെ മകളെ വല്യ വിശ്വാസമായിരുന്നെങ്കിലും , ഇത്തരം കഥകള്‍ നിരന്തരമായി കേട്ടപ്പോള്‍ നാണൂസ് മകളെ വിളിച്ച് വിരട്ടുകയും, ഉപദേശിക്കുകയും ഒക്കെ ചെയ്തു. കലാലയത്തിലേക്ക്‌ നാണൂസ് ഒരുപക്ഷേ അന്വേഷണത്തിനെത്തിയേക്കും എന്ന ഘട്ടം വന്നപ്പോള്‍ , ഹരി പറഞ്ഞു വിവരം അറിഞ്ഞ നാം പാര്‍വ്വതിക്ക് ഒരു ഉപായം ഉപദേശിച്ചു. ഉപായം വളരെ ലളിതം. കലാലയത്തില്‍ തനിക്ക് പിന്നാലെ നടക്കുന്ന, താന്‍ തിരിഞ്ഞു നോക്കാത്ത അലവലാതികളാണ് ഈ കുപ്രചരണത്തിന് പിന്നിലെന്ന് നാണൂസിനെ ധരിപ്പിക്കുക . സാക്ഷികളായി രണ്ടു മൂന്ന് കൂട്ടുകാരികളെയും രംഗത്തിറക്കുക.

അതോടെ നാണൂസ് ഒതുങ്ങി. സംഭവം കുശാല്‍. അതിന് ശേഷം പാര്‍വ്വതിയുടെ വീട്ടില്‍ പ്രണയ വിവരം പറയുവാന്‍ വിളിച്ചവന്മാര്‍ക്കൊക്കെ, മകളിലുള്ള വിശ്വാസം പൂര്‍വ്വാധികം വര്‍ദ്ധിച്ച നാണൂസിന്റെ വക മുട്ടന്‍ തെറി സമ്മാനമായി കിട്ടി. അത്ര വിദഗ്ദ്ധമായിട്ടായിരുന്നു സുന്ദരി നമ്മുടെ ഉപദേശം പ്രാവര്‍ത്തികമാക്കിയത്.

പക്ഷെ ഹരി വിരുദ്ധ സംഘം പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. അവര്‍ പൊന്‍കുരിശ് കാര്‍ലോയെ കളിക്കളത്തിലിറക്കി ശക്തമായി തിരച്ചു വന്നു. സംഘത്തിലെ പ്രമുഖനായ അരുണ്‍ നല്കിയ രഹസ്യ വിവരം അനുസരിച്ച് പൊന്‍കുരിശ് കമിതാക്കളെ കലാലയം വക ഗ്രന്ഥപ്പുരയില്‍ സല്ലപിച്ച് കൊണ്ടിരുന്ന വേളയില്‍ കൈയ്യോടെ പിടികൂടി. പിടിച്ച പാടെ ഹരിക്ക് ഒരാഴ്ച്ചത്തേക്ക് ഗാല്‍ഗുത്താനില്‍ പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഓലയും നല്‍കപ്പെട്ടു. അത് കൊണ്ടും ത്രിപ്തനാകാത്ത പൊന്‍കുരിശ് അന്ന് വൈകുന്നേരം പാര്‍വ്വതിയുടെ വീടിലേക്ക്‌ വിളിച്ചു. ഉദ്ദേശം നാണൂസിനെ മകളുടെ പ്രേമം അറിയിക്കുക .

വെള്ളിയാഴ്ച്ച വൈകുന്നേരം പതിവുള്ള തേനീച്ചയുടെ കുത്ത് വാങ്ങി നാണൂസ് ആകാശത്തും ഭൂമിയിലും അല്ലാതിരിക്കുന്ന വേളയിലാണ് പൊന്‍കുരിശിന്‍റെ ദിവ്യസ്വരം ദൂരവിനിമയ യന്ത്രത്തിലൂടെ വരുന്നത്.

കാര്‍ലോ: "പാര്‍വ്വതി നാരായണന്റെ അപ്പനല്ലേ?"
നാണൂസ്: "താന്‍ വിളിക്കുന്നത് വരെ അങ്ങിനെ തന്നെയായിരുന്നു. എന്താ മാറ്റണോ?" മകളെ കുറിച്ച് കുപ്രചരണം നടത്തുന്ന അലവലാതികളെ കലാലയത്തില്‍ ചെന്ന് തല്ലാന്‍ മകള്‍ സമ്മതിക്കാത്തതിന്റെ വിഷമത്തില്‍ നടന്നിരുന്ന നാണൂസ് ചോദിച്ചു .ഒന്ന് പതറിയെങ്കിലും കാര്‍ലോ സ്വയം പരിചയപ്പെടുത്തി . നാണൂസ് മറുപടി പറയാതെ അമര്‍ത്തി മൂളുക മാത്രം ചെയ്തു.
കാര്‍ലോ : "ഇന്നു നിങ്ങളുടെ മകളെ ഞാന്‍ ഒരു വല്ലാത്ത സാഹചര്യത്തില്‍ കണ്ടത് കൊണ്ടാണിപ്പോള്‍ നിങ്ങളെ വിളിക്കുന്നത്. മകളെ പഠിക്കാന്‍ കൊണ്ടാക്കിയാല്‍ അവള്‍ അവിടെ പഠിക്കുകയാണോ അതോ വല്ല തെണ്ടിച്ചെക്കന്മാരുമായി പ്രേമം കളിച്ച് നടക്കുവാണോ എന്നൊക്കെ വല്ലപ്പോഴും തിരക്കണം "
നാണൂസ്: "കത്തനാരോ പാതരിയോ ആരോ ആണ് താനെന്നല്ലേ പറഞ്ഞത്. ?പള്ളീലച്ഛന്മാര്‍ക്കൊക്കെ ഇപ്പം പെമ്പിള്ളാരുടെ പ്രേമം അന്വേഷിക്കലാണോടാ പണി? "മകളോടെ ദേഷ്യമുള്ള നിരാശാ കാമുകന്മാരുടെ വിളികളില്‍ സഹികെട്ടിരുന്ന നാണൂസിന്റെ മനസ്സില്‍ അപ്പോള്‍ നാലാം വട്ടത്തിനായി നിറച്ച് വെച്ചിരുന്ന മധു ചഷകത്തില്‍ മഞ്ഞു കട്ടകള്‍ ഉരുകുന്നതിന്റെ ആശങ്ക മാത്രമായിരുന്നു.
കാര്‍ലോ: "നിങ്ങളെന്നാ അപ്പനാടോ ..."അത്രയും ചോദിക്കുവാനെ വിശുദ്ധന് കഴിഞ്ഞുള്ളൂ . അപ്പോഴേക്കും നാണൂസ് അതുവരെ കുടിച്ചതിന്റെ മുഴുവന്‍ വീര്യവും പുറത്തെടുത്ത് ദൂരവിനിമയ യന്ത്രത്തിലൂടെ തേനീച്ചയായി ചെന്ന് പൊന്‍കുരിശിനെ കുത്തി. മറുവശത്ത്‌ നാണൂസിന്റെ നാവില്‍ നിന്നും അനര്‍ഗളം പ്രവഹിച്ച ഭാഷ ഏത് ജനുസ്സില്‍ പെട്ടതാണെന്ന് മനസിലാക്കിയപ്പോഴേക്കും പൊന്‍കുരിശ് വിയര്‍ത്ത് കുളിച്ചിരുന്നു.
"മേലാല്‍ ഈപ്പണിയും കൊണ്ടിറങ്ങിയാല്‍ ഏത് കത്തനാരായാലും ദൈവത്തിനാണെ നിന്‍റെ നട്ടെല്ല് ഞാന്‍ ചവിട്ടി പൊട്ടിക്കും നായിന്റെ മോനേ" എന്ന് വിശുദ്ധന് ഒരുപദേശവും കൊടുത്ത് നാണൂസ് ദൂരവിനിമയം അവസാനിപ്പിക്കുമ്പോള്‍ പൊന്‍കുരിശ് "എനിക്കിതിന്‍റെ വല്ല കാര്യവും ഉണ്ടായിരുന്നോ? " എന്ന് സ്വയം ചോദിച്ച്, സ്വന്തം കാര്യാലയത്തിന്റെ മച്ചില്‍ ഏതോ അദ്രശ്യ ബിന്ദുവിലേക്ക് നോക്കിയിരിക്കുകയായിരുന്നു .

ഹരി വിരുദ്ധന്മാരുടെ പാരകള്‍ ഒഴിവാക്കാന്‍ നാം പറഞ്ഞ് കൊടുത്ത തന്ത്രത്തിന്റെ ഭാഗമായി കൂട്ടുകാരികളെ രംഗത്തിറക്കിയ പാര്‍വ്വതി , അതേ അലവലാതികള്‍ മറ്റു ചില പെണ്‍കുട്ടികളുടെ വീടുകളിലേക്ക് അദ്ധ്യാപകര്‍ എന്ന വ്യാജേന വിളിച്ച് കുപ്രചരണം നടത്താറുണ്ടെന്ന് നാണൂസിനെ ധരിപ്പിച്ചത്തിന്റെ അനന്തര ഫലമാണ് താന്‍ അനുഭവിച്ചത് എന്ന് വിശുദ്ധ കാര്‍ലോയുണ്ടോ അറിയുന്നു.
ഏതിനും , അതോടെ ഗാല്‍ഗുത്താനില്‍ പ്രണയ കഥകളിലെ സ്ഥിരം വില്ലന്‍ സ്ഥാനം വിശുദ്ധ പൊന്‍കുരിശ് കാര്‍ലോ രാജി വെച്ച് ഒഴിഞ്ഞു. അതിന് കാരണക്കാരനായ നാണൂസിനെ 'വിശുദ്ധ വാലെന്‍റ്റൈന്‍ നാണു ' എന്നല്ലാതെ മറ്റെന്ത് നാമത്തില്‍ വിശേഷിപ്പിക്കും ?

Sunday, August 17, 2008

ദാസപ്പന്‍ പഠിച്ച പാഠങ്ങള്‍

ചൂഴമ്പാല പ്രദേശത്തെ ചെത്തിത്തറ കുടുംബത്തിലെ വേലപ്പന്‍ കണ്ട്രക്കിന്റെ രണ്ടാമത്തെ മകന്‍ ദാസപ്പന്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് എന്ന് ദാസപ്പന്‍ പോലും പറയില്ല. കണ്ണിലുണ്ണിയല്ലെങ്കിലും കയ്യിലിരുപ്പിന്റെ ഗുണത്താല്‍ ആരെങ്കിലും അവന്‍റെ കണ്ണടിച്ച് പൊട്ടിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ഇടക്കിടെ പറയാറുണ്ട്. നാട്ടുകാരുടെ ഈ മനോഭാവമാണ് ഒരുപക്ഷെ ഉജ്ജയ്നി മുഴുവന്‍ വ്യാപിക്കേണ്ടിയിരുന്ന ചെത്തിത്തറ കുടുംബത്തിന്റെ പ്രശസ്തി ചൂഴമ്പാലയെന്ന 'ഠ' വട്ടത്തില്‍ ഒതുങ്ങുവാന്‍ കാരണമായത്‌. ആ കുടുംബത്തെക്കുറിച്ച് പുറമെ നിന്നുള്ള ആരന്വേഷിച്ചാലും ചൂഴമ്പാലക്കാര്‍ കൂടുതല്‍ വിസ്തരിക്കാതെ "ചെത്തിത്തറേല് ഗുണ്ടയല്ലാത്തതായി ദാസ്സപ്പന്റെ അമ്മ മാത്രമേയുള്ളു " എന്ന മട്ടില്‍ മിതത്വം പാലിച്ചാല്‍ പിന്നെങ്ങിനെ പുറം ലോകമവരെ അറിയും. അല്ലെങ്കില്‍ അച്ഛന്‍ വേലപ്പന്‍ ഷാപ്പ്‌ മുതലാളി , മൂത്തവന്‍ ചന്ദ്രന്‍ കൂപ്പ് മുതലാളി , രണ്ടാമന്‍ ദാസപ്പന്‍ പോക്ക് (സകല തല്ലിപ്പൊളിത്തരത്തിന്റെയും ) മുതലാളി എന്നിങ്ങനെയുള്ളപ്പോള്‍ പ്രസിദ്ധി കുതിച്ചുയരേണ്ടതല്ലേ ? .

