കര്‍ത്താവിനെ വിക്രമാദിത്യന്‍ കാണുമ്പോള്‍ , ഉജ്ജയ്നിയിലെ ഗ്രന്ഥപ്പുരയില്‍ ഒരു വലിയ കടലാസ്, മേശപ്പുറത്ത് നിവര്‍ത്തി വെച്ച് അതിലേക്ക് നോക്കി വിഷാദത്തോടെ ഇരിക്കുകയായിരുന്നു അദ്ദേഹം .
"ഈ രാജകുമാരന്‍റെ പിറന്നാള്‍ ആശംസകള്‍ സ്വീകരിച്ചാലും , രാജാക്കന്മാരുടെ രാജാവേ " വിക്രം അദ്ദേഹത്തിനരുകിലെത്തി ഔപചാരികതകളോടെ തന്നെ പറഞ്ഞു .
"പോടാ തെണ്ടി . നാല് ദിവസം വൈകിയ ആശംസ എന്‍റെ പട്ടിക്ക് വേണം " കര്‍ത്താവ് യാതൊരു ഔപചാരികതയിമില്ലാതെ പ്രതികരിച്ചു. അനന്തരം ഒരു നെടുവീര്‍പ്പോടെ ദൃഷ്ടികള്‍ മേശപ്പുറത്തെ കരട് രേഖയിലേക്ക് മടക്കി .ഒപ്പം " എന്നാലും ഇതൊരുമാതിരി മറ്റേടത്തെ പണിയായിപ്പോയി" എന്നൊരു ആത്മഗതവും.അറാമിക് ഭാഷ വെടിഞ്ഞ് കര്‍ത്താവ് പാലയിലേക്ക് ചേക്കേറിയതില്‍ നിന്നും തന്നെ സംഗതി ഗൌരവമുള്ളതാണെന്ന് വിക്രമിന് മനസിലായി.
"എന്ത് പറ്റി കര്‍ത്താവേ പതിവില്ലാത്ത ഒരു വിഷാദം ?" വിക്രം ചോദിച്ചു .കര്‍ത്താവ് മിഴികള്‍ ഉയര്‍ത്തി രാജകുമാരനെ ഒന്നു നോക്കി.പിന്നെയും നെടുവീര്‍പ്പോടെ മുന്നിലിരുന്ന കടലാസിലേക്ക് മിഴികള്‍ മടക്കി.
"അങ്ങേക്കെതിരെ സഭ ഇടയ ലേഖനം വല്ലതും ഇറക്കിയോ?" കര്‍ത്തവിന്റെ ചുമലുകള്‍ക്ക് മുകളിലൂടെ ആ കടലാസിലേക്ക് നോക്കിയ വിക്രമാരാഞ്ഞു.
"ഇതിലും ഭേദം അതായിരുന്നെടാ. "കര്‍ത്താവ് പറഞ്ഞു "ഇത് പണ്ട് കാല്‍വരി കയറുന്നതിനു മുന്പേ ഞാന്‍ അന്നുള്ള തെണ്ടികളോട് 'ഉടന്‍ പ്രതീക്ഷിപ്പിന്‍' എന്ന് പറഞ്ഞ ദൈവ രാജ്യത്തിന്റെ കരട് രേഖയാടാ"
"അതും അങ്ങിപ്പോള്‍ അണിഞ്ഞിരിക്കുന്ന വിഷാദ ഭാവവുമായിട്ടെന്ത് ബന്ധം ?"
"ഡാ , വാഗ്ദാനം നല്‍കിയ ദൈവരാജ്യം കൊണ്ട് വരാന്‍ എനിക്ക് ഇത് വരെ കഴിഞ്ഞോ?"
