Monday, February 2, 2009

ക്രിസ്റ്റി നീലകണ്ഠന്‍

ലൈല - മജ്നു , സോണീ - മഹിവാല്‍, ഹീര്‍ - റാന്ച്ചാ തുടങ്ങിയവരുടെ പ്രണയങ്ങള്‍ ചരിത്രമായത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ക്രിസ്റ്റി നീലകണ്ഠന്‍ ഉത്തരം പറയുക " ഈ കഥകളിലൊന്നും പ്രണയിനിയുടെ പിതാവ് ഫിലിപ്പ് മലമേല്‍ എന്ന പിന്തിരിപ്പനല്ലാത്തതിനാലും , അന്നൊന്നും മാരുതി എന്ന രഥം കണ്ടു പിടിച്ചിട്ടില്ലത്തതിനാലും " എന്നാവും .

എല്ലാ കഥയും ഏതെങ്കിലും കാലത്ത് നടക്കണം എന്നതിനാല്‍ മാത്രം, ഈ കഥ നടക്കുന്നത് ഉജ്ജയ്നിയിലെ ദ്വിതീയ രാജ്കുമാര്‍ വിക്രം ഗാല്‍ഗുത്താന്‍ കലാലയത്തോട് വിടപറഞ്ഞ് ബ്രഹ്മാണ്ഡം എന്ന സമാന്തരത്തില്‍ ചേക്കേറിയ കാലത്താണ്

ഗാല്‍ഗുത്താന്‍ കലായലങ്ങളുടെ കലാലയമായിരുന്നെങ്കില്‍ വൈചിത്ര്യങ്ങളുടെ ലോകമായിരുന്നു ബ്രഹ്മാണ്ഡം . അന്നോളം കേട്ടും കണ്ടുമറിഞ്ഞ സമാന്തര കലാലയങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തം .പക്ഷേ ദിനാന്ത്യത്തില്‍ ഊതിപ്പെരുപ്പിച്ച ഒരു സമാന്തരം . ഒന്നാം വര്‍ഷ ബിരുദത്തിന് നാല് പാഠശാലകളിലായി രാജ്കുമാര്‍ വിക്രമുത്പ്പടെ മുന്നൂറിലധികം അധികപറ്റുകള്‍. അതില്‍ ഭൂരിപക്ഷത്തിന്റെയും ഭാവവും , ചിന്തയും 'ഇവിടുന്നങ്ങോട്ട്‌ പഠിച്ചിറങ്ങിയാല്‍ ഉടന്‍ ദിഗ്വിജയവും , രാജസൂയവും കഴിഞ്ഞിട്ടേ മറ്റ് പരിപാടിയുള്ളൂ ' എന്നും.

ഓരോ പാഠശാലകളിലും വ്യത്യസ്ത അഭിരുചിക്കാരുടെ പ്രത്യേകം സംഘങ്ങള്‍ . പരസ്പരം കണ്ടാല്‍ പുച്ഛത്തോടെയല്ലാതെ തമ്മില്‍ നോക്കാതത്ത്ര സ്നേഹമായിരുന്നു ഇവര്‍ തമ്മില്‍ . പക്ഷേ ഈ സംഘങ്ങളില്‍ ഒട്ടുമിക്കവയിലും പ്രവേശനമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു വിക്രം.
വയ്യാവേലികള്‍ ഇങ്ങോട്ടന്വേശിച്ച് വന്നില്ലെങ്കില്‍ അവയ്ക്ക് പത്രത്തില്‍ സ്വാഗത പരസ്യം നല്‍കുന്ന കുമാരന്റെ തങ്കപ്പെട്ട സ്വഭാവമാണ് ഈ സ്വീകാര്യതയുടെ കാരണം എന്നൊരാക്ഷേപം മാതാജി വക ഉണ്ടായിരുന്നത് ,ആ കാലഘട്ടത്തില്‍ രാജ്കുമാര്‍ അവഗണിച്ചിരുന്നു.
സത്യം എന്തായാലും ,ക്രിസ്റ്റി നീലകണ്ഠന്‍ എന്ന പ്രണയ രോഗി വിക്രമിന്‍റെ ഉറ്റ സുഹൃത്തായത് ഈ സ്വീകാര്യത കാരണമായിരുന്നു.