ഗാല്‍ഗുത്താന്‍ കലാലയത്തിനരുകില്‍ ദാസപ്പന്‍ മഹിളകള്‍ക്കായുള്ള സൌന്ദര്യവസ്തുക്കളുടെ വില്പനശാലയും , ഒപ്പം ഒരു ചായക്കടയും തുടങ്ങിയപ്പോളാണ് നാം അവതാരത്തെ പരിചയപ്പെടുന്നത്‌.പരിചയപ്പെടുത്തിത്തരുന്നത് പതിവുപോലെ സകല കുരിശുകളും ഏറ്റി വെയ്ക്കുവാന്‍ 'വിക്രമസ്കന്ധമാണുത്തമം' എന്ന് പാടി നടക്കുന്ന ഭട്ടിയെന്ന പട്ടി തന്നെ .സമയം ഗാല്‍ഗുത്താനില്‍ നാം ബീഡിക്കരി രണ്ടാം വര്‍ഷം കടലില്‍ കലക്കുന്ന കാലം. ഭട്ടിയുടെ അയല്‍ക്കാരന്‍ കൂടിയാണ് ദാസപ്പന്‍. പരിചയപ്പെട്ടപ്പോള്‍ തന്നെ ഒട്ടനവധി പ്രത്യേകതകളുള്ള , അത് പോലെ തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ജന്‍മാണതെന്ന് നമുക്ക് ബോധ്യമായി.
ദാസപ്പന്റെ നല്ല മനസ്സിനെ നാട്ടുകാര്‍ വെറുതെ തെറ്റിദ്ധരിച്ചതിന് ഉദാഹരണങള്‍ പലത്. ഒരു നാള്‍ ദാസപ്പന്റെ കടയുടെ മുന്നില്‍ ഒരു യന്ത്രക്കുതിരയില്‍ വന്നു വെറുതെ തല്ലിയലച്ച് വീണ ഒരച്ഛനെയും മകളെയും സഹായിക്കാനായി ഓടിയെത്തിയ ഏക വ്യക്തിയായ ദാസപ്പനെ ആ മൂപ്പിന്ന് തെറ്റിദ്ധരിച്ച്‌ കളഞ്ഞു.വീണു കിടന്ന പെണ്‍കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് വസ്ത്രത്തിലെ അഴുക്കു തട്ടിക്കളഞ്ഞ് , 'കൊച്ച് വൃത്തിയായ വസ്ത്രം ധരിച്ച് കൊട്ണ്ട് പോട്ടേ ' എന്ന് കരുതി , സത്കര്‍മ്മം നടപ്പിലാക്കുവാന്‍ ശ്രമിച്ച ദാസപ്പന്റെ കരണത്ത് 'പഠക്കേ' എന്ന് താളമിട്ട്‌ വഴിരുകിലെവിടെ നിന്നോ എഴുന്നേറ്റു വന്ന ആ കുട്ടിയുടെ പിതാവ് പൊന്നീച്ച പറപ്പിച്ചത് തെറ്റിദ്ധാരണയലെങ്കില്‍ പിന്നെയെന്താണ് .ഒപ്പം " ഞാന്‍ ഓടേല്‍ വീണ് കിടന്നതവന്‍ കണ്ടില്ലാ. പെണ്‍പ്പിള്ളാരെ മാത്രമെ അവന്റെ കണ്ണിനു പിടിക്കു.ഞരമ്പ്‌ ...." എന്ന അവഹേളനവും. 'ഞരമ്പിനു' ശേഷം കിളവന്‍ ഉപയോഗിച്ച പദം കേട്ട് മാതൃ സ്മരണ ഉണര്‍ന്ന് സ്തംഭിച്ച് പോയതിനാലും, സ്ഥലം ചൂഴമ്പാലയല്ലാത്തതിനാലും ദാസപ്പന്‍ കിളവനെ വെറുതെ വിട്ടു.
ഇങ്ങിനെയോക്കെയാണെങ്കിലും പരസഹായ തത്പരത ഉപേക്ഷിക്കുവാന്‍ ദാസപ്പന്‍ ഒരുക്കമല്ലായിരുന്നു.

ആയിടക്കാണ്‌ വേലപ്പന്‍ കണ്ട്രാക്ക് ഇളയ മകനോട്‌ പെട്ടെന്ന് സ്നേഹം കൂടി ഒരു വിദേശ നിര്‍മ്മിത രഥം വരുത്തി നല്‍കിയത് . ചുവന്ന നിറത്തില്‍ 'ഹോണ്ടാ' എന്ന് പുകഴ്പെറ്റ സാധനം. ശനി, ഞായര്‍ ദിവസങ്ങളില്‍ പിന്നെ അതിലായി ദാസപ്പന്‍ പരസഹായത്തിനിറങ്ങുന്നത് .
ഉജ്ജയ്നിയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍, ദര്‍ശനത്തിനെത്തുന്ന സുന്ദരികളായ ഭക്തകള്‍ക്കെന്തെങ്കിലും സഹായം വേണമോ എന്നന്വേഷിച്ച ശേഷം മാത്രമെ ശനി, ഞായര്‍ ദിവസങ്ങളില്‍ ദാസപ്പന്‍ മറ്റിടങ്ങളില്‍ ഇര പിടിക്കുവാന്‍ പോയിരുന്നുള്ളു .പക്ഷേ പുതിയ വാഹനത്തിന്റെ പച്ചയില്‍ മാത്രം അങ്ങിനെ കണ്ടവന്റെ സഹായം സ്വീകരിക്കുന്നവരല്ലാ പത്മനാഭ ഭക്തകള്‍ എന്ന തിരിച്ചറിവ് ദാസപ്പനെ വിഷമിപ്പിച്ചത് ചില്ലറയൊന്നുമല്ല.ആ വിഷമത്തില്‍ നടക്കുമ്പോഴാണ് , പതിവായി ദര്‍ശനത്തിനെത്തുന്ന ഭക്തമാരുടെ ശ്രദ്ധ ആകര്‍ഷിക്കുവാനുള്ള ഒരവസരം (അതോ പതിവായ്‌ ഭക്തകളെ നോക്കി വെള്ളമിറക്കുന്ന വായിനോക്കിക്ക് ഒരു പണിയോ?) ശ്രീ പത്മനാഭന്‍ തന്നെ ഒരുക്കിയത്.

ഞായറാഴ്ച ദിവസങ്ങളിലെ പതിവു പോലെ അന്നും , ക്ഷേത്രത്തിനു മുന്നിലുള്ള കുളത്തിനരുകില്‍ രഥം ഒതുക്കി , ഭക്തകളെയും, എതിര്‍ വശത്തെ സ്വര്‍ണക്കടയുടെ പരസ്യത്തിലെ സുന്ദരിയെയും മാറി മാറി നോക്കി ആര്‍ക്കും പരാതിക്കിടം നല്‍കാതെ നില്‍ക്കുയയായിരുന്നു ദാസ്സപ്പന്‍. ഒപ്പം ചില സുഹൃത്തുക്കളും . അപ്പോഴാണ് തൊട്ടു പിന്നില്‍ ഒരു ബഹളം. ഒരു മുച്ചക്ക്ര രഥത്തിന്റെ ( ശൈലി ദഹിക്കാത്തവര്‍ ഓട്ടോ എന്ന് വായിച്ചോ) സാരഥിയും, നീലനിറത്തിലെ മാരുതി രഥത്തില്‍ വന്ന ഒരു മധ്യവയ്സ്ക്കനും തമ്മിലാണ് തര്‍ക്കം. മുച്ചക്രം വഴി മുടക്കിയിട്ടതിനു മധ്യവയസ്ക്കന്‍ അതിന്റെ സാരഥിയോട് തട്ടിക്കയറുകയായിരുന്നു.
ദാസപ്പന്റെ ബുദ്ധിയില്‍ പത്മനാഭ ഭക്തമാരുടെ ശ്രദ്ധ ആകര്ഷിക്കുവാനുള്ള വഴി തെളിഞ്ഞത് പെട്ടന്നാണ്. കസവ് വേഷ്ടിയും, പട്ടു കുപ്പായവും ധരിച്ച് നില്ക്കുന്ന മധ്യവയസ്ക്കനോട് അധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടി വാദിക്കുക.ഒരു മാത്ര വൈകാതെ അവന്‍ പദ്ധതി നടപ്പില്‍ വരുത്തി. നേരെ പോയി മധ്യവസ്ക്കനോട് മുച്ചക്ക്ര സാരഥിയുടെ പക്ഷം പിടിച്ച് വാദം തുടങ്ങി. ഒപ്പം സുഹൃത്തുക്കളും. അല്‍പ്പ നേരത്തിനുള്ളില്‍ വാഗ്വാദം രൂക്ഷമായി. മുച്ചക്ക്രത്തിന്റെ സാരഥിയെ എല്ലാവരും മറന്നു. പ്രശ്നം ദാസപ്പനും മധ്യവയസ്ക്കനും തമ്മിലായി. കുപിത യുവാവായ ദാസ്സപ്പന്‍ മധ്യവസ്ക്കന്റെ നാലഞ്ച് പരമ്പരക്ക് വിളിച്ചു. ഒപ്പം അങ്ങേരെ തല്ലാന്‍ കൈ ഓങ്ങുകയും ചെയ്തു.അപ്പോള്‍ മധ്യവയസ്ക്കന്‍ ദാസപ്പനെ "ഞാനാരാണെന്ന് നിനക്കറിയില്ലാ" എന്ന് വിരട്ടാന്‍ നോക്കി . "താനേത് കോത്താഴത്തെ മറ്റവനായാലും എനിക്ക് പുല്ലാടോ @#$%^%^^^^^^@##$" എന്നലറിയ ദാസ്സപ്പന്‍ പിന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ നടത്തിയത് കൊടുങ്ങല്ലൂരമ്മയെ സ്മരിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു. അധികം നേരം ദാസപ്പന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ മധ്യവയസ്ക്കന്‍ സ്വന്തം രഥത്തില്‍ ഓടിക്കയറി. പക്ഷെ മുന്നോട്ടുള്ള മാര്ഗ്ഗം തടഞ്ഞ്‌ ദാസപ്പന്‍ അദ്ദേഹത്തിന്റെ കുടുംബക്കാരുടെ കൂടുതല്‍ കുശലങ്ങള്‍ അന്വേഷിച്ചു തുടങ്ങിയതിനാല്‍, നിവൃത്തിയില്ലാതെ ആ മനുഷ്യന്‍ രഥം പിന്നോക്കം നടത്തി ക്ഷേത്രത്തില്‍ നിന്നും അധികമകലെയല്ലാത്ത സ്വന്തം വീട്ടില്‍ കയറിപ്പറ്റി. പക്ഷേ ഭക്തമാരെ ആകര്‍ഷിക്കുക എന്ന പദ്ധതിയൊക്കെ മറന്ന്, മൂപ്പിലാനെ തെറി വിളിക്കുന്നതില്‍ നൂറു ശതമാനം ആത്മാര്‍തഥ പുലര്‍ത്തിത്തുടങ്ങിയ ദാസപ്പനുണ്ടോ വിടുന്നു. പിന്തുടര്‍ന്ന് ചെന്ന് അയ്യാളുടെ വീടിനു മുന്നില്‍ നിന്നായി അടുത്ത അട്ടഹാസം. പൂരപ്പാട്ട് സഹിക്ക വയ്യാതെ ആ മനുഷ്യന്‍ വീട്ടിനുള്ളിലേക്ക് ഓടിയപ്പോള്‍ മാത്രമാണ്, കവാടത്തിലെ നാമഫലകം ദാസപ്പന്റെ ശ്രദ്ധയില്‍പ്പെട്ടത് . ലിഖിതം ആംഗലേയത്തില്‍. തനിക്ക് മനസിലാവാത്ത ഭാഷ കണ്ടതോടെ ദാസപ്പന്റെ നില തെറ്റി. അറിയാവുന്നതില്‍ വെച്ചേറ്റവും മുഴുത്ത നാല് തെറിയുടെ അകമ്പടിയോടെ " നാണമില്ലാത്ത കിളവാ ...പഠിച്ച് പരണത്ത് കയറിയത്തിന്റെ മെടപ്പാ തനിക്ക് അല്ലേ. . താന്‍ ഫസ്റ്റ് ക്ലാസ്സിലാ ജയിച്ചതെന്ന് പത്ത് പേരെ ബോധ്യപ്പെടുത്താനാനോടോ ഈ തകിട് ?എന്നാപ്പിന്നെ ഞാന്‍ ഫസ്റ്റ് ക്ലാസ്സാണേ , ഫസ്റ്റ് ക്ലാസ്സാണേ എന്ന് പെരപ്പുരത്തു കയറി നിന്നു വിളിച്ചു കൂവടോ പന്ന @#$%^&@#$%^&" എന്ന് ദാസപ്പന്‍ അട്ടഹസിച്ചു . നാമഫലകത്തിലെ 'ഫസ്റ്റ് ക്ലാസ്സ്' എന്ന വാക്ക് മാത്രം സിനിമ കൊട്ടകയില്‍ കണ്ട പരിചയത്തില്‍ മനസ്സിലായ ദാസപ്പന്‍ അതിലേക്ക് നീട്ടിയൊരു തുപ്പും തുപ്പി വിജയ ശ്രീ ലാളിതനായി തിരിഞ്ഞ് നടന്നു.

