Thursday, January 15, 2009

ബ്രഹ്മാണ്ഡത്തില്‍ വിക്രമാദിത്യന്‍

അപ്രതീക്ഷിതമായി തകര്‍ത്ത് പെയ്യുന്ന വേനല്‍ മഴയിലേക്കാണ് രാജ്കുമാര്‍ വിക്രം പള്ളിയുണര്‍ന്നത്. മഴയുടെ സംഗീതത്തില്‍ അലസമായ് പ്രഭാതം ആരംഭിക്കേണ്ട വിവിധ രീതികളെക്കുറിച്ച് ചിന്തിച്ച് കട്ടിലില്‍ തന്നെ മലര്‍ന്നടിച്ച് കിടക്കവേ താഴെ നിന്നും ഉയര്‍ന്ന് കേട്ട മാതശ്രിയുടെ കുപിത സ്വരം വിക്രമിന്റെ ശ്രദ്ധ പിടിച്ചുപ്പറ്റി.
"ഇവനെയൊക്കെ കൈയ്യും കാലും കൂട്ടിക്കെട്ടി കടലില്‍ താഴ്ത്തണം. എത്ര കാശാ വെറുതെ കളഞ്ഞത് "
"ആരാടാ ഇത്ര രാവിലെ നമ്മുടെ മാതശ്രിയുടെ കാശ് പാഴാക്കിയ അധമന്‍ . ആരായാലും അവനെ നിഗ്രഹിച്ചിട്ട് ശേഷം " എന്ന വീര ചിന്തയോടെ ശയ്യാതലത്തില്‍ നിന്നും കുതിച്ചുയര്‍ന്ന രാജകുമാരന്‍ മാതൃ വചനത്തിന്റെ ശേഷ ഭാഗം കേട്ടപാടെ ഇരട്ടി വേഗത്തില്‍ പുതപ്പിനുള്ളിലേക്ക് തിരികെ കയറി .
"അച്ഛനാണ് മകനെ ലാളിച്ചു വഷളാക്കി വെച്ചിരിക്കുന്നത് . "
"ഞാന്‍ പിന്നെ എന്ത് ചെയ്യണമെന്നാ?" പിതാജിയുടെ പ്രതിരോധത്തിലൂന്നിയ വാക്കുകള്‍ " അവന് ഇഞ്ചി നീരാകണ്ടാ എന്നവന്‍ നേരത്തെ തന്നെ പറഞ്ഞതല്ലേ?"
"എന്നാലും നമുക്കു വേണ്ടി ചേര്‍ന്ന നിലക്കെങ്കിലും അവന്‌ പരിശീലനക്കളരിയില്‍ പോയിക്കൂടെ ?"

പിതാജി നിറതോക്കിന്റെ പാതയില്‍ പെടാനുള്ള കാരണം താന്‍ തന്നെയാണ് എന്ന് അവന് മനസിലായി . സംഭവം ലളിതം .മകന്‍ ഇഞ്ചിനീരായ് സ്വപ്ന മാളികകളും , ചെരിഞ്ഞ ഗോപുരങ്ങളും നിര്‍മ്മിച്ച് വ്യാഘ്രമാകണം എന്നത് മാതാവിന്റെ ഏറ്റവും കുറഞ്ഞ ആവശ്യം. ഇഞ്ചിനീരാവുന്നതിലും ഭേദം തന്നെ ഇന്ച്ച പരുവത്തിലാക്കി കൊല്ലുന്നതാണ് എന്ന് മകന്‍ . ഒടുവില്‍ "തത്കാലം നീ പരിശീലന കളരിയില്‍ പോ . പ്രവേശന പരീക്ഷയില്‍ നീ കടന്നു കൂടണം എന്നില്ലല്ലോ" എന്ന സന്ധി കരാര്‍ മുന്നോട്ടു വെച്ച് പിതാജി രണ്ടാം സന്താനത്തെ ഒരു സ്വകാര്യ പരിശീലന കേന്ദ്രത്തിലാക്കി. അവിടെ സമയത്തും കാലത്തും എത്തുന്നത് പോയിട്ട് അങ്ങോട്ടുള്ള വഴി ചോദിച്ചാല്‍ ആകാശത്തേക്കു നോക്കുന്ന പരുവത്തില്‍ സപുത്രന്റെ പഠന നിലവാരമുയര്‍ന്നതിന്റെ അനന്തര ഫലമായിരുന്നു , വേനല്‍ ചൂടാറ്റിയ മഴയുള്ള ആ പ്രഭാതത്തില്‍ നിരപരാധിയും,നല്ലവനുമായ വിക്രമ പിതാവ് അനുഭവിച്ചത് .
"ചെറുക്കന് വന്ന് വന്ന് ഒരു അനുസരണയും ഇല്ലാതായി" മാതാവിന്റെ സ്വരം 'പറയുന്നതു കേട്ടാല്‍ തോന്നും പണ്ടാ തൊരപ്പന്‍ അനുസരണയുടെ നിറകുടമായിരുന്നു എന്ന് ' മഹാരാജാവിന്റെ മാനസികവ്യാപാരം തൊട്ടരുകില്‍ നിന്ന മഹാറാണി അറിഞ്ഞില്ലെങ്കിലും, വിക്രം വ്യക്തമായ് അറിഞ്ഞു .