ബ്രഹ്മാണ്ഡത്തില്‍ പഞ്ചാര സംഘത്തിലെ പ്രമുഖരില്‍ ഒരാളായിരുന്നു, ഒരു ഹൈന്ദവ-ക്രൈസ്തവ പ്രണയത്തിനെ ഉപോത്പന്നമായ ക്രിസ്റ്റി നീലകണ്ഠന്‍. സുന്ദരന്‍ ,സുമുഖന്‍, വീട്ടില്‍ ആവശ്യത്തിലേറെ എണ്ണപ്പണം.

പൊതുവേ പഞ്ചാരയായ ക്രിസ്റ്റിയുടെ ഹൃദയം കോട്ടയത്തുകാരി റീന ഫിലിപ്പ് പൂര്‍ണ്ണമായി കവരുന്നത്തോടെ ഉദ്വേഗജനകമായ ഒരു പ്രണയ കഥക്ക് തുടക്കമായി. പക്ഷേ അതിനുശേഷം എല്ലാ കൌമാരക്കാരന്റെയും പോലെ ക്രിസ്റ്റി നീലകണ്ടന്റെ ജീവിതകഥയും പ്രണയത്താല്‍ സുരഭിലമായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ , പറഞ്ഞവന്റെ കഥ വിക്രം അവിടെ കഴിക്കുമായിരുന്നു.ഒരോരുത്തന്റെ പ്രണയം സുരഭിലമാക്കുവാന്‍ അവന്‍റെ സുഹൃത്തുക്കള്‍ക്കുണ്ടാവുന്ന ധന നഷ്ടം ,മാനഹാനി ഇവയൊക്കെ പറയാനുള്ള ചരിത്രം ആദ്യം ഉണ്ടാക്കിയിട്ട് ലൈലാ മജ്നു കഥ പറയണം എന്നതായിരുന്നു വിക്രമിന്‍റെ പൊതുവായ അഭിപ്രായം .

ക്രിസ്റ്റി - റീന പ്രണയത്തിന്റെ ആരംഭം വിക്രമിലൂടെ തന്നെയായിരുന്നു.

സ്വന്തം സ്വപ്ന സുന്ദരി ആന്‍ മേരിയെ തന്‍റെ പ്രണയം അറിയിക്കേണ്ട നൂറു വഴികള്‍ എന്ന പുസ്തകത്തിന്റെ കരട് രേഖ വിക്രം മനസ്സില്‍ തയാറാക്കിക്കൊണ്ടിരിക്കെയാണ് പതിത വദനവും, ഉടഞ്ഞ മനസുമായി ക്രിസ്റ്റി അവനുരുകില്‍ എത്തുന്നത്.

മിണ്ടാതെ സ്വന്തം കാര്യം നോക്കിയിരുന്നെന്കില്‍ അവന്റെസ്വന്തം പ്രണയം വേഗം പുരോഗമിക്കുമായിരുന്നു. പക്ഷെ അങ്ങനെ ചെയ്‌താല്‍ അവന്‍ വിക്രമാകില്ലല്ലോ ? അത് കൊണ്ട് കാര്യം അന്വേഷിച്ചു.
"നീ റീന ഫിലിപ്പിനെ അറിയില്ലേ ?"
ഇന്നത്തെ നടി നമിതയുടെ അന്നത്തെ അഞ്ചേകാലടിയുള്ള കീശപ്പതിപ്പായ അവളെ അറിയാത്തതായി ആണായ് പിറന്നവന്‍ യാര്‍ എന്ന മറുചോദ്യം വിക്രമും ചോദിച്ചു .
കുരുക്കെന്തെന്നാല്‍ ക്രിസ്റ്റിക്ക് റീനയോട് പ്രേമം . പക്ഷെ പെണ്ണ് അവനെ തിരിഞ്ഞ് നോക്കുന്നില്ല .
" പരിഹാരമുണ്ടാക്കാം " വിക്രം സുഹൃത്തിന് വാക്ക് കൊടുത്തു. തുടര്‍ന്ന് ക്രിസ്റ്റിയുടെ പ്രണയകഥയിലേക്ക് മുതലകൂപ്പ് കുത്തുകയും ചെയ്തു.

