Monday, December 8, 2008

വിക്രം വേതാള്‍

വേതാള പ്രവേശം
ബീഡിക്കരി പരീക്ഷ കഴിഞ്ഞ കാലത്ത്, ഭാവിയില്‍ ലോക ചക്രവര്‍ത്തിയാകുവാന്‍ ഉപജാപങ്ങള്‍ വശമുള്ള ഒരു ശക്തി കൂടെ വേണം എന്നതിനാലാണ് ഉജ്ജയ്നിയിലെ രാജകുമാരനായ വിക്രമാദിത്യന്‍ വേതാളത്തെ തേടിയിറങ്ങിയത്.
ശ്മശാനങ്ങളിലും ,ശവപറമ്പുകളിലും വേതാളത്തെ അന്വേഷിച്ചലഞ്ഞ വിക്രമാദിത്യന് പക്ഷേ ഒടുവില്‍ സംഭവത്തെ കണ്ടുകിട്ടിയത് നഗരത്തിലെ പ്രസിദ്ധമായ മദ്യശാലയില്‍ നിന്നുമായിരുന്നു. ജന്‍മനാ ശവവും , പ്രകൃതിയാ ശവം തീനിയുമായ ഒരു പ്രാദേശിക ഖദര്‍ ധാരിയുടെ ശരീരത്തിലായിരുന്നു സര്‍ വേതാളം അപ്പോള്‍.
വിക്രം നേരെ ചെന്ന് കൂടെ വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഖദര്‍ധാരിയായ തന്നെ ഇരുന്നിടത്ത് നിന്നും നെല്ലിട അനക്കുവാന്‍ വിക്രമിന് കഴിയുമോ എന്ന വെല്ലുവിളിയായിരുന്നു മറുപടി. കീശയിലെ കൈകൂലി പണവും , ചവറ് കടലാസുകളും, കക്ഷത്തിലെ ഇരകളുടെ വിവരങ്ങളടങ്ങിയ കിതാബും ബലം പ്രയോഗിച്ച് മാറ്റിയപ്പോള്‍ ശരീരഭാരം നേരപകുതിയിലും താഴ്ന്ന ജന്തുവിനെ നിഷ്പ്രയാസം തൂക്കി ചുമലിലിട്ട് വിക്രം മദ്യശാലയ്ക്ക് പുറത്തേക്ക് നടന്നു .
ഖദറിന്റെ ആഡംമ്പരത്തില്‍ കുമാരന്‍ വീഴുന്നില്ല എന്ന് കണ്ട സര്‍ വേതാളം അടവു മാറ്റി.
മദ്യശാലയില്‍ നിന്നും കൊട്ടരത്തിലെക്കുള്ള യാത്രയുടെ മുഷിച്ചില്‍ മാറ്റുവാന്‍ താന്‍ ഒരു കഥ പറയാമെന്നു വേതാളം വിക്രമിനോട് പറഞ്ഞു. വിക്രമത് സമ്മതിച്ചപ്പോള്‍ വേതാളം കഥ പറയുന്നതിന് ഒരുപാധി കൂടി വെച്ചു . യാത്രയിലുടനീളം വിക്രം ഒരക്ഷരം ഉരിയാടുവാന്‍ പാടില്ലാ. ഉരിയാടിയാല്‍ വേതാളം ചുമലില്‍ നിന്നിറങ്ങി അടുത്തുള്ള ചാരായക്കടയിലേക്ക് പോകും . വിക്രം നിശബ്ദനായി അത് അംഗീകരിച്ചപ്പോള്‍ വേതാളം കഥ പറയുവാന്‍ തുടങ്ങി