ക്ഷേത്രത്തിനു മുന്നില്‍ നിന്ന് പക്ഷേ ഏറെ ദൂരം ജൈത്രയാത്ര നടത്തുവാന്‍ ദാസപ്പനായില്ല. കാക്കിപ്പടയുടെ രണ്ടു മൂന്ന് തേരുകള്‍ ഒന്നിച്ചാണ് ഹോണ്ടാ രഥത്തെ വളഞ്ഞത്.

അന്നേ ദിവസത്തെ പ്രകടനം ക്ഷേത്രത്തില്‍ വന്ന ഭക്ത തരുണികളെ ദാസപ്പനിലേക്ക് ആകര്‍ഷിച്ചാലും ഇല്ലെങ്കിലും , ദാസപ്പന്‍ അതുകൊണ്ട് ജീവിതത്തില്‍ വിലപ്പെട്ട ചില പാഠങ്ങള്‍ പഠിച്ചു. അവ എന്തെന്നാല്‍ ....
ആദ്യ പാഠം : രണ്ടാം തരത്തില്‍ അഞ്ച് തവണ തോറ്റവര്‍ ആംഗലേയത്തിലുള്ള നാമഫലകങ്ങള്‍ അറിയാവുന്നവരെ കൊണ്ടു വായിപ്പിച്ച് അര്‍ഥം മനസ്സിലാക്കിയ ശേഷമേ ഫലകത്തിന്റെ ഉടമസ്ഥന്റെ തന്തക്ക് വിളിക്കാവു. കാരണം ദാസപ്പന്‍ കാര്‍ക്കിച്ച് തുപ്പിയ ഫലകത്തില്‍ എഴുതിയിരുന്നത് 'ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്' എന്നായിരുന്നു .
പാഠം രണ്ട് : നിങ്ങളേ മുഖപരിചയമില്ലാത്ത ദേശത്തു ചെന്നാണെങ്കിലും അട്ടഹാസം കാണിക്കുമ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം ഒരടയാളമാകാതെ ശ്രദ്ധിക്കുക. അല്ലാതെ, ഒരു ബോണ്ട പോലും നേരിട്ടു കാണാത്ത ദരിദ്രവാസികളുടെ മുന്നില്‍ ഹോണ്ടാ രഥത്തില്‍ 'വീ വില്‍, വീ വില്‍ റോക്ക് യു ' എന്ന് ദിഗന്തങ്ങള്‍ പൊട്ടുമാറ്‌ പശ്ചാത്തല സംഗീതവും ഇട്ട് ചെന്നിറങ്ങി, ഒന്നാം തരം ന്യായാധിപനെ തടഞ്ഞ്‌ നിറുത്തി അയ്യാളുടെ പത്തു തലമുറയ്ക്ക് വിളിച്ചാല്‍ കാക്കിപ്പട നിങ്ങളെ എളുപ്പത്തില്‍ കണ്ടുപിടിക്കുകയും അസഭ്യം പറഞ്ഞ് അപമാനിക്കല്‍, തടഞ്ഞു നിറുത്തി കയ്യേറ്റം ചെയ്യല്‍, ഭവനഭേദന ശ്രമം , വധശ്രമം എന്നി ചെറിയ കുറ്റങ്ങള്‍ നിങ്ങളുടെ മേല്‍ ചാര്‍ത്തുകയും ചെയ്യും.
മൂന്നാമത്തേതും അവസാനത്തേതുമായ പാഠം: ഉജ്ജയ്നിയില്‍ ന്യായാധിപന്മാര്‍ പൊതുവെ മാന്യന്മാരെങ്കിലും അവരില്‍ ചില എമ്പോക്കികള്‍ കൈക്കൂലി വാങ്ങും. അങ്ങിനെയുള്ളവരെ കഴിയുന്നതും അസഭ്യം പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. മാന്യന്മാര്‍ ചിലപ്പോള്‍ ഒരു മാപ്പ് പറച്ചിലില്‍ നിങ്ങളെ വെറുതെ വിട്ടേക്കും . പക്ഷെ കൈകൂലി പാപികള്‍ ആഴ്ച്ചകളോളം നിങ്ങളെ അവരുടെ വീടിനു ചുറ്റും ശയന പ്രദക്ഷിണം ചെയ്യിച്ച ശേഷം നല്ലൊരു തുക പിടുങ്ങിയെ വിടു. (ആദ്യ ഘട്ടത്തില്‍ കാക്കിപ്പടയുടെ വക ചവിട്ടിത്തിരുമ്മല്‍ വേറെയും. )

Monday, August 11, 2008

മലയാള മനോമര്‍ദ്ധിനി - കലാശം

ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ദയവായി അത് വായിച്ച ശേഷം ഈ ചരിത്രത്തെ വധിക്കുക...
ദര്‍ബാറില്‍: സിംഹാസനത്തില്‍ നാം. സിംഹസനത്തിനോപ്പമുള്ള മൂന്ന് ഇരിപ്പടങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായി യേശു ക്രിസ്തു , മുഹമ്മദ് നബി , ശ്രീപരമേശ്വരന്‍ ( മനുഷ്യരില്‍ നമുക്കു വിശ്വാസം പോരാ. പിന്നെ ദൈവങ്ങളും അവരുടെ അംഗീകൃത പ്രതിനിധികളുമാകുമ്പോള്‍ നാം അല്‍പ്പം ചൂടായി എന്തെങ്കിലും പറഞ്ഞാലും കൃസ്ത്യാനിയെ അപമാനിച്ചു, മുസല്‍മാന്റെ മാനത്തെ ചോദ്യം ചെയ്തു, ഹൈന്ദവ വികാരത്തിനെ ഓടിച്ചിട്ട് വെട്ടികൊന്നു എന്നൊന്നും പറഞ്ഞു കൊടി പിടിക്കാന്‍ വരില്ല. മാത്രമല്ലാ, ഇടയ്ക്ക് നമുടെ ധര്‍മ്മബോധത്തിനിളക്കം തട്ടിയാല്‍ കല്ല്‌ വെച്ച തെറി പറഞ്ഞ് അവര്‍ നമ്മേ നേര്‍ വഴിക്ക് നടത്തുകയും ചെയ്യും ). ഞങ്ങള്‍ നാലുപേരെ കൂടാതെ നമ്മുടെ ഭാവി മഹാമന്ത്രി ഭട്ടി. അവനാണ് വിചാരണയുടെ ചുക്കാന്‍ പിടിക്കുന്നത്‌ . (മനുഷ്യരില്‍ ഉള്ള വിശ്വസത്തെക്കുറിച്ച്ചു ചോദിക്കണ്ടാ...ഭട്ടി മനുഷ്യനല്ലാ . പരിണാമം സംഭവിച്ചു കൊണ്ടേയിരിക്കുന്ന ഒരു ജീവി . )ആദ്യ വിചാരണ നേരിടുന്നത്‌, ഉജ്ജയ്നിയില്‍ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ദിനപത്രമായ മനോമാര്‍ദ്ധിനിയുടെ മുഖ്യ അക്ഷരഘാതകന്‍ കഷ്ടത്തില്‍ ബേബി എന്ന കുറുക്കന്‍ കിളവന്‍ . 'ടി'യാനില്‍ ചുമത്തപ്പെട്ട കുറ്റം- സ്വഭാവഹത്യ, തേജോവധം. ദര്‍ബാറിന്റെ നടുത്തളത്തില്‍ നില്ക്കുന്ന ആരോപണ വിധേയനായ മൂപ്പിന്ന്. മുന്നില്‍ ഭട്ടി. ആദ്യ ചോദ്യം ദര്‍ബാറിനു വേണ്ടി ഭട്ടി വക.