വിക്രം വക സന്ധി സംഭാഷണങ്ങള്‍ക്കൊടുവില്‍ റീനയും, ക്രിസ്റ്റിയും ബ്രഹ്മാണ്ഡത്തിലെ ഒരൊഴിഞ്ഞ പാഠശാലയില്‍ വെച്ച് തമ്മില്‍ കണ്ടു മുട്ടി.അവിടെ വെച്ച് ക്രിസ്റ്റി തന്‍റെ പ്രണയം തുറന്നു പറഞ്ഞു.പെണ്ണ് വഴങ്ങിയില്ല. തുടര്‍ന്ന് പൊട്ടിക്കരച്ചില്‍. കരഞ്ഞത് പെണ്ണല്ല ,ക്രിസ്റ്റിയായിരുന്നു.

ഇനി ഒഴിഞ്ഞ പാഠശാലയില്‍ താനവനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരും തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയിട്ടോയേന്തോ, ഒടുവില്‍ റീന ക്രിസ്റ്റിയുടെ പ്രണയം സ്വീകരിച്ചു .

പ്രണയാര്‍തഥീയായി പോയി പ്രണയിതാവായ് നിറഞ്ഞ ചിരിയോടെയാണ്‌ ക്രിസ്റ്റി വിക്രമിനരുകില്‍ മടങ്ങിയെത്തിയത് .
"ഡാ 'പു' ന്നകൈ മന്നാ, എന്തിനാടാ കരഞ്ഞത്?" വിക്രം ചോദിച്ചു
"നീ കണ്ടാ?" ക്രിസ്റ്റിയുടെ മുഖത്ത് തേഞ്ഞ ചിരി.
ചോദ്യത്തിന് വിക്രമില്‍ നിന്നും പ്രാസമൊത്ത തെറിയോന്ന് മറുപടിയായി കിട്ടിയെങ്കിലും , അന്നോടെ ക്രിസ്റ്റിയുടെ പ്രണയം കൂകി പാഞ്ഞ് തുടങ്ങി.കണ്ണില്‍ ,കണ്ണില്‍ നോക്കിയിരിക്കല്‍,മരം ചുറ്റിയോടല്‍,യുഗ്മഗാനം എന്നിവ ആവശ്യത്തിലധികമുള്ള, അസ്ഥിക്ക് പിടിച്ച തകര്‍പ്പന്‍ പ്രണയം.

പ്രണയ കഥയാകുമ്പോള്‍ വില്ലന്‍ വേണം എന്നതിനാല്‍ ക്രിസ്റ്റിയുടെയും റീനയുടെയും തീവ്ര പ്രണയ കഥയിലേക്കും ഒരു വില്ലന്‍ കടന്നു വന്നു. അതിന് വഴി മരുന്നിട്ടത് റീനയുടെ അമേരിക്കന്‍ പിതാവ് (തെറ്റിദ്ധരിക്കരുത് , പെണ്ണിന് വേറെ ഇന്ത്യന്‍ പിതാവു ഒന്നുമില്ല.ഉള്ള പിതാവ് അന്ന് അമേരിക്കയിലായിരുന്നു എന്ന് മാത്രം. ) ഫിലിപ്പ് മലമേല്‍ .ആ മരുന്നിട്ട വഴി ക്രിസ്റ്റിക്ക് വില്ലനായി വന്നതോ? മാരുതി എന്ന് നാമമുള്ള രഥവും .
അമേരിക്കക്കാരന്‍ അത്തവണ അവധിക്കു വന്നത് നേരെ പെങ്ങളുടെ വീട്ടില്‍ താമസിച്ചു ബ്രഹ്മാണ്ഡത്തില്‍ പഠിക്കുന്ന മകളെയും ഒപ്പം കൂട്ടി കോട്ടയത്തെ തറവാട്ടിലേക്ക് പോവുക എന്ന ഉദ്ദേശത്തിലായിരുന്നു .