"അതിന് വഴിമരുന്നിടാനല്ലേ അങ്ങയുടെ ശിഷ്യന്മാര്‍ ഓടി നടന്ന് ലോകമൊട്ടാകെ തിരുസഭകള്‍ സ്ഥാപിച്ചത്"
"ശിഷ്യന്മാര്‍...അവന്‍മാരുടെ കാര്യം മിണ്ടിപ്പോകരുത്" കര്‍ത്താവ് കുപിതനായി.വിക്രം നിഷ്ബ്ദത പാലിച്ചപ്പോള്‍ അദ്ദേഹം പതിയെ തണുത്തു " ഒള്ളതില്‍ ഭേദം ആ യൂദാസായിരുന്നു" കര്‍ത്താവിന്റെ ആത്മഗതം .
" ഇതെന്തു പറ്റി ഇപ്പോള്‍ ഇങ്ങിനെയൊക്കെ പറയാന്‍?" വിക്രം ചോദിച്ചു .
"എടാ ,എന്‍റെ ബാക്കി ശിഷ്യന്മാര്‍ എനിക്കിട്ട് ചെയ്തത് യൂദാസ്സിലും വെല്യ ചെയ്ത്തായിപ്പോയില്ലേ? അവന്‍മാര്‍ ലോകം മുഴുവന്‍ തിരുസഭകള്‍ ഉണ്ടാക്കി .ഇന്നിപ്പോ ആ സഭകളുടെ തലപ്പത്ത് കയറിയിരുന്ന് ഓരോരുത്തന്മാര്‍ കാട്ടുന്ന അട്ടഹാസങ്ങള്‍ കണ്ടാല്‍ കര്‍ത്താവായ ഞാന്‍ പോലും കര്‍ത്താവേന്ന് വിളിച്ച് പോകും" കര്‍ത്താവ് ദുഖത്തോടെ പറഞ്ഞു.
"മനുഷ്യരല്ലേ കര്‍ത്താവേ. ചില്ലറ അബദ്ധമൊക്കെ അവര്‍ക്ക് പറ്റില്ലേ?" വിക്രം നയത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു.
"ഡാ എന്‍റെ ജന്മദിനത്തിന്റെ പേരില്‍ എന്‍റെ രക്തമാകുന്ന വീഞ്ഞ് മൂക്കറ്റം മോന്തി , ഓം ഹ്രീമായ നീ ഇതു പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളു " കര്‍ത്താവ് വിക്രമിനെ ഒന്നു കൊട്ടി.
"കര്‍ത്താവേ സഭാധികാരികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അങ്ങേയുടെ രണ്ടാം വരവ് കൊണ്ടു തീരാവുന്നതല്ലേയുള്ളൂ ?" വിക്രം കര്‍ത്താവിന്റെ കൊട്ട് അവഗണിച്ച് ചോദിച്ചു .
" എന്ന് തന്നെയാടാ ഞാനും വിചാരിച്ചിരുന്നത് . അതിന് വേണ്ടി എന്‍റെ തിരിച്ചു വരവ് ഒരല്‍പ്പം നേരത്തേയാക്കിയാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു"
"എന്നിട്ട് തീയതി നിശ്ചയിച്ചോ?" വിക്രം ആകാംഷയോടെ ചോദിച്ചു "ഇത്തവണ ഉണ്ണീശോ ആയിട്ടല്ലല്ലോ? നസേറത്തിന്റെ രാജാവായി മുഴുവന്‍ പ്രൌഡിയോടെയുമല്ലേ വരുന്നത്?"
"എന്നൊക്കെ തന്നെയായിരുന്നെടാ എന്‍റെയും ആഗ്രഹം .പക്ഷേ ഈ കഴിഞ്ഞ എന്‍റെ പിറന്നാളിന് ഞാന്‍ വെറുതെ എന്‍റെ കുഞ്ഞാടുകള്‍ക്കിടയില്‍ ഒന്നു കറങ്ങി നോക്കി . "
"അലക്കി തേച്ച അങ്കി ഒക്കെയിട്ട് കൊട്ടരത്തീന്ന് ജാഡയില്‍ പോകുന്നത് കണ്ടെന്ന് ശിവ ഭഗവാന്‍ പറഞ്ഞു. എന്നിട്ടെന്തായി ? " വിക്രമാരാഞ്ഞു.