ഇനിയും താന്‍ താഴെയെത്തിയിലെങ്കില്‍ വാക്പയറ്റ് വാള്‍പ്പയറ്റിലേക്ക് കടക്കും എന്നതിനാല്‍ വിക്രം കിടക്കിയില്‍ നിന്നും എഴുന്നേറ്റു.പമ്മി പതുങ്ങി താഴേക്കെത്തി. "ഓ ...എഴുന്നേറ്റോ രാജകുമാരന്‍?" മാതാശ്രീയും സ്വാഗതം . ചോദ്യത്തെയും, രൂക്ഷമായ നോട്ടത്തിനെയും പല്ല് മുപ്പത്തിരണ്ടുംപ്രദര്‍ശിപ്പിച്ചുള്ള ചിരിയുടെ പരിചയാല്‍ തടുത്ത് അവന്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നു .
"അല്ല എനിക്കറിയാമ്പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാ ? എന്താ നിന്റെ ഉദ്ദേശം?" ചോദ്യം അമ്മ മഹാറാണി വക .
" പല്ല് വിളക്കി, പ്രാതല്‍ കഴിക്കണം എന്ന് വിചാരിക്കുന്നു" നിഷ്കളങ്കന്റെ സത്യസന്ധമായ മറുപടി.
"ഒറ്റയടിക്ക് നിന്‍റെ പല്ലെല്ലാം ഞാന്‍ താഴെയിടും" എന്ന് മാതാവ് .
മിണ്ടിയാല്‍ മാതാവിന്‍റെ വാക്കുകള്‍ പ്രവൃത്തിയിലേക്ക് നീളുവാന്‍ അധികം നേരം വേണ്ട എന്ന ഒറ്റ കാരണത്താല്‍ ' എന്നാല്‍ പല്ല് തേയ്ക്കാതെ പ്രാതല്‍ കഴിക്കാം ' എന്ന് മനസ്സില്‍ പോലും വിക്രം പറഞ്ഞില്ല.