റീന പിതാവിനൊപ്പം കോട്ടയത്തേക്ക് പോയാല്‍ പിന്നെ ആഴ്ച്ച രണ്ടു കഴിഞ്ഞേ തമ്മില്‍ കാണുവാന്‍ സാധിക്കു എന്നോര്‍ത്ത് കാമുക ഹൃദയങ്ങള്‍ വിങ്ങി .
അനന്തര ഫലമോ , രണ്ടാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന ഒരുവന്‍റെ യന്ത്രക്കുതിരയെ വിക്രമിനെക്കൊണ്ട് കടം വാങ്ങിപ്പിച്ച് , ക്രിസ്റ്റി അന്ന് റീനയെ വീട്ടില്‍ കൊണ്ടു വിടുവാന്‍ തീരുമാനിച്ചു.

സാഹസത്തിന് മുതിര്‍ന്നതോ മുതിര്‍ന്നു. എന്നാല്‍ വീടിനു അടുത്തുള്ള വല്ല കവലയിലും പെണ്ണിനെക്കൊണ്ടിറക്കിയിട്ട് തിരികെപോരാനുള്ളതല്ലേ ? ചെയ്തില്ല .
മാടപ്രാവുകള്‍ കൊക്കുരുമി ചെന്നു നിന്നതോ? . പെങ്ങളുടെ അയല്‍ക്കാരെ അമേരിക്കന്‍ കുട്ടി നിക്കറും ,കയ്യില്ലാത്ത മേല്‍കുപ്പായവും കാണിക്കാന്‍ വീടിന് പുറത്തിറങ്ങിയ മാടനായ അമേരിക്കകാരന്റെ മുന്നിലും . വരാനുള്ളത് വഴിയില്‍ തങ്ങുമോ എന്ന് ചോദിച്ചാല്‍ ...ഇല്ല, അത് അമേരിക്കേന്നാണേലും വിമാനം കയറി ഉജ്ജയ്നിയില്‍ എത്തും.

മകളെ കാമുകനോപ്പം കണ്ട സന്തോഷത്തില്‍ ഫിലിപ്പ് മലമേല്‍ ,ക്രിസ്റ്റിക്ക് നേരെ കുതിച്ചത് കോട്ടയമച്ചായനായ് കോടാലി എടുത്താണോ, അതോ അമേരിക്കകാരനായി ആധുനിക ആയുധങ്ങളുമായാണോ എന്നതിന് ചരിത്ത്രത്തില്‍ ഉത്തരമില്ല. പക്ഷെ അങ്ങേര്‍ കുതിച്ചു എന്നത് സത്യം.കാരണം അങ്ങോട്ട് പോകാന്‍ അരമണികൂറിലേറെ സമയമെടുത്ത ക്രിസ്റ്റി ,പത്തേ പത്തു നിമഷത്തില്‍ ബ്രഹ്മാണ്ഡത്തില്‍ തിരികെയെത്തി .

ഏതിനും, അതായിരുന്നു ബ്രഹ്മാണ്ഡത്തില്‍ റീനയുടെ അവസാന ദിവസം . അമേരിക്കക്കാരന്‍ ചില്ലറ പ്രാദേശിക അന്വേഷണം നടത്തിയതില്‍ നിന്നും തന്‍റെ മകളും ക്രിസ്റ്റി നീലകണ്ഠന്‍ എന്ന സുമുഖനും ഒരു കുഴിയില്‍ ചാകുവാന്‍ നടക്കുകയാണ് എന്ന് ബോധ്യപ്പെട്ടു. രാത്രിക്ക് രാത്രി റീന ഉജ്ജയ്നിയില്‍ നിന്നും രഹസ്യമായി കടത്തപ്പെട്ടു.
ക്രിസ്റ്റി നീലകണ്ഠന്‍ ,പരീക്കുട്ടി നീലകണ്ഠനായ ദിവസങ്ങളായിരുന്നു ബ്രഹ്മാണ്ഡത്തില്‍ പിന്നെ . അവന്‍റെ 'മനസ മൈന 'ക്ക് മുഴുവന്‍ സമയ കേള്‍വിക്കാരനാവേണ്ടി വന്നതോ , വിക്രമും.
ഒടുവില്‍ സഹികെട്ട് വിക്രം പെണ്‍കുട്ടിയെ കണ്ടു പിടിക്കാം എന്നവന് വാക്ക് കൊടുത്തു. ബ്രഹ്മാണ്ഡത്തിലെ സ്ത്രീ സൌഹൃദങ്ങള്‍ മുതലാക്കി പെണ്ണിന്റെ അമ്മായിയുടെ നിന്നും തന്നെ രഹസ്യം ചോര്‍ത്തുകയും ചെയ്തു.
പെണ്ണ് അമ്മയുടെ നാടായ മാവേലിക്കര രാജ്യത്തെ ബിഷപ്പിന്റെ സ്വന്തം കലാലയത്തില്‍, ഡോളറിന്റെ ബലത്തില്‍ , ബുരുദത്തിന് ചേര്‍ക്കപ്പെട്ടിരിക്കുന്നു.

