Friday, October 24, 2008

അഗസ്ത്യഗാരു

ബഹു: അഗസ്ത്യസ്സ് എസ്ത്തപ്പനോസ്, അല്ലെങ്കില്‍ അഗസ്ത്യഗാരു (സംഭവം തെലുങ്കാണ് , അംഗലേയത്തില്‍ സര്‍. അഗസ്ത്യസ്സ് എന്നും പറയാം ) ഗാല്‍ഗുത്താന്‍ സ്മാരക കലാ മന്ദിരത്തിലെ അംഗീകൃത കടുവയായിരുന്നു. തടിച്ച് കുറുകിയ ശരീരം, കനത്ത താടി മീശകള്‍, തീക്കണ്ണുകള്‍, അന്തകൂപത്തില്‍ നിന്നുയരുന്ന സ്വരം- ആ പേരുകേട്ടാല്‍ ഇപ്പോഴും ഈ വ്യക്തിമുദ്രകളെല്ലാം മനസ്സില്‍ ഘോഷയാത്ര തുടങ്ങും. ഗാല്‍ഗുത്താന്‍ മലനിരകളില്‍ എത്തിയാല്‍ പിന്നെ ഏത് വിപ്ലവവും , ഖദറും , രാജകുമാരനും എസ്ത്തപ്പനോസ്സിനു വിധേയന്‍. പാഠശാലയില്‍ കയറാതെ കറങ്ങി നടക്കുന്ന ശിഷ്യന്മാരെ തിരഞ്ഞ് പിടിച്ച് സ്വതസിദ്ധമായ തനി നാടന്‍ കര്‍ഷക വാണിയില്‍ പിതൃ സ്മരണ ഉളവാക്കി 'ഫ്ഭാ' എന്ന അകമ്പടി സംഗീതത്തോടെ പാഠശാലയില്‍ എത്തിക്കുന്ന, എത്ര ഓടിച്ചാലും പിടികൊടുക്കാത്ത നമ്മേ പോലുള്ള സമര്‍ത്ഥന്‍മ്മാരെ ചില അവസരങ്ങളില്‍ സ്വപാദുകം പോലും ഊരി എറിഞ്ഞിടാന്‍ ശ്രമിക്കുന്ന, പാലാ മഹാരാജ്യത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും രസതന്ത്രത്തിന്റെ മഹാസാഗരം പുല്ലു പോലെ നീന്തി കടന്ന ഞങ്ങളുടെ മുഖ്യ ഗുരുനാഥന്‍ ...സ്വന്തം പ്രിന്‍സി. ഇതിനെല്ലാം പുറമേ നമ്മുടെ പിതാജി മഹാരാജിന്റെ പ്രിയ സുഹൃത്തും.
നമ്മുടെ സഖാക്കളില്‍ ഒട്ടുമിക്കവരും പലപ്പോഴായി അഗസ്ത്യഗാരുവിന്റെ സ്നേഹ പ്രകടനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. നാം, ഇനി പറയുവാന്‍ പോകുന്ന നാള്‍ വരെ, രക്ഷപ്പെട്ട് നടക്കുകയായിരുന്നു. താത്കാലിക പുറത്താക്കല്‍, താകീത് തുടങ്ങിയ വാറോലകള്‍ കലാലയ ഗുമസ്ത്തന്‍മ്മാര്‍ വഴി മാത്രം കൈപറ്റുക, മുങ്ങുക- അതായിരുന്നു നമ്മുടെ പതിവ്. ഒരു പൊതുധാരണ പോലെ അഗസ്ത്യഗാരുവും ഇതൊന്നും കൊട്ടാരത്തില്‍ അറിയിച്ചിരുന്നില്ല . അന്ന് വരെ...
ഊട്ടുപുരയില്‍ രണ്ടാം വര്‍ഷ ബീഡിക്കരിക്ക് (പ്രയോഗത്തിന് കടപ്പാട് ദര്‍ബാര്‍ ധന്യമാക്കുന്ന മഹാകവി ബഹുവ്രീഹിയോട് ) ഗുമസ്തപ്പണി മുഖ്യവിഷയമായി തകര്‍ക്കുന്ന ഷെഹസാദി ഗുല്‍നാറുമായി വിശുദ്ധ ഖുറാനിലെ 'സൂറത്തുല്‍ ഖാരിഅഃ' എന്ന ഭയങ്കര സംഭവത്തെ കുറിച്ചു ആഴത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു നാം. ( എന്തേ ...ആര്‍ക്കെങ്കിലും അതല്ല നാം ചര്‍ച്ച ചെയ്തതെന്ന് തെളിയിക്കാമോ?) .ഗാല്‍ഗുത്താനിലെ അക്കാലത്തെ നമ്മുടെ സ്ഥിരം പ്രണയം, മേഴ്സിക്കുട്ടി അവളുടെ അമ്മാവന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും ഭാരതിയരോട് പത്രാസ്സു കാണിക്കുവാന്‍ വന്നത് പ്രമാണിച്ച് നാല് ദിവസ്സത്തേക്ക് മാതാവിന്റെ നാടായ കോട്ടയം രാജ്യത്തേക്ക് പോയതുക്കൊണ്ട് മാത്രമാണ് നമുക്കീ ചര്‍ച്ചക്കുള്ള അസുലഭാവസരം ലഭിച്ചത്. ചര്‍ച്ച സുഗമമായി പുരോഗമിക്കവേയാണ് കല്ലുകടിയായി കലാലയ കാവല്‍ ഭടന്‍മ്മാരില്‍ പ്രമുഖന്‍ ശ്രീ : കൃഷ്ണശ്ശാര്‍ ബഹു: അഗസ്ത്യസ്സ് എസ്ത്തപ്പാനോസ് വക വാറോലയുമായി നമുക്കരുകില്‍ എത്തിയത്. വാറോലയില്‍ വരികള്‍ ലളിതം.
"ഈ ഓല കിട്ടി അഞ്ചു നിമിഷങ്ങള്‍ക്കകം കാര്യാലയത്തില്‍ ഹാജരായില്ലെങ്കില്‍, ആറാം നിമിഷം നിന്‍റെ മരണം അപ്രതീക്ഷിതമായിരിക്കും." അതിസുന്ദരമായ എസ്ത്തപ്പാനോസ് ശൈലി.

കടുവാകൂട്ടിലേക്കുള്ള ക്ഷണം നമ്മേ പാടേ തളര്‍ത്തിക്കളഞ്ഞു . എന്തായാലും നമ്മേ ഒന്നു കാണുവാനുള്ള അടക്കാനാവാത്ത ആഗ്രഹമല്ല ഓലയുടെ പിന്നിലുള്ള ഉദ്ദേശം. അതുറപ്പായിരുന്നു നമുക്ക്.
"ക്രിസ്തുവിനെയും, ശിവനെയും ത്രിക്കണ്‍ പാര്‍ത്ത , മുഹമ്മദ് നബിയുമായി നേരിട്ട് ആശയ സംവാദം നടത്തുന്ന അങ്ങേക്ക് വെറുമൊരു പ്രിന്‍സിയെ ഭയമോ? "പ്രിന്‍സിയുടെ വാറോല വായിച്ചു വേനല്‍ ചൂടിലും ഹിമസമം തണുത്തു വിറങ്ങലിച്ച നമുക്കു ധൈര്യം പകരുവാന്‍ ഗുല്‍നാര്‍ കുമാരി ശ്രമിച്ചു.
"അതേടി അതേ. നിനക്കൊക്കെ ഇതു പറയാം. ഹാജര്‍ നില വഷളായാലും , എന്തലമ്പ് കാണിച്ചാലും , ഇനി നീയൊക്കെ ഗാല്‍ഗുത്താന് തിതന്നെയിട്ടാലും , നാരീജനം എന്ന പരിഗണനയാല്‍ എസ്ത്തപ്പാനോസ്സിന്റെ ഒരു നോട്ടത്തില്‍ കവിഞ്ഞൊന്നും ഏല്‍ക്കാത്ത വര്‍ഗ്ഗമല്ലേ നീയൊക്കെ . പക്ഷേ പരംപുരുഷന്മാരായ ഞങ്ങള്‍ക്ക് , കോപിച്ചാല്‍ പിതാമഹന്റെ പിതാവിന് വരെ വിളിക്കുന്ന എസ്ത്തപ്പാനോസ്സിനെ അല്‍പ്പമൊക്കെ ഭയക്കണം. എന്തേ വിരോധമുണ്ടാ?" നാം കുപിതനായി.
"ങ്ങളിതെന്തു ബര്‍ത്താനാണ് കോയ പറേണത്. പേടിക്കാണ്ട് അബ്ടം വരെ പൊയ് സുജായിനെ ഒന്നു കണ്ടേച്ചും ശട്ടെന്നു തിര്യെ ബരീനെന്നു" ഗുല്‍നാര്‍ ഇത്താത്ത അപ്പോഴും സംഗതിയുടെ ഗൗരവം മനസിലാക്കിയിരുന്നില്ല.
കുറച്ചുനാള്‍ മുന്‍പ് നമ്മുടെ സുഹൃത്തായ 'തൊണ്ട്' കടുവാക്കൂട്ടില്‍ അറിയാതെ ഒന്നു തലയിട്ടതാണ്. രണ്ടാം വര്‍ഷ വാര്‍ഷിക ആയോധന മത്സരത്തില്‍ പങ്കെടുക്കുവാന്‍ കലാലയത്തിലെ ഹാജര്‍ നില ഉത്തമമായിരിക്കണം എന്ന ദുഃഖത്തില്‍ ഞങ്ങളെല്ലാം നടക്കുമ്പോള്‍ , ഉറവിടം വ്യക്തമല്ലാത്ത ഒരു വാര്‍ത്ത‍ തൊടിണ്ടിന്റെ ചെവിയിലെത്തി . 'അഞ്ഞൂറ് വരാഹന്‍ പിഴയൊടുക്കിയാല്‍ ഹാജര്‍ നിലയുടെ ദയനീയാവസ്ഥ മാപ്പാക്കി കൊടുക്കപ്പെടും'. കേട്ട പാതി കേള്‍ക്കാത്ത പാതി വിദ്വാന്‍ ആരുടെയൊക്കയോ കാല് പിടിച്ചു അഞ്ഞൂറ് വരാഹന്‍ സംഘടിപ്പിച്ചു ഗാല്‍ഗുത്താനിലെ ഗുമസ്തന്‍മ്മാരെ ചെന്നു കണ്ടു. അവര്‍ അവതാരത്തെ കൈയ്യോടെ എസ്ത്തപ്പനോസ് സവിധത്തിലേക്കയച്ചു. കാര്യാലയത്തില്‍, മഹാഗണി മേശക്കു പിന്നില്‍, കടിച്ചു കീറപ്പെടേണ്ടവന്മാരുടെ പട്ടിക പരിശോധിച്ചുക്കൊണ്ടിരുന്ന കടുവ വലിയ മുരള്‍ച്ചയൊന്നും കൂടാതെ ശിഷ്യനെ സ്വാഗതം ചെയ്തു. പിഴ പ്രിന്‍സി നേരിട്ടു വാങ്ങും എന്ന് ധരിച്ച് തൊണ്ട് കുഷിയായി ചെന്നു മഹാഗുരുനാഥനോട് കാര്യം ഉണര്‍ത്തിച്ചു. പറഞ്ഞു നാവെടുത്തതും... "ഫ്ഭാ" എന്ന അലര്‍ച്ചയോടെ കടുവ മേശപ്പുറത്ത്, ആട്ടിന്റെ ശക്തിയില്‍ തൊണ്ട് തെറിച്ച് കാര്യാലയത്തിനു പുറത്തെ വരാന്തയില്‍. തെറിച്ച് വന്ന ഊക്കില്‍ താടിയിടിച്ച് വീണ തൊണ്ടിന് ചാടിയെണീറ്റോടാന്‍ സാധിക്കും മുന്‍പ് കടുവ കുതിച്ച് മുന്നിലെത്തി. "നിന്‍റെ അപ്പന് കൊണ്ടു കൊടുക്കിനെടാ ഇട്ടുണ്ണാപ്പാ ഈ കാശ് ." നാടന്‍ പ്രയോഗങ്ങളുടെ ഒരു പ്രവാഹം " എന്നിട്ട് അങ്ങേരോട് പറ (തൊണ്ടിനെയൊന്നടിമുടി നോക്കി കൊണ്ട് ) ഇമ്മാതിരി മണ്ടത്തരങ്ങള്‍ ഇനി കാണിക്കാന്‍ തോന്നുവാണേല്, അതിന് പകരം പത്തു മൂട് തെങ്ങ് വാങ്ങിച്ച് വെയ്ക്കാന്‍ . നിന്‍റെ തലമണ്ടക്കകത്തെ ചാണകം വളമായിട്ടിടുകയും ചെയ്യാം . വയസ്സ് കാലത്ത് അങ്ങേര്ക്കതിന്റെ പ്രയോജനം കിട്ടും. നിന്നെപ്പോലൊരു മരങ്ങോടനെക്കൂടി സഹിക്കുകയും വേണ്ടാ" . കഷ്ണം കഷ്ണമായി നുറുക്കപ്പെടുമ്പോഴും തൊണ്ടിനു സര്‍വകലാശാലയില്‍ അടക്കേണ്ട പിഴ പ്രിന്‍സിക്ക് നേരിട്ടു നല്‍കുവാന്‍ ശ്രമിച്ചതിന്റെ ഭവിഷ്യത്താണ് താന്‍ അനുഭവിക്കുന്നത് എന്നറിയില്ലായിരുന്നു .

ഒരു അബദ്ധത്തിന്റെ പേരില്‍ ഞങ്ങളുടെ കൂട്ടത്തില്‍ പൊതുവേ നിരുപദ്രവിയായ തൊണ്ടിനെ ഇപ്രകാരമാണ് അഗസ്ത്യഗാരു കൈകാര്യം ചെയ്തതെങ്കില്‍ കുപ്രസിദ്ധനും , ഗല്‍ഗുത്താന്‍ ഇടയ സഭയുടെ കണ്ണിലുണ്ണിയുമായ നമ്മുടെ ഗതിയെന്താവും എന്നതായിരുന്നു കടുവയെ കാണുവാന്‍ പോകും വഴി നമ്മുടെ ചിന്ത. പറഞ്ഞിട്ടും കാര്യമില്ല. പുതിയ പിള്ളേരെ
'ഹിമ ശൈലത്തിന്‍ മുകളില്‍ നിന്നും
രാജകുമാരന്‍ എന്ന് വിളിച്ചാല്‍
സാഗര വീചികള്‍ മറുപടി ചൊല്ലും
വിക്രം വിക്രം സിന്ദാബാദ് ' തുടങ്ങിയ രസികന്‍ മുദ്രാവാക്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ച് സമരത്തിനിറക്കിയപ്പോളൊന്നും നാമും ആലോചിച്ചിരുന്നില്ല, ഇടയ സഭയും , അതുവഴി അഗസ്ത്യഗാരുവും നമ്മേ നോട്ടമിടുമെന്ന്.