തുടര്‍ന്ന് എന്തുകൊണ്ട് വിക്രം തല്ലിക്കൊല്ലപ്പെടേണ്ടവനാകുന്നു എന്ന വിഷയത്തില്‍ മാതാശ്രീ ഒരു ചെറു പ്രബന്ധം തന്നെ അവതരിപ്പിച്ചു. സന്ധിയുമായി ഒടുവില്‍ എത്തിയത് കുമാരന്‍റെ ജേഷ്ഠ ഭ്രാതാവാണ് . മഹാരാജാവ്,കിട്ടിയ അവസരം മുതലാക്കി താത്കാലികമായി രാജ്യം വിട്ടിരുന്നു.
സന്ധി വ്യവസ്ഥകള്‍ വളരെ ലളിതം. പ്രവേശന പരീക്ഷ വരെ വിക്രം അവന്‍റെ ആഗ്രഹം പോലെ ബിരുദത്തിന് പഠിക്കുന്നു. പ്രവേശന പരീക്ഷയില്‍ വിജയിച്ചാല്‍ ഇഞ്ചിനീരാകുന്നു. ഇല്ലെങ്കില്‍ ബിരുദ വിരുതനാകുന്നു. പ്രത്യേക പരിശീലനത്തിന് തത്കാലം പോകണ്ട .
അവിടുന്ന് കാര്യങ്ങള്‍ക്കു മിന്നല്‍ വേഗമായിരുന്നു. ഗുമസ്തപ്പണിക്ക് ബിരുദം നേടുവാനായിരുന്നു വിക്രമിന് താത്പര്യം. അതും കലാലയങ്ങളില്‍ ഒന്നും പോകാതെ ,കൊട്ടാരത്തില്‍ തന്നെ ഉണ്ടും,ഉറങ്ങിയും ആഘോഷമായിട്ട് വേണം എന്ന മട്ടിലും.അതിനും പരിഹാരം കണ്ടത് ജേഷ്ഠന്‍ തന്നെ .ഉജ്ജയ്നിയിലെ പ്രസിദ്ധമായ ബ്രഹ്മാണ്ഡം സകല കല കേന്ദ്രത്തില്‍ ,ബിരുദം, ആഗോള ഭീമന്‍മാരുടെ വലിയ കണക്കുപ്പിള്ളയാകാനുള്ള പ്രത്യേക താമ്രപത്രം,ഇതിനെല്ലാം പുറമെ വിവര സാങ്കേതിക വിദ്യയുടെ ബാല പാഠങ്ങള്‍ എല്ലാം ചേര്‍ത്ത്, വര്‍ഷം വെറും പതിനയ്യായിരം വരാഹന്‍ എന്ന നിരക്കില്‍ ഒരു പൊതിച്ചോറായി വിതരണം ഉണ്ടത്രേ . പഠിക്കുന്നതോ അത്യുന്നത ബുദ്ധിജന്തുക്കളും .സാധാരണ പനമ്പട്ട മേഞ്ഞ സമാന്തര കലാലയങ്ങളുടെ ലോകത്ത് ഒരു പുതു വിപ്ലവമാണത്രേ ബ്രഹ്മാണ്ഡം .
എന്നാല്‍ മൂന്ന് കൊല്ലം ബിരുദം എന്ന പേരില്‍ കാളകളിച്ച് നടക്കുക എന്ന ഉദ്ദേശം മാത്രമുള്ള വിക്രമിനെ ഇതൊന്നും ആകര്‍ഷിക്കില്ലാ എന്ന് അറിയാമായിരുന്ന ജേഷ്ഠന്‍ ഒരു ഇര കൂടിയിട്ടു . ഉജ്ജയ്നിയിലെ അതി സുന്ദരികള്‍ എല്ലാം ബ്രഹ്മാണ്ടത്തിലാണത്രേ. ആ അമ്പ്‌ കൃത്യമായി ലക്ഷ്യം കണ്ടു .ഫലമോ , മഴക്കാലത്തോടൊപ്പം വിക്രം ബ്രഹ്മാണ്ടത്തിലെത്തപ്പെട്ടു . എന്തെല്ലാം മഹിമ പറഞ്ഞാലും ഒടുവില്‍ ബ്രഹ്മാണ്ഡവും വെറും സമാന്തരമായതിനാല്‍ തനിക്ക് തോന്നുമ്പോള്‍ പോയാല്‍ മതി എന്ന ചിന്തയം ചിന്തയും കുമാരന്‌ ഊര്‍ജ്ജം പകര്‍ന്നു എന്നത് ചരിത്രം.