"എന്റെഡാ , വല്യ പ്രശ്നമാ ഈ തിരുസഭകളില്‍ മുഴുവന്‍" കര്‍ത്താവ് സങ്കടത്തോടെ സംഭവങ്ങള്‍ വിവരിച്ചു "ഒരിടത്ത് സഭയിലെ മേല്‍ക്കോയ്മക്ക് വേണ്ടി കൂട്ടം തിരിഞ്ഞ് മുട്ടനടി. മര്യാദക്ക് മരിച്ചു സെമിത്തേരിയിലേക്ക് പോകുന്നവന്മാരെപ്പോലും കത്തനാരമാര്‍ വെറുതെ വിടുകേല. കണ്ട് നിന്നപ്പോള്‍ ഇവന്മ്മാര്‍ വല്യ ഇടയന്മാരോ അത് വല്യ ഇടിയന്മ്മാരോ എന്ന് എനിക്ക് സംശയമായിപ്പോയെടാ .കൂടുതല്‍ നേരം അവിടെ നിന്നാല്‍ എന്നെ പോലും അവന്‍മാര്‍ വെട്ടിക്കീറി വീതിച്ചെടുക്കും എന്ന് തോന്നിയപ്പോള്‍ ഞാന്‍ മുങ്ങി . "
"അവിടുന്ന് ഞാന്‍ നേരെ ചെന്നു കയറിയത് പാതിരാ കുര്‍ബാന നടക്കുന്ന ഒരു പള്ളിയിലാണ് " കര്‍ത്താവ് തുടര്‍ന്നു. " അവിടുത്തെ വികാരി എന്‍റെ ജനനത്തെ കുറിച്ചും ,മഹത്വതത്തെ കുറിച്ചും ഒക്കെ കൂടിയിരിക്കുന്ന വിശ്വാസികളോട് പറയുന്നത് കേട്ടപ്പോള്‍ എന്‍റെ വിശുദ്ധ മാതാവാണെ എനിക്ക് തന്നെ തോന്നിപ്പോയെടാ ഞാനൊരു സംഭവമാണെന്ന്. അയ്യാളുടെ ഭക്തിയും , വിശ്വാസവും കലര്‍ന്ന വാക്കുകള്‍ കേട്ടപ്പോള്‍ ഇവനെത്തന്നെ എന്‍റെ രണ്ടാം വരവിന്റെ പ്രധാന അപ്പോസ്തലനാക്കാം എന്ന് കരുതി ഞാന്‍ അയ്യാള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ പള്ളയില്‍ ഒരിടത്ത് സ്ഥാനംപ്പിടിച്ചു."
"കണ്ടപാടെ വികാരി തല്ലിയലച്ച് കാല്‍ക്കല്‍ വീണോ?" വിക്രം ചോദിച്ചു .
"ഉം ...കാല്‍ക്കല്‍ വീഴുന്നു . അയ്യാള്‍ എന്നെ ഇടക്കിടെ രൂക്ഷമായി നോക്കുന്നത് കണ്ട് ആദ്യം ഞാന്‍ വിചാരിച്ചത് പാവത്തിന് എന്നെ മനസിലാവാഞ്ഞിട്ടാണെന്നാടാ. അതുകൊണ്ട് കുര്‍ബാന പിരിഞ്ഞ് എല്ലാവരും പോയപ്പോള്‍ ഞാന്‍ അവന്‍റെ അടുത്തെത്തി 'മകനെ നിനക്കെന്നെ മനസിലായില്ലേ?' എന്ന് ചോദിച്ചു .അന്നേരമാ ബറാബസ്സ് എന്നെ ചാടിക്കടിക്കാന്‍ വന്നു ."