അറിഞ്ഞ പാടെ ക്രിസ്റ്റിക്ക് മാവേലിക്കരക്ക് പോകണം. വിക്രം കൂടെ ചെല്ലുകയും വേണം. പിന്നെ മാവേലിക്കര പിടിച്ചടക്കാനുള്ള ഒരുക്കങ്ങളായി . യാത്രയ്ക്കു വിക്രമിന്റെ സംഭാവനകള്‍ ഒരു സുഹൃത്തിന്റെ വക മാരുതി രഥം ഇരന്ന് വാങ്ങുക, പലയിടത്തും നിന്നായി നാലായിരം വരാഹന്‍ കടം വാങ്ങുക , ആ നാലായിരത്തില്‍ നിന്നും തൊള്ളായിരമെടുത്തു ക്രിസ്റ്റി , പ്രണയിനിയെ കാണുമ്പോള്‍ സമ്മാനിക്കുവാനായ് വാങ്ങിയ ചുരിദാര്‍, രണ്ടു ദിവസം കൊട്ടാരത്തില്‍ രഹസ്യമായി സൂക്ഷിക്കേണ്ട ചുമതല വഹിക്കുക, അങ്ങിനെ തുലോം നിസാരമായിരുന്നു .

നിശ്ചിത ദിവസം അതിരാവിലെ വിക്രമും ക്രിസ്റ്റിയും യാത്ര തിരിച്ചു . സാരഥി ക്രിസ്റ്റി. വിക്രം യാത്രയിലുടനീളം അവന്‍റെ പ്രണയത്തിന്റെ മധുരിക്കും ഓര്‍മകളുടെ ഇര.

ഒരു മാസം നീണ്ട പ്രണയത്തിനിടക്ക് അവര്‍ പോയ ഭക്ഷണശാലകള്‍.കയറിയ വണ്ടിയുടെ ഇരിപ്പിട വര്‍ണനകള്‍, റീന അവനോടു പറഞ്ഞ തമാശകള്‍ എന്നിവ കേട്ട് വിക്രം ബോധക്കേടിന്റെ വക്കിലെത്തിയപ്പോള്‍ രഥം മാവേലിക്കര രാജ്യത്ത് പ്രവേശിച്ച് കഴിഞ്ഞിരുന്നു.

ബിഷപ്പിന്റെ സ്വന്തം കലാലയത്തില്‍ റീനയെ കണ്ട് പിടിക്കാന്‍, അവിടുത്തെ വല്യേട്ടന്മാരുടെ രൂക്ഷമായ നോട്ടങ്ങള്‍ കണ്ടില്ലെന്നു നടിച്ച്, വിക്രമും ക്രിസ്റ്റിയും അന്വേഷണം തുടങ്ങി. ഒടുവില്‍ സുന്ദരിയെ കണ്ടെത്തുക തന്നെ ചെയ്തു.