'വരുന്നിടത്ത് വെച്ചു കാണാം. എന്തോന്ന് കടുവ?' ചിന്തകള്‍ക്കിടെ ക്ഷത്രിയ രക്തം തിപ്പൊരിയായി തലപൊക്കി. അങ്ങിനെ തന്നെ എന്നുറച്ച് , വായു ഭഗവാനെ നെഞ്ചിനുള്ളിലേക്ക് പിടിച്ച് കയറ്റി, നാം കടുവയുടെ കാര്യാലയത്തിനു മുന്നിലെത്തി. തേക്ക് കൊണ്ടുള്ള കൂറ്റന്‍ വാതിലില്‍ മെല്ലെ മുട്ടി.
"യെവ അവ ?" അടഞ്ഞ വാതിലിനു പിന്നില്‍ നിന്നും മുരള്‍ച്ച. അത് കേട്ടതും നെഞ്ചില്‍ തടവില്‍ കിടന്ന വായു ഭഗവാന്‍ പുറത്തു ചാടി ഓടിക്കളഞ്ഞു .
"അവിടുത്തെ എരുമ ...അരുമ ശിഷ്യന്‍ കുമാര്‍ വിക്രമാണേ" വായു ഭഗവാന്‍ രക്ഷപെട്ടപ്പോള്‍ മുന്നോട്ടല്‍പ്പം വളഞ്ഞു പോയ നാം.
"വാടാ,വരിനെടാ...വാ, വാ." ചോര മണം പിടിച്ച് ആര്‍ത്തി പൂണ്ട കടുവയുടെ സ്വരം . വാതില്‍ തുറന്നു നാം വിനയാന്വീതനായി ഉള്ളിലേക്ക് പ്രവേശിച്ചു. പതിവു പോലെ മഹാഗണി മേശക്ക് പിന്നില്‍ തന്നെയുണ്ടായിരുന്നു ബഹു : അഗസ്ത്യസ്സ് എസ്ത്തപ്പാനോസ് .
"സുപ്രഭാതം ഗുരുവേ" നാം ആദ്യ അസ്ത്രം തൊടുത്തു. മറുപടി തീകണ്ണുകളാല്‍ ഒരു നോട്ടം "അതെനിക്ക്.നിനക്കിനി അങ്ങോട്ട് വലിയ 'സു - പ്രഭാതങ്ങള്‍' ഉണ്ടാകാന്‍ വഴിയില്ലാ" എന്ന് പറയുമ്പോലെ.
" വിളിപ്പിച്ചത്?" എന്നാലിനി വിഷയത്തിലേക്ക് കടക്കാം എന്ന് കരുതി നാം.
"രണ്ടാം വര്‍ഷ വാര്‍ഷിക ആയുധ മത്സരം ഇങ്ങെത്തിയല്ലോ. പഠനമൊക്കെ എവിടം വരെയായി" ഒന്നനങ്ങിയിരുന്നിട്ടു ഗുരു ചോദിച്ചു .
"കുഴപ്പമില്ലാതെ നടക്കുന്നു" സുഹൃത്തിന്റെ പുത്രന്‍റെ പഠനം എങ്ങിനെ പോകുന്നു എന്നറിയാനുള്ള ആകാംഷയില്‍ നമ്മേ വിളിപ്പിച്ച ആ വലിയ മനുഷ്യനെ തെറ്റിദ്ധരിച്ചതില്‍ നമുക്ക് പശ്ചാതാപം തോന്നി. പറ്റിയാല്‍ ഒരു റാങ്കും നാം അടിച്ചെടുത്തു ഗാല്‍ഗുത്താനില്‍ കൊണ്ടു തരാം എന്ന് കൂടി പറയണം എന്നുണ്ടായിരുന്നു . പക്ഷേ പറഞ്ഞില്ല.
"മത്സര കളരിയില്‍ കയറണമെങ്കില്‍ ഹാജര്‍ നില ഭംഗിയാകണ്ടായോ?" കടുവ അടുത്ത ചോദ്യം എറിഞ്ഞു.
"സര്‍വകലാശാലയില്‍ പിഴ കെട്ടി അത് ശരിയാക്കാം " 'ഇതൊന്നും അറിഞ്ഞു കൂടല്ലേ, സില്ലി ബോയ്' എന്ന മട്ടില്‍ നാം.
"ആന്നോ. പക്ഷെ അതിന് ഞാന്‍ ഇവിടുന്നു മത്സരത്തിനു ഇറങ്ങുന്നവന്മ്മാരുടെ പട്ടികയും, അതില്‍ നിന്‍റെ പേരും,ഹാജര്‍ നിലയും ചേര്‍ത്ത്, അങ്ങോട്ടയച്ചാലല്ലേ പിഴയുമായിട്ടവിടെ ചെല്ലുമ്പോള്‍ വല്ലതും നടക്കു ? " ഗുരു വചനം.
"അയച്ചില്ലായിരുന്നോ?" എന്ന് നാം. 'കഷ്ടം, ഇങ്ങനെ ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു പ്രിന്‍സി. ' എന്ന് മനസ്സില്‍ .
"അതയക്കണേല്, നിന്‍റെ അപ്പനോടോന്നു വന്നെന്നെ കാണാന്‍ പറ" കടുവ മൊഴിഞ്ഞു. 'എന്തിന്? നാമറിയാതെ പിതാജി മഹാരാജ് തപാല്‍ കമ്പനി വല്ലതും തുടങ്ങിയോ? തന്നെയുമല്ല, സ്വന്തം പുത്രന്‍റെ ഹാജര്‍ നിലയോക്കെ സര്‍വകലാശാലയിലേക്ക് ഒരു പിതാവിന്‍റെ കൈയില്‍ കൊടുത്ത് വിടുന്നത് നിയമവിരുദ്ധമാകില്ലേ?' നാം മനസ്സില്‍ ചോദിച്ചു .
"നിന്‍റെ ഇവിടുത്തെ ലീലാവിലാസങ്ങള്‍ അങ്ങേരും കൂടി ഒന്നറിഞ്ഞിരിക്കണമല്ലോ. അതിനാ വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞത് " കടുവ നയം വ്യക്തമാക്കി.
'അതൊക്കെ നമ്മള്‍ അറിഞ്ഞാല്‍ പോരേ? വെറുതെ കലാലയത്തിന് പുറത്തൊക്കെ പാട്ടാക്കാന്‍...മോശം, മോശം' എന്ന് നാം മുഖഭാവത്താല്‍ പറഞ്ഞു നോക്കി.
"പറഞ്ഞത് കേട്ടോടാ?" ഗര്‍ജ്ജന സമാനം ചോദ്യം.
"ഒവ്വ" താണു വണങ്ങി നാം.
"എന്നാ പൊക്കോ"
"പോയ് കഴിഞ്ഞു" പിന്നോക്കം നടന്നു കൊണ്ടു നാം പറഞ്ഞു.

പക്ഷേ കാര്യാലയത്തിനു പുറത്തെത്തിയ നമുക്ക് വലിയ പരിഭ്രമം ഒന്നും ഇല്ലായിരുന്നു. കാരണം ഒന്നാം വര്‍ഷ വാര്‍ഷിക മത്സരത്തിന്റെ ഫലങ്ങള്‍ കാണിച്ച് പിതാജി മഹാരാജിനെ വീഴ്ത്താം. പഠനത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ കലാലയ ജീവിതം ആഘോഷമാക്കുന്നതില്‍ എതിര്‍പ്പൊന്നും ഇല്ലാത്തയാളാണ് മഹാരാജാവ്. വിപ്ലവവും , സമരങ്ങളും ഒക്കെ അറിഞ്ഞാലും ,ഏറിയാല്‍ സൌമ്യമായ ഒരു താകീത് . കടുവയെ പുള്ളി മെരുക്കിയെടുത്തുകൊള്ളും . ഇത്തരം ശുഭപ്രതീക്ഷകളുമായി നാം കൊട്ടാരത്തിലെത്തി പിതാജിയെ മഹാരാജിനെ ഗുരു അഗസ്ത്യനുടെ സന്ദേശം അറിയിച്ചു. വിചാരിച്ചത്പോലെതന്നെ "വല്ലപോഴുമൊക്കെ പാഠശാലയില്‍ കയറികൂടേടാ?" എന്നൊരു ചോദ്യം മാത്രം ചോദിച്ച അദ്ദേഹം വരാമെന്ന് സമ്മതിച്ചു . മാത്രമല്ല "അഗസ്ത്യഗാരുവിനെ നാം കണ്ടിട്ടും കുറച്ചായി " സ്വയമെന്നവണ്ണം പറയുകയും ചെയ്തു .