മൂന്നു നിലകളിലായി , ശീതീകരിച്ച്ച ഗ്രന്ഥ ശാലമുതല്‍ അത്യതുനിക വിവര സാങ്കേതിക വിദ്യാചഷകങ്ങള്‍ നിരന്ന തട്ടകങ്ങള്‍ വരെയുള്ള ഒരു പ്രസ്ഥാനമായിരുന്നു ബ്രഹ്മാണ്ഡം . മഴയില്‍ നിന്നും കെട്ടിടത്തിനുള്ളിലേക്ക് കാല്‍ വെച്ചതും അസന്തുലിതമായി പഞ്ഞി കുത്തിനിറച്ച രണ്ടു മൂന്ന് തലയിണകളാണ് അവന്‍റെ കണ്ണുകളെ സ്വാഗതം ചെയ്തത് . ജീന്‍സ് അണിഞ്ഞ ഉജ്ജയ്നിയിലെ അഭിനവ തരുണികളാണ് എന്ന് ഒരു മാത്ര വൈകി തിരിച്ചറിഞ്ഞപ്പോള്‍ ജേഷ്ഠനെ മിക്കവാറും താന്‍ തട്ടുമെന്ന് വിക്രം ഉറപ്പിച്ചു .
പാഠശാലയില്‍ പ്രവേശിച്ചപ്പോള്‍ ബഹുവിശേഷം .ചുറ്റും അംഗലേയത്തിന്റെ പൊടി പൂരം .അതും കേരള മുഖ്യമന്ത്രി ദക്ഷിണ വെച്ചു പോകുന്ന തരത്തിലുള്ള ഭാഷാ പ്രയോഗങ്ങള്‍ .
' വാക പൂക്കള്‍ പരവതാനി വിരിക്കുന്ന കലാലയ വീഥികളെ അവഗണിച്ച, അഹങ്കാരം മനുഷ്യരൂപമായ നീ ഇവിടെ തന്നെ വന്ന് പെടേണ്ടാവനാകുന്നു. നിന്നെയൊക്കെ തെരുവിന് , തെരുവിന് ആളെ നിറുത്തി തിരണ്ടി വാലിന് കീച്ചണം. ' വിക്രം സ്വന്തം ശ്രദ്ധക്കായി ഒരു കുറിമാനം ഉടനടി അയച്ചു.

നല്ല ചില സുഹൃത്തുക്കളേ ലഭിച്ചില്ലായിരുന്നുവെങ്കില്‍ അന്ന് തന്നെ വിക്രം ബ്രഹ്മാണ്ഡം ഉപേക്ഷിച്ചേനെ . ലഭിച്ച സുഹൃത്തുക്കളില്‍ പ്രമുഖന്‍ കാളിദാസന്‍ . കനത്ത ജുബ്ബ , വെങ്കായ സഞ്ചി തുടങ്ങിയ ബാഹ്യമായ അധമ ലക്ഷങ്ങള്‍ നിറഞ്ഞവനെങ്കിലും നല്ലവന്‍. ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്നവന്‍, ആടിനെ പട്ടിയാക്കി തത്ത്വം വിളമ്പുന്ന കവി . ഒപ്പം പ്രസിദ്ധമായ 'സില്‍വര്‍ പ്ലസ്' എന്ന കുതിര സ്വന്തമായുള്ളവന്‍

.കവിയുടെ ഈ രാജതാശ്വത്തെക്കുറിച്ച് ചരിതങ്ങള്‍ കേള്‍വി കേട്ടവയത്രേ . കവി മുന്‍പ് പഠിച്ചിരുന്ന കലാലയത്തിലെ കുതിരപ്പന്തിക്ക് ഒരിക്കല്‍ തീപിടിച്ച് അവിടുണ്ടായിരുന്ന മറ്റെല്ലാ കുതിരകളും ചാരമായപ്പോളും കവിയുടെ കുതിര മാത്രം ഒരു പോറല്‍ പോലും ഇല്ലാതെ ശേഷിച്ചത്രേ. ഉള്ളില്‍ ഇന്ധനത്തിന്റെ ഒരു തുള്ളിയെങ്കിലും വേണ്ടേ തീ പിടിക്കാന്‍?