തമ്മില്‍ കണ്ടപാടെ ക്രിസ്റ്റിയും റീനയും തമ്മില്‍ ഒടുക്കത്തെ ചര്‍ച്ച തുടങ്ങി. അപ്പോള്‍ വിക്രം അല്‍പ്പം ദൂരെ മാറി, ഉജ്ജയ്നിയില്‍ തന്നെ നല്ലയിനം തല്ല് കിട്ടുമായിരുന്നിട്ടും മാവേലിക്കര വരെ അതന്വേഷിച്ച് വരേണ്ട കാര്യമുണ്ടായിരുന്നോ എന്ന ചലച്ചിത്ര ചിന്തയുമായി, തല്ല് വരുന്നത് അമേരിക്കന്‍ ഗുണ്ടകളായിട്ടോ, അതോ അന്യരായ രണ്ടു സുന്ദരന്മാര്‍ കലാലയത്തില്‍ക്കടന്നു ഒരു പെണ്ണിനെ വളക്കാന്‍ ശ്രമിക്കുന്നത് മണത്തറിഞ്ഞ അവിടുത്തെ പിള്ളാരുടെ രൂപത്തിലോ എന്ന് നിരീക്ഷിച്ച് നില്‍ക്കുകയായിരുന്നു .

ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ ക്രിസ്റ്റി വാ വിട്ടു കരയുന്നത് വിക്രം കണ്ട്. "നാലഞ്ച് ദിവസം തമ്മില്‍ കാനതിരുന്നതിന്റെ സങ്കടമാകും. നീയാണെടാ യഥാര്‍ത്ഥ പ്രേംജി. " വിക്രമിന് സുഹൃത്തിനെ മനസ്സില്‍ അഭിനന്ദിക്കാതിരിക്കനായില്ല. അഭിനന്ദിച്ച് നിന്നാല്‍ ചിലപ്പോള്‍ തല്ല് വരുന്ന വഴി അറിയുവാന്‍ കഴിയില്ല എന്നതിനാല്‍ വിക്രം പെട്ടെന്ന് തന്നെ നിരീക്ഷണത്തിലേക്ക് മടങ്ങി.

ഒരു മണികൂറോളം എടുത്തു ക്രിസ്റ്റി റീനമാരുടെ അഭിമുഖം അവസാനിക്കാന്‍ . റീന അന്ന നടയില്‍ പാഠശാലയിലേക്ക് ഗമിച്ചപ്പോള്‍ ,നടുവിനടി കൊണ്ട പാമ്പിനെക്കാളും പ്രയാസത്തോടെ ക്രിസ്റ്റി വിക്രമിനരുകിലേക്ക് വന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളാല്‍ ഇടക്കിടെ അവന്‍ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. "എന്താടാ ,അവളെ അവളുടെ തന്തപ്പടി പറഞ്ഞു വിരട്ടി നിറുത്തിയിരിക്കുകയാണോ?" സുഹൃത്തിന്റെ അവസ്ഥ കണ്ട് വിക്രം തല്ലിനെ മറന്ന് സഹസികതകളെക്കുറിച്ച് ചിന്തിച്ച നിമിഷങ്ങള്‍.
ക്രിസ്റ്റി ഒന്നും മിണ്ടാതെ വിക്രമിനെ കടന്ന് മുന്നോട്ടു നടന്നു . ചോദ്യങ്ങളുമായി വിക്രം പിന്നാലെ .

ക്രിസ്റ്റി നിശബ്ദന്‍ . ഇനി അച്ചായന്‍ ക്രിസ്റ്റിയെ തട്ടിക്കളയും എന്നോ മറ്റോ പറഞ്ഞു റീനയെ ഭയപ്പെടുത്തിയോ എന്ന് വിക്രം മനസില്‍ ചിന്തിക്കുകയും,അവര്‍ വന്ന മാരുതി രഥത്തിന് മുന്നിലെത്തിയ ക്രിസ്റ്റി പെട്ടെന്ന് നിന്നു. പിന്നെ വലം കാലുയര്‍ത്തി രഥത്തിന്റെ ചക്രത്തില്‍ ആഞ്ഞൊരു ചവിട്ട്‌."ഡാ ...നിനക്കു ഭ്രാന്ത് പിടിച്ചോ ? വണ്ടി വല്ലവന്റെയുമാണ് , അതോര്‍മ്മ വേണം " വീണ്ടും രഥത്തിനെ തൊഴിക്കാന്‍ ഒരുങ്ങിയ ക്രിസ്റ്റിയെ ബലം പ്രയോഗിച്ച് രഥത്തില്‍ നിന്നും അകറ്റുന്നതിനിടെ വിക്രം പറഞ്ഞു .
"ഈ നശിച്ച വണ്ടി കാരണമാട അവള്‍ ...." ക്രിസ്റ്റിയുടെ ഗദ്ഗദം
"എന്തേ? പിന്നെ മഹാറാണിയെ കാണാന്‍ ബെന്‍സില്‍ വരണമായിരുന്നോ?" വിക്രം കുപിതനായി.