പിറ്റെന്നാള്‍ പിതാജി മഹാരാജിന്റെ തേരിലാണ് ഗമയോടെ നാം കലാലയത്തിലേക്ക് എഴുന്നള്ളിയത്. പിതാവും, പുത്രനും താമസിയാതെ തന്നെ പരിശുദ്ധാത്മാവിന്റെ കാര്യാലയത്തിലേക്ക് ആനയിക്കപ്പെട്ടു . പഴയ മച്ചൂസ് തമ്മില്‍ കണ്ടപ്പോള്‍ ആഹ്ലാദപ്രകടനങ്ങളും , ചായ സത്കാരവും (നമുക്കു തന്നില്ല ) ഒക്കെയുണ്ടായി. കുരവയിടാന്‍ മലയാള സാഹിത്യ വിഭാഗത്തില്‍ നിന്നും ആളെ വരുത്തുവാന്‍ അഗസ്ത്യഗാരു മുതിര്‍ന്നതാണ്. പിതാജി തടഞ്ഞത് കൊണ്ടതുണ്ടായില്ല.
"എന്നാലിനി വൈകാതെ കുമാര സംഭവങ്ങളുടെ കെട്ടഴിക്കാം." മഹാരാജാവ് കല്‍പ്പിച്ചു. "ശരി തുടങ്ങാം" അഗസ്ത്യഗാരു സമ്മതിച്ചു. പിന്നെ പത്തു നിമിഷങ്ങള്‍ അരങ്ങ് കടുവയുടെ പിടിയിലായിരുന്നു.
'വഷളന്‍ ഹാജര്‍ നില, വിപ്ലവം എന്ന ഉപദ്രവം, അടിപിടി, മറ്റു ശിഷ്യ ഗണങ്ങളെ ഇതൊക്കെ ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കല്‍,രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഖദര്‍ പക്ഷവുമായി ഉണ്ടായ ഒരു കശപിശയുടെ പേരില്‍ എട്ടു ദിനങ്ങള്‍ തുടര്‍ച്ചയായി ഗാല്‍ഗുത്താനില്‍ വിദ്ദ്യാഭ്യാസം സ്തംഭിപ്പിക്കുവാന്‍ മഹനീയ നേത്ര്വത്വം ' തുടങ്ങി ഒരു പിടി കുറ്റകൃത്യങ്ങള്‍ നമ്മുടെ മേല്‍ അഗസ്ത്യഗാരു ആരോപിച്ചു. ഇടക്കിടെ കലി കയറി നമ്മെ കടിച്ചു കീറാന്‍ ചാടിയ ഗുരുനാഥനെ വട്ടംപിടിച്ച് പിതാജി " ക്ഷമിക്കു . കുമാരനെ നാം ഉപദേശിച്ചു നന്നാക്കിയേക്കാം" എന്നെല്ലാം അച്ചടി ഭാഷ പറഞ്ഞും, "ഡാ , മേലാല്‍ ഇതൊന്നു ആവര്‍ത്തിക്കരുത്" ഇമ്മാതിരി താകീതുകള്‍ നമ്മോടുര ചെയ്തും ശാന്തനാക്കുകയായിരുന്നു. നമ്മേ രക്ഷിക്കുവാനുള്ള മഹാരാജാവിന്‍റെ അഭിനയ പാടവത്തിനു മുന്നില്‍ തലകുനിച്ച് നില്‍ക്കുക എന്ന കര്‍മ്മം മാത്രമെ നമുക്കു ചെയ്യേണ്ടതായി വന്നുള്ളൂ . ഇപ്രകാരം സംഭവങ്ങള്‍ ശുഭമായി കലാശിക്കുവാനായി നാം കാത്തു നില്‍ക്കേ...
"പക്ഷെ ഇതിനൊന്നുമല്ല മഹാരാജാവേ താങ്കളെ ഞാന്‍ ഇത്രേടം വരുത്തിയത് " അഗസ്ത്യഗാരുവിന്റെ വാക്കുകള്‍ നമുക്ക് ഇടിമുഴക്കം പോലെ തോന്നി .
' ഇനിയേതു കുന്തം ബാക്കി നമ്മേ കുത്തുവാന്‍ ' എന്ന മട്ടില്‍ നാം തലയുയര്‍ത്തി അദ്ദേഹത്തെ നോക്കി.
"ഈ കാണിക്കുന്ന അക്രമം ഒന്നു പോരാഞ്ഞിവന് പീലാത്തോസ് കുരുക്കളുടെ മകള്‍ മേഴ്സിക്കുട്ടിയുമായി മുടിഞ്ഞ പ്രേമം".
നമ്മുടെ താടിക്കിട്ടാരോ ഇടിച്ചത് പോലെ തോന്നി .
'ഇതിങ്ങേരെങ്ങിനെ അറിഞ്ഞു?'. ഗാല്‍ഗുത്താനിലെ രസതന്ത്ര വിദ്വാന്മാരില്‍ പ്രമുഖനായ പീലാത്തോസ് കുരുക്കളുടെ ഏക പുത്രി മേഴ്സിക്കുട്ടിയുമായുള്ള നമ്മുടെ അടുപ്പം അറിയാവുന്നവര്‍ വളരെ ചുരുക്കം. പിതാജിയുടെ മുഖത്ത്‌ പടരുന്ന അപകടകരമായ ഗൗരവം ഇടക്കണ്ണിലൂടെ നാം കണ്ടു.
' നാല് ദിവസം മുന്‍പ് കലാലയത്തില്‍ വെച്ചു കണ്ടതാണല്ലോ അവളെ. അന്ന് രാത്രി ദൂരവിനിമയ യന്ത്രം വഴി പുലരുവോളം സല്ലപിക്കുകയും ചെയ്തു. കോട്ടയത്ത് പോകുന്നു എന്ന് പറഞ്ഞതല്ലാതെ അപ്പോഴൊന്നു യാതൊരു അപകട സൂചനയും സുന്ദരി തന്നിരുന്നില്ല. ഇനി ഗുല്‍നാറുമായുള്ള നമ്മുടെ സല്ലാപങ്ങള്‍ കോട്ടയത്തറിഞ്ഞിട്ട് കൊച്ച് കത്തെഴുതി വെച്ചിട്ട് കയറി തൂങ്ങിയാ, ക്രിസ്തു നാഥാ' . നമ്മുടെ ചിന്തകള്‍ ആ വഴിക്കായിരുന്നു.
"മിനിയാന്ന് ആ കുട്ടിയുടെ മുറി അടിച്ചുവാരാന്‍ കയറിയ വേലക്കാരിക്ക്‌ തലയിണക്കടിയില്‍ നിന്നു കിട്ടിയതാണ് ഇതൊക്കെ" നമ്മുടെ ചിന്തകള്‍ക്കുത്തരം എന്നവണ്ണം അഗസ്ത്യഗാരുവിന്റെ സ്വരം. ഒപ്പം മഹാഗണി മേശയുടെ വലിപ്പില്‍ നിന്നും കടുവ ഒരു കെട്ട് കടലാസുകള്‍ എടുത്ത്‌ പുറത്തേക്കിട്ടു . ആ കെട്ടിന് മുകളില്‍ മഴയത്ത് ഉമ്മ വെച്ച് കളിക്കുന്ന ബാലിക ബാലന്മാരുടെ ചിത്രമുള്ള ആശംസാപത്രം കണ്ടപ്പോഴേ നമുക്കു ബോധക്ഷയം ബാധിച്ച് തുടങ്ങിയിരുന്നു . അതിന് താഴെയുള്ള വര്‍ണ്ണക്കടലാസുകള്‍ ഒമര്‍ ഖയ്യാം, മഹാകവി ജയദേവന്‍ തുടങ്ങിയവരുടെ വരികള്‍ അടിച്ചു മാറ്റി നാം മേഴ്സിക്കുട്ടിക്കെഴുതിയ പ്രണയ കാവ്യങ്ങളാണെന്ന് ഉറപ്പ്. മേഴ്സിയെ ജേര്‍സി പശുവിനെ വിട്ടു തൊഴിപ്പിക്കനാണ് നമുക്കു തോന്നിയത്. 'ഇത്തരം ലോകോത്തര സാഹിത്യ സൃഷ്ടികള്‍ തലയിണക്കടിയിലോ സൂക്ഷിക്കുന്നത് ? വിവരംകെട്ടവള്‍'
പിതാജി മഹാരാജ് നമ്മുടെ കലാസൃഷ്ടികള്‍ ഓരോന്നായി എടുത്ത്‌ വായിച്ചു നോക്കി. അനുനിമഷം രൌദ്രം, ബീഭത്സം ,ഭയാനകം ഇത്യാദി രസങ്ങള്‍ ആ മുഖത്ത്‌ മിന്നി മറയുന്നുണ്ടായിരുന്നു .
"പത്താം തരത്തില്‍ പതിനഞ്ചാം റാങ്ക് മേടിച്ച കുട്ടിയാണ് മേഴ്സി .പക്ഷെ ഇപ്പോള്‍ അവള്‍ക്കു കുറെ നാളായി പഠിത്തത്തിലൊന്നും തീരെ താത്പര്യമില്ല എന്ന മട്ടാ . ഇതെല്ലാം കിട്ടിയതിനു ശേഷമല്ലിയോ പീലാത്തോസ് കുരുക്കള്‍ക്ക് കാരണം മനസ്സിലായത്. സ്വകാര്യ പരിശീലനത്തിനും ഒന്നും ഇതു കാരണം ആ കൊച്ചു ക്രത്യമായി പോകാറില്ലാ എന്നാണ് കുരുക്കള്‍ പറഞ്ഞത് ." അഗസ്ത്യഗാരു വക എരിതീയില്‍ എണ്ണ . പിതാജി ജ്വലിച്ച് തുടങ്ങിയിരുന്നു.
'നുണ പറയരുത് കടുവേ . നാം ഇന്നു വരെ ആ കൊച്ചിനെ ആവധി ദിവസങ്ങളില്‍ കണ്ടിട്ടില്ലാ. ' എന്നെല്ലാം പറയണം എന്നുണ്ടായിരുന്നു നമുക്ക്. പക്ഷേ സ്വരം പൊങ്ങിയില്ല.
'ഇനി കശ്മല ശനി, ഞായര്‍ ദിവസങ്ങളില്‍ മറ്റു വല്ലവരുടെയും കൂടെ ചാടി പോകുന്നുണ്ടോ?' എന്ന സംശയവും നമ്മില്‍ അങ്കുരിച്ചു .
"കുരുക്കള്‍ക്ക് മകളെ പഠിപ്പിച്ച് ഇഞ്ചി നീരാക്കി അമേരിക്കന്‍ സാമന്ത രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനയക്കണം എന്നാണ് ആഗ്രഹം. പക്ഷേ ഇനി അതൊന്നും നടക്കുകേലെന്നും പറഞ്ഞു ആ പാവം മിനിഞ്ഞാന്ന് ഇവിടിരുന്നു കരയുകായിരുന്നു" പ്രണയലേഖനങ്ങളും അമേരിക്കന്‍ പഠനവും തമ്മിലെന്ത് ബന്ധം എന്ന് നാം ആലോചിച്ചു. ഒരു പിടിയും കിട്ടിയില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി. കടുവ അത്രയും നേരം നടത്തിയ ഗിരിപ്രഭാഷണത്തില്‍ മഹാരാജാവിനെ ഏറ്റവും ആകര്‍ഷിച്ചത് ഒരു പിതാവിന്‍റെ , അതും ഒരു പുത്രിയുടെ പിതാവിന്‍റെ കണ്ണുനീര്‍ വര്‍ണ്ണനയായിരുന്നു . കാരണം കടുവയത് പറഞ്ഞു കഴിഞ്ഞതും ... "ഫ്ഭാ ...രാജാവിന്‍റെ മോനേ" എന്നലറികൊണ്ട് പിതാജി മഹാരാജ് ചാടിയെഴുന്നേറ്റു. (രാജാവിന്‍റെ എന്നുള്ളത് മാറ്റി മനോധര്‍മ്മം പോലെ എന്തും ചേര്‍ത്ത് കൊള്ളുക. ജീവിതത്തിലാദ്യവും അവസാനവുമായിട്ടാണ് അത്തരം ഒരു അസംസ്കൃത പദം നാം പിതാശ്രിയുടെ നാവില്‍ നിന്നും കേള്‍ക്കുന്നത് . അതിനാല്‍ അതിവിടെ പറയില്ല ).
അദ്ദേഹത്തിന്റെ ഇരുപ്പിടം പിന്നോക്കം മറിഞ്ഞ് വീണിരുന്നു. അലര്‍ച്ചയുടെ ഉസ്താദായ കടുവ നടുങ്ങി വിറങ്ങലിച്ച് നില്ക്കുന്നു. നാം അപ്പോഴേക്കും ഒരൊറ്റ ചാട്ടത്തിന് നാലഞ്ചടി പിന്നോക്കം എത്തിയിരുന്നു. കഥാപാത്രങ്ങള്‍ അന്യോന്യം മാറിയത് കണ്ണടച്ച് തുറക്കുന്ന നേരത്തില്‍. പിതാജിയുടെ ഉഗ്രരൂപം കണ്ടപ്പോളേ അഗസ്ത്യഗാരു കടുവാസ്ഥാനം രാജി വെച്ച് ഒഴിഞ്ഞിരുന്നു. അതുവരെ നമ്മേ കടിച്ചു കീറാന്‍ നിന്ന കടുവ സമാധാനത്തിന്റെ വെള്ളരിപ്രാവായി, നരസിംഹ സ്വരൂപത്തില്‍ നമ്മുടെ കുടല്‍മാല ചൂടുവാന്‍ വെമ്പുന്ന പിതാശ്രിയെ ശാന്തനാക്കുവാന്‍ ശ്രമിക്കുന്നു. 'സംസര്‍ഗ ഗുണം ദോഷം' എന്നപോലെ പിതാജിയുടെ നാവില്‍ കര്‍ഷക വാണി . അഗസ്ത്യഗാരു ശുദ്ധ സംസ്ക്രതം.
" നിന്നെയൊക്കെ വളര്‍ത്തി വലുതാക്കി മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കുന്നതിലും ഭേദം വെട്ടിയരിഞ്ഞു വാഴക്ക്‌ വളമാക്കുന്നതാട " പിതാജി വക തീപാറുന്ന സംഭാഷണം.
"ക്ഷമിക്കു മഹാരാജ് , ക്ഷമിക്കു " പിതാജിയെ വട്ടംപ്പിടിച്ച് എക്സ് കടുവ.
"ഞാഞ്ഞൂല് പ്രേമിക്കാന്‍ നടക്കുന്നു. ആ വാക്ക് അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ അറിയാമോടാ ..." പിന്നെ പറയുവാന്‍ ഉദ്ദേശിച്ചത് എന്തോ നല്ല വാക്കായതിനാല്‍ പിതാജിയത് വിഴുങ്ങി. പകരം സ്വതന്ത്രമായ കൈ വീശി നമ്മുടെ കപോലം തഴുകുവാന്‍ ഒരു വിഫല ശ്രമം നടത്തി. "ഇന്നു കൊല്ലും നിന്നെ " എന്ന വാഗ്ദാനവും.
"അടങ്ങു മഹാരാജാവേ . നമുക്കു കുമാരനെ കാര്യം പറഞ്ഞു മനസിലാക്കാം" അഗസ്ത്യഗാരു പിതാജിയെ കൂടുതല്‍ ബലമായി പിന്നോക്കം പിടിച്ചു കൊണ്ട് പറഞ്ഞു. പിതാജിയില്‍ നിന്നും ഒരു സുരക്ഷിത അകലം പാലിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് നിന്നിരുന്ന നമ്മുടെ കണ്ണുകള്‍ ഗുരുനാഥന്റെ പുതിയ രൂപം കണ്ടു നിറഞ്ഞ് പോയി. ഏറെ നേരം പിതാജി സംഹാര രൂപം പൂണ്ടലറി . ഇടക്കിടെ നമ്മേ മര്‍ദ്ധിക്കുവാന്‍ ശ്രമിച്ചു. അഗസ്ത്യഗാരു തടുത്തത് കൊണ്ടും, ഞങ്ങള്‍ക്കിടയിലെ ദൂരം കൃത്ത്യമായി നാം പാലിച്ചത് കൊണ്ടും നമുക്കു തട്ടൊന്നും കിട്ടിയില്ല. പഴയ കടുവ ഒടുവില്‍ പെടാപാടുപ്പെട്ട് പിതാജിയെ ശാന്തനാക്കി. മറിഞ്ഞുവീണ ഇരിപ്പിടം നേരെയാക്കി അതില്‍ പിടിച്ചിരുത്തി.
"ശരി. പക്ഷേ, ഇനി കൊട്ടാരത്തില്‍ കാലുകുത്തണമെങ്കില്‍ നീ പീലാത്തോസ് കുരുക്കളെ കണ്ടു ആയിരത്തൊന്ന് ഏത്തമിട്ടു മാപ്പു പറയണം. " അല്‍പ്പനേരം കഴിഞ്ഞു പിതാജി നമ്മേ നോക്കി പറഞ്ഞു.'എപ്പോ പറഞ്ഞൂന്ന് ചോദിച്ചാല്‍ പോരെ? ' എന്ന മട്ടില്‍ നാം തല ശക്തിയായിട്ടാട്ടി
"മേലില്‍ കുരുക്കളുടെ മകളെ കണ്ടാല്‍ നീ തിരിഞ്ഞ് നടക്കണം. യാതൊരു വിധ ബന്ധവും നിനക്കാ കുട്ടിയുമായി പാടില്ല" അടുത്ത കല്പന .ലോകരുടെ കണ്ണില്‍പ്പെടാതെ എങ്ങിനെയാ ബന്ധം മുന്നോട്ടു കൊണ്ടു പോകാം എന്നായിരുന്നു അപ്പോള്‍ നമുക്കു ചിന്ത മുഴുവന്‍ "ഇതൊക്കെ തല കുലുക്കി സമ്മതിച്ചിട്ട് വീണ്ടും ആ കുട്ടിയുടെ പിന്നാലെ നടന്നു എന്നറിഞ്ഞാല്‍ നിന്‍റെ കൈകാലുകള്‍ വെട്ടിയരിഞ്ഞ് കൊട്ടരത്തിലിട്ട് ചോറ് തരും ശിഷ്ടകാലം" നമുക്കു മനസ്സ് വായിച്ചിട്ടെന്നവണ്ണം പിതാജി മുന്നറിയിപ്പ് നല്കി. "ശിഷ്ടകാലം സുഭിക്ഷ ഭക്ഷണം കൊള്ളാവുന്ന ഏര്‍പ്പാടാണെങ്കിലും കൈയ്യും കാലും... അത് വേണ്ട " നാം നമ്മോടു തന്നെ പറഞ്ഞു.
"പീലാത്തോസ് കുരുക്കളോട് നീ മാപ്പ് പറഞ്ഞെന്ന് അഗസ്ത്യഗാരു നമ്മേ അറിയിച്ചതിന് ശേഷം ഇന്നു നീ കൊട്ടാരത്തിലേക്ക് വന്നാല്‍ മതി ." രാജകീയ ശൈലി വീണ്ടെടുത്തു തുടങ്ങിയ പിതാജി പറഞ്ഞു. അനന്തരം അഗസ്ത്യഗാരുവിനോട് യാത്ര പറഞ്ഞു കൊടുങ്കാറ്റ് പോലെ ഇറങ്ങി പോയി.
"അപ്പോള്‍ നീ ഇനി മേഴ്സിക്കുട്ടിയുടെ പുറകെ നടക്കില്ല. ഉറപ്പാന്നേ?" പിതാജി പോയിക്കഴിഞ്ഞപ്പോള്‍ അഗസ്ത്യഗാരു നമ്മോട്‌ ചോദിച്ചു.
" ഏത് മേഴ്സിക്കുട്ടി?" നമ്മുടെ മറു ചോദ്യം .