നായ കണ്ട രക്തസാക്ഷി

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഒരു പറ്റം ഭീകര വാദികള്‍ ആക്രമിച്ചു. മൂന്ന് ദിവസം അവര്‍ ഒരു ദേശത്തിന്റെ ആത്മാഭിമാനത്തെ ബന്ദിയാക്കി, മൂന്നിടങ്ങളിലായി താണ്ടാവമാടി. നൂറു കണക്കിനാളുകളെ കൊന്നു തള്ളി. വര്‍ഷങ്ങളുടെ പിന്തുടര്‍ച്ചയായി കഴിവുകെട്ട ഭരണം കാര്യങ്ങള്‍ അറിഞ്ഞുണര്‍ന്നു വന്നത് വൈകിയായിരുന്നുവെങ്കിലും, ദേശിയ സുരക്ഷക്കായി പ്രത്യേകം നിയമിക്കപ്പെട്ട ഭടന്‍മാരെ ആ ഭീകരരെ നേരിടുവാനായി അയക്കുവാനുള്ള ദയ കാട്ടി. രാഷ്ട്രീയമോ,ജാതിമത ചിന്തകളോ ഇല്ലാതെ ഈ സൈനികര്‍ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി . പോരാട്ടത്തില്‍ ചില സൈനികര്‍ക്ക് അവരുടെ ജീവന്‍ ത്യജിക്കേണ്ടി വന്നു. എങ്കിലും അവര്‍ രാജ്യത്തിന്‍റെ മാനം കാത്തു .
മരിച്ച സൈനികരുടെ കൂട്ടത്തില്‍ ഭാരതത്തില്‍ ദൈവത്തിനു ഇഷ്ടദാനം കൊടുത്ത നാടായ കേരളത്തില്‍ ജനിച്ച ഒരു സൈനികനും ഉണ്ടായിരുന്നു . അദ്ദേഹത്തിന്‍റെ കുടുമ്പം അക്കാലത്ത് വസിച്ചിരുന്നത് കന്നടിഗ നാട്ടിലായതിനാലും ,അവിടം ഭരിച്ചിരുന്നത് ശത്രു പക്ഷമായിരുന്നതുകൊണ്ട് സൈനികന്റെ മരണത്തില്‍ തങ്ങള്‍ക്കു അധികം രാഷ്ട്രീയ മുതലെടുപ്പിന് വകുപ്പില്ലാത്തതിനാലും കേരളം ഭരിച്ചിരുന്ന അച്യുത് മാമയും കിങ്കരന്മാരും ആദ്യമൊക്കെ ഒരു തരം അവഗനനാ മനോഭാവമാണ് ഈ സംഭവത്തോട് കാണിച്ചത്. മാത്രമല്ലാ അവരുടെ രാഷ്ട്രീയ കക്ഷിയുടെ ഉന്നത തല യോഗം ( അത് കൂടിയിട്ടു പ്രത്യേകിച്ച് യാതൊരു പ്രയോജനവും ഉണ്ടായിട്ടല്ലാ. എന്നാലും ഇടക്കൊക്കെ അങ്ങിനെ എന്തെങ്കിലും വേണ്ടേ എന്ന് കരുതി കൂടിയാതാണ്) ദില്ലിയില്‍ നടക്കുന്ന വേളയിലായിരുന്നു സൈനികന്റെ ശവസംസ്കാരം

കേരളത്തില്‍ ജനിച്ച് , ഭാരതത്തിനായി ജീവന്‍ ബലി കഴിച്ച ഒരു സൈനികനെ കേരളാ മുഖ്യമന്ത്രി അവഗണിക്കുന്നത് ശരിയല്ല എന്ന അഭിപ്രായം നാട്ടില്‍ ശക്തി പ്രാപിച്ചു. സഹികെട്ടപ്പോള്‍ മാമനും ,മച്ചാനായ അഭ്യന്തര ബാലനും സൈനികന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്‍റെ കുടുമ്പത്തെ അനുഗ്രഹീതരാക്കുവാന്‍ തീരുമാനിച്ചു.
ഔദാര്യം പോലുള്ള ആ വരവിനെക്കുറിച്ചറിഞ്ഞ സൈനികന്റെ പിതാവ് അങ്ങിനെ ഒരുത്തനും തന്റെ വീട്ടില്‍ കയറണ്ടാ എന്ന് പറയുകയും ചെയ്തു. പക്ഷെ വെട്ടി നിരത്തല്‍ മുതല്‍ ,കുടിയൊഴിപ്പിക്കല്‍ വരെ ഒരു ശുനകന്റെയും വാക്കു കെട്ട് ശീലമില്ലാത്ത അച്യുത് മാമ കന്നിടിഗ നാട്ടില്‍ സൈനികന്റെ വീട്ടില്‍ പോവുക തന്നെ ചെയ്തു