ഭട്ടി: " കഴിഞ്ഞ കുറച്ചു കാലമായി ഉജ്ജയ്നി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തിലെ ചില ഗവേഷര്‍ക്കര്‍ക്കെതിരെ ചാര പ്രവര്‍ത്തനം , സ്ത്രീലംബടത്തം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും , പൈങ്കിളി സാഹിത്യ നിലവാരത്തിലെ ഭാഷ ഉപയോഗിച്ചു യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്തകള്‍ എഴുതുകയും, വായനക്കാരില്‍ ഉച്ചപ്പടം കാണുവാനോടുന്ന കൌമാരക്കാരിലെന്ന പോലത്തെ ആക്രാന്തം, ക്ഷമിക്കണം ഹൈനെസ്സ്, വികാരം ഉണര്‍ത്തി അതെല്ലാം പ്രചരിപ്പിച്ച് , മേല്‍പ്പറഞ്ഞ ഗവേഷകരെ നിങ്ങളുടെ ഉടമസ്ഥതയിലുള്ള മലയാള മനോമര്‍ദ്ധിനി എന്ന ദിനപ്പത്രം തേജോവധം ചെയ്യുകയും ഉണ്ടായി . ഇവയാണ് നിങ്ങളുടെ പേരില്‍ ആരോപിച്ചിരിക്കുന കുറ്റങ്ങള്‍.സമ്മതിക്കുന്നുണ്ടോ? "
മൂപ്പിന്ന്: "ആര് ആരോവിച്ചെന്നാടാവേ ഈ പറഞ്ഞോണ്ട് വരുന്നത് ?"
നാം: "സിംഹാസനത്തിന് നേരിട്ട് ബോധ്യപെട്ട് സ്വമേധയ ഉന്നയിച്ചതാണ് ഈ ആരോപണം "
മൂപ്പിന്ന്: "കര്‍ത്താവാണേ പത്രധര്‍മ്മത്തിന് നിരക്കാത്തതൊന്നും ബേബി ചെയ്തിട്ടില്ല , ഇനിയൊട്ടു ചെയ്യുകേം ഇല്ല "
നമുക്കരുകിലിരുന്നിരുന്ന യേശുനാഥന്‍ സ്വയമറിയാതെ സ്വന്തം തലയില്‍ കൈ വെച്ചു നോക്കി. ഭാഗ്യം, തല തെറിച്ചു പോയിട്ടില്ലാ. അടുത്തിരുന്ന നബി തിരുമേനി ചിരിയോടു ചിരി .
യേശുനാഥന്‍ :" ചിരിച്ചോ , ചിരിച്ചോ അടുത്ത വിചാരണ അടപ്രഥമന്‍ കേസില്‍ രാജിവെച്ച പഴയ മന്ത്രിയുടെതാ. ഓന്‍ സത്യം മുഴുവന്‍ അന്നെ പിടിച്ചാവും ചെയ്യുക. "
നബി തിരുമേനി : "യ്യോ!!!"
നാം: (കുറുക്കന്‍ കിളവനോട്) " ചാരപ്രവര്‍ത്തനം നടന്നു എന്ന് നിങ്ങള്‍ എഴുതി പിടിപ്പിച്ചു.ഇപ്പോഴും ആ വാദത്തില്‍ ഉറച്ചു നില്ക്കുന്നുണ്ടോ ? "
മൂപ്പിന്ന് ഒരല്‍പ്പം ആശയ കുഴപ്പത്തില്ലായി. മഹാരാജാവ് ആരോപിതരെ വെറുതെ വിട്ടതാണ്. ഉറച്ചു നില്ക്കുന്നു എന്ന് പറഞ്ഞാല്‍ കാരണം വിശദീകരിക്കേണ്ടി വരും. അല്ല അതെല്ലാം വെറുതെ എന്ന് പറഞ്ഞാല്‍ അത് കുറ്റസമ്മതവും. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു കിളവന്‍ പറഞ്ഞു : "ഉറച്ചു നിന്നേക്കാം "
നാം: "അങ്ങിനെയെങ്കില്‍ എന്തായിരുന്നു ചാരന്മാര്‍ ചോര്‍ത്തിയതെന്നു ദര്‍ബാറിനെ അറിയിക്കുക"
മൂപ്പിന്ന് : (പുച്ഛ രസമാണ് )" അഗ്നെയാസ്ത്രത്തിന്റെ മൂലമന്ത്രം . എം എം എന്ന അത്യന്താധുനിക സാങ്കേതിക വിദ്യ. അതിന്റെ ഗണിത സംഹിത വരെ മനോമര്‍ദ്ധിനി പ്രസിദ്ധികരിച്ച്ചിരുന്നു"
നാം: " പ്രസ്തുത സാങ്കേതിക വിദ്യ സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തതാണോ?"
മൂപ്പിന്ന്
: "അതേന്നേ...ഉജ്ജയ്നിയുടെ സുരക്ഷ മൊത്തത്തില്‍ കച്ചോടം ചെയ്യുവല്ലായിരുന്നോ. പിന്നെ അവന്മാരുടെ നല്ലകാലം. സംഭവം വല്യ മഹാരാജാവ് തിരുമനസ്സിന്റെ ദര്‍ബാറില്‍ വിചാരണക്കെത്തിയപ്പോള്‍ വ്യക്തമായ തെളിവില്ലാതെപോയി."
നാം:"വ്യക്തമായ തെളിവില്ലാതായത് എന്ത് കൊണ്ട് ? ആധികാരികമായിരുന്നല്ലോ നിങ്ങളുടെ എഴുത്തുകള്‍?അക്കണക്കിന് ദര്‍ബാറിലും തെളിവുകള്‍ ഉണ്ടാകേണ്ടിയിരുന്നില്ലേ?ചുരുങ്ങിയ പക്ഷം നിങ്ങളുടെ പത്രമെങ്കിലും അവ ദര്‍ബാറില്‍ ഹാജരക്കേണ്ടതല്ലേ? "
മൂപ്പിന്ന് :" അത് കുമാരന്റെ രാജ്യ ഭരണത്തിലെ പരിചയ കൊറവ് കൊണ്ടു പറയുന്നതാ. പത്രങ്ങളില്‍ എന്തേലും എഴുതാന്‍ അങ്ങിനെ വെല്യ തെളിവൊന്നും വേണ്ടാന്നേ. "
നാം :" എന്നിരുന്നാലും ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധികരിക്കാന്‍ എന്തെങ്കിലും ആധാരമായി വേണമല്ലോ. അതെന്തായിരുന്നു? കുറച്ചു കൂടി വ്യക്തമായി ചോദിച്ചാല്‍ നിങ്ങളുടെ പത്രം കുറ്റം ആരോപിച്ച രണ്ടു ഗവേഷകര്‍ ചാര പ്രവര്‍ത്തനം നടത്തി എന്ന് നിങ്ങള്‍ക്ക് എങ്ങിനെ മനസിലായി, അല്ലെങ്കില്‍ സംശയം തോന്നി?"
മൂപ്പിന്ന്:" ഇതൊക്കെ നമുക്കു ഊഹിക്കവുന്നതല്ലേ ഉള്ളു."
നാം: "എന്നാല്‍ നമുക്കും ഉണ്ട് ഒരു ഊഹം. ദ്രൌപദി കൌരവ സഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടുകയായിരുന്നില്ലാ മറിച്ച് സ്വമനസ്സാലെ ക്യബറേ കളിക്കുകയായിരുന്നു എന്ന്. നാളത്തെ പത്രത്തില്‍ വരണം."
മൂപ്പിന്ന് :(ആവേശത്തോടെ)"അങ്ങനാന്നോ...ഇപ്പോതന്നെ വിളിച്ചു ഒന്നാം പുറത്ത്‌ മുഴുവന്‍ താള്‍ വാര്‍ത്ത ശരിയാക്കാന്‍ പറഞ്ഞേക്കാം. ജനം ഇടിച്ചു കൂടി വാങ്ങും നാളെ മനോമര്‍ദ്ധിനി. ആ കൊച്ചിന്റെ നാലഞ്ചു ചിത്രങ്ങള്‍ കിട്ടനെന്നാ വഴി. അല്ല...ഇല്ലേലും കൊഴപ്പമില്ല...നമ്മുടെ ചിത്ര സംഭരണിയിലെവിടേലും കാണാതിരിക്കുവോ. "
"സംഹരിക്കും ഇവനെ ഞാന്‍!!! " ചാടിയിറങ്ങിയത് ശിവന്‍ പിള്ളയാണ് .ക്രിസ്തുനാഥന്‍ പെട്ടന്നെഴുന്നേറ്റു ശിവ്ജിയെ തടഞ്ഞു "അരുത് ഭഗവാന്‍. അങ്ങിവനെ കൊന്നാല്‍ ഒരു നസ്രാണിയെ ശിവന്‍ കൊന്നു എന്ന് പറഞ്ഞിവന്റെ അപ്പോസ്തലന്മാര്‍ എന്നെ കിടത്തി പൊറിപ്പിക്കുകേലാ . പക്ഷേ നസേറത്തിന്റെ രാജാവായ ഞാന്‍ ഇവനെ കാച്ചിയാല്‍ ഒരുത്തനും ചോദിക്കുകേലാ . ക്യാന്‍ ഐ ബോറോ യുവര്‍ ട്രൈഡെന്‍റ്റ് , പ്ലീസ് " എന്ന് ക്രിസ്തു നാഥന്‍ പറഞ്ഞപ്പോള്‍ ശിവ്ജി ത്രിശൂലം കൊടുക്കുവാന്‍ ഒരുങ്ങിയതാണ്.
നാം: "ശിവ്ജി , ക്രിസ്തു നാഥാ, വിചാരണ കഴിയട്ടേ...നിങ്ങളുടെ വിലയേറിയ സമയം ഇതുപോലുള്ള അധമന്മാരെ വധിക്കുവാന്‍ പാഴാക്കിയാല്‍ പിന്നെ ദൈവനീതികെന്തു വില. ഇതു കൈകാര്യം ചെയ്യാന്‍ വിക്രമ നീതി തന്നെ ധാരാളം" എന്ന് രഹസ്യമായി പറഞ്ഞ് ഇരുവരെയും ശാന്തരാക്കി .ഈശ്വരന്മാരുടെ കോപം കണ്ടു ഒരു കാലുംപ്പൊക്കി ഓടുവാന്‍ തയ്യാറായി നിന്നിരുന്ന കുറുക്കനും ആശ്വാസത്തോടെ ചിരിച്ചു .

നാം:(മൂപ്പിന്നിനോട്) "ഉഹാപോഹങ്ങള്‍ എല്ലാം നാം സമ്മതിച്ചു എന്ന് തന്നെയിരിക്കട്ടേ. പക്ഷെ ഗവേഷകരും അപ്സരസ്സുകളുമായുള്ള ബന്ധം നിങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചതാണല്ലോ. അത്രയും വഷളായി മറ്റൊരു പത്രവും അത് എഴുതിയിരുന്നില്ല. ആ ഒരൊറ്റ കാരണം കൊണ്ടാണ് മറ്റു വഷളന്‍മാരെയൊന്നും വിചാരണ ചെയ്യാതെ നിങ്ങളെ മാത്രം നാം പ്രതിസ്ഥാനത്ത്‌ നിറുത്തുന്നത്. ഉജ്ജയ്നിയെപ്പോലെ സദാചാര കാവല്‍ നായ്ക്കളുടെ അതിപ്രസരമുള്ള ഒരു സമൂഹത്തില്‍, ഇത്തരം അടിസ്ഥാനരഹിതവും എന്നാല്‍ ഭട്ടിയെ പോലെയുള്ള സാമാന്യ ബുദ്ധി ഉപയോഗിക്കുവാന്‍ പണ്ടേ മറന്ന ജനം വായിച്ചാല്‍ വിശ്വസിച്ചു പോകുന്ന തരത്തിലുള്ളതുമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍, ആരോപിതരുടെ കുടുംബങ്ങളില്‍ അത് എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അപമാനം ഭയന്നവര്‍ കൂട്ട ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അവരുടെ മരണങ്ങള്‍ക്ക് നിങ്ങള്‍ സമാധാനം പറയുമോ? . "
മൂപ്പിന്ന് : (മന്ത്രണമാണ് . നമ്മുടെ ശ്വാന ശ്രവണം അത് കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ലാ) "എന്നാ കോപ്പിലെ സമാധാനം പറയാനാ.ആര്‍ക്കെന്നാ പോയാലും എന്റെ പത്രം പത്തു പ്രതി കൂടുതല്‍ വില്‍ക്കണം. പരസ്യക്കാശു കൂട്ടി പത്തു ചക്രം എന്റെ കൊച്ചു മക്കള്‍ക്കുണ്ടാകി വെക്കണം" ( സമാന രീതിയിലെ സംഭാഷണ ശല്ക്കം ഒരുപക്ഷെ ഭാവിയില്‍ സുരേഷ് ഗോപി ചിത്രങ്ങളില്‍ കേള്‍ക്കുവാന്‍ സാധ്യതയുണ്ട് ).
നാം: "ഇതേ മനസിലിരിപ്പും കൊണ്ട് ചിട്ടി നടത്തി ജനങ്ങളെ കുപ്പിയിലിറക്കുകയും, നികുതി വെട്ടിക്കുകയും ചെയ്തത് കൊണ്ടാ താന്‍ പണ്ട് അകത്ത് പോയത്. ഓര്‍മ്മ വേണം"
മൂപ്പിന്നു: "ഞാന്‍ വീണ്ടും പറയുന്നു. അത് സ്വന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു . പിന്നീടെന്നെ നിരുപാടികം വിട്ടയക്കുകയും ചെയ്തായിരുന്നല്ലോ. 'ഒന്‍പതു മരക്കുരിശുകള്‍' എന്ന ഞങ്ങളുടെ കുടുംബ സ്മരണിക വായിച്ചില്ലയിരുന്നോ?."
നാം : "നിരുപാധികം വിട്ടയച്ചെന്നോ. അത് താനൊക്കെ എഴുതി പിടിപ്പിക്കുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന (ഭട്ടിയെ ചൂണ്ടി) ഇവനെ പോലുള്ളവരോട് പറഞ്ഞാല്‍ മതി. തുറുങ്കില്‍ കിടന്നാല്‍ അനാരോഗ്യം കാരണം സിദ്ധി കൂടും എന്ന് അലമുറയിട്ട്, കുറ്റം ഏറ്റു പറഞ്ഞ് മാപ്പും വാങ്ങി രാത്രിക്ക് രാത്രി മദിരാശിക്കു സകുടുംബം വണ്ടി കയറി എന്ന സത്യം മനോമര്‍ദ്ധിനി എത്ര വെള്ള പൂശിയാലും മറയുമോ മൂപ്പിന്നേ ?"
മൂപ്പിന്ന്: (ഒന്നു ഞെട്ടിയെങ്കിലും ചിരിച്ചു കൊണ്ട്) "ചെറുപ്പമാണേലും ഇതൊക്കെ എങ്ങിനെ അറിഞ്ഞ് വെയ്ക്കുന്നു ?"
നാം: "നേരത്തെ പറഞ്ഞുവല്ലോ.ത്രികാല ജ്ഞാനം . താന്‍ വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ ആ ഗവേഷകരുടെ കുടുംബങ്ങള്‍ മാനക്കേട്‌ കൊണ്ട് ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ ആരാണുത്തരവാദി എന്നതിന് സമാധാനം ബോധിപ്പിക്കു"
മൂപ്പിന്ന്: (ഗര്‍വോടെ) "ആ അപ്സരസുകളെ ഉജ്ജയ്നിയില്‍ ഇറക്കുമതി ചെയ്തത് മനോമര്‍ദ്ധിനിയല്ല. അവരെ ഗവേഷകരുമായി ബന്ധപ്പെടുത്തി ആദ്യം പ്രശ്നമുണ്ടാക്കിയത് ഉജ്ജയ്നിയുടെ അഭിമാനമായ കാക്കിപ്പടയാണ്. അവര്‍ തുടങ്ങി വെച്ച കഥക്ക് അനുബന്ധം എഴുതുക മാത്രമെ മനോമര്‍ദ്ധിനി ചെയ്തിട്ടുള്ളൂ."
നാം:" സത്യം. പക്ഷേ സാങ്കേതിക വിദ്യയും, സുന്ദരികളുമായി ഗവേഷകര്‍ നടത്തിയ വിനോദ സഞ്ചാരങ്ങളും പൊലിപ്പിച്ചത് മര്‍ദ്ധിനി തന്നെയല്ലേ? മറ്റു വഷളന്‍മാരും അതേറ്റ് പിടിക്കുവാന്‍ ഉണ്ടായിരുന്നു. പക്ഷേ നിങ്ങളുടെ ആ ഒരു ആവേശം അവര്‍ക്കില്ലായിരുന്നു. അത് എന്ത് കാരണം കൊണ്ടായാലും. സത്യമല്ലേ?"
കുറുക്കന്‍ നിശബ്ദന്‍.
നാം: "ഉജ്ജയ്നി സ്വര്‍ഗാരോഹണ കേന്ദ്രത്തിനു എം എം സാങ്കേതിക വിദ്യയുമായി ബന്ധമൊന്നുമില്ല എന്ന വസ്തുത താങ്കള്‍ക്കറിയാമോ?"
മൂപ്പിന്ന് ഞെട്ടലോടെ നമ്മേ നോക്കി.
നാം : "മൂലമന്ത്രങ്ങള്‍ , അതേതു ദിവ്യസ്ത്രത്തിനായാലും വികസിപ്പിച്ചെടുക്കുന്നത് നമ്മുടെ സമാന്ത രാജ്യമായ പൂനയിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിലും , പിന്നെ മറ്റു പല രഹസ്യ കേന്ദ്രങ്ങളിലുമാണ്. സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ എന്തായാലും അല്ലാ. പിന്നെ കോടിക്കണക്കിന് വരാഹന്‍ കൈക്കൂലി വാങ്ങി അപസരസ്സുകളോടൊത്തു ഉല്ലസിച്ചു നടന്നു, അവിടെ അച്ചാര്‍ നിര്‍മാണ ശാലയുണ്ട് , ഇവിടെ മീന്‍പ്പിടുത്തക്കപ്പലുണ്ട് എന്ന് നിങ്ങള്‍ ആരെക്കുറിച്ചെഴുതിയോ ...അവരെ വല്യ തിരുമനസ്സ് വെറുതെ വിട്ടത് തെളിവില്ലത്തത് കൊണ്ടല്ലാ. കൊട്ടാരത്തില്‍ നിന്നും നേരിട്ടു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്‌ മീന്‍പ്പിടുത്തക്കപ്പലും, അച്ചാര്‍ നിര്‍മ്മാണ ശാലയും ഒന്നുമല്ലാ. മറിച്ച് കടം വാങ്ങി പണിയിച്ച വീടുകളും, നാലക്കത്തിനു മുകളില്‍ വരാത്ത സമ്പാദ്യങ്ങളുമാണ് . ഗവേഷകരില്‍ ഒരാളുടെ കുടുംബം ഏറെക്കാലമായി ഉപയോഗിക്കുന്നത് നിറമില്ലാത്ത വിഡ്ഢിപ്പെട്ടി. നിറമുള്ളത് വാങ്ങുവാന്‍ നിങ്ങള്‍ കോടികള്‍ കൈകൂലി വാങ്ങിയവര്‍ എന്നരോപിച്ചവുടെ കയ്യില്‍ പണമില്ലാ. വസ്തുതകള്‍ ഇതൊക്കെയായിരിക്കെ, എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഈ കഥകള്‍ മെനഞ്ഞവരെ തേജോവധം ചെയ്തത് ?"
വിനയവും , പ്രലോഭനവും കൊണ്ടു കാര്യം കാണാതെ വന്നപ്പോള്‍ കുറുക്കന്‍ തനി സ്വരൂപം കാട്ടി: "ഒരു പത്രപ്രവര്‍ത്തകന് വാര്‍ത്തയുടെ സ്രോതസ്സ് ഒരു രാജാവിന്റെയും മുന്നില്‍ ബോധിപ്പിക്കേണ്ട കാര്യമില്ല. അതിനുള്ള സ്വാതന്ത്ര്യം നിയമം ഞങ്ങള്‍ക്ക് തരുന്നുണ്ട്."