എല്ലാം സഹിക്കാം. പക്ഷേ മാപ്പ് പറയുവാന്‍ ചെന്ന നമ്മേ ആദ്യ അരമണിക്കൂര്‍ 'വൃത്തികെട്ടവന്‍, ശവം, ശ്വാനനെ പോല്‍ മണം പിടിച്ചു നടക്കുന്നവന്‍ , അലവലാതി' തുടങ്ങിയ വിശേഷണങ്ങളാല്‍ ചരിതാര്‍തഥനാക്കുകയും, അടുത്ത അരമണിക്കൂര്‍ ഉപദേശിച്ച് ഒരരുക്കാക്കുകയും ചെയ്ത പീലാത്തോസ് കുരുക്കള്‍ മേഴ്സിക്കുട്ടിയെ നാം ഗാല്‍ഗുത്താന്‍ വിടുന്നത് വരെ വീടുതടങ്കല്ലില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുകയും, അതിന് ശേഷം കോട്ടയം രാജ്യത്തേക്ക് എന്നന്നേക്കുമായി നാടു കടത്തുകയും ചെയ്തതിലേ നമുക്കു പ്രതിഷേധമുളളു.

Monday, October 20, 2008

ഭട്ടിയെ കാണ്മാനില്ലാ

അഞ്ചു ദിവസത്തേക്കുള്ള അവധിയുടെ അപേക്ഷ തിരിച്ചും മറിച്ചും നോക്കി ഗാല്‍ഗുത്താന്‍ മലകളെ അടക്കി ഭരിക്കുന്ന ഞങ്ങളുടെ പ്രധാന അധ്യാപകനായ ബഹു: അഗസ്ത്യസ്സ് എസ്തപ്പനോസ് ഒരല്‍പ്പ നേരം മൌനമായി ഇരുന്നു. പിന്നെ മിഴികള്‍ ഉയര്‍ത്തി, മുന്നില്‍ വിനയത്തോടെ നില്‍ക്കുന്ന നമ്മേ നോക്കി. നോട്ടത്തിന്റെ പൊരുള്‍ നമുക്കറിയാം. അദ്ദേഹത്തിന്‍റെ കൈയ്യിലിരിക്കുന്ന അപേക്ഷയില്‍ അവധിക്കു വേണ്ടി കാണിച്ചിരിക്കുന്ന കാരണവും, മുന്നില്‍ നില്‍ക്കുന്ന നാമും തമ്മിലെ പൊരുത്തക്കേടിന്റെ സംശയമാണ് ആ നോട്ടത്തില്‍ മുഴുവന്‍. നമുക്കു അവധി വേണ്ടത് ഉജ്ജയ്നിയിലെ കലാലയങ്ങള്‍ എല്ലാം പങ്കെടുക്കുന്ന കല സാംസ്കാരിക ഉത്സവമായ ഹോച്ച് പോച്ച് എന്ന പോച്ചാ പറിക്കലില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി. കലയും , സംസ്കാരവും, നാമും തമ്മില്‍ വെള്ളവും, എണ്ണയും, കരിക്കട്ടയും തമ്മിലുള്ള ചേര്‍ച്ച ഉണ്ടല്ലോ എന്നത് എസ്ത്തപ്പനോസ്സിന്റെ സംശയം.
"നീ പരിപാടികളില്‍ വല്ലതും പങ്കെടുക്കുന്നുണ്ടോ? " അദ്ദേഹം ചോദിച്ചു . 'പരിപാടികളില്‍ പങ്കെടുക്കനല്ലാതെ വെറുതെ വായിനോക്കനാണ് നീ പോകുന്നതെങ്കില്‍ നിന്നെ ഞാന്‍ എന്‍റെ മുതലക്കുട്ടികള്‍ക്ക് ആഹാരമാക്കും' എന്നൊരു ജോസ് പ്രകാശ് ധ്വനി ആ ചോദ്യത്തില്‍ അന്തര്‍ലീനമായിരുന്നതിനാല്‍ മുന്നും പിന്നും നോക്കാതെ നാം ഉണ്ടെന്നു പറഞ്ഞു.
"എന്താ പരിപാടി?" അടുത്ത ചോദ്യം
"നാടകം" നാം ഉണര്‍ത്തിച്ചു . അതപ്പോള്‍ തോന്നിയ ഒരു ബുദ്ധിയാണ്.നാടകം എന്ന് പറഞ്ഞാല്‍ നമ്മുടെ മുഴുവന്‍ സംഘത്തിനും ഒറ്റയടിക്ക് അഞ്ച് ദിവസം കഴിച്ചില്ലായി കിട്ടും. ഏതിനും അതേറ്റു .ഞങ്ങള്‍ നവരത്നങ്ങള്‍ക്ക് അവധി അനുവദിക്കപ്പെട്ടു .

അഗസ്ത്യസ്സ് എസ്തപ്പനോസ്സിനെ വിശ്വസിപ്പിക്കാനും, പിന്നെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ എന്ന പേരില്‍ മേളയില്‍ പ്രത്യേക പരിഗണന ലഭിക്കുവാനുമായി ഞങ്ങള്‍ ഒരു ഹാസ്യ നാടകം തട്ടി കൂട്ടി. വേണ്ടുവോളം കൂവലും കിട്ടി. പെട്ടന്ന് തിരശീല ഇട്ടതു കാരണം പിറ്റേന്ന് ചെരുപ്പ് കട തുടങ്ങേണ്ടി വന്നില്ലാ .
നാടകത്തിന് കൂവല്‍ കിട്ടിയാലും മേള നടക്കുന്ന വേദികളില്‍ അഞ്ചു ദിവസം സ്വത്രത്ര സഞ്ചാരത്തിനുള്ള വകുപ്പ് ഒപ്പിക്കുക . അത് മാത്രമായിരുന്നു ഞങ്ങളുടെ ഉന്നം . അതേതായാലും ഒത്തു. ഉജ്ജയ്നിയിലെ പ്രമുഖ രാജകീയ വനിതാ കലാലയം , സകല വിശുദ്ധ ചെകുത്തിണികളും ഒരു മച്ചിനു കീഴെ ഒത്തു കൂടുന്ന കലാലയം ...ഈ രണ്ടിടങ്ങളില്‍ നിന്നും മേളക്കെത്തുന്ന വനിതാ പ്രതിനിധികളുമായി ഒരു അന്താരാഷ്ട്ര സൌഹൃദം സ്ഥാപിക്കുക എന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം നടക്കുന്ന കാര്യമാണ്.

ഇങ്ങനെയുള്ള അസുലഭ അവസരങ്ങള്‍ ഏറെ ഇഷ്ട്ട്ടപ്പെട്ടിരുന്നത് നമ്മുടെ ആത്മ സുഹൃത്തായ ഭട്ടിയാണ്. ഗാല്‍ഗുത്താനിലെ ഒരു വിധം കാണാന്‍ കൊള്ളാവുന്ന നാരീ രത്നങ്ങള്‍ എല്ലാം തന്നെ 'ഒന്നുകില്‍ സഹോദര സ്ഥാനത്തേക്ക് ക്ഷണിക്കുകയോ അല്ലെങ്കില്‍ തിരിഞ്ഞു നോക്കതിരിക്കുകയോ' എന്ന അവസ്ഥയിലുള്ള ഒരുവന് പുറം ലോകത്തെ സുന്ദരികളെ കണ്ട് , പരിചയപ്പെട്ട് പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ നടത്തുവാനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ എത്രമാത്രം പ്രിയപ്പെട്ടതാവുമെന്നു ഊഹിക്കാവുന്ന കാര്യം മാത്രം...

രാവിലെ എട്ടര മണിയാകുമ്പോള്‍ ഭട്ടി കുളിച്ചൊരുങ്ങി മേള നടക്കുന്ന വേദിയില്‍ ഹാജരുണ്ടാകും. ഒപ്പം ബച്ചുവും. നാമും മറ്റു താരകങ്ങളും എത്തുമ്പോള്‍ മണി ഒന്‍പതര . പിന്നെ ബഹുജന സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങുകയായി.

മേളയുടെ മൂന്നാം നാള്‍ രാവിലെ നാം വേദിയില്‍ എത്തിയപ്പോള്‍ ഭട്ടി "കോളേജ് , ടീനേജ് പെണ്കള്‍... എല്ലോര്‍ക്കും എന്‍ മീത് കണ്കള്‍" എന്ന പാട്ടും പാടി തുള്ളിച്ചാടി നടക്കുന്നു.
കാരണം ചോദിച്ചു . ഭട്ടിയുടെ കാലുകള്‍ നിലത്തുറക്കാത്തത് കൊണ്ട് ( സന്തോഷം കൊണ്ട് ...തെറ്റിദ്ധരിക്കരുത്) ബച്ചുവാണ് കാര്യം പറഞ്ഞത് . അതും തെല്ലസ്സൂയയോടെ. മേള നടക്കുന്ന വേദിയിലേക്കുള്ള പ്രവേശന കവടത്തിനരുകില്‍ നാലഞ്ച് പെണ്‍കുട്ടികള്‍ നിന്നിരുന്നു...അവരില്‍ ഏറ്റവും സുന്ദരിയായ ഒരുത്തിയെ ബച്ചു ഞങ്ങള്‍ക്ക് കാട്ടി തന്നു. അവള്‍ ഭട്ടിയോടു കുശല പ്രശനം നടത്തിയത്രേ . സ്വാഭാവികമായും ഞങ്ങള്‍ ഞെട്ടി "എന്താടാ അവള്‍ പറഞ്ഞത്?" ഇഞ്ചിക്ക ഭട്ടിയോടു ചോദിച്ചു
"എന്റെ പേരും...എവിടാ പഠിക്കുന്നതും എന്നൊക്കെ ചോദിച്ചു ...എല്ലാ ദിവസവും ഇവിടെ വരുമോന്നും തിരക്കി" ഭട്ടി സന്തോഷത്തോടെ പറഞ്ഞു.

ലിത് ലത് തന്നെ . ഞങ്ങള്‍ ഉറപ്പിച്ചു . കൂട്ടുകാരനെ ഒരു സുന്ദരി പ്രണയിക്കുന്നതിലുള്ള സന്തോഷമായിരുന്നോ അതോ ഞങ്ങളെയൊന്നും അവള്‍ തിരിഞ്ഞു നോക്കത്തത്തിന്റെ അസൂയയായിരുന്നോ ആ നിമിഷം മനസ്സില്‍ എന്ന് ചോദിച്ചാല്‍...നല്ല രസികന്‍ അസൂയ. പിന്നേ സന്തോഷം ...ഇത്ര രാവിലെ ഒരുങ്ങിക്കെട്ടി വരുന്നതു ലവന് ഒരു പെണ്ണ് പച്ചകൊടി കാണിക്കുന്നത് കണ്ട് സന്തോഷിച്ചു കൈ അടിക്കനല്ലേ?

ഏതിനും ...അന്നത്തെ ദിനം മുഴുവന്‍ ഭട്ടിയും, സുനിത എന്ന ആ സുന്ദരിയും തമ്മിലുള്ള കൊച്ചു വര്‍ത്തമാനങ്ങളിലും, ഇടക്കിടെയുള്ള പുഞ്ചിരികളിലും കൂടി കടന്നു പോയി .
വൈകുന്നേരം മേള കഴിഞ്ഞു മടങ്ങുമ്പോള്‍ ഭട്ടി സ്വപ്ന ലോകത്തായിരുന്നു . സുനിതയുമായുള്ള വിവാഹവും കഴിഞ്ഞ് , കുട്ടികളെ ഊട്ടിയിലെ ഗുരുകുലത്തില്‍ ചേര്‍ക്കുന്നതുവരെ കാര്യങ്ങള്‍ അവന്‍ കൊണ്ടെത്തിച്ചു. "അളിയാ ഞങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാ അല്ലേ?" ഇടക്കവന്‍ നമ്മോടു ചോദിച്ചു
"അതേടാ. കരിയെണ്ണയും വെണ്ണയും പോലെ " നമ്മുടെ പ്രതികരണം.

പിറ്റേന്ന് രാവിലെ നാമും മറ്റു സുഹൃത്തുക്കളും എത്തുമ്പോള്‍ വേദിയുടെ പ്രവേശന കവാടത്തില്‍ ബച്ചു മാത്രം നില്‍ക്കുന്നു .
"ഭട്ടി എവിടെ ?" നാം ചോദിച്ചു .
"രാവിലെ എന്‍റെ കൂടെ വന്നതാ...ഇടക്കാ പെണ്ണ് വിളിച്ച് ഏതോ സംസാരിക്കുന്നത് കണ്ടു . ഞാന്‍ ഒരു പുകയെടുത്ത്‌ തിരിച്ചു വന്നപ്പോള്‍ അവനെ കാണാനില്ല" .
ഭട്ടിയുടെ മാനസ റാണി അവിടെയൊക്കെ തന്നെ കറങ്ങി നടക്കുന്നുണ്ട് .അപ്പോള്‍ അവനെവിടെ പോയി? അതായി ഞങ്ങളുടെ സംശയം .
"ഇനി പ്രണയം പൂത്തുലഞ്ഞ സന്തോഷത്തില്‍ അവള്‍ക്ക് വല്ല സമ്മാനവും വാങ്ങാന്‍ പോയതാണോ?" പേപ്പട്ടി അവന്‍റെ ബുദ്ധി പ്രയോഗിച്ചു. "ആയിരിക്കും" അന്ന് പതിവിലും കൂടുതല്‍ പെണ്‍കുട്ടികള്‍ മേളക്കെത്തിയിരുന്നതിനാല്‍ ഞങ്ങളെല്ലാവരും തത്കാലം ആ വിശദീകരണത്തില്‍ തൃപ്തരായി.