മകനെ കേരളം അവഗണിച്ചു എന്ന് തോന്നിയതിനാലോ, പെട്ടെന്നുള്ള വികാര ക്ഷോഭത്താലോ, സൈനികന്റെ പിതാവ് മാമയെ വീട്ടില്‍ കയറ്റിയില്ലാ.പക്ഷേ തിരഞ്ഞെടുപ്പിന് നില്‍ക്കണ്ടാ എന്ന് സ്വന്തം കക്ഷി പറഞ്ഞപ്പോള്‍ മാധ്യമങ്ങളുടെ സഹായത്തോടെ ഓടിളക്കി മുഖ്യമന്ത്രിക്കസേരയിലേക്കിറങ്ങിയ ശീലമുള്ള മാമയുണ്ടോ വിടുന്നു .

കാക്കിപ്പടയുടെ സഹായത്തോടെ സൈനികന്റെ പിതാവിനെ വീട്ടില്‍ നിന്നുമകറ്റി പിന്മതില്‍ ചാടി വീട്ടിനുള്ളില്‍ കടന്ന് സൈനികന്റെ ചിത്രത്തില്‍ രക്ത ഹാരം ചാര്‍ത്തിയ മാമയുടെ തന്ത്രം ബൊളീവിയന്‍ കാടുകളില്‍ ഒളിപ്പോര്‍ നടത്തിയ ചെഗുവരയെ പോലും ശിഷ്യപ്പെടുത്താന്‍ പോന്നതായിരുന്നു.


കേട്ട് പഴകിയ കഥയാണിതെന്ന് പറയുവാന്‍ തോന്നിയെങ്കിലും , താന്‍ ഉരിയാടിയാല്‍ വേതാളം ചുമലില്‍ നിന്നുമിറങ്ങി മുങ്ങുമല്ലോ എന്നോര്‍ത്ത് വിക്രം മൗനം പാലിച്ചു .വേതാളം സദസ്സ് കണ്ട രാഷ്ട്രീയക്കാരന്റെ ആക്രാന്തത്തോടെ കഥ തുടരുകയായിരുന്നു അപ്പോഴും .

മാമ പിന്‍ മതില്‍ ചാടി വീട്ടിനുള്ളില്‍ കയറിയ വിവരമറിഞ്ഞ് , ആ സൈനികന്റെ പിതാവ് കൂടുതല്‍ ക്ഷുഭിതനായി . അദ്ദേഹത്തിന്‍റെ വികാര പ്രകടനം കണ്ട മാമയും കിങ്കരന്മാരും അവിടുന്ന് മുങ്ങി. പക്ഷേ രാജ്യമൊട്ടാകെ തീ പിടിച്ചാലും അത് ഒരു ആഘോഷത്തിനപ്പുറം ഒന്നുമല്ലാത്ത മാധ്യമങ്ങള്‍ വിടുമോ . അവര്‍ മാമയെ പിന്തുടര്‍ന്ന് സൈനികന്റെ പിതാവ് 'ഒരു പട്ടിയും തന്റെ വീട്ടില്‍ വരണ്ടാ' എന്ന് പറഞ്ഞുവെന്നു അതിനെക്കുറിച്ച് മാമ എന്ത് പറയുന്നുവെന്നും ചോദിച്ചു കളഞ്ഞു . ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായ ( ഭാരതത്തില്‍ രാഷ്ട്രീയ യൌവനം ആരംഭിക്കുന്നത് ശരാശരി അറുപതാം വയസ്സിലാണത്രേ ) മാമ ശക്തമായി തന്നെ പ്രതികരിച്ചു ."മരിച്ച സൈനികന്റെ വീടല്ലായിരുന്നുവെങ്കില്‍ അവിടെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ലായിരുന്നു" എന്ന് ആവേശത്തോടെ പറഞ്ഞത് പോരാഞ്ഞ് "മകന്‍ മരിച്ച മാനസിക സംഘര്‍ഷത്തിലായിരുന്നു സൈനികന്റെ പിതാവ് " എന്ന് ആംഗലേയത്തില്‍ വിശദീകരിക്കുവാനും മുതിര്‍ന്നു .പക്ഷേ അറിയാത്ത ഭാഷ വേണ്ടാത്തിടത്തു പ്രയോഗിച്ചാല്‍ അതിന്റെ തല്ലു വേറെ കിട്ടും എന്ന് മാമക്ക്‌ അറിയില്ലായിരുന്നു. മാമ ആംഗലേയം ആംഗ്യ സഹായത്തോടെ പറഞ്ഞതിനെ മാധ്യമങ്ങള്‍ സുന്ദരമായിത്തന്നെ വളച്ചൊടിച്ച് 'സൈനികന്റെ പിതാവിന് ഭ്രാന്താണ്' എന്നദ്ദേഹം പറഞ്ഞതായി കൊട്ടിഘോഷിച്ചു .