"അവസാനത്തെ അടവാണ്" നീതി നമുക്ക് വിട്ട് 'അക്കുത്തിക്കു' കളിക്കുവാന്‍ തുടങ്ങിയ ഈശ്വരന്മാരെ നോക്കി നിന്നിരുന്ന ഭട്ടി മുന്നറിയിപ്പ് നല്കി.

"ഇനിയാ നിയമം തിരുത്തി എന്നെ ശിക്ഷിക്കുവാനാണ് പുറപ്പാടെങ്കില്‍, പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റം എന്നെഴുതി ഞങ്ങള്‍ ജന വികാരം അങ്ങേക്കെതിരാക്കും. " കത്തിക്കയറിയ കിളവന്‍ തുറന്ന ഭീഷണി മുഴക്കി. "അതുകൊണ്ടീ പ്രശനത്തില്‍ എന്നെ ഒരു കോപ്പും ചെയ്യാന്‍ ഒക്കുകേല എന്ന് വിനയപൂര്‍വ്വം അവിടുത്തെ അറിയിക്കുന്നു. മനോമര്‍ദ്ധിനി എന്തെഴുതുന്നോ അതാണ്‌ വാര്‍ത്ത. അതേതു കൊമ്പത്തെ രാജാവ് വിചാരിച്ചാലും തിരുത്താന്‍ ഒക്കുകേല , എന്നാ?"
നാം: " ഈ പ്രശ്നത്തിന്റെ പേരില്‍ താങ്കളെ ശിക്ഷിക്കുവാനും , വാര്‍ത്തകളുടെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന നിയമം ഭേദഗതി ചെയ്യുവാനും നമുക്കു യാതൊരു ഉദ്ദേശവും ഇല്ല."
കിളവന്‍ വിജയഭാവത്തില്‍ നമ്മേ നോക്കി. ഭട്ടിയുടെ മുഖത്ത്‌ അമ്പരപ്പ്. ഈശ്വരന്മാരുടെ മുഖത്ത്‌ ചിരി
നാം: "മറിച്ച് സാധാരണ ജനങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത രണ്ടു നിയമങ്ങളാണ് നാം കൊണ്ടു വരുവാന്‍ ഉദ്ദേശിക്കുന്നത്."
മൂപ്പിന്ന്: (പുച്ഛത്തില്‍ ) "എന്നതൊക്കെയാണാവോ?"
നാം: "പത്രങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ അല്ലേ? ...നിനക്കൊക്കെ തോന്നിയതെന്തും എഴുതിക്കോ. "
കിളവന്റെ മുഖത്തത്‌ രസിച്ച ഭാവം.
നാം: "പക്ഷേ നാളെമുതല്‍ ഇറങ്ങുന്ന ഒരു പത്രത്തിലും വാര്‍ത്തകളല്ലാതെ മറ്റൊന്നും കാണുവാന്‍ പാടില്ല.വിശേഷാല്‍ പതിപ്പില്‍ പോലും പത്രത്തിന്റെ പേര് മാത്രമെ വാര്‍ത്തയല്ലാതെ പാടുള്ളു "
മൂപ്പിന്നിന്റെ ചിരി ഡിം
നാം: "പരസ്യം എന്ന വാക്കേതെങ്കിലും പത്രത്തില്‍ കണ്ടാല്‍ ആ പത്രം നാം കണ്ടുക്കെട്ടും. നീയൊക്കെ നിറച്ചെഴുതി ജനങ്ങളെ പ്രബുദ്ധരാക്ക്. കാണട്ടേ "
മൂപ്പിന്ന് : (നെഞ്ചത്തു കൈവെച്ചു ) "കര്‍ത്താവേ!!!"
കര്‍ത്താവ്
:(നമ്മോട്) " അത് കലക്കിയെടാ "
നബി തിരുമേനി : "ഇപ്പോഴാണ് ആ കര്‍ത്താവേ എന്ന വിളിക്കൊരു ആത്മാര്‍തഥ വന്നത്."
നാം
: "രണ്ടാം നിയമം ...ഉജ്ജയ്നിയില്‍, തേര്‍ ചക്ര നിര്‍മാണ സ്ഥാപങ്ങള്‍ പണ്ടു ധനകാര്യ സ്ഥാപങ്ങളെ ചെയ്തത് നാം ദേശീയവത്കരിക്കുവാന്‍ പോകുന്നു . ഉദ്ദേശം ചക്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവിന് , അതിന്റെ കൃഷിക്ക്, രാജകീയ സഹായങ്ങള്‍ നേരിട്ടു കര്‍ഷകരില്‍ എത്തിക്കുക .ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണങ്ങളെ കുറിച്ചുള്ള വാര്‍ത്ത ദേശീയോത്ഗ്രഥന വാര്‍ത്ത ആയതിനാല്‍ നാളെ എല്ലാ പത്രങ്ങളും അത് ആദ്യ താളില്‍ കൊടുത്തേ മതിയാവു . എന്നാ ബോധിച്ചോ ?" "പൊന്നുടയതേ!!!" എന്ന അലര്‍ച്ചയോടെ കുറുക്കന്‍ സാഷ്ടാംഗം വീണു .അവിടുന്നങ്ങോട്ട് മൂപ്പിന്നിന്റെ സംഭാഷണമെല്ലാം വീണു കിടന്നാണ് "കഞ്ഞിയില്‍ പാറ്റയിടരുത്. കുടുംബം വഴിയാധാരമാകും."
നാം: "ശരി ...പക്ഷേ നമ്മുടെ രണ്ടു വ്യവസ്ഥകള്‍ ഉടനടി മനോമര്‍ദ്ധിനി നടപ്പിലാക്കണം "
മൂപ്പിന്ന് : "എന്നാ വേണേലും ചെയ്യാം . എന്റെ പൈതൃകം നിഷേധി്ക്കണമെങ്കില്‍ അതും. പരസ്യം നിറുത്തലാക്കരുത്.ചക്ര നിര്‍മാണം ദേശീയവത്കരിക്കരുത് "
നാം
: "എന്നാലീ സാഷ്ടാംഗം വീണുകിടക്കുന്ന ഭാവത്തില്‍ തന്നെ തന്റെ ഒരു പടം നാളെ മനോമര്‍ദ്ധിനിയുടെ മുന്‍ താളില്‍ വലുതാക്കി കൊടുത്ത് , ആ ഗവേഷകരോടും അവരുടെ കുടുംബങ്ങളോടും മാപ്പ് ചോദിക്കണം. എഴുതി പിടിപ്പിച്ച പോക്രിത്തരങ്ങള്‍ ഓരോന്നും എണ്ണി എണ്ണി പറഞ്ഞ് മാപ്പു ചോദിക്കണം ."
മൂപ്പിന്ന്
: "മാപ്പ് ചോദിച്ചു കൊണ്ട് പ്രത്യേക പതിപ്പ് വേണേലും ഇറക്കാം.അവരുടെയൊക്കെ വീടുകളില്‍ ഞാന്‍ തന്നെ അത് കൊണ്ടെ കൊടുക്കുകയും ചെയ്യാം. "
നാം : "മിടുക്കന്‍. പിന്നെ മേലാല്‍ ഇത്തരം വൃത്തികേടുകള്‍ കാണിച്ചു പ്രചാരം കൂട്ടാന്‍ തോന്നുമ്പോള്‍ നാം നേരത്തെ പറഞ്ഞ രണ്ടു നിയമങ്ങള്‍ ഓര്‍ത്തോണം "
മൂപ്പിന്ന്: "ചത്താലും അത് മറക്കുകേലാ "
നാം: "അന്ത ഭയം ഇറുക്കട്ടും. എന്നാ പിന്നെ എഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ ഓടിക്കോ. പത്രത്തിന്റെ അച്ചടിപ്പുരയില്‍ ചെന്നേ നില്‍ക്കാവു. നാളത്തെ എല്ലാ താളുകളിലും മാപ്പ് തന്നെയായിക്കോട്ടെ വിഷയം. "
"ആക്കാമേ" എന്ന് കൂവി , കുറുക്കന്‍ ചാടിയെഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ ഓടി.
നബി തിരുമേനി : "എന്നാലും ബേബി ആള് വീരന്‍ തന്നെ"
നാം :(അമ്പരപ്പോടെ)"അതെന്താ തിരുമേനി?"
യേശുനാഥന്‍ :(നബി തിരുമേനിയുടെ മനസ്സറിഞ്ഞ് ) "അല്ലെടാ...ബേബി സ്വന്തം പൈതൃകം നിഷേധിക്കാന്‍ വരെ തയ്യാറായി. പക്ഷേ അപ്പോഴും കൊച്ചു മക്കള്‍ക്ക്‌ പത്തു ചക്രം ഉണ്ടാക്കുക എന്ന അടിസ്ഥാന തത്വത്തില്‍ നിന്നും ഒരു ഇഞ്ച് ഇളകിയില്ലല്ലോ എന്നാ നബി ഉദ്ദേശിച്ചത്"