പക്ഷെ സമയം ഉച്ചയായിട്ടും ഭട്ടിയെ കാണാത്തപ്പോള്‍ ഞങ്ങള്‍ വീണ്ടും സംശയത്തിലായി. "വാടാ ...അവളോട്‌ തന്നെ ചോദിക്കാം" നാം ബച്ചുവിനെയും കൂട്ടി സുനിതയുടെ അടുത്തേക്ക്‌ നടന്നു.രണ്ടു കൂട്ടുകാരികളുമായി നിന്ന് ശീതളപാനിയം മോന്തുകയായിരുന്നു സുന്ദരി.'ഹോയ്, കൂയ് 'തുടങ്ങിയ ഉപചാര വാക്കുകള്‍ക്ക് ശേഷം നാമും ബച്ചുവും അവരെ ചോദ്യം ചെയ്യുവാന്‍ തുടങ്ങി .
"എന്താ പേര്?" സുനിതയുടെ കൂടെ നിന്ന സുന്ദരികളോടായിരുന്നു ചോദ്യം
"രമ"
"കീര്‍ത്തി "
"എല്ലാവരും ഒന്നിച്ചാ പഠിക്കുന്നത്?"
"അതേ" രമയാണ് ഉത്തരം പറഞ്ഞതു.
"എവിടാ വീട്?" ചോദ്യം കീര്‍ത്തിയോട് നാം.
സുന്ദരി ഉത്തരം പറഞ്ഞപ്പോള്‍ ബച്ചു അതേ ചോദ്യം രമയോട് ആവര്‍ത്തിച്ചു . അവള്‍ അവനും ഉത്തരം നല്‍ക്കി .
പിന്നെ നാം കീര്‍ത്തിയോടും, ബച്ചു രമയോടുമായി ചോദ്യങ്ങള്‍ . ഇടയ്ക്ക് സുനിത ബച്ചുവിനെയും നമ്മേയും മാറി മാറി നോക്കി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. "ഭട്ടി ചേട്ടനെ കാണുന്നില്ലല്ലോ?" പറഞ്ഞത് പോലെ ആ പട്ടിയെക്കുറിച്ച് ചോദിക്കനാണല്ലോ ഞങ്ങള്‍ അവരുടെ അടുത്തെത്തിയത് എന്ന ഓര്‍മയില്‍ നാമും ബച്ചുവും പരസ്പരം നോക്കി.
"കുട്ടി അവനെ കണ്ടായിരുന്നോ ഇന്ന്?"ബച്ചു സുനിതയോട്‌ ചോദിച്ചു.
"ഉം "സുന്ദരിയുടെ മുഖത്ത്‌ നാണം കലര്‍ന്ന പുഞ്ചിരി.
"എന്നിട്ടവന്‍ എവിടെയെങ്കിലും പോകുമെന്ന് പറഞ്ഞോ?" നാം ചോദിച്ചു.
"ഇല്ല"
"രാവിലെ കുട്ടിയുമായി സംസാരിച്ച് കഴിഞ്ഞതില്‍ പിന്നെ അവനെ കാണില്ല" ബച്ചു പറഞ്ഞു.
" അപ്പോള്‍ അത് കഴിഞ്ഞു നിങ്ങള്‍ തമ്മില്‍ കണ്ടില്ലേ ? " ബച്ചു പറഞ്ഞതു തന്നെ സുന്ദരി ചോദ്യമായി തരികെ ചോദിച്ചു .മുഖത്ത്‌ നാണം എണ്‍പത് ശതമാനം , നിരാശ ഇരുപതു ശതമാനം എന്ന ക്രമത്തില്‍ പ്രതിഫലിച്ചിരുന്നു
"ഇല്ല...ഞങ്ങള്‍ ഒന്നന്വേഷിക്കട്ടെ " നാം പറഞ്ഞു
"കാണുമ്പോള്‍ ഞാന്‍ തിരക്കി എന്നൊന്ന് പറയാമോ?" സുന്ദരി ബച്ചുവിനോട് ചോദിച്ചു "ഉം" അവന്‍ ഗൗരവത്തില്‍ മൂളി. ഞങ്ങള്‍ തിരിഞ്ഞ് നടന്നു. "അവന്‍റെ സമയം" പെണ്‍കുട്ടികള്‍ കേള്‍ക്കാത്തത്ര ദൂരത്തിലായപ്പോള്‍ ഗൗരവം വിട്ട് ബച്ചു അസൂയയോടെ പറഞ്ഞു.
"എന്നാലും ഇവനിതെവിടെ പോയി?" നാം ആത്മഗതം ചെയ്തു.
"കാക്കിപ്പടയെ വിവരം അറിയിക്കണോ?" ബച്ചു ചോദിച്ചു
"വേണ്ട ...ഇപ്പോള്‍ തന്നെ നാലഞ്ച് അടി പിടികളുടെ പേരില്‍ അവര്‍ അവനെ തിരയുന്നുണ്ട്. ഇനി നമ്മളായിട്ട് പ്രത്യേകം ചെന്ന് പറഞ്ഞ് അന്വേഷിപ്പിക്കേണ്ട കാര്യമില്ലാ" എന്നായി നാം.
" അത് ന്യായം...എന്നാലും ഇവനത് ..."ബച്ചുവിനെ പോലെ തന്നെ ഞങ്ങള്‍ക്കെല്ലാം ആകാംഷ കൂടി കൂടി വരുകയായിരുന്നു .
രാഷ്ട്രീയ ശത്രുക്കള്‍ ഭട്ടിയെ തട്ടി കൊണ്ടു പോയോ, പട്ടി പിടുത്തക്കാര്‍ പിടിച്ചു കൊണ്ടു പോയോ, അതോ വല്ല ഇടി വണ്ടിക്കും അടിയില്‍പ്പെട്ടോ തുടങ്ങിയ സംശയങ്ങള്‍ ഞങ്ങളെ വേട്ടയാടി. കാണാതായത് ഭട്ടിയെയാണ് എന്നത് കൊണ്ടു തന്നെ സാധ്യതകള്‍ പലതാണ്. പരിചയപ്പെടുന്ന നിമിഷം കരണത്തൊന്ന് പൊട്ടിച്ച്, അടിവയറ്റില്‍ മുട്ടും കയറ്റിയ ശേഷമേ ആരും മറ്റെന്തെങ്കിലും പരിപാടി നോക്കു...അത്ര തങ്കപ്പെട്ട സ്വഭാവത്തിനുടമയാണ് ഞങ്ങളുടെ പ്രിയ സുഹൃത്ത് .
ഒടുവില്‍ തീരുമാനമായി...അന്വേഷിച്ചിറങ്ങുക .... ഇഞ്ചിക്കയും പേപ്പട്ടിയും ഭട്ടിയുടെ വീട്ടില്‍ പോയി നോക്കുക. തൊണ്ടും , കാരാമയും ഗാല്‍ഗുത്താനിലും. ദൂര വിനിമയ യന്ത്രം വഴി വിപ്ലവ നേതാക്കളെ വിവരമറിയിക്കാനും ഏര്‍പ്പടുക്കള്‍ ചെയ്യപ്പെട്ടു. അത്യാവശ്യം കാക്കിപ്പടയുടെ താവളങ്ങളും തിരയണമല്ലോ. യാത്രക്കുതിരകള്‍ നാലുപാടും പാഞ്ഞു. മേള നടക്കുന്നിടത്ത് നാമും ബച്ചുവും മാത്രം. ഇടക്കിടെ സുനിത ഞങ്ങള്‍ക്കരുകിലെത്തി ഭട്ടി വന്നോ എന്നന്വേഷിച്ചുക്കൊണ്ടിരുന്നു .
വൈകുന്നേരമായപ്പോഴേക്കും അന്വേഷണ സംഘങ്ങള്‍ എല്ലാം മടങ്ങിയെത്തി .ഭട്ടി മാത്രം ഇല്ല. അന്നത്തെ മേള കഴിഞ്ഞു എല്ലാവരും പിരിയാറായപ്പോള്‍ സുനിത വീണ്ടും ഞങ്ങള്‍ക്കരുകിലെത്തി ഭട്ടിയെ അന്വേഷിച്ചു. ആളിതുവരെ എത്തിയില്ല എന്ന് ബച്ചു പറഞ്ഞപ്പോള്‍ സുന്ദരിയുടെ മുഖത്ത്‌ നിരാശ പൂര്‍ണ്ണമായി. അത് കണ്ടു കരലളിഞ്ഞ നാം "പെങ്ങളേ , ഏത് പാതാളത്തില്‍ നിന്നും നാളെ നാം അവനെ പൊക്കി നിന്‍റെ മുന്നില്‍ ഇട്ടു തരും" എന്ന് മനസ്സില്‍ പ്രതിജ്ഞ ചെയ്തു.

കാക്കിപ്പടയുടെ താവളങ്ങളിലും ഭട്ടി ഇല്ലാ എന്ന വിവരും വിവരവും ഒടുവില്‍ ലഭിച്ചു. പിന്നെ അവന്‍ എവിടെ പോയി എന്ന ചിന്തയില്‍ ഞങ്ങള്‍ നിന്ന് കറങ്ങുമ്പോള്‍ സമയം ആരെയും കാത്തു നില്‍ക്കാതെ സന്ധ്യയായി.
"ഇനി കാക്കിപ്പട അവനെ വല്ല രഹസ്യ സങ്കേതത്തിലും കൊണ്ടു പോയി ഉരുട്ടി കൊന്നോ?" പേപ്പട്ടിയുടെ സംശയം.
"അവന്റെ ശരീര പ്രകൃതിക്ക്‌ ഉരുട്ടാന്‍ പെന്‍സില്‍ മതി .പെന്‍സില്‍ കൊണ്ടു ഉരുട്ടുന്ന വിദ്യ എന്‍റെയറിവില്‍ കാക്കികള്‍ക്ക് വശമില്ല. അതുകൊണ്ടതിന് സാധ്യത ഇല്ല " നാം തീര്‍ത്ത്‌ പറഞ്ഞു.
സമയം വൈകുന്തോറും ഞങ്ങളുടെ ആകാംഷയും കൂടി വന്നു. ഭട്ടിയുടെ മാതാ പിതാക്കള്‍ ഇപ്പോള്‍ അ വീട്ടില്‍ ജോലി കഴിഞ്ഞു തിരികെ എത്തിയിട്ടുണ്ടാകും. അവനവിടെ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചാല്‍ അഥവാ ഇല്ലെങ്കില്‍ അത് കൂടുതല്‍ പൊല്ലാപ്പിന് വഴി മരുന്നാകും . ഈ വിധമെല്ലാം ചിന്തിച്ച് നില്‍കുമ്പോള്‍ നഗരത്തിലെ പ്രസിദ്ധമായ അതി പുരാതന കലാലയത്തിലെ വിദ്യാര്‍ഥിയും ഞങ്ങളുടെ വിപ്ലവ പ്രസ്ഥാനത്തില്‍ അംഗവുമായ രമേഷ് അവന്‍റെ യന്ത്രക്കുതിരയില്‍ ഞങ്ങള്‍ക്കരുകില്‍ എത്തിയത്. രണ്ടു ഫെര്‍ലോങ്ങ് അപ്പുറത്ത് നിന്നു തന്നെ വിപ്ലവ വീര്യം മൂക്കില്‍ തുളഞ്ഞു കയറിയപ്പോള്‍ ,സന്ധ്യക്ക്‌ പതിവുള്ള വിപ്ലവാരിഷ്ടം സേവിച്ചിട്ടു വരുന്ന വഴിയാണ് സഖാവെന്ന് ഉറപ്പായി ."ലസാഗുക്കളെ" രമേഷ് ഞങ്ങളെ അഭിവാദ്യം ചെയ്തു. നാക്ക് പിണഞ്ഞത് കാരണം 'ലാല്‍ സലാം സഖാക്കളേ' അങ്ങിനെയാണ് പുറത്തു വന്നത് ."ലാല്‍ സലാം" ഞങ്ങള്‍ പ്രത്യഭിവാദ്യം ചെയ്തു.
"നിങ്ങ എന്താ ഇവിഴെ ? ഫട്ടി നിങ്ങളെ ആഴെയും വിളിച്ചില്ലേ ?" രമേഷ് ചോദിച്ചു
"എവിടേക്ക്?" ഞങ്ങള്‍ എട്ട് പേര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു.
"ഭ്രമണപഥത്തിലേക്ക്" കള്ളിന്‍റെ കെട്ടിലും നഗരത്തിലെ പ്രസിദ്ധ മദ്യശാലയുടെ പേര് മാത്രം സഖാവിന്റെ നാവില്‍ സ്ഫുടതയോടെ വിളയാടി.

ഭട്ടി എവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ പകുതി ആശ്വാസമായി. ഇഞ്ചിക്കയെ പാമ്പായി നില്‍ക്കുന്ന സഖാവിനെ വീട്ടിലെത്തിക്കുവാനുള്ള ചുമതലയേല്‍പ്പിച്ച് ഞങ്ങള്‍ ഭ്രമണപഥത്തിലേക്ക് തിരിച്ചു .

ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച ഞങ്ങളെ അക്ഷരാര്‍ത്തില്‍ ഞെട്ടിച്ചു . പാമ്പും, ഇരയും ഒക്കെ കഴിഞ്ഞ് പരുന്തായി നില്‍ക്കുന്ന ഭട്ടി.ഇരുന്നു കുടിച്ച് മടുത്തയവന്‍ ഇപ്പോള്‍ നിന്നു കൊണ്ടുള്ള കീറാണ്. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല . (സന്തോഷം കൊണ്ടല്ലാ...ശരിയായി തന്നെ ധരിച്ചോ)
"അഴിയാ കുമാരാ..." നമ്മേ കണ്ട ഭട്ടി കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യാന്‍ വിഫല ശ്രമം നടത്തി .
നിന്ന നില്‍പ്പില്‍ ഒന്നാടി, വീഴുവാന്‍ തുടങ്ങിയ ഭട്ടിയെ നമ്മുടെ സുഹൃത്ത് ബഫൂണ്‍ ഓടി ചെന്ന് താങ്ങി.
"മച്ചു...വീഴല്ലെടാ. വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം..." ഭട്ടി ബഫൂണിനെ മുറുകെ ചുറ്റിപ്പിടിച്ചു കൊണ്ട് ഉപദേശിച്ചു .
പരിചയമുള്ള ഒരു വിളമ്പുകാരനില്‍ നിന്നും രാവിലെ പത്തു മണി മുതല്‍ ഭട്ടി മദ്യമല്ലാതെ ഒന്നും കഴിച്ചിട്ടില്ലയെന്ന് ഞങ്ങള്‍ അറിഞ്ഞു.
"ഇനി ആദ്യമായിട്ട് ഒരു പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞതിന്‍റെ ഞെട്ടല്‍ മാറാത്തുള്ള കുടിയാണോ?" ബച്ചു സംശയം പ്രകടിപ്പിച്ചു.
"പോഴാ കഴുവേഴിഴെ മോഞ്ഞേ " ബച്ചുവിന്റെ വാക്കുകള്‍ കാതില്‍ വീണ ഭട്ടിയുടെ പ്രതികരണം .
"എടാ മിണ്ടാതെ നിന്നോ. ഇല്ലെങ്കില്‍ നിന്‍റെ വായില്‍ ഞാന്‍ മണല് നിറയ്ക്കും" ബഫൂണ്‍ അവനെ ആലിംഗനം ചെയ്ത് നിന്ന ഭട്ടിയെ ഭീഷ്ണിപ്പെടുത്താന്‍ ശ്രമിച്ചു
"മച്ചു...നിനക്കെത്ര ലോഡ് മണല്‍ വേണം... എന്നോട് പറ...ഞാന്‍ ഇറക്കിത്തരാം" എന്ന് പറഞ്ഞ ഭട്ടി ബഫൂണിന്റെ കവിളത്ത് ഒരു മുത്തവും കൊടുത്തു .