" കേന്ദ്രത്തില്‍ അവരുടെ കക്ഷിയുടെ പ്രഖ്യാപിത യുവരാജാവ് ഭീകരാക്രമണം നടക്കുന്ന വേളയില്‍ പുലരുവോളം പാനോത്സവത്തില്‍ മുഴുകിയത്തിന്റെയും, പ്രതിരോധം ,ആഭ്യന്തരം എല്ലാം താറുമാറായി കിടക്കുന്നതിന്റെയും കാരണങ്ങള്‍ ജനം ചോദിച്ചാലോ എന്ന് ഭയന്ന് കേരളത്തില്‍ അതുവരെ തലയില്‍ മുണ്ടിട്ടു നടന്ന പ്രതിപക്ഷം സട കുടഞ്ഞെഴുന്നേറ്റു" ആ വാക്കുകള്‍ കേട്ട് വിക്രം ചുമലില്‍ കിടന്ന സത്വത്തെ തറപ്പിച്ചൊന്നു നോക്കി "ശരി സടയല്ല, വാല് വിറപ്പിച്ചെഴുന്നേറ്റു" ' കേരളത്തിലെ പ്രതിപക്ഷത്തെ സിംഹം എന്ന് വിളിക്കാതെ സിംഹവാലന്‍ കുരങ്ങെന്ന് വിളിക്കെടാ ' എന്നയര്‍ത്ഥം ആ നോട്ടത്തില്‍ നിന്നും ഗ്രഹിച്ച സര്‍ വേതാളം പറഞ്ഞു. അനന്തരം കഥ തുടര്‍ന്നു.

മുഖ്യമന്ത്രി മാപ്പ് പറയണം , രാജി വെക്കണം തുടങ്ങിയ ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് ഊളന്‍ തൊമ്മിയും , പ്രദേശത്തെ കക്ഷി നേതാവ് സുരകേഷ് പന്നിത്തലയും ബഹളം തുടങ്ങി .മുഖ്യനോടൊപ്പം സൈനികന്റെ വീട് സന്ദര്‍ശിച്ച കേരളാ അഭ്യന്ത്രന്‍ മാന്യമായ പ്രസ്താവനയിലൂടെ സ്വന്തം മുഖം രക്ഷിച്ചപ്പോള്‍ ,മുഖ്യന്‍ നൈസാമിന്റെ നാട്ടില്‍ തന്‍റെ തലക്കിണങ്ങുന്ന കൊമ്പുകള്‍ ഉണ്ടോ എന്നന്വേഷിക്കാന്‍ പോയി . ഊളനും,സുരകവും ബഹളം കലശലാക്കിയപ്പോള്‍ ,മാധ്യമങ്ങളും ഒട്ടും കുറയ്ക്കാതെ അത് ഏറ്റുപിടിച്ചു .