എന്നാല്‍ ക്രിസ്റ്റി അത് കേട്ടില്ല. മാരുതിയെ പകയോടെനോക്കി നിന്നയവന്‍ പെട്ടെന്ന് വിങ്ങിപ്പൊട്ടി. " എന്‍റെ സ്നേഹത്തിന് ... ഒരു വിലയുമില്ലേ അളിയാ? എന്തെല്ലാമായിരുന്നു അവള്‍ എന്നോട് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോ...."
"നീ കരയാതെ കാര്യം പറ . നമുക്ക് പരിഹാരം ഉണ്ടാക്കാം. " വിക്രം അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"എന്ത് പരിഹാരം? ഒരു മാരുതി വാങ്ങാനുള്ള കാശ് ഇപ്പം നിന്‍റെ കൈയിലുണ്ടോ ?"
"ഇനി വേറെ മാരുതിയാ?? " വിക്രം അമ്പരന്നു

" പഠിച്ച് ഒന്നാന്തരമായ് ജയിച്ചാല്‍... അവളുടെ തന്ത അവള്‍ക്ക് ഒരു മാരുതി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടത്രേ . അതുകൊണ്ട് ഞാന്‍ അവളെ മറക്കണം എന്ന് .... "

സുഹൃത്ത് വിങ്ങിക്കരയുമ്പോള്‍ പൊട്ടിച്ചിരിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി മാത്രം വിക്രം പൊട്ടിത്തെറിക്കാന്‍ വെമ്പിയ ചിരി ബദ്ധപ്പെട്ടടക്കി .
അമേരിക്കന്‍ അച്ചായന്‍ മാരുതി കയറ്റിക്കൊന്ന പ്രണയത്തിന്റെ ആ ജഡത്തെ ഏറെ പണിപ്പെട്ട് രഥത്തില്‍ പിടിച്ച് കയറ്റുമ്പോള്‍ , സമ്മാനം വാങ്ങിയ ചുരിദാര്‍ ഇനി താനിടുമോ അതോ ക്രിസ്റ്റിയിടുമോ എന്നത് മാത്രമായിരുന്നു വിക്രമിന്‍റെ ചിന്ത .

18 comments:

:: VM :: said...

കലക്കീരാ മോനേ ;)

ഇത്ര ചെറ്യേ സംഭവം ഇതുപോലൊന്നാക്കീലോ! ഉഗ്രന്‍!

...... said...

നല്ല രസികന്‍ പോസ്റ്റ്

Aadityan said...

തങ്ങള്‍ അന്തരിച്ചോ എന്ന് സംശയിച്ചു .ജീവനോടെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം . പോസ്റ്റ് നന്നയിതുണ്ട് . പക്ഷെ സമയ ദൈര്‍ക്യം എത്രയും വേണോ ? തിരക്കുകള്‍ ഉണ്ടാക്കാം. എന്നാലും ഞങ്ങള്‍ പാവം വയനകരല്ലേ ഒന്നു പരിഗണിക്കണം രാജാവേ

മേരിക്കുട്ടി(Marykutty) said...

പോസ്റ്റ് കലക്കി!

ബഹുവ്രീഹി said...

ബിഖ്രമാധിത്യാ.. വ്യ്യാഘ്രമാദിത്യാ..

അസ്സലായി. രസ്സ്യൻ പോസ്റ്റ്.



ഹ്മ്.. ന്ന്ട്ട്? ചുരിദാരം എന്തു ചെയ്തു?

കുഞ്ഞാപ്പി said...