ഏറെ നേരത്തെ പിടി വലികള്‍ക്കൊടുവില്‍ മദ്യശാലയിലെ കണക്ക് തീര്‍ത്ത്‌ ഭട്ടിയെ ഞങ്ങള്‍ പുറത്തിറക്കി.
അവനെ വീട്ടിലേക്ക് വിടാന്‍ പറ്റാത്തതിനാല്‍ നഗരത്തിലെ വിപ്ലവ കക്ഷികളുടെ സങ്കേതങ്ങളില്‍ ഒന്നിലേക്ക് കൊണ്ടു പോകുവാന്‍ തീരുമാനമായി . ബച്ചുവിന്റെ യന്ത്രക്കുതിരക്ക് പിന്നില്‍ അവനോടു കയറുവാന്‍ പറഞ്ഞപ്പോള്‍ അവന്‍ ബച്ചുവിനെ തെറി കൊണ്ടഭിഷേകം നടത്തി."ഇവന്‍റെ കൂടെ എന്‍റെ ഫട്ടി കയഴും" എന്നൊരു പ്രഖ്യാപനവും. തത്കാലം ഭട്ടിയുടെ പട്ടിയെ കൊണ്ടു വരുവാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലാതിരുന്നതിനാല്‍ ബഫൂണിന്റെ യന്ത്രകുതിരയുടെ പിന്നില്‍ ഭട്ടിയെ സ്ഥാപിച്ച്, അവന് പിന്നില്‍ താങ്ങായി നാമും കയറി.

വിപ്ലവ സങ്കേതത്തില്‍ ഒരു ഒഴിഞ്ഞ മുറിയില്‍ ഭട്ടിയെ ഞങ്ങള്‍ കൊണ്ട് കിടത്തി . കിടന്നപാടെ അവന്‍ വാള് വെച്ചു . പുറം തടവിക്കൊടുക്കാന്‍ ചെന്ന ബച്ചുവിനു പിന്നെയും പുളിച്ച തെറി സമ്മാനമായി കിട്ടി.
ബച്ചുവിനെ അടുത്തുള്ള തട്ടുകടയില്‍ നിന്നും കട്ടന്‍ കാപ്പി വാങ്ങുവാന്‍ അയച്ചിട്ട് ബഫൂണ്‍ ഭട്ടിയുടെ പുറം തിരുമ്മി കൊടുത്തു. ഞങ്ങളെല്ലാവരും അപ്പോഴും ഇങ്ങിനെ കുടിക്കാന്‍ ഭട്ടിയെ പ്രേരിപ്പിച്ച സംഭവം എന്താണെന്ന് ആലോചിച്ചു അത്ഭുതപ്പെടുകയായിരുന്നു.
നാലഞ്ച് കാപ്പികള്‍ക്കും അതിലേറെ വാളുകള്‍ക്കും ഒടുവില്‍ ഭട്ടി തളര്‍ന്നുറക്കമായി. മേല്‍ക്കുപ്പായം ഊരി മാറ്റി, കൈയ്യില്‍ കിട്ടിയ ഒരു തോരണത്തുണി വെള്ളം നനച്ച് മുഖം തുടച്ച ശേഷം അവനെ ഞങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിക്കിടത്തി. അപ്പോഴാണ്‌ ബച്ചുവിന്റെ കൈയ്യിലിരുന്ന ഭട്ടിയുടെ കുപ്പായത്തിന്റെ കീശയില്‍ നിന്നും നാലായി മടക്കിയ, നീല നിറത്തിലെ ഒരു കടലാസ് താഴെ വീണത്‌.
ബച്ചു അതെടുത്ത് നിവര്‍ത്തി വായിച്ചു നോക്കി . പിന്നെ തലയുയര്‍ത്തി അല്‍പ്പമകലെ നിന്നിരുന്ന നമ്മേ നോക്കി. ശേഷം ഒന്നും മിണ്ടാതെ ആ കടലാസ് തിരികെ മടക്കി സ്വന്തം കീശയില്‍ നിക്ഷേപിച്ചു.
"എന്താടാ അത്?" നാം ചോദിച്ചു.
"പ്രേമലേഖനം" ബച്ചു നിര്‍വികാരനായി പറഞ്ഞു
"എടാ നാണംക്കെട്ടവനെ ...അവന് അവള്‍ എഴുതിയ പ്രേമലേഖനം നീ എന്തിനെടുക്കുന്നു?" നാം കോപാകുലനായി
"അതെനിക്കുള്ളതാടാ" ബച്ചു പറഞ്ഞു
" അതിനെന്താ...ഏ ...എന്തോന്ന്?" നാം ഞെട്ടി
"അവള്‍ എനിക്ക് എഴുതിയതാ. നേരിട്ട് തരാന്‍ മടിയായത് കാരണം ഭട്ടിയുടെ കൈയ്യില്‍ കൊടുക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത് " ബച്ചു പറഞ്ഞു
"നിന്‍റെയൊക്കെ അവളമ്മാരുടെ പ്രേമലേഖനം എന്നെ ഏല്‍പ്പിക്കാന്‍ ഞാന്‍ ആരെടാ നിന്‍റെയൊക്കെ മാമനോ!!!?" അകത്തെ മുറിയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഭട്ടിയുടെ ആക്രോശം. ഭാഗ്യം. നാവിന്‍റെ കുഴച്ചില്‍ മാറിയിട്ടുണ്ട്.
നാമും ബച്ചുവും മുഖാമുഖം നോക്കി. വെറുതെയല്ല അവന്‍ ബച്ചുവിനെ കണ്ടപ്പോള്‍ കുപിതനായതും തെറി വിളിച്ചതും.
"എന്നാലും എന്‍റെ മക്കളെ ....നിങ്ങളെ ഊട്ടിയില്‍ പഠിപ്പിക്കാന്‍ അച്ഛന്‍ കൊടുത്ത ഒന്നര ലക്ഷം രൂപ പാഴായി പോയല്ലോ" അകത്ത് നിന്നും ഭട്ടിയുടെ ആത്മരോദനം

Sunday, October 12, 2008

മാന്ത്രികന്‍

ഗാല്‍ഗുത്താനിലെ കലാലയ ജീവിതം കഴിയുന്നത്‌ വരെ മിക്കവാറും നമ്മുടെ ഓണക്കാലങ്ങള്‍ മാതാജിയുടെ ജന്‍മനാടായ മാരാരിക്കുളത്തായിരുന്നു . ഗാല്‍ഗുത്താനില്‍ ബീഡിക്കരി രണ്ടാം വര്‍ഷം കലക്കുന്ന നാളുകളിലും ആ പതിവ് തെറ്റിക്കാതെ നാം ആലപ്പുഴ രാജ്യത്തെ മാരാരിക്കുളം ദേശത്ത്‌ എത്തി .

മുത്തശ്ശന്‍ രാജാവിന്‍റെ കൊട്ടാരത്തിനു മുന്നില്‍ രഥം നിന്നപ്പോഴേ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുന്നത് കാണുവാന്‍ കഴിഞ്ഞു . പറമ്പില്‍ നാലഞ്ച് ഊഞ്ഞാലുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇനി നാം ഉത്പ്പടെയുള്ള വാനരപ്പട ആരോഹണം ചെയ്യുകയേ വേണ്ടു. നിലവറ തുറന്ന്, അതില്‍ നിന്നും സ്ഥാവര ജംഗമ വസ്തുക്കള്‍ നിര നിരയായി പുറത്തേക്ക് പോകുന്നുണ്ട്. പേരമ്മ, അമ്മായി, താവഴിയിലെ പതിമൂന്നു ആങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, പിന്നെ പുറം പണിക്കാര്‍ എല്ലാവരും നാല് വഴിക്ക് ,പതിനാറ് കാര്യങ്ങള്‍ക്കായി ഓടുന്നു. ഇതെല്ലം ഓണത്തിനുള്ള പതിവു കാഴ്ചകള്‍ തന്നെ. പക്ഷേ പതിവില്ലാത്ത മറ്റൊരു കാഴ്ചയും നാം കണ്ടു . പേരമ്മയുടെ രണ്ടാമത്തെ പുത്രന്‍ , വകയില്‍ നമ്മുടെ ജേഷ്ടന്‍ അനിയുടെ നേതൃത്ത്വത്തില്‍ ഒരു സംഘം വാനരപ്പട നിലവറയില്‍ നിന്നും ചെമ്പ് വാര്‍പ്പുകള്‍ , വലിയ നിലവിളക്കുകള്‍, കിണ്ടികള്‍ എന്നിവയൊക്കെ എടുത്ത്‌ ഒരു ജാഥയായി കൊട്ടാരത്തിന്‍റെ കിഴക്ക് വശത്തേക്ക് നീങ്ങുന്നു.
"ഓഹോ അപ്പോള്‍ ഇങ്ങിനെയാണ്‌ ഇത്തവണത്തെ ഓണ ചിലവ് ഗംഭീരമാക്കം എന്ന് ആനി ചേട്ടന്‍ പറഞ്ഞത് . എല്ലാം കൂടി ഒരു അന്‍പതിനായിരം വരാഹന്റെ വക കാണും" നാം മനസ്സില്‍ കണക്ക് കൂട്ടി "എന്നാലും പട്ടാപ്പകല്‍ ഇതെല്ലം കൂടി അടിച്ചു മാറ്റിയാല്‍? ഇതിനെല്ലാം ഒരു ഒളിവും മറവും വേണ്ടേ?" എന്ന് ചിന്തിച്ച് നാം ജാഥയുടെ അടുത്തെത്തി.
"ശീവൊള്ളി തിരുമേനി വക പൂജയുണ്ട് . " നമ്മെ കണ്ട അനിച്ചേട്ടന്‍ , തലയില്‍ കമഴ്ത്തിയിരുന്ന വാര്‍പ്പ് തെല്ലുയര്‍ത്തി മുഖം പുറത്തേക്ക് കാട്ടി പറഞ്ഞു.
"ഇനി കുറെ ദിവസത്തേക്ക് ഇവിടെ ആരെന്തു കഴിക്കണം, എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ആ കാലനാവും" നമ്മുടെ അനുജന്മ്മാരില്‍ ഒരുവന്റെ ആത്മഗതം .
"എല്ലാം സഹിക്കാം ...ഈ വാര്‍പ്പ് മുഴുവന്‍ ശര്‍ക്കര പായസം വെച്ചിട്ട് , ഇവിടുള്ളോര്‍ക്ക് ഓരോ കയില്‍ തന്നു ബാക്കി മുഴുവന്‍ ഇല്ലത്തേക്ക് കടത്തും എരപ്പാളി . അത് കാണുമ്പോഴാണ് കുടവയറനെ കാലേ പിടിച്ചു വലിച്ചു കീറി പായസത്തിന്റെ അടുപ്പില്‍ തന്നെ വെയ്ക്കുവാന്‍ തോന്നുന്നത്" ഏറ്റവും ഇളയവനായ ചന്തു ഒരല്‍പ്പം കടന്നു ചിന്തിക്കുന്ന കൂട്ടത്തിലാണ് .
വാര്‍പ്പുകളും, മറ്റു പാത്രങ്ങളുമായി ജാഥ കിഴക്ക് വശത്തെ പാത്രക്കുളത്തില്‍ അവ കഴുകുവാന്‍ ഒരുങ്ങി നില്ക്കുന്ന പുറമ്പണിക്കാര്‍ക്കരുകിലേക്ക് നീങ്ങിയപ്പോള്‍ നാം മുത്തശ്ശനെ കാണുവാനായി കൊട്ടാരത്തിലേക്ക് കയറി .

സ്വീകരണമുറിയില്‍ ഭയ ഭക്തി ബഹുമാനത്തോടെ നില്‍ക്കുന്ന മുത്തശ്ശന്‍. നിലത്തു ചെമ്പട്ട് വിരിച്ച്, അതില്‍ ചമ്രം പടഞ്ഞിരുന്ന് , പലകയില്‍ തലങ്ങും വിലങ്ങും കവടി പായിക്കുന്ന ശീവൊള്ളി മനക്കല്‍ നാരായണന്‍ തിരുമേനി . മുഖത്ത്‌ "എന്നെ സമ്മതിക്കണം" എന്ന സ്ഥായിയായ ഭാവത്തിനു പകരം 'കവടി പലക കണ്ടു പിടിച്ചവനെ കണ്ടാല്‍ പലകക്കടിച്ച് കൊല്ലണം' എന്ന ഭാവം. അത് കണ്ടാല്‍ അറിയാം പൂജ വിധികള്‍ തീരുമാനിച്ചെങ്കിലും മുത്തശ്ശന്‍ ഒരു ഉറപ്പിന്നായി വീണ്ടും കവടി വെയ്പ്പിക്കുന്നതാണ് . മുത്തശ്ശന്റെ കവടി പ്രേമത്തിനും കാരണം ഒരു പക്ഷേ തിരുമേനി തന്നെയായിരിക്കാം. കൊട്ടാരം മന്ത്രവാദി എന്ന പേരു പറഞ്ഞ് ഈ കവടികള്‍ കാശിയില്‍ നിന്നും വരുത്തിക്കാന്‍ കക്ഷി കമഴ്ത്തിയത്‌ രണ്ടായിരം വരാഹന്‍. റാത്തലിന് എണ്‍പതിന് കന്യാകുമാരിയില്‍ നിന്നു സാധനം വരുത്തിക്കുകയാണ് സത്യത്തില്‍ ഉണ്ടായതെന്ന് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ പറയുന്നു. ഏതിനും, രണ്ടായിരത്തിന്റെ അവസാന ചില്ലിയും മുതലാക്കിയിട്ടെ ശീവൊള്ളി മിക്കവാറും അവിടുന്ന് എഴുന്നേല്‍ക്കാന്‍ മുത്തശ്ശന്‍ സമ്മതിക്കു എന്ന് നമുക്കു തോന്നി.