ഉജ്ജയ്നിയിലെ ദര്‍ബാറില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന സര്‍വേശ്വരന്‍മ്മാരുടെ പുഞ്ചിരിക്കുന്ന മുഖങ്ങളുടെ പശ്ചാത്തലത്തില്‍ നാം സ്ലോമോഷനില്‍ സിംഹാസനത്തില്‍ നിന്നും ഇറങ്ങി അന്തപുരത്തിലേക്ക്...ഈ സന്ദര്‍ഭത്തില്‍ വായനക്കര്‍ക്ക്, അവരവരുടെ നിലവാരം അനുസരിച്ച് രംഗ പടത്തില്‍ പശ്ചാത്തല സംഗീതമായി 'വിക്രം, വിക്രം' എന്ന എന്ന കമല്‍ സിനിമ സംഗീതം മുഴങ്ങുന്നതായോ അല്ലെങ്കില്‍ "ഒരു ഒറ്റയാന്റെ രോഷാഗ്നി ..." എന്ന് തുടങ്ങുന്ന രണ്‍ജിപ്പണിക്കരുടെ വാചകങ്ങള്‍ രംഗപടത്തില്‍ തെളിയുന്നതായോ സങ്കല്‍പ്പിക്കാം.

പിന്‍ക്കുറിപ്പ് : നമ്മുടെ ഭാവി മഹാമന്ത്രി അപ്പോഴും തേര്‍ച്ചക്രവും, മനോമര്‍ദ്ധിനിയുമായി എന്ത് ബന്ധം എന്നാലോചിച്ച് കിളിയായി നില്‍ക്കുകയായിരുന്നു.

Thursday, August 7, 2008

മലയാള മനോമര്‍ദ്ധിനി- ഭാഗം ഒന്ന്

ഇതു ഉജ്ജയ്നിയിലെ ദര്‍ബാര്‍ . സത്യത്തിന്റെയും , നീതിയുടെയും ഉജ്ജയ്നിയിലെ അവസാന പ്രതീക്ഷയായ രാജസദസ്സ്.(തന്നെ, തന്നെ എന്ന് പറഞ്ഞവന്മാരെ നാം കണ്ടു...ശരിയാക്കിത്തരാം ). കാലവും സമയവും ബാധിക്കാത്ത ഈ ദര്‍ബാറില്‍ ഹാജരകുന്നവര്‍ ഉജ്ജയ്നിയില്‍ മാത്രം ഉള്ളവരാണ്. ഇവരെ ഈ ചരിത്രം വായിക്കുന്നവര്‍ക്ക് സമാന സാഹചര്യങ്ങളിലും, അന്യ ദേശങ്ങളിലും വെച്ചുള്ള പരിചയം തോന്നുന്നുവെങ്കില്‍... അത് നിങ്ങളുടെ ചിന്തകളുടെ കുഴപ്പം. ഇനിയെങ്കിലും മര്യാദക്ക് ചിന്തിക്കുവാന്‍ പഠിക്കുക.പിതാജി മഹാരാജിന്റെ നിരന്തര സമ്മര്‍ദ്ധങ്ങളുടെ ഫലമായി ( മുന്‍ ചരിത്രങ്ങള്‍ വായിക്കുക) ,ബീഡിക്കരിക്ക് പഠിക്കുന്ന കാലഘട്ടം മുതല്‍ ഭാവിയിലേക്കുള്ള ഒരു പരിശീലനം എന്ന നിലക്ക് മഹാരാജാവ് സ്ഥലത്തില്ലാത്ത വേളകളില്‍ നാം ദര്‍ബാര്‍ നിയന്ത്രിച്ചു തുടങ്ങിയിരുന്നു. ആ പരിശീലന കാലത്ത് നാം നടത്തിയ ചില വിചാരണകളുടെയും, തീര്‍പ്പുകളുടെയും രാജകീയ രേഖകളാണിവ. ഇങ്ങിനെയൊക്കെ നടക്കുമോ എന്ന് ചോദിക്കരുത്. ഉജ്ജയ്നിയില്‍ എന്തും നടക്കും...നടത്തുന്നത് നാമാണെങ്കില്‍.

സംഭവങ്ങള്‍ നടക്കുന്നത് ദര്‍ബാറില്‍. സിംഹാസനത്തില്‍ നാം. സിംഹസനത്തിനോപ്പമുള്ള മൂന്ന് ഇരിപ്പടങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായി മുഹമ്മദ് നബി ( അള്ളാഹു ഖുറാന്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നതില്‍ ദുഖിതനായി വിശുദ്ധ ഗ്രന്ഥത്തിന് ഒരു യഥാര്‍ത്ഥ വിശദീകരണം എഴുതുന്ന തിരക്കിലായിരുന്നു ) , യേശു ക്രിസ്തു (യാഹോവയായിരുന്നു നമുക്ക് താത്പര്യം . പക്ഷേ കൂടുതല്‍ ജനകീയന്‍ മനുഷ്യപ്പുത്രനായത് കൊണ്ട് പിന്നിടാ ക്ഷണം പുള്ളിക്ക് കൊടുത്തു ) , സര്‍വ സംഹാരി ശിവന്‍ പിള്ള ( സംഹാരകാലമാകുന്നത് വരെ പ്രത്യേകിച്ച് പണിയൊന്നുമില്ലത്തതിനാല്‍ അങ്ങേരെ എവിടെയെങ്കിലും ഇരുത്തണ്ടേ. പിന്നെ നമുക്ക് അമര്‍ത്ത്യത എന്ന കൈകൂലി വാഗ്ദാനം ചെയ്തിട്ടാണ് സ്ഥിരം ക്ഷിണിതാവായതും. പുറത്ത്‌ പറയരുത്. ) ഇവരെക്കൂടാതെ നമ്മുടെ ഭാവി മഹാമന്ത്രി ഭട്ടി . ( നിന്നു കൊണ്ടാണ് ഭട്ടി ദര്‍ബാറില്‍ കാര്യങ്ങള്‍ നടത്തുന്നത്. ലവന്‍ നിന്നാല്‍ മതി. ഇരിക്കാറാകുമ്പോള്‍ നാം പറയും).

"ആദ്യത്തെ ദര്‍ബാര്‍ ആയത്‌ കൊണ്ടു സഭാകമ്പം വല്ലതും ഉണ്ടോ പ്രോക്സി ഹൈനെസ്സ്? " എന്ന ഭട്ടിയുടെ കുനഷ്ട്‌ ചോദ്യത്തോടെ ദര്‍ബാര്‍ നടപടികള്‍ ആരംഭിക്കുന്നു.

" നാമെത്ര ബാര്‍ കണ്ടതാടാ. പിന്നല്ലേ ദര്‍ബാര്‍ ...നീ ആദ്യത്തെ അധമനെ വിളി . വിചാരണ തുടങ്ങാം" എന്ന് നാം.

ഭട്ടി: "അതിന് മുന്പ് ഈ വിചാരണയുടെ പശ്ചാത്തലം അവിടുന്നൊന്ന് അറിഞ്ഞിരിക്കണം"
നാം: "വേണ്ടത് തന്നെ. എഴുന്നള്ളിച്ചോ"

ഭട്ടി: "ഉജ്ജയിനി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ നിന്നും ആഗ്നേയാസ്ത്രം തൊടുക്കും മുന്പ് ചൊല്ലേണ്ട മൂലമന്ത്രം, 'എം എം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദ്യ, അടിച്ചു മാറ്റി ശത്രു രാജ്യത്തിന്‌ വിറ്റു എന്നാരോപിക്കപ്പെട്ട് രണ്ടു ഗവേഷകരേയും, അവരെ വശീകരിച്ച് വിദ്യ അടിച്ചു മാറ്റാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി രണ്ടു വിദേശികളായ അപ്സരസ്സുകളേയും കാക്കിപ്പട തടവിലാക്കിയിരുന്നു. അതോടനുബന്ധിച്ച്ചു ഏറെ വിവാദവും ഉണ്ടായിരുന്നു"

നാം: "പ്രഥമ ദ്രിഷ്ടിയ പോലും നില നില്‍ക്കാത്ത ആരോപണം എന്ന നിലക്കത് പിതാജി മഹാരാജ് തള്ളി കളഞ്ഞതല്ലേ? നമ്മുടെ ഓര്‍മ്മ ശരിയാണെങ്കില്‍ ഗവേഷകര്‍ എല്ലാം മുന്‍‌കാല ആനുകുല്യങ്ങളോടെയും ജോലിയില്‍ തിരികെ പ്രവേശിക്കാനും , അവര്‍ സഹിച്ച മനോവിഷമത്തിനു പരിഹാരമായി ദ്രവ്യം നല്‍കുവാനും അദ്ദേഹം ഉത്തരവായിരുന്നു. മാത്രമല്ല അപ്സരസ്സുകളേയും നിരുപാധികം വിട്ടയച്ചിരുന്നു"

ഭട്ടി: (അല്‍പ്പം ചൂടായി ) "തോക്കില്‍ കയറി വെടിവെക്കാതെ കോപ്പേ ...സോറി വെടി വെയ്ക്കതിരിക്കു യുവര്‍ ഹൈനെസ്സ്. അതല്ലാ ആദ്യ വിചാരണക്ക് ആധാരമായ പ്രശനം"
നാം: "പിന്നെന്തു പുല്ല്?"
ഭട്ടി: "ചാരം , വെണ്ണീര്‍ എന്നോന്നൊക്കെ പറഞ്ഞു കുറച്ചധികം കാലം ഈ വാര്‍ത്തകള്‍ ആഘോഷിക്കുകയും , യാതൊരു അടിസ്ഥാനവുമില്ലാത്ത കുറെ മൃദുല വികാരങ്ങളെ ഉണര്‍ത്തുന്ന കഥകള്‍ എഴുതിപ്പിടിപ്പിച്ച് ഈ ഗവേഷകരേയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുയയും ചെയ്ത മാധ്യമങ്ങളുടെ വിചാരണയാണിന്നു നടക്കേണ്ട കലാപരിപാടി"

നാം : "ആരുടെ മൃദുല വികരങ്ങളെയാടാ ഉണര്‍ത്തിയത്?"

ഭട്ടി: "എന്നെ പോലുള്ള വായനക്കാരുടെ തന്നെ. വെറുതെ കുറെ സമയം കളഞ്ഞു "

നാം: "ഒരെണ്ണം വിടാതെ മുഴവന്‍ വായിച്ചു, അല്ലേ?"