വിക്രമാ… ആ ചുരിദാർ രാജാവെടുത്തു റാണിക്കു കൊടുത്തോ…? അതോ വല്ല തോഴിമാർക്കും കൊടുത്തോ…???

രാജേഷ് പയനിങ്ങൽ said...

കലക്കി കുമാരാ...
ബ്രഹ്മാണ്ഡ ചരിത്രം ഓരോന്നായി പോരട്ടെ.

[ boby ] said...

അലക്കി പൊളിച്ചു ട്ടാ... ആ ചുരിദാര്‍ പിന്നെ ആന്‍ മേരിക്ക് തന്നെ കിട്ടിയിട്ടുണ്ടാകും... മാരുതി കയറ്റി കൊന്ന പ്രണയം രസിപ്പിച്ചു...

G Joyish Kumar said...

മാരുതി പൊളിച്ച പ്രേമം, കൊള്ളാം :)

ഇതുപോലുള്ള ചരിത്രങ്ങളും സാമൂഹിക പാഠങ്ങളും പോരട്ടെ. :)

Anonymous said...

കുമാരാ, പോസ്റ്റ് കികിടിലം. ആന്‍ മേരി എവിടെ? വാങ്ങിയ ചുരിദാര്‍ കൊടുത്തു ആന്‍ മേരിയെ മയക്കിയോ? പെട്ടന്ന് തന്നെ അടുത്ത പോസ്റ്റ് ഇടണേ...
എന്ന് താഴ്മയായി അറിയിക്കുന്നു.

nandakumar said...

രസകരം കുമാരന്‍!! എഴുത്തിന്റെ ശൈലി നിലനിര്‍ത്തുന്നതിനു എത്ര വരാഹം വേണം സമ്മാനമായിട്ട്??
ആ ചുരിദാര്‍ വിക്രം ധരിച്ചോ അയല്‍ രാജ്യത്തെ തരുണികള്‍ ധരിച്ചോ?


(കരട് രേഘ അല്ല ‘കരട് രേഖ’ അല്ലേ ശരി? ഖ=kh)

വിക്രമാദിത്യന്‍ said...

നന്ദകുമാര്‍ രാജാവേ , വളരെ നന്ദി. ഈയിടെയായി അക്ഷര ശാപം കലശലാണ് . ലവനെ തിരുത്തി

അശ്വതി/Aswathy said...

ഗ്രേറ്റ്‌...വളരെ നന്നായിട്ട് ഉണ്ട് . ക്രിസ്റ്റി ആണോ രക്ഷപെട്ടത് ആ കുട്ടി ആണോ രക്ഷപെട്ടത്?
ഇത്രയും unique ആയിട്ട് എങ്ങനെ എഴുതാന്‍ പറ്റുന്നു?
പിന്നെ അക്ഷര തെറ്റ് കണ്ടു വളരെ അധികം സന്തോഷിക്കുന്നു.

ശ്രീഇടമൺ said...

നല്ല പോസ്റ്റ്....
ആശംസകള്‍...*

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കഥയ്ക്ക് നായകന്റെ പേരിടുന്നതിലും നല്ലത് ‘ഹനുമാന്‍ കലക്കിയ പ്രണയം’ എന്നോ മറ്റോ ആവായിരുന്നു...

..:: അച്ചായന്‍ ::.. said...

കൊള്ളാം കൊള്ളാം എന്നിട്ട് ആ പാവം കാമുകന്‍ എവിടെ രാജാവേ ?? ഒരു മാരുതി കാരണം വന്ന കുഴപ്പമേ .. അന്നയത് കൊണ്ടു കൊണ്ടു രക്ഷപെട്ടു ഇന്നരുന്നെ അവന്‍ BMW വാങ്ങേണ്ടി വന്നേനെ :D

Sethunath UN said...

ര‌സിച്ച് വായിച്ചു. ചില പ്രയോഗങ്ങ‌ളും ശൈലിയും കിടിലം കേട്ടോ.

!!....LoOlaN...!! said...

അപാരം....നമുക്ക് നന്നെ ബൊധിചൂ‍ൂ... പഷെ ഊരിതരാൻ കയിൽ രിസ്ട്ട് വാച് മത്രമെ ഊള്ളഒ