Tuesday, March 3, 2009

ആയിരം വസന്തങ്ങളുടെ രാജകുമാരി

ആയിരം വസന്തങ്ങളുടെ രാജകുമാരി,

പ്രകൃതി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കഴിഞ്ഞ കുറച്ച് നാളായി ഉജ്ജയ്നിയില്‍ നടന്നു വരുന്നത്. പുലിയെ പേടമാന്‍ വേട്ടയാടിയതായി നീ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതും വെറും പുലിയല്ല. ഗാല്‍ഗുത്താന്‍ പോലൊരു ഘോര വനത്തില്‍ , അന്തര്‍ സംസ്ഥാന പേടമാനുകളെ വേട്ടയാടി വിളയാടി നടന്നിരുന്ന ഉജ്ജയ്നിയിലെ ഏക അംഗീകൃത പുലിയും,പുലിസ്റ്ററുമായ നമ്മേ, വെറുമൊരു പ്രാദേശിക മാനായ നീ ഈയിടയായി ഓടിച്ചിട്ട് വേട്ടയാടുന്നു. ഇതെവിടുത്തെ ന്യായം? ഇതെന്ത് നീതി?

ചില്ലറ വ്യഥയൊന്നുമല്ല നീ നമുക്കുണ്ടാക്കുന്നത്. കാലത്ത് എട്ട് മണിക്ക് മുന്‍പ് എഴുന്നേല്‍ക്കുക എന്ന ദൈവ നിന്ദ ഇത്ര കാലം ചെയ്തിട്ടില്ലാത്ത നാം,അതിരാവിലെ അഞ്ച് മണിക്ക് ഉറക്കമുണരുന്നു.അതും നിന്നെ മാത്രം സ്വപ്നം കണ്ടുള്ള ഉറക്കത്തില്‍ നിന്നും. മകന് പെട്ടെന്ന് പഠിതത്തില്‍ ആക്രാന്തം മൂത്തു എന്ന് തെറ്റിദ്ധരിച്ച്‌, നമുക്ക് ആവി പറക്കുന്ന ചായയുമായി വരുന്ന മാതാശ്രി, നാം പ്രണയ കവിയാവനുള്ള ശ്രമങ്ങള്‍ നടത്തുന്നത് കണ്ട്, തവിയുമായി നമ്മേ കൊട്ടാരത്തിന് ചുറ്റുമിട്ട് ഓടിക്കുന്നു. നിന്നെക്കുറിച്ചുള്ള ചിന്തകളുമായി വഴി നടക്കുന്ന നമ്മേ കണ്ട തമിഴന്‍മാരെല്ലാം,അവന്മാരുടെ വണ്ടികള്‍ക്ക് ആവശ്യത്തിലേറെ അടകള്‍ ഇപ്പോള്‍ തന്നെയുണ്ട്‌ എന്ന് ഓര്‍മിപ്പിക്കുന്നു.

നാമിങ്ങനെ കിടന്ന് വട്ടം കറങ്ങുമ്പോള്‍ ,നീ എല്ലാമറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു. ഒന്നോര്‍ത്തോ, നീ ലോകത്തെ അവസാനത്തെ സുന്ദരിയോന്നുമല്ല. നീ ആന്‍ മേരിയാണെങ്കില്‍ നാം രാജ്കുമാര്‍ വിക്രമാണെടി വിക്രം!!! നീ മുന്നില്‍ വരുമ്പോള്‍ വേനല്‍ ചൂടില്‍ നടന്നു തളര്‍ന്നവന്റെ നെറ്റിയില്‍ ആദ്യ മഴത്തുള്ളി പതിക്കുന്ന അനുഭവമാണ് നമുക്കെന്നു കരുതി, അത് നീ മുതലെടുക്കരുത്.പറഞ്ഞേക്കാം.

അല്ല ,അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുകയാണ്.നിനക്ക് നമ്മേ പ്രേമിച്ചാല്‍ എന്തെങ്കിലും കുഴപ്പം വരാനുണ്ടോ? ആറടി ഉയരത്തില്‍, ആരോഗ്യ ദൃഡഗാത്രനും,ചുമലൊപ്പം നീണ്ടു സമൃദ്ധമായ കേശഭാരമുള്ള (കറുത്തിരുണ്ട എന്ന് പറയുവാന്‍ തത്കാലം നിവൃത്തിയില്ല,ബാലനരയുടെ അസ്കിതയുണ്ട്) സുമുഖനും, ധീര വീര ചെങ്കീരിയുമായ നമ്മേ, നിനക്ക് പ്രേമിച്ചാല്‍ എന്ത്? അല്ല എന്ത്?

ഇനിയും നിന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ നമുക്ക് താത്പര്യമില്ല. രണ്ടിലൊന്ന് ഇന്ന് തീരുമാനിക്കണം. ഒന്നുകില്‍ നീ നമ്മേ പ്രേമിക്കുക,അല്ലെങ്കിലും നീ നമ്മേ പ്രേമിക്കുക.

ഒരു മാസത്തിലേറെ തലകുത്തി നിന്നാലോചിച്ച ശേഷമാണ് ഈ കടിതം എഴുതുവാന്‍ നാം തീരുമാനിച്ചത്. എണ്ണമില്ലാത്ത പ്രണയ ലേഖനങ്ങള്‍ എഴുതിത്തള്ളി, പതിനാറ് പ്രണയങ്ങള്‍ വിജയകരമായി ആഘോഷിച്ച നമുക്ക് വന്ന ഭവിച്ച ഈ ഗതികേട് മറ്റാര്‍ക്കെങ്കിലും ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് നമുക്കറിയില്ല.പക്ഷെ,അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവന്റെയൊക്കെ കൈയ്യിലിരിപ്പിന്റെ കുഴപ്പം കൊണ്ടായിരിക്കും എന്ന് നമുക്ക് എന്ന് വ്യക്തമായി അറിയാം. അനുഭവം ഗുരു. നമ്മേ ചവിട്ടാന്‍ ആളില്ലാത്തത് കൊണ്ട് മാത്രമാണല്ലോ നാം ലോകത്തെങ്ങുമില്ലത്ത തലക്കനവും, അതിലേറെ കള്ളത്തരവുമുള്ള നിന്നെക്കയറി പ്രണയിച്ചത്.

ഒരു പെണ്ണിനോടും ഇന്നോളം മര്യാദ വിട്ട് നാം പെരുമാറിയിട്ടില്ല. ഇനി പെരുമാറുകയുമില്ല. അത് കൊണ്ട് അവസാനമായ് മര്യാദക്ക് നാം പറയുന്നു,മര്യാദക്ക് നമ്മേ പ്രണയിച്ചോ.

അവസാനം, വല്ല ലോക സുന്ദരിയോ, ചലച്ചിത്ര ഹൃദയഹാരിണികളോ നമ്മേ ഇങ്ങോട്ടു തേടി വന്ന ശേഷം, നീ മനഃസ്താപപ്പെട്ടിട്ട് ഒരു പ്രയോജനവും ഉണ്ടായെന്ന് വരില്ല. പറഞ്ഞില്ലാന്ന് വേണ്ട.

എന്ന്

നിന്‍റെ ശോഭന ഭാവിക്കുള്ള വാഗ്ദാനം,

വിക്രമാദിത്യന്‍