മുത്തശ്ശന്‍ നമ്മെ നോക്കി പുഞ്ചിരിച്ചതല്ലാതെ ഒന്നും ഉരിയാടിയില്ല . ശീവൊള്ളിയുടെ കവടി കാവടി ഉടനെയൊന്നും തീരുന്ന യാതൊരു ലക്ഷണവും കാണാത്തതിനാല്‍, നാം അടുക്കള ഭാഗത്തേക്ക് നിഷ്ക്രമിച്ചു . മുത്തശ്ശിയെ കണ്ട് സംഭവങ്ങളുടെ വിശദ വിവരങ്ങള്‍ ആരാഞ്ഞു. ചായയും, വഴക്കപ്പവും, ഒപ്പം സ്തിഥി ഗതികളുടെ സംക്ഷിപ്ത രൂപവും അവിടുന്ന് ലഭിച്ചു . കൊട്ടാരത്തില്‍ പലയിടത്തായി കാലാ കാലത്ത് സ്ഥാപിച്ചിരിക്കുന്ന മന്ത്ര രക്ഷകള്‍ കാലഹരണപ്പെട്ടോ , പുതുക്കാറായോ എന്നെല്ലാം അറിയുന്നതിനായി ശീവൊള്ളി അടുത്തിടെ വെറുതെയൊന്നു പ്രശ്നം വെയ്ച്ചു . പ്രശ്നത്തില്‍ തെളിഞ്ഞ കാഴ്ച്ചയുടെ ഭീകരതയില്‍ അങ്ങേര്‍ നാല് ദിവസം പനിച്ചു തുള്ളി കിടന്നത്രേ.
രണ്ട് ഗന്ധര്‍വ്വന്മാര്‍, ഒരു യക്ഷി , പിന്നെ അല്ലറ ചില്ലറ കാളി കൂളികളും എല്ലാം കൊട്ടാരം നില്ക്കുന്ന മൂന്നര ഏക്കര്‍ പറമ്പില്‍ വിനോദയാത്രക്കെത്തി, തിരിച്ചു പോകാതെ കറങ്ങി നടക്കുകയാണത്രേ . എല്ലാത്തിനെയും കൂടി വണ്ടി കയറ്റി അയക്കാനാണ് ഇപ്പോള്‍ ഈ പൂജ.

"അപ്പോള്‍ ഈ പുതിയ പ്രശ്നമോ? " നാം ചോദിച്ചു
"നിന്‍റെ അപ്പുപ്പന് ഭ്രാന്തായത് കൊണ്ട്" മുത്തശ്ശി പ്രതികരിച്ചു . ന്യായമായ കാര്യം. മുത്തശ്ശന് ഭ്രാന്ത് വന്നാല്‍ ആദ്യം അറിയുക മുത്തശ്ശിയായിരിക്കുമല്ലോ . അപ്പോള്‍ വിവരം ആധികാരികമായിരിക്കണം.
വാര്‍പ്പും മറ്റും കുളത്തില്‍ കൊണ്ട് തട്ടി നമ്മുടെ സഹോദര സംഘം ശീവൊള്ളിയുടെ കവടി കാവടി കാണുവാനായി എത്തിയപ്പോള്‍ നാം അവരുടെ അടുത്തേക്ക്‌ ചെന്നു.

" തമ്പാനെ രണ്ടാമതും പ്രശ്നം വെയ്ച്ചത് ഏതായാലും നന്നായി " പെട്ടന്ന് യാതൊരു പ്രകോപനവുമില്ലാതെ, പലകയില്‍ നിന്നും മുഖമുയര്‍ത്തി ശീവൊള്ളി ആക്രോശിച്ചു .പിടിച്ചിരുത്തി രണ്ടാമതും കവടി നിരത്തിച്ചത്തിന് മുത്തശ്ശനുള്ള പണി ദാ വന്നു എന്ന് നാം ഉറപ്പിച്ചു. " മന്ത്രപ്പുരയില്‍ പള്ളികോലോന്റെ ആത്മാവ് ഇപ്പോഴും മോക്ഷം കിട്ടാതെ ഉഴലുന്നുണ്ട് "
ശീവൊള്ളി പറഞ്ഞതു കെട്ട് മുത്തശ്ശന്‍റെ മുഖത്ത്‌ 'ചത്താലും സമാധാനം തരുകേലേ മഹാപാപി? ' എന്ന ഭാവം .

മേല്‍പ്പറഞ്ഞ പള്ളികോലോന്‍ എന്ന വ്യക്തി നമ്മുടെ മുത്തശ്ശന്‍റെ വല്യമ്മവനായിരുന്നു. മഹാ മന്ത്രവാദിയും ഒപ്പം ദിവ്യാസ്ത്രങ്ങള്‍ എല്ലാം ഹൃദിസ്ഥമാക്കിയ ധനുര്‍വേദ പണ്ഡിതനും ആയിരുന്നു ടിയാന്‍ എന്നൊരു ചീത്തപ്പേര് കാല കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്‌ . കൊട്ടാരം വളപ്പിന്റെ കിഴക്കേ മൂലയില്‍ കാലങ്ങള്‍ പഴക്കമുള്ള, തടിയില്‍ തീര്‍ത്ത്‌ ഓലമേഞ്ഞ ഒരു പുരയുണ്ട്. അവിടിരുന്നായിരുന്നത്രേ പള്ളികോലോന്‍ പരമശിവന്‍, നരസിംഹം തുടങ്ങിയ പുലികളെ നേരിട്ടു വിളിച്ചു വരുത്തി വിരട്ടിയിരുന്നത്. ഇതെല്ലം പറഞ്ഞു കേട്ട ഐതിഹ്യങ്ങളാണ് . ജീവിച്ചിരിക്കുന്നവരില്‍ മുത്തശ്ശന് പോലും പള്ളികോലോനെ നന്നേ ചെറുപ്പത്തില്‍ കണ്ട ഓര്‍മ്മയെ ഉള്ളു. പക്ഷേ കക്ഷിയെക്കുറിച്ച് കഥകള്‍ പലതും തലമുറകള്‍ കൈ മാറി ഇന്നും നാട്ടില്‍ പ്രചാരത്തിലുണ്ട്. വാഴയില മുറിച്ചിട്ട് അതില്‍ കയറി നദി കടക്കുന്നതും , വരുണാസ്ത്രം അയച്ച് മഴ പെയ്യിക്കുന്നതും , ആകാശ സഞ്ചാരം ചെയ്യുനതും ഒക്കെ നാമൊക്കെ ചായ കുടിക്കുന്നത് പോലെയാണ് പുള്ളി ചെയ്തിരുന്നതത്രേ . ചുട്ട കോഴിയെ പറപ്പിക്കാനോ , പറക്കുന്ന കോഴിയെ പിടിച്ചു ചുടാനോ പുള്ളി മിനക്കെടാത്തത് ശുദ്ധ സസ്യ ഭോജിയായത് കൊണ്ട് മാത്രമായിരുന്നത്രേ .
അങ്ങിനെയുള്ള വ്യാഘ്രമാണ് സിദ്ധികൂടിയ ശേഷവും കൊട്ടാരം വളപ്പില്‍ തന്നെ ചുറ്റി നടക്കുകയാണെന്ന് ശീവൊള്ളി പ്രഖ്യാപിച്ചത് .
"എങ്ങിനെ മോക്ഷം കിട്ടും? അങ്ങേരും, കാരണവന്‍മ്മാരും കഷ്ട്ടപ്പെട്ടു ഉണ്ടാകിയതിന്റെ വിഹിതമല്ലേ ഈ അമ്പലം വിഴുങ്ങിയെപ്പോലുള്ളവര്‍ അടിച്ചു മാറ്റുന്നത്‌ . പുള്ളിക്ക് സഹിക്കുമോ?" ചന്തുവിന്റെ ആത്മഗതം .

ഏതിനും തീരുമാനമായി. ഗന്ധര്‍വന്‍മ്മാര്‍, മറ്റു കാളി കൂളികള്‍ എന്നിവരെ ആദ്യം നാടു കടത്തുക. യക്ഷിക്കുട്ടിയെ കൊട്ടാരം വളപ്പില്‍ ആകാശം തൊട്ടു നില്‍ക്കുന്ന ഏഴിലം പാലയില്‍ കരാറടിസ്ഥാനത്തില്‍ താമസിപ്പിക്കുക. അതിന് ശേഷം പള്ളികോലോനെ പരലോകത്തേക്ക് ആഘോഷമായി തുരത്തുക .ശേഷം മന്ത്രപ്പുര പൊളിക്കുക .

കൂടാതെ പള്ളികോലോന് ശീവൊള്ളി മോക്ഷം കൊടുക്കുന്ന നാള്‍ വരെ ഓണ സദ്യ വെച്ച് മന്ത്രപ്പുരയുടെ പടിപ്പുരയില്‍ വിളമ്പുവാനും , അതിന് ശേഷം നാലും കൂട്ടിയ താമ്പൂലം അവിടെ കാഴ്ച സമര്‍പ്പിക്കാനും മാന്ത്രികന്‍ ഉത്തരവായി.
"ഒരു പാക്കറ്റ് വില്‍സ് ആയിരുന്നെങ്കില്‍ പള്ളികോലോനും, നമുക്കും എല്ലാം സൌകര്യം ആകുമായിരുന്നു " എന്ന നമ്മുടെ ആത്മഗതം ഭാഗ്യത്തിന് മുത്തശ്ശന്‍ കേട്ടില്ലാ.

പിറ്റെന്നാള്‍ മുതല്‍ കൊട്ടരത്തിന്റെ അങ്കണത്തില്‍ പ്രത്യേകമായി പന്തലിട്ടുയര്‍ത്തിയ പൂജാ വേദിയില്‍ ശീവൊള്ളിയുടെയും, രണ്ടു പരികര്‍മ്മികളുടെയും വേട്ട തുടങ്ങി. അത്തപ്പൂക്കളം പോലും പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റപ്പെട്ടു. ഞങ്ങള്‍ പിള്ളര്‍ ഒഴികെ മറ്റെല്ലാവരും പൂജയില്‍ ബദ്ധശ്രദ്ധര്‍. ഞങ്ങളാകട്ടെ ഓണത്തിന് പുറത്തിറങ്ങിയ ചലച്ചിത്രങ്ങള്‍ ഒന്നു വിടാതെ കാണുന്നതിലും, ചുറ്റ്‌ വട്ടത്തുള്ള ഓണാഘോഷ സംഘങ്ങളുമായി ചേര്‍ന്ന് പുലി കളി, ഓണപ്പന്ത് , തുടങ്ങിയ ആഘോഷങ്ങള്‍ പൊലിപ്പിക്കുന്നതിലും മുഴുകി

തിരുവോണ നാള്‍ വീണ്ടും ശീവൊള്ളി "ഗന്ധര്‍വന്മാര്‍ രണ്ടും മറ്റു കാളി കൂളികള്‍ക്കൊപ്പം ആകാശ മണ്ഡലം കടന്നിരിക്കുന്നു. യക്ഷിയെ ഏഴിലം പാലയില്‍ കുടിയിരുത്തി " എന്ന പ്രഖ്യാപനവുമായി മുത്തശ്ശന്റെ മുന്നില്‍ എത്തി .
"യക്ഷി നമ്മുടെ പാലായില്‍ താമസിക്കുന്നതിനു വാടക തരുമോ ആവോ?" ചന്തു നമ്മോടു ചോദിച്ചു
"അല്ലടാ ...ഗന്ധര്‍വന്‍മ്മാരെ നാട് കടത്തുകയും യക്ഷിയെ പാലായില്‍ പ്രതിഷ്ടിക്കുകയും ചെയ്യുന്നത് എവിടുത്തെ ന്യായം? ഇനി യക്ഷി ശീവോള്ളിയുടെ പഴയ ലോഹ്യക്കാരി വല്ലതും ആണെന്ന് വരുമോ ?" നമ്മുടെ സംശയം അതായിരുന്നു .
"അപ്പോള്‍ വല്യമ്മാമ ?" മുത്തശ്ശന്‍ ശീവൊള്ളിയോട് ചോദിച്ചു .ചതയം നാളില്‍ പള്ളികോലോന്റെ പരിപ്പെടുക്കുമെന്നു ശീവൊള്ളി മുത്തശ്ശന് ഉറപ്പ് നല്‍കി

കൊട്ടാരം വളപ്പില്‍ തന്നെ പ്രത്യേകം വേലികെട്ടി തിരിച്ച അഞ്ചു സെന്റ് ഭൂമിയിലാണ് പള്ളികോലോന്‍ വിരാജിക്കുന്ന മന്ത്രപ്പുര . കാലാ കാലം ആ ഭൂമി കിളച്ച് വൃത്തിയാക്കാനും മറ്റും പണിക്കാര്‍ അവിടേക്ക് കയറും മുന്പ് ശീവൊള്ളി വക പൂജ പതിവാണ്. മന്ത്രപ്പുര നില്‍ക്കുന്ന പറമ്പില്‍ ആകെയുള്ള രണ്ടു മരങ്ങള്‍ ഒരു കൂറ്റന്‍ കരിവീട്ടിയും , നീട്‌ നിവര്‍ന്നു നില്‍ക്കുന്ന പുരാതനമായ ഒരു തെങ്ങുമാണ് .ആകാശം മുട്ടി നില്ക്കുന്ന ആ തെങ്ങില്‍ തേങ്ങയിടാന്‍ ആരും കയറാറില്ല. തേങ്ങകള്‍ താഴെ വീഴുന്ന മുറയ്ക്ക് മുത്തശ്ശി അവ അമ്പലങ്ങളിലേക്ക് കൊടുത്തയക്കുകയാണ് പതിവ്.

വേരിനു യാതൊരു ക്ഷതവും ഇല്ലെങ്കിലും ആ തെങ്ങിനെ ഒരു ഇരുമ്പു വടത്താല്‍ കരിവീട്ടിയിലേക്ക് ബന്ധിച്ചിട്ടുണ്ട്‌ . പണ്ടു പള്ളികോലോന്‍ നരസിംഹ മൂര്‍ത്തിക്കായി ചെയ്ത എന്തോ കര്‍മ്മത്തിന്റെ ഭാഗമാണത്രേ അത് . സമയ സമയം ആ വടം തുരുംപിക്കുംപോള്‍ മാറ്റി കെട്ടുന്നതിനു മുന്‍പുള്ള പൂജകള്‍ക്കായും ശീവൊള്ളി നല്ലൊരു തുക മുത്തശ്ശന്റെ കൈയ്യില്‍ നിന്നും പിടുങ്ങാറുമുണ്ട് .