"എന്തിന്?" വിക്രം അതിശയിച്ചു
"അവനെന്നെ കണ്ടപ്പോ തന്നെ മനസിലായത്രേ. ഞാന്‍ എന്ത് ഭാവിച്ചാ കുരിശേന്നിറങ്ങി കറങ്ങി നടക്കുന്നതെന്ന് അവനെന്നോട് ചോദിച്ചെടാ. എന്‍റെ ക്രൂശിത രൂപം കാണിച്ചാണ് പോലും അവനും അവനെപ്പോലുള്ളവരും അല്ലലില്ലാതെ വിശ്വാസികളുടെ ചിലവില്‍ ജീവിച്ചു പോകുന്നത്. ഇതൊന്നു പോരാഞ്ഞ് ആരെങ്കിലും കാണും മുന്പേ ഞാനായിട്ട് തിരിച്ചു കുരിശേല്‍ കയറിയില്ലേല്‍ അവനെന്നെപ്പിടിച്ച് അതുത്തേല്‍ തറക്കേണ്ടി വരുമെന്നുമവന്‍ പറഞ്ഞ് കളഞ്ഞു " കര്‍ത്താവ് വിഷമത്തോടെ പറഞ്ഞു
"അങ്ങതും കേട്ട് മിണ്ടാതിങ്ങു പോന്നോ?" വിക്രം ധാര്‍മിക രോഷം കൊണ്ടു " കൊടുക്കണ്ടേ അവന്‍റെ കരണത്തൊന്ന് അപ്പോത്തന്നെ "
"അതേടാ ...എന്‍റെ പുക കാണാന്‍ നിനക്ക് പണ്ടേ വല്യ താത്പര്യമാണെന്ന് എനിക്കറിയാം . പിന്നെയും ഞാന്‍ അവിടെ കറങ്ങി നിന്നിട്ട് വേണം ആ സാത്താന്‍ വല്ല കോടാലിയും എടുത്ത് എന്‍റെ തലക്കിട്ട് കീച്ചിയിട്ട് പിടിച്ച് ഏതെങ്കിലും കിണറ്റില്‍ തള്ളിയിടാന്‍. അല്ലേടാ?" കര്‍ത്താവ് ചൊടിച്ചു.
"എന്നാലും കര്‍ത്താവേ ..."
"ഒരെന്നാലുമില്ല...എടാ, പണ്ട് ഞാന്‍ ക്രൂശിത മരണം വരിച്ചത് കൊണ്ടു കുരിശ്ശ് പള്ളിയുടെ അടയാളമായി. നാളെ കുരിശ്ശിന്റെ സ്ഥാനത്ത് കോടാലിയും കിണറും പള്ളിയുടെ അടയാളങ്ങളായി വന്നാല്‍ ...മോശമല്ലേടാ? " കര്‍ത്താവ് ചോദിച്ചു .
വിക്രം കര്‍ത്തവിനോടെന്ത് പറയണം എന്നറിയാതെ അദ്ദേഹത്തെ നോക്കി നിശബ്ദനായി ഇരുന്നു.
"ഇങ്ങിനെയുള്ളവന്മാര്‍ക്കിടയിലേക്ക് ഞാന്‍ എന്ത് ധൈര്യത്തില്‍ ദൈവരാജ്യവുമായി രണ്ടാം വരവ് നടത്തുമെടാ?" കര്‍ത്താവിന്റെ സ്വരത്തില്‍ വീണ്ടും വിഷാദം നിഴലിച്ചിരുന്നു .
"കര്‍ത്താവേ, ഇതിന് ഒരു പോംവഴിയേയുള്ളൂ " വിക്രം പറഞ്ഞു.
"എന്താടാ?"
"പണ്ട് അങ്ങ് ചാട്ടവാര്‍ എടുത്തില്ലേ? ഇന്ന് അതിന് പകരം ആണവായുധമെടുക്കണം"
"ഇങ്ങിനെ പോയാല്‍ വൈകാതെ ഞാന്‍ ചിലപ്പോള്‍ അത് ചെയ്യും" കര്‍ത്താവ് ഒരു മാത്ര നേരത്തെ ചിന്തക്ക് ശേഷമാണ് അത് പറഞ്ഞത്.അന്തരം അദ്ദേഹം വീണ്ടും ദൈവരാജ്യത്തിലേക്ക് വൈകാരികതയോടെ നോക്കിയിരുന്നു