ഏതിനും കവിയുമായി പരിചയപ്പെട്ട ശേഷം വൈകുന്നേരങ്ങളില്‍ കൊട്ടാരത്തിലേക്ക് മടങ്ങുന്നത് വിക്രം കവിക്കൊപ്പമാക്കി. വഴി നീളെ ധൂമ്രപാനം . വാനോട്ടം , കൊടും കത്തി ,അങ്ങിനെ ഇളംവെയില്‍ സവാരികള്‍ .ഓടാതെ നില്‍കുമ്പോള്‍ അല്‍പ്പ സ്വല്‍പ്പം ആട്ടം ഉണ്ടെന്നത് ഒഴിച്ചാല്‍ കവിയുടെ കുതിര മിടുക്കനായിരുന്നു. ഇന്ധന ശാലയുടെ മുന്നിലൂടെ വെറുതെ പോയാല്‍ ഒരു കൊല്ലം അവന്‍ ഉഷാറായി ഓടും. അത്രയും കാശ് ആത്മാവിന് പുക ,ചായ ,ചലച്ചിത്രം എന്നിവയിലേക്ക് വകമാറ്റാം.പിന്നെ സ്ഥിരാവസ്ഥയിലെ ചാഞ്ചാട്ടത്തിന് പരിഹാരമായി, തടിയില്‍ തീര്‍ത്ത സമചതുരാകൃതിയിലെ ഒരു കട്ട കവി എപ്പോഴും സൂക്ഷിച്ചിരുന്നു. കുതിര നില്‍ക്കുമ്പോള്‍ അത് കുളമ്പിനടിയിലും,ഓടുമ്പോള്‍ ഇരിപ്പിടത്തിനടിയിലുമായി.

സംഗതികള്‍ ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും കവിയുടെ കുതിരയെ പരിഹസിക്കുന്നവര്‍ ബ്രഹ്മാണ്ഡത്തില്‍ നിരവധിയായിരുന്നു . അവരില്‍ പ്രാധാനി ഉണ്ട വിക്രമന്‍ . പെണ്‍കുട്ടികള്‍ക്കിടയില്‍ ഉണ്ട ആള് കളിച്ചിരുന്നത് കവിയുടെ കുതിരയെ പരിഹസിച്ചു കഥകള്‍ ഇറക്കിയായിരുന്നു . പക്ഷേ ഒന്നിച്ചുള്ള സായാഹ്ന്ന യാത്രകള്‍ തുടങ്ങിയ ശേഷം പരിഹാസികളെ നേരിടുന്നതില്‍ രാജ്കുമാര്‍ വിക്രമും കവിക്കൊപ്പം ചേര്‍ന്നു

"വിക്രമും ,കവിയും ആ കുതിരയില്‍ കയറി പോകുന്നത് കണ്ടാല്‍ ജിറാഫും , ആനയും കഴുതപ്പുറത്ത് പോകുന്നതാണ് ഓര്‍മ്മ വരിക " എന്ന് ദുഷ്പ്രചരണം നടത്തിയ ഉണ്ട വിക്രമനെ ജിറാഫ് വിക്രമന്‍ നേരിട്ടത്‌ " നീ ഏത് കുതിരപ്പുറത്ത്‌ കയറിയാലും സര്‍വ്വേക്കല്ലില്‍ ഓന്തിരിക്കുമ്പോലെ നാട്ടുകാര്‍ക്ക്‌ തോന്നും. ഇതു അതിലും ഭേദമാടാ മാന്ഗോ ഇഡിയറ്റ് ( ബ്രഹ്മാണ്ടത്തില്‍ ആംഗലേയ തെറിക്കായിരുന്നു ചിലവ് ) " എന്ന വാഗ്ധോരണിയാലായിരുന്നു .അങ്ങിനെ കൊണ്ടും,കൊടുത്തും വിക്രമും,കവിയും സന്തോഷപൂര്‍വ്വം ബ്രഹ്മാണ്ഡത്തില്‍ വിഹരിച്ചു .ഒരുമിച്ചുള്ള പ്രത്യാക്രമണങ്ങള്‍ വഴി കുതിരക്കഥകള്‍ അവരേതാണ്ട് ഇല്ലാതാക്കി എന്ന് തന്നെ പറയാം .

സൌഹൃദങ്ങള്‍ മാത്രമായിരുന്നില്ല വിക്രമാദിത്യനെ ബ്രഹ്മാണ്ഡത്തില്‍ തുടരുവാന്‍ പ്രേരിപ്പിച്ചത് .