ഭട്ടി: ( വികാരധീനനായി) "വായിച്ചു പോകും...അമ്മാതിരി എഴുത്തായിരുന്നില്ലേ .(സമനില അവനുള്ളത്ര വീണ്ടെടുത്ത് ) ഇപ്പോള്‍ അതല്ല ഇവിടെ വിഷയം എന്ന് ഞാന്‍ ഹൈനെസ്സിനെ ഓര്‍മിപ്പിക്കുന്നു. "

നാം: "ശരി...എല്ലാ മാധ്യമങ്ങളും ഇപ്പറഞ്ഞ മ്ലേച്ഛത്തരം ചെയ്തുവോ?"

ഭട്ടി:"എല്ലാവനും കണക്കാ. പക്ഷേ ഇതേ ശരണം എന്ന മട്ടില്‍ എഴുതി വ്യാപാരം പോഷിപ്പിച്ചത് 'മലയാള മനോമര്‍ദ്ധിനിയാണ്' "

നാം : "അപ്പോള്‍ 'മറ്റാരുടെയോ ഭൂമി', 'ചീനാഭിമാനി ' , 'കരാള ഘാതകി' എന്നി മറ്റ് പ്രമുഖന്മാര്‍ ?"

ഭട്ടി: "ലവന്മാരും ഇതൊക്കെ ചെയ്തു. പക്ഷേ മനോമര്‍ദ്ധിനിയെ പോലെ പൊലിപ്പിച്ച് അലമ്പാക്കിയില്ല . മാത്രമല്ല അവര്‍ക്കൊക്കെ ഈ കാലഘട്ടത്തില്‍ കൊടുക്കുവാന്‍ വേണ്ട വാര്‍ത്തകള്‍ വേറെ ഉണ്ടായിരുന്നത്രേ"

നാം: "എന്ത് വാര്‍ത്തകള്‍?"


ഭട്ടി: "'മറ്റാരുടെയോ ഭൂമി' അതിന്റെ എം ഡി സുന്ദരേശന്‍ കൂലിക്കെഴുതിച്ച്ച 'ഹനുമാന്റെ ആവലാതികള്‍' കലക്കി എന്ന് നിരൂപണം ചെയ്തു താളുകള്‍ നിറച്ചു. 'ചീനാഭിമാനി' സാങ്കേതിക വിദ്യ ചീനന്‍മാര്‍ക്കാണ് വിറ്റതെങ്കില്‍ വലിയ കുഴപ്പമൊന്നും വരാനില്ല എന്ന മട്ടിലായിരുന്നു എഴുത്ത്. ' ഘാതകി' ആരോമല്‍ ചേകവരുടെ ആത്മകഥ' ഖണ്ടശ്ശ പ്രസിദ്ധീകരിക്കുകയായിരുന്നു. "

നാം: "ഇതിലിപ്പോള്‍ ലെവനെയാ നമ്മളിന്ന് കാച്ചാന്‍ പോകുന്നത്?"

ഭട്ടി: "മനോമര്‍ദ്ധിനി ഉടമയും മുഖ്യ മര്‍ദ്ധകനുമായ ബേബിച്ചായന്‍ എന്ന കഷ്ടത്തില്‍ ബേബി മാപ്ലയെ"

നാം: "അതെന്താടാ ഈ കഷ്ടത്തില്‍?"

ഭട്ടി: "പണ്ടു വായ് കൈ പൊത്തി നിന്നു ഒരു ജന്മിയെ കുപ്പിയിലിറക്കി, അങ്ങേരുടെ സ്വത്തുവകകള്‍ മുഴുവന്‍ അടിച്ചു മാറ്റിയ വീരനാണീ കക്ഷി എന്നൊരു പഴംപാട്ടുണ്ട്. അങ്ങിനെ ജന്മിയെ കഷ്ട്ടത്തിലാക്കി സ്വന്തം കുടുംബത്തിന്റെ അടിത്തറ പാകിയ പുണ്യ കര്‍മ്മത്തിന്റെ സ്മരണക്കാണത്രേ ഈ കുടുംബപ്പേര് "

നാം : "വന്ന വഴി മറക്കാത്ത ആ മഹാന്‍ ഹാജരുണ്ടോ ?"

ഭട്ടി: "ഉവ്വ്. പക്ഷെ വിളിപ്പിക്കും മുന്‍പ് ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട് . ഉജ്ജയ്നിയിലെ ഏറ്റവും ചിലവുള്ള പ്രാദേശിക ചവര്‍ അച്ചടിച്ചു വില്‍ക്കുന്നതിന്റെയും, പിന്നെ കോട്ടയം ഭാഷയില്‍ പൊതുവായുളളതുമായ ധാര്‍ഷ്ട്യം മൂപ്പിന്നിന്റെ ഭാഷയില്‍ കാണും"

നാം: "മഹാരാജാവും ജനിച്ചത് കോട്ടയത്താടാ കൂവേ. ഉജ്ജയ്നി സ്ഥാപിച്ച്ചതൊക്കെ പിന്നല്ലെയോ. കോട്ടയം ഭാഷ നമുക്കും വഴങ്ങും.പോരാത്തതിന് ശുദ്ധമായ ഉജ്ജയ്നി ഭാഷയും. അതുകൊണ്ടാതുവിട്. എന്നിട്ട് മൂപ്പിന്നിനെ വിളിച്ചാട്ടെ. ധാര്‍ഷ്ട്യം നമുക്കു മാറ്റം, എന്നാ?"

ഭട്ടി: "ഇതു മതി , ഇതു തന്നെ മതി . (കാവല്‍ക്കാരോട്‌) ഇനി നിന്നോടൊക്കെ പ്രത്യേകം പറയണോടാ കിളവനെ ഇങ്ങോട്ട് കെട്ടിയെടുക്കാന്‍?"

ദ്വാരപാലകന്‍ : "മലയാള ഭാഷയുടെ കൊലപാതകി ...ക്ഷമിക്കണം ...കുലപതി , കഷ്ടത്തില്‍ ബേബി ഹാജരുണ്ടോ, ഹാജരുണ്ടോ , ഹാജരുണ്ടോ?"

"ഇവിടൊണ്ടാടവേ" എന്ന മറുപടിയുമായി ശുഭ്ര വസ്ത്രധാരിയായ ഒരു വൃദ്ധന്‍ ദര്‍ബാറിലേക്ക് പ്രവേശിച്ചു. നമ്മേ നോക്കി ഒന്നു വിശാലമായി തൊഴുത്‌ ചിരിച്ചു . വായ് കൈ പൊത്തി നില്ക്കുന്ന മൂപ്പിന്നിന്റെ സ്വഭാവം ഭട്ടി പറഞ്ഞിരുന്നത് കൊണ്ട് നാം അഭിവാദ്യം കണ്ടില്ലെന്നു നടിച്ചു."നടപടികള്‍ തുടങ്ങാം" നാം ഉത്തരവായി.

ഭട്ടി: (മൂപ്പിന്നിനെ നോക്കി ) "ഉജ്ജയനി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തിലെ രണ്ട് ഗവേഷകന്മാരെ സ്ത്രീലമ്പടന്‍മാര്‍ എന്നും , രാജ്യദ്രോഹികള്‍ എന്നും മുദ്രകുത്തി, അടിസ്ഥാനരഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്തതില്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള ദിനപ്പത്രത്തിന്‍റെ പങ്ക് ഈ രാജസദസ്സിനു വ്യക്തമായി ബോധ്യപ്പെടിരിക്കുന്നു. അതിന്‍മേലാണീ വിചാരണ. എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടോ?"

മൂപ്പിന്ന് : ( അല്‍പ്പം കൂടി മുന്നോട്ടു വളഞ്ഞ് ) "അതിന് മുന്നേ സമക്ഷത്തു വേറെ രണ്ടു കാര്യങ്ങള്‍ ബോധിപ്പിക്കുവാനുള്ള അനുവാദം തരണം"

നാം: "ചുമ്മാ ബോധിപ്പി , കേക്കട്ട് "

മൂപ്പിന്ന്: "അടുത്തയാഴ്ച്ച മനോമര്‍ദ്ധിനിയുടെ ഞായറാഴ്ച വിശേഷാല്‍ പതിപ്പില്‍ കുമാരന്റെ ജീവചരിത്രം മുന്‍ താളില്‍ ഒരു പൂര്‍ണ്ണകായ ചിത്രം സഹിതം കൊടുത്താല്‍ കൊള്ളാമെന്നുണ്ട്"

നാം: "ഉവ്വോ? നമ്മുടെ പൂര്‍ണ്ണകായ ചിത്രം കയ്യിലുണ്ടോ? (പെട്ടന്ന് സമചിത്തനായി ) ഡായ് , മന്നനുക്ക് ലന്‍ച്ചമാ ? വെട്ടി അരമനൈ നായ്ക്കള്‍ക്ക് ലഞ്ച് പോട്ടിടുവേന്‍, ജാഗ്രതൈ"

ശ്രമം പാളിയപ്പോള്‍ മൂപ്പിന്ന് വിനയം വിട്ട് നിവര്‍ന്നു നിന്നു.
ഭട്ടി: "എന്താ ബോധിപ്പിക്കുവാനുള്ള അടുത്ത കാര്യം?"
മൂപ്പിന്ന്: " അത് നമ്മുടെ പത്രത്തിന്‍റെ ..."

നാം : "നമ്മുടെ അല്ല തന്‍റെ..." മൂപ്പിന്ന് : (കൂസലില്ലാതെ ) "അതേ, എന്‍റെ പത്രത്തിന്റെതുത്പടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉജ്ജയ്നിയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. അതിന് സമക്ഷത്തു നിന്നും പരിഹാരം ഉണ്ടാക്കി തരണം"

നാം: "പോക്രിത്തരങ്ങള്‍ എഴുതുന്നത് കുറച്ചാല്‍ തല്ലും അത്രയും കുറഞ്ഞിരിക്കും"

മൂപ്പിന്ന് : "ക്രിയാത്മകമായി വിമര്‍ശിക്കണം എന്നൊരപേക്ഷ ഉണ്ടായിരുന്നു."

നാം : "ഹിംസാത്മകമായി പ്രവര്‍ത്തിച്ചാലോ?"

മൂപ്പിന്ന് : "ഇവിടുന്നു വലിയ കോപ്പിലെ രാജാവായിരിക്കും. പക്ഷേ ഞാന്‍ ഒരു പഴയ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് മറക്കരുത്"

നാം: "ഉജ്ജയനി സ്വതന്ത്രമാക്കുവാന്‍ നടത്തിയ പോരാട്ടങ്ങളില്‍ താങ്കള്‍ പങ്കെടുത്തിട്ടുണ്ടോ?"
മൂപ്പിന്ന് : "പിന്നെ മൂന്ന് കൊല്ലം തുറുങ്കീ പോയിക്കെടന്നത് ചുമ്മാതാന്നോ ?"

നാം: " അത് നികുതി വെട്ടിച്ചത്തിനു വെള്ളക്കാര്‍ തൂക്കി ഉള്ളിലിട്ടത് . അതും സ്വാതന്ത്ര്യ സമരവുമായി എന്ത് ബന്ധം?"

മൂപ്പിന്ന് കലശലായ ഞെട്ടലോടെ നമ്മേ നോക്കി "അല്ല ...അതെങ്ങനെ അറിഞ്ഞായിരുന്നു?. ഒരു വിധം ചരിത്രമെല്ലാം ഞാന്‍ മനോമര്‍ദ്ധിനീകൂടെ വെള്ളപൂശിയതാന്നല്ലോ? "

നാം: "ത്രികാല ജ്ഞാനവും നമുക്കുണ്ട് എന്ന് കൂട്ടിക്കോ"

മൂപ്പിന്ന്: "അപ്പൊ മാധ്യമ പ്രവര്‍ത്തകരുടെ നേരെയുള്ള അക്രമം..."