ചതയം ദിനത്തില്‍ പൂജകള്‍ അതി രാവിലെ തുടങ്ങി . പ്രധാന പൂജകള്‍ പൂജാശാലയില്‍ തന്നെ. ഉച്ചയോടെ പൂജകള്‍ അവസാനിപ്പിച്ച്, ചുവന്ന പട്ടു കൊണ്ടു വാ മൂടിക്കെട്ടിയ ഒരു കലശവുമായി ശീവൊള്ളി പൂജാശാലയില്‍ നിന്നും പുറത്തിറങ്ങി. തൊട്ടു പിന്നില്‍ കത്തിച്ച പന്തങ്ങളുമായി രണ്ടു പരികര്‍മ്മികള്‍ , അവര്‍ക്ക് പിന്നില്‍ തൊഴുകൈകളോടെ മുത്തശ്ശന്‍ , മുത്തശ്ശി, അമ്മാവന്മാര്‍, അമ്മായിമാര്‍, പേരമ്മ , ചിറ്റ തുടങ്ങിയവര്‍, ഏറ്റവും ഒടുവില്‍ ഞങ്ങള്‍ പന്ത്രണ്ട് ആങ്ങളമാരും ( നമ്മുടെ സ്വന്തം ജേഷ്ഠ ഭ്രാതാവ് ആ കാലഘട്ടത്തില്‍ മംഗലാപുരത്ത് മര്‍മ്മ വൈദ്യം പഠിക്കുകയായിരുന്നതിനാല്‍ ഓണത്തിന് എത്തിയിരുന്നില്ലാ) ഞങളുടെ താ വഴിയിലെ ഒരേ ഒരു പെങ്ങളും എന്ന ക്രമത്തില്‍ ഒരു ജാഥ ശീവോള്ളിയെ അനുഗമിച്ചു .

മന്ത്രപ്പുര നില്‍ക്കുന്ന പറമ്പിന്റെ വേലിക്കലെ പ്രവേശന ദ്വാരത്തില്‍ എത്തിയ ശീവൊള്ളി, ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലുവാന്‍ ആരംഭിച്ചു. കുറച്ചു മന്ത്രങ്ങള്‍ ചൊല്ലിയ അങ്ങേര്‍ പെട്ടന്ന് ഞെട്ടി കണ്ണുകള്‍ തുറന്നു . ചുറ്റും നോക്കി.
"വായിട്ടലയ്ക്കുന്നത് കേട്ട് ഉച്ചയുറക്കം പോയ പള്ളികോലോന്‍ ചെവിയില്‍ തന്തക്ക് വിളിച്ചിട്ടുണ്ടാകും " നാം സഹോദരങ്ങളോട് പറഞ്ഞു
"മിണ്ടാതിരിയെടാ " പെങ്ങള്‍ നമ്മെ ശാസിച്ചു .

ശീവൊള്ളി വീണ്ടും കണ്ണുകള്‍ അടച്ച് , കൂടുതല്‍ ഉച്ചത്തില്‍ മന്ത്ര ജപം തുടങ്ങി. ജപങ്ങള്‍ക്കൊടുവില്‍ കണ്ണ് തുറന്ന ശീവൊള്ളി , തിരിഞ്ഞു നോക്കാതെ ഞങ്ങളോട് പറഞ്ഞു."എല്ലാരും അകത്തേക്ക് കടന്നു മന്ത്രപ്പുരക്ക് ചുറ്റും മഹാദേവനെ പ്രാര്‍ത്ഥിച്ച് നില്‍ക്കുക. "

ഞങ്ങള്‍ എല്ലാവരും ശീവോള്ളിക്കും പരികര്‍മ്മികള്‍ക്കും പിന്നാലെ ആ പറമ്പിലേക്ക് കടന്നു. മന്ത്രപ്പുരയുടെ വാതില്‍ പഴയ ഇരുമ്പു താക്കോല്‍ ഉപയോഗിച്ച് ശീവോള്ളിയുടെ പരികര്‍മ്മികളില്‍ ഒരുവന്‍ തുറന്നപ്പോള്‍ മുത്തശ്ശന്‍, മുത്തശ്ശി, അമ്മാവന്മ്മാര്‍, അമ്മായിമാര്‍ എല്ലാവരും മഹാദേവനെ വിളിച്ചു. പറമ്പിലെ കരിവീട്ടിക്കു താഴെ സ്ഥാനംപ്പിടിച്ച ഞങ്ങള്‍ സഹോദരങ്ങള്‍ മാരാരിക്കുളം മഹാദേവയില്‍ വന്ന പുതിയ ചലച്ചിത്രം അന്ന് രാത്രി തന്നെ കാണണോ അതോ പിറ്റേന്ന് പകല്‍ മതിയോ എന്ന് തമ്മില്‍ തമ്മില്‍ ചോദിച്ചു.
ഉദ്വേഗജനകമായ നിമിഷങ്ങള്‍...

മന്ത്രപ്പുരക്കുള്ളില്‍ കടന്ന ശീവൊള്ളിയും സഹായികളും , ഇരുണ്ട ഇടനാഴികളിലൂടെ , പന്തങ്ങളെയും , മേല്‍ക്കൂരയിലെ ഓല ദ്രവിച്ച് , ആ വിടവുകളിലൂടെ അരിച്ചിറങ്ങുന്ന അരണ്ട സൂര്യപ്രകാശത്തെയും മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങി. ലക്‌ഷ്യം, മന്ത്രപ്പുരക്കുള്ളില്‍, കാലങ്ങളായി തുറന്നിട്ടില്ലാത്ത ഭൂമിക്കടിയിലുള്ള ഒരു നിലവറയായിരുന്നു. ആ അറക്കുള്ളിലാണ് പള്ളികോലോന്‍ പണ്ട് മഹാമാന്ത്രിക കര്‍മ്മങ്ങള്‍ അനുഷ്ടിച്ചിരുന്നതത്രേ .

തറ നിരപ്പിലുള്ള തടിവാതില്‍ കണ്ടു പിടിച്ചു ശീവൊള്ളിയും ശിഷ്യന്മാരും അത് വലിച്ചുയര്‍ത്തി . പരികര്‍മ്മികളില്‍ ഒരുവന്‍ പന്തം അതിനുള്ളിലേക്ക്‌ കാട്ടി. താഴേക്ക്‌ പഴകി ദ്രവിച്ച മരപ്പടികളാണ് . ശീവൊള്ളി അറക്കുള്ളിലേക്ക് ഇറങ്ങുവാന്‍ തുടങ്ങിയതും ...
'ടാപ്പ്‌ ടാങ്ങ് ' എന്നൊരു ശബ്ദം അവിടാകെ മാറ്റൊലി കൊണ്ടു . ഒപ്പം അറയ്ക്കുള്ളില്‍ നിന്നും അന്തരീക്ഷത്തിലൂടെ എന്തോ ശീവൊള്ളിക്ക് നേരെ മൂളിപ്പറന്ന് വന്നു .

അതുവരെ "ഓം ഹ്രീം സ്ഫോഠയ സ്ഫോഠയ ..." എന്ന് മുരണ്ടുകൊണ്ടിരുന്ന ശീവൊള്ളി "എന്റമ്മോ!!! " എന്നലറി ഇടതു വശത്തേക്ക് കുതിച്ചു ചാടി മന്ത്രപ്പുരയുടെ തടിയില്‍ തീര്‍ത്ത ഒരു ഭാഗം പൊളിച്ച് പുറത്തെത്തി. ഗുരുവിനെ വെല്ലുന്ന ശിഷ്യന്‍മാരായ പരികര്‍മ്മികള്‍ രണ്ടും അപ്പോഴേക്കും ആലപ്പുഴ രാജ്യാതിര്‍ത്തി കടന്നിരുന്നു. മദം കൊണ്ട കൊമ്പനെപ്പോലെ മന്ത്രപ്പുരക്കുള്ളിലേക്ക് കയറിപ്പോയ ശീവൊള്ളി ഏറു കൊണ്ട നായ കണക്കെ പുറത്തേക്ക് ചാടി വീണത്‌ കണ്ടു ഞങ്ങള്‍ എല്ലാവരും സ്തബ്ധരായി നിന്നപ്പോള്‍ , മഹാ മാന്ത്രികന്‍ ഒന്നു വിറച്ച് തുള്ളി. പിന്നെ വൃത്തിയായി, വെട്ടിയിട്ട വാഴ പോലെ താഴേക്ക്‌.
കണ്ണ് തുറക്കുന്നത് പിന്നെ മണികൂര്‍ മൂന്ന് കഴിഞ്ഞ് , കൊട്ടാരത്തിന്റെ അങ്കണത്തില്‍ .
"എന്താ ഉണ്ടായേ തിരുമേനി?" മുത്തശ്ശന്‍ വക പരിഭ്രമത്തോടെയുള്ള അന്വേഷണം.
"എന്‍റെ തമ്പാനേ ...മറ്റു വല്ലവരുമായിരുന്നെങ്കില്‍ ഭസ്മമായി പോയേനെ " ഒരു ചെമ്പു മൊന്ത നിറയെ വെള്ളം അകത്താക്കിയ ശേഷം ശീവൊള്ളി മൊഴിഞ്ഞു . "കലശം സ്ഥാപിച്ച് മോക്ഷത്തിനുള്ള മന്ത്രങ്ങള്‍ ഉരുക്കഴിച്ചതും ഒരു ഞാണൊലി . പള്ളികോലോന്‍ ബ്രഹ്മാസ്ത്രമാണ് തൊടുത്ത് വിട്ടത് "
"അപ്പോള്‍ വല്യമ്മാവന്‍ ?" മുത്തശ്ശന്‍ തെല്ല് ഭയത്തോടെ ചോദിച്ചു.
"അറക്കകത്ത് തന്നെ നിത്യ സമാധി നല്‍കിയിട്ടുണ്ട് . ഇനിയാ പുര ഒന്നു പുതുക്കിപ്പണിഞ്ഞ് ദിവസവും സന്ധ്യക്ക്‌ പടിപ്പുര വാതില്‍ക്കല്‍ ഒരു നെയ്യ് വിളക്ക് കൊളുത്തിയാല്‍ മതി. " ശീവൊള്ളി കിതപ്പോടെ പറഞ്ഞു
"പ്രശങ്ങള്‍ എന്തെങ്കിലും?" മൂത്ത അമ്മാവന്‍ ചോദിച്ചു
"എന്ത് പ്രശനം? എല്ലാം ഞാന്‍ ശരിയാക്കിയിട്ടുണ്ട്. പുര പൊളിക്കണ്ടാന്ന് മാത്രം" ശീവൊള്ളി പറഞ്ഞു
മുത്തശ്ശനും, മുത്തശ്ശിയും, അമ്മവന്മാരും എല്ലാം ആശ്വാസ നിശ്വാസം ചെയ്തപ്പോള്‍ ശീവൊള്ളി അവര്‍ക്കിടയില്‍ "ഞാന്‍ നിങ്ങളോടൊന്നും ഇതുവരെ പറഞ്ഞില്ല എന്നെ ഉള്ളു. ഞാനേ ഒരു സംഭവമാ " എന്ന മട്ടില്‍ ഇരുന്നു

അന്ന് സന്ധ്യക്ക്‌ മന്ത്രപ്പുരയുടെ പടിവാതില്‍ക്കല്‍ നെയ്യ് വിളക്ക് കൊളുത്തുവാന്‍ പോയ പെങ്ങള്‍ക്ക് തുണ നാമും ചന്തുവും ആയിരുന്നു . പോകുന്ന വഴി മുഴുവന്‍ , ഉച്ചക്ക്‌ നടന്ന സംഭവങ്ങളുടെ നിജ സ്തിഥി അറിയാവുന്ന ചന്തു ചിരിയോടു ചിരി.
"എന്താടാ ചെറുക്കാ വെറുതെ കിടന്നു കിണിക്കുന്നത്?" പെങ്ങള്‍ ചൂടായി
"ചേച്ചി ആദ്യം വിളക്ക് വെയ്ക്ക്. എന്നിട്ട് പറയാം " ചന്തു പറഞ്ഞു .
മന്ത്രപ്പുരയുടെ പടിവാതില്‍ക്കല്‍ വിളക്ക് വെയ്ച്ച്ചു , ദേവ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട പൂര്‍വികനെ മനസ്സില്‍ ധ്യാനിച്ച് പെങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചന്തുവും നാമും ആ പറമ്പിലെ കരിവീട്ടിക്കരുകിലേക്ക് നടന്നു
കരിവീട്ടിയിലേക്ക് വലിച്ചു കെട്ടിയിരുന്ന ഇരുമ്പു വടത്തില്‍ വിരലുകള്‍ കൊരുത്ത് നാം അതിനെ ഒന്നു ശക്തിയായി താഴേക്ക് വലിച്ചു വിട്ടു "ടാപ്പ് ടാങ്ങ് " ഞാണൊലി .
ശബ്ദം കെട്ട് പെങ്ങള്‍ ഞെട്ടലോടെ കണ്ണുകള്‍ തുറന്നു. ഒരിക്കല്‍ കൂടി നാം ആ സ്വരം ഉണ്ടാക്കി
ഒരു നിമിഷം അമ്പരന്നു നിന്ന പെങ്ങള്‍ പിന്നെ ചിരിയോടു ചിരി "ഇതായിരുന്നോ ശീവോള്ളിയുടെ ഞാണൊലി?" ചേച്ചി ചോദിച്ചു
"പിന്നല്ലാതെ. ഉച്ചക്ക്‌ ഇവിടെ ഇന്നു മുഷിഞ്ഞപ്പോള്‍ ചേട്ടന്‍ കാട്ടിയ വേലയല്ലേ അത് . " ചന്തുവിന്‍റെ വിശദീകരണം നാം തലയാട്ടി സമ്മതിച്ചു
"അങ്ങിനെയാണെങ്കില്‍ ബ്രഹ്മാസ്ത്രമോ? ശീവൊള്ളിയുടെ ശിഷ്യന്മാരും അത് കണ്ടതല്ലേ?" പെങ്ങള്‍ ചോദിച്ചു
"കുറെ കാലമായി തുറക്കാതിരുന്ന അറ തുറന്നപ്പോള്‍ വല്ല കടവാതിലോ, മരപ്പട്ടിയോ പുറത്തു ചാടിയതാവണം" നാം പറഞ്ഞു .
"ന്നാലും വവ്വാലിനെ ബ്രഹ്മാസ്ത്രമാക്കുവാന്‍ ശീവൊള്ളിയെ കൊണ്ടേ പറ്റു .അതൊക്കെ വിശ്വസിക്കാന്‍ പാവം നമ്മുടെ അപ്പുപ്പനും " ചന്തുവിന്‍റെ ആത്മരോഷം.

ഏതിനും, മഹാമാന്ത്രിക കര്‍മ്മങ്ങള്‍ക്ക് പലതിനും രംഗവേദിയായ പള്ളികോലോന്റെ പ്രസിദ്ധമായ മന്ത്രപ്പുര ഇന്നും അവിടെതന്നെയുണ്ട്‌ .