ഒരു നാള്‍ രാവിലെ പതിവ് കുശലങ്ങള്‍ക്കും പഞ്ചാരകള്‍ക്കും ശേഷം ചലച്ചിത്ര ലോകത്തിന് സംഭാവനകള്‍ നല്‍കിക്കളയാം എന്ന ചിന്തയുമായി ബ്രഹ്മാണ്ഡത്തിന് പുറത്തേക്ക് നടന്ന അവനെ എതിരേറ്റത് തുമ്പിക്കൈ വണ്ണത്തില്‍ ആര്‍ത്ത് പെയ്യുന്ന മഴയായിരുന്നു. പണി തീരാത്ത പുതിയ ഗ്രന്ഥശാലയുടെ മുന്നില്‍ നനയാതെ ഇനിയെന്ത് എന്ന് അന്തിച്ചു നിന്ന വിക്രമിന് മുന്നിലേക്ക് മഴയുടെ തിരശീല വകഞ്ഞ് മാറ്റി, വെള്ള കുട ചൂടിയ ഒരു സുന്ദര ചിത്രം ഓടിക്കയറി വന്നു. അഞ്ചടി ഉയരത്തില്‍ , മിഴികളില്‍ താരാധൂളി തിളങ്ങുന്ന ഒരു വര്‍ണ്ണ ചിത്രം
"എക്സ്ക്യുസ് മീ. ക്യാന്‍ യൂ ഷോ മീ ദ വേ ടൂ ഫസ്റ്റ് ഇയര്‍ ബീ കോം എ ബാച്ച് ?" ചിത്രം കുടമടക്കി വിക്രമിനോട് സംസാരിച്ചു . സാധാരണ മലയാളം അറിയാമെന്ന് അവന് തോന്നുന്ന മറ്റേത് സുന്ദരി വന്ന് അവനോടതേ ചോദ്യം ചോദിച്ചിരുന്നെങ്കിലും തലതിരിഞ്ഞവന്റെ മറുപടി " ലോണ്ട ആ പടികള് നൂത്ത് കേറി പോയി‍. ഒന്നാമത്തെ നെലേല് കണ്ണാടികള് പിടിപ്പിച്ച കതവുകള് നേരെ വന്നൂടും . ലത് തന്നെ ക്ലായ് " എന്നല്ലാതെ മറ്റൊന്നാവില്ലയിരുന്നു. പക്ഷേ സുന്ദര ചിത്രത്തോടുള്ള അവന്റെ മറുപടി ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ നിന്നും നേരിട്ടിറങ്ങി വന്ന മട്ടിലായിരുന്നു "ടേക്ക് ദീസ് സ്റ്റെയെര്സ് ടൂ ദ ഫസ്റ്റ് ഫ്ലോര്‍ . ദേര്‍ അറ്റ്‌ ദ ഫാര്‍ എന്‍ഡ് ഓഫ് ദ ലാന്‍ഡിങ്ങ് യൂ വില്‍ സീ എ ഗ്ലാസ് ഡോര്‍ .ദാറ്റ് ഈസ് ദ ക്ലാസ് യുവാര്‍ ലൂക്കിംഗ് ഫോര്‍"
നന്ദി പറഞ്ഞ്, പുഞ്ചിരിയുടെ ദീപ്തിയാല്‍ അവന്‍റെ കണ്ണ് തള്ളിച്ച് സുന്ദരി പടിക്കെട്ടുകള്‍ കയറുന്നത് കെട്ടിയിട്ട കാള കച്ചിക്കെട്ട് നോക്കും വിധം നില്‍ക്കവേയാണ് തന്‍റെ പാഠശാലയിലേക്കുള്ള വഴി തന്നെയാണ് അവള്‍ ചോദിച്ചത് എന്ന വെളിവ് വിക്രമിന്‍റെ തലയില്‍ വീണത്‌ .

തത്പുരുഷന്‍ പിന്നാലെ കുതിച്ചത് മനോവേഗത്തില്‍ .