നാം: "ഏറ്റവും കൂടുതല്‍ ചവിട്ട്‌ കിട്ടുന്നത് മനോമര്‍ദ്ധിനിയുടെ ലേഖകര്‍ക്ക് തന്നെയല്ലേ? "
മൂപ്പിന്ന്: "ആന്നേ"

നാം: "പരിഹാരം രണ്ടുണ്ട്. മനോമര്‍ദ്ധിനിയുടെ പ്രവര്‍ത്തി പരിചയം കൂടുതലുള്ള ലേഖകരോട് അഹങ്കാരം അല്‍പ്പം കുറച്ച് വാര്‍ത്തകള്‍ തേടാന്‍ പറയുക എന്നതാണ് ഒന്നാമത്തെ വഴി "

മൂപ്പിന്ന്: "അങ്ങോട്ട് മനസിലായില്ലാ"

നാം: "ഉദാഹരണത്തിന് , രാവണന്‍ സീതയെ അടിച്ചോണ്ട് പോയതിനെക്കുറിച്ച് ലങ്കയില്‍ നിന്നും നേരിട്ടു സചിത്ര ലേഖനം എഴുതുവാന്‍ നിങ്ങളുടെ തലമുതിര്‍ന്ന ഒരു ലേഖകന്‍ പോവുകയാണെന്ന് വെയ്ക്കുക."

മൂപ്പിന്ന്: "വെയ്ച്ചു "

നാം: "അധികം വെച്ചാല്‍ പിന്നെ നിവരലുണ്ടാവില്ല. ഓര്‍ത്താല്‍ നന്ന്"

മൂപ്പിന്ന്: "ക്ഷമിക്കണം"

നാം: "ആലോചിക്കാം. അപ്പോള്‍ പറഞ്ഞു വന്നത് ....നിങ്ങളുടെ മുന്തിയ ലേഖകന്‍ മനോമര്‍ദ്ധിനിയുടെ പിന്‍ബലം ഉണ്ടെന്ന അഹങ്കാരത്തില്‍, സാധാരണ എവിടെയും കയറിച്ചെന്നു പറയാറുള്ളത് പോലെ, നേരെ ലങ്കയില്‍ ഇടിച്ച് കയറി രാവണന്റെ പത്തു മൂക്കുകള്‍ക്കും താഴേക്ക്‌ തിരിച്ചറിയല്‍ ചീട്ടു നീട്ടി 'മി : രാവണന്‍ , ഞാന്‍ തോമസ് ഊച്ചാളി , മനോമര്‍ദ്ധിനിയുടെ സ്വ:ലേ. താങ്കള്‍ സീതയെ അടിച്ചോണ്ട് വന്ന് അശോകവനിയില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നെനിക്ക് വിവരം കിട്ടി . വരൂ , എനിക്ക് പുള്ളിക്കാരിയുടെ രണ്ടു ചിത്രങ്ങള്‍ അശോകവനിയില്‍ നിന്നും നേരിട്ടെടുക്കണം . താങ്കളുടെ രണ്ടുമൂന്നു രാക്ഷസികളേയും വിളിച്ചോ . പശ്ചാത്തലത്തില്‍ അവര്‍ കൂടിയുണ്ടെങ്കിലേ വാര്‍ത്ത കൊഴുക്കു. അതുകഴിഞ്ഞ് ലങ്കയിലേക്ക് എതുമാര്‍ഗ്ഗമാണ് നിങ്ങള്‍ പുഷ്പകത്തില്‍ സീതയെ കടത്തിയത് എന്നും വിവരിക്കണം. അല്ലെങ്കില്‍ വേണ്ടാ... ഞാന്‍ അതിന്റെ ഒരു കല്ല്‌ പെന്‍സില്‍ രേഖ ഭാവനയില്‍ നിന്നും ഉണ്ടാക്കിക്കൊള്ളാം. ' എന്ന് പറയുന്നു . അവനെ രാവണന്‍ താബൂലം നല്കി സ്വീകരിക്കാന്‍ ഒരു സാധ്യതയും നാം കാണുന്നില്ല. സ്വ:ലേ യുടെ കൊല നടക്കും അവിടെ. അതുകൊണ്ട് ഒരു ഒളിവിനും മറവിനും ഇതൊക്കെ കണ്ടു പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അവനമാര്‍ക്ക് നല്ലത്. ഇല്ലേല്‍ തടി കേടാകും. മനസ്സിലായോ?"

മൂപ്പിന്ന്: "ഒവ്വ...രണ്ടാമത്തെ മാര്ഗ്ഗം എന്നതാണാവോ?"

നാം: " അത് താരതമ്യേന പരിചയം കുറഞ്ഞ ലാട്ട് പുട്ട് ലേഖകന്‍മാരുടെ ദേഹ രക്ഷക്കുള്ളതാണ്. തല്ലു കിട്ടും എന്ന് ഏകദേശം ഉറപ്പുള്ള സ്ഥലത്തൊക്കെ നിങ്ങള്‍ അവര്‍ക്കൊപ്പം പോയാല്‍ മതി"

മൂപ്പിന്ന് : (വിടര്‍ന്ന ചിരിയോടെ ) " അത് നേരാ ...എന്നെ കാണുമ്പോള്‍ തല്ലാന്‍ വരുന്നവന്‍മാര് ബേബിച്ചായന്റെ മുന്നിലിട്ടെങ്ങിനെയാ എന്ന് കരുതി മാറുവായിരിക്കും, അല്ലിയോ ?

നാം: "അതല്ലാ...മൂര്‍ഖന്‍ പാമ്പ് മുന്നിലുള്ളപ്പോള്‍ ആരെങ്കിലും നീര്‍ക്കോലികളെ തല്ലിക്കൊല്ലാന്‍ മിനക്കെടുമോ?"

"കിളവനെ വിഷപ്പാമ്പുകളോട് താരതമ്മ്യം ചെയ്ത് ഞങ്ങളെ അപമാനിക്കരുത്" നമ്മുടെ ചെവിയില്‍ ശിവ്ജിയുടെ കഴുത്തില്‍ കിടന്നിരുന്ന വാസുകി വക മുന്നറിയിപ്പ് " ഞങ്ങള്‍ക്ക് സംസ്കാരമുണ്ട്. ഇങ്ങോട്ട് മെക്കിട്ടു കേറാന്‍ വന്നാലേ ഞങ്ങള്‍ വിഷം പ്രയോഗിക്കു. കിളവന്‍ അങ്ങിനെയാണോ.?"

നാം : "ക്ഷമിക്കണം നാഗരാജ് ...ഒരു ഉപമ പറഞ്ഞതാണ്"

വാസുകി:" നോക്കിയും കണ്ടും വേണം ഉപമ . "

മൂപ്പിന്ന് ആ സമയം ഭട്ടിക്കു കൈക്കൂലിയായി മനോമര്‍ദ്ധിനി വാരികയുടെ പുറം താള്‍ ചിത്രങ്ങളില്‍ വരുന്ന പരസ്യ സുന്ദരിമാരുടെ മേല്‍വിലാസം നല്‍കുവാന്‍ ശ്രമിക്കുകയായിരുന്നു. നാം ഒന്ന് മുരടനക്കിയപ്പോള്‍ ഭട്ടി വീണ്ടും മാന്യനായി.

മൂപ്പിന്ന് : (നമ്മേ നോക്കി ) "പൊതുവേ കുമാരന് മനോമര്‍ദ്ധിനിയോടു അത്ര നല്ല മനോഭാവമല്ല, അല്ലിയോ?"

നാം: "തന്നേ? അങ്ങിനെ തോന്നിയാ?"

മൂപ്പിന്ന്: "ഒരു സൊരുമ നമുക്കു രണ്ടാള്‍ക്കും ഗുണമായേ വരൂ ."

നാം: "നിങ്ങള്‍ നമുക്കെന്ത് ഗുണം ചെയ്യാന്‍ ?"

മൂപ്പിന്ന് ഭട്ടിയെയും, നമുക്കരുകില്‍ ഇരിക്കുന്ന മൂന്നു പുലികളെയും മാറി മാറി നോക്കി. പിന്നെ സ്വരം താഴ്ത്തി :" സംഗതി ഒരല്‍പ്പം രഹസ്യവാ"

നാം: (ഭട്ടിക്കു നേരെ വിരല്‍ ചൂണ്ടി) "വല്യ രഹസങ്ങള്‍ ഒന്നും ഇവന് മനസിലാകില്ല . (ശിവന്‍, ക്രിസ്തു, നബി എന്നിവരെ നോക്കി) ഇവര്‍ക്ക് അറിയാത്ത രഹസ്യങ്ങള്‍ ഒന്നും ഉണ്ടാവാന്‍ വഴിയുമില്ല. അത് കൊണ്ടു പറഞ്ഞോ മൂപ്പിന്നേ ."

മൂപ്പിന്ന്: " ഇപ്പോള്‍ കുമാരന്‍ ഒരന്യ ദേശത്തു പാതിരാ സംബദ്ധത്തിനു പോയി അവിടെ വെച്ചു നാട്ടുകാരെല്ലാം കൂടി വളഞ്ഞു പിടിച്ചാ പെണ്‍കൊച്ച് തലയിലായിയെന്നിരിക്കട്ടെ ..." നമ്മുടെ പ്രതികരണമറിയുവാനായി കുറുക്കന്‍ ഒന്ന് നിറുത്തി.

നാം:"പറയു ...ബാക്കി കൂടി കേള്‍ക്കട്ടേ."

മൂപ്പിന്ന് : "ഞങ്ങളുടെ വനിതകളെ വഴിതെറ്റിക്കാനുള്ള 'പിടക്കോഴി' മാസികയിലൂടെ കുമാരന്റെയും ആ പെണ്‍കൊച്ചിന്റെയും കുറേ പടങ്ങളെല്ലാമിട്ട്, നിങ്ങടെത് അനശ്വര പ്രണയമാണെന്നും , വിവാഹത്തിലൂടെ പ്രണയ സാഫല്യം നേടിയ നിങ്ങള്‍ കമിതാക്കള്‍ക്ക് ഒരു ഉത്തമ മാത്രികയാണെന്നും മറ്റും ലേഖന പരമ്പരകളിലൂടെ ഞങ്ങള്‍ സ്ഥാപിക്കും"
നാം: (ഒരല്‍പ്പം താത്പര്യത്തോടെ) "ഇതു വല്ലതും നടക്കുമോ?"

മൂപ്പിന്ന് : "കൊള്ളാം. ഇതെന്നാ ചോദ്യമാ തിരുമനസ്സേ. സിനിമാ താരങ്ങള്‍ , ഗായകര്‍ ,രാഷ്ട്രീയക്കാര്‍,അങ്ങിനെ എത്രയോ പ്രശസ്തര്‍ ഇത്തരം കുരുക്കുകളില്‍ ചെന്നു ചാടിയിരിക്കുന്നു . അതെല്ലാം ഞങ്ങള്‍ പുല്ല് പോലെ വെള്ള പൂശിയില്ലായോ "

"ഡാ അലവലാതി ...ഇതു ദര്‍ബാറാണ്. മറക്കണ്ടാ" ക്രിസ്തു നാഥന്‍ നമ്മുടെ കാതില്‍ മന്ത്രിച്ചു
നാം: (കുപിതനായി മൂപ്പിന്നിനെ നോക്കി) "ഡോ കെളവാ...ഇങ്ങിനെ ഇടക്കിടെ നമ്മേ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇന്നോളം ഇറങ്ങിയ പിടക്കോഴി മാസികയെല്ലാം ഇവിടെ വരുത്തിച്ച് ഒറ്റയിരുപ്പിന് തന്നേ കൊണ്ടത് മുഴുവന്‍ നാം വായിപ്പിക്കും"

മൂപ്പിന്ന് :(സ്വയമറിയാതെ)"അയ്യോ"

നാം: (നടുങ്ങി നില്ക്കുന്ന മൂപ്പിന്നിനെ നോക്കി വലം ചൂണ്ടുവിരലിളക്കിക്കൊണ്ട് ) "അതാണ്‌" . (ഭട്ടിയെ നോക്കി)" ഡാ മഹാമാക്രി, മഹാമന്ത്രി ... കൂടുതല്‍ ഇങ്ങേരുടെ വായ് തുറപ്പിക്കാതെ പ്രധാന വിചാരണ തുടങ്ങടാ തെണ്ടി"

ഭട്ടി: (മൂപ്പിന്നിനെ ഗൌരവമായി നോക്കി ) "വിചാരണ തുടങ്ങുന്നു. ഇനി കാര്യമാത്ര പ്രസക്തമായി സംസാരിക്കുക."

തുടരും...