പാഠശാലയില്‍ പകല്‍ ഒന്‍പതര മണിക്ക് മഴയത്തും , വെയിലത്തും പതിവില്ലാത്ത വിക്രമദര്‍ശനം ലഭിച്ച സഹപാഠികള്‍ കുരവയിട്ടും, കൈയടിച്ചുമാണ് സംഭവത്തെ സ്വീകരിച്ചത് . പെണ്‍കുട്ടികളുടെ ഇടയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച സുന്ദര ചിത്രത്തിന്‍റെ ചാരുതയില്‍ മയങ്ങി വസന്ത വന്ന കോഴിയെപ്പോലായ കുമാരന്‍ അതൊന്നും അറിഞ്ഞതേയില്ല . അതിന് ശേഷം അന്ന് വൈകുവോളം അവിടെ നടന്ന മറ്റൊന്നും അവന്‍റെ ശിരോരോമത്തില്‍ പോലും സ്പര്‍ശിച്ചില്ല .

ശ്രദ്ധ നവ സുന്ദരിയില്‍ മാത്രം .വൈകുന്നേരമായപ്പോഴേക്കും സുന്ദരിയുമായി മോശമല്ലാത്ത ഒരു സൌഹൃദം വിക്രം സ്ഥാപിച്ചെടുത്തു .
"ആന്‍ മേരി ,ആന്‍ മേരി യു ആര്‍ സൊ ഡിലിഷ്യസ്.
ഐ ലവ് യു മോര്‍ തന്‍ ആള്‍ ദ അദര്‍ ഫിഷെസ്സ് " എന്നെല്ലാം തമാശ രൂപേണ പാടി പ്രീതി സമ്പാതിക്കുകയും ചെയ്തു .
തൃശ്ശൂര്‍ സ്വദേശിനി സുന്ദരിയുടെ പേര് ആന്‍ മേരി . എലിസബെത്ത് രാജ്ഞി സ്വന്തം അമ്മായിയാണെന്നുള്ള ഭാവം ഉത്ഭവിക്കുന്നത് സ്വായത്തായ മോശമല്ലാത്ത ബുദ്ധിയില്‍ നിന്നും,അതിലുപരി താന്‍ സുന്ദരിയാണ് എന്ന തിരിച്ചറിവില്‍ നിന്നുമാണെന്ന് വിക്രമിന് മനസിലായി

കവി കാളിദാസന്‍ വന്നു വിളിച്ചില്ലായിരുന്നുവെങ്കില്‍ അന്ന് കൊട്ടാരത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് അവന്‍ ചിന്തിക്കുക പോലും ചെയ്യുമായിരുന്നില്ല.
മടക്കത്തിന് മുന്പ് പതിവുള്ള ചായക്കോ ,പുകയ്ക്കോ പോലും വിക്രമിന്‍റെ തരള മാനസ്സത്തില്‍ പെയ്യുന്ന പ്രണയത്തില്‍ നിന്നും അവനെ മുക്തനാക്കുവാന്‍ കഴിഞ്ഞില്ല. സുരുക്കമാ സൊന്നാ , 'നല്ലായിരുന്ത പയല്‍ കാടേറിയാച്ച്' .
തിരികെ കവിയുടെ കുതിരക്കരുകിലെത്തിയപ്പോഴും വിക്രം സ്വപ്നങ്ങളില്‍ ആന്‍ മേരിയെ പ്രണയിക്കുകയായിരുന്നു .
ഉണ്ട വിക്രമനും , അവന്‍റെ കൂട്ടുകാരികളായ ഒരു പറ്റം തലയിണകളും എത്തി കവിയുമായി കുശലം പറഞ്ഞ് നില്‍ക്കുമ്പോള്‍ കുമാര്‍ വിക്രം ഏഴാം സ്വര്‍ഗത്തിലേക്കുള്ള വിമാനത്തില്‍ .
പക്ഷേ കവി കുതിര മുന്നോട്ടു നീക്കി "കയറെടാ" എന്ന് മൊഴിഞ്ഞപ്പോള്‍ വിക്രമിന് സ്ഥല കാല ബോധം പതിവിലും അല്‍പ്പം കൂടുതലായി വീണ്ടു കിട്ടി . കാല്‍കീഴില്‍ കിടന്നിരുന്ന ചെറിയ തടിക്കട്ട കുനിഞ്ഞെടുത്ത് "ഡായ്, കുതിരയുടെ അട എടുക്കുന്നില്ലേ?" എന്ന് കവിയോടു ഒരു ചോദ്യം .
ഏറെ ദിവസങ്ങള്‍ സംയമനം പാലിച്ച് പോന്നിരുന്ന ഉണ്ടയും സംഘവും അതോടെ പൊട്ടിത്തെറിച്ചു.

കവി പൊന്നു പോലെ സൂക്ഷിക്കുന്ന ആ തടിക്കട്ട ഉയര്‍ത്തിപ്പിടിച്ച് വിക്രം നിഷ്കളങ്കനായി നില്‍കുമ്പോള്‍ ഉണ്ടയും സംഘവും കവിയെ വലിച്ചു കീറി ചുവരുകളില്‍ പതിക്കുകയായിരുന്നു .
"ആക്രി , ചടാക്ക്‌ , പേട്ട്..." തുടങ്ങിയ വാക്കുകള്‍ സ്വന്തം കുതിരയുടെ വിശേഷണങ്ങളായി തരുണീമണികള്‍ക്ക് മുന്നില്‍ വെച്ച് കേള്‍ക്കേണ്ടി വരുകയും തിരിച്ചു ഒരക്ഷരം മിണ്ടാന്‍ സാധിക്കാതാവുകയും ചെയ്യുന്ന ഒരു പതിനെട്ടുകാരന്‍ എന്ത് ചെയ്യും ? .
അവന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല . ആവിയായി മറയണമോ അതോ ഉരുകിയൊലിച്ച് അപ്രത്യക്ഷമാകണോ എന്ന് ചിന്തിക്കനല്ലാതെ .
ഏറെ നേരത്തെ താണ്ടവത്തിന് ശേഷം ഉണ്ടയും സംഘവും കവിയെ മോചിപ്പിച്ചു . കവി വിക്രമിനെ ഒന്ന് നോക്കി . തടിക്കട്ട അപ്പോഴും ആ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച നിലയില്‍ സുരക്ഷിതം .
കവി ഒന്നും മിണ്ടാതെ അത് വാങ്ങി ഇരിപ്പിടത്തിനടിയിലേക്ക് എറിഞ്ഞു .
"അളിയാ ...ഒരബദ്ധം... " അത്രയേ വിക്രമിന്‍റെ നാവില്‍ നിന്നും പുറത്തു വന്നുള്ളൂ
"സ്വര്‍ണ്ണം കൊണ്ടാണോടാ കഴുവേറി ആ കട്ട ഉണ്ടാക്കിയിരിക്കുന്നത് ? അത് ഇന്നു ഇവിടെ കിടന്നാല്‍ ആരെങ്കിലും ചുമന്നോണ്ട് പോകുമോ ? ഒരിക്കലും ഇല്ലാത്ത ഉപകാരം ഇന്നു കൃത്യമായി ഉണ്ടാക്കിയിരിക്കുന്നു മരപ്പട്ടി . അതും ആ കാലമാടന്റെ മുന്നില്‍ വെച്ച് തന്നെ " കവി പ്രകോപിതനായി തുരു തുരാ വെടിയുതിര്‍ത്തു . വിക്രം നിശബ്ദന്‍ . പിന്നെ ബ്രഹ്മാണ്ഡം മുതല്‍ കൊട്ടാരം വരെ കവി വിക്രമിനെ അഭിനവ ഭാഷ നിഘണ്ടു പഠിപ്പിക്കുകയായിരുന്നു . അപൂര്‍വ്വം ചില തെറികള്‍ വളരെ പുതുമയുള്ളവയായിരുന്നെങ്കിലും ഏറിയ പങ്കും പാരമ്പര്യത്തോട് നീതി പുലര്‍ത്തിയവ തന്നെയായിരുന്നു .