നിയമസഭ കൂടിയപ്പോള്‍ പ്രശ്നം രൂക്ഷമായി. എന്നും എതിരാളികളെ ഞെട്ടിക്കണം എന്ന പക്ഷക്കാരനായ മാമ ,ഊളന്‍ തൊമ്മിയെ നിയമസഭയില്‍ അദ്ദേഹത്തിന്‍റെ പേരൊന്നു പരിഷ്കരിച്ചു വിളിച്ചും ,ചില ആംഗ്യങ്ങളിലൂടെയും ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു .
അവസരം കിട്ടിയാല്‍ മറ്റുള്ളവരുടെ മുന്നില്‍ തൊമ്മിയെ താറടിക്കണം എന്ന സുചിന്തയോടെ കൂടെ നടക്കുന്നവര്‍ത്തന്നെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍റെ പേരു നീട്ടി വിളിച്ചതിനും, ചില ആംഗ്യങ്ങളിലൂടെ ഊളനെ ഉള്‍പുളകമണിയിച്ചതിനും വന്‍ പ്രചാരം നല്‍കി
മുഖ്യന്റെ രാഷ്ട്രീയ കക്ഷിയും സൈനികന്റെ പിതാവിന്റെ വികാര പ്രകടനത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം അനുചിതമായി എന്ന നിലപാടെടുത്തതോടെ മാമക്ക്‌ മാപ്പ് പറയാതെ തരമില്ലെന്നായി .ഒടുവില്‍ മാപ്പ് പറഞ്ഞു അദ്ദേഹം താത്കാലികമായി തടിയൂരി .

"ഈ കഥയില്‍ തെറ്റുകാരന്‍ ആരാണ്?" കഥ അവസാനിപ്പിച്ച വേതാളം വിക്രമിനോട് ചോദിച്ചു " നൈമിഷികമായ വികാരത്തിനടിപ്പെട്ട ആ സൈനികന്റെ പിതാവോ? അതോ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ചിലപ്പോള്‍ മറക്കുന്ന മുഖ്യനോ? അതുമല്ലാ രണ്ടു കാലിലും മന്തുമായി അര മന്തനെ പരിഹസിക്കുന്ന പ്രതിപക്ഷമോ? അതോ നിസാര സംഭവങ്ങളെ ഊതിപ്പെരുപ്പിച്ചും , വളച്ചൊടിച്ചും ഒരു ജനതയെ തന്നെ വഴി തെറ്റിക്കുന്ന മാധ്യമങ്ങളോ?"
താന്‍ സംസാരിച്ചാല്‍ വേതാളം മുങ്ങും എന്നതിനാല്‍ വിക്രം ഒന്നും മിണ്ടാതെ മുന്നോട്ടു നടത്തം തുടര്‍ന്നു . അപ്പോള്‍ വേതാളം ഒരു നരേന്ദ്രപ്രസാദിയന്‍ ചിരി ചിരിച്ചിട്ട് പറഞ്ഞു "ഉത്തരം അറിഞ്ഞ് കൊണ്ടത് പറയാതിരുന്നലോ , തെറ്റായ ഉത്തരം പറഞ്ഞാലോ, അങ്ങ് ശിഷ്ടകാലം ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായോ , കേരളത്തിന്‍റെ മുഖ്യമന്ത്രിയായോ കഴിയേണ്ടി വരും. ഓര്‍മയിരിക്കട്ടെ"
ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ഇറ്റാലിയന്‍ അടുക്കളയില്‍ എച്ചില്‍ പാത്രം കഴുകേണ്ടി വരുന്ന ദുരവസ്ഥയും ,കേരളത്തിന്‍റെ മുഖ്യമന്ത്രിയായ തന്‍റെ ചിത്രം കഴുത്തില്‍ തൂക്കി നായ വഴിയില്‍ നടക്കുന്ന അധോഗതിയും മനസ്സില്‍ക്കണ്ട വിക്രം കലശലായി ഞെട്ടി .
വല്ല തല പൊട്ടിത്തെറിക്കുമെന്നോ മറ്റോ ആയിരുന്നു വ്യവസ്ഥയെങ്കില്‍ അത് പുല്ലു പോലെ അവഗണിച്ച് വിക്രം ഒന്നുമുരിയാടാതെ നടത്തം തുടര്‍ന്നേനെ .
"ആരാണ് തെറ്റുകാരന്‍ ?" വേതാളം ചോദ്യം ആവര്‍ത്തിച്ചു.

"ഇവരാരുമല്ലാ. " ഒടുവില്‍ വിക്രം സംസാരിച്ചു " രാജ്യം കാക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച സൈനികന്റെ അഭിമാനം മാധ്യമങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തയിലൂടെ തകര്‍ന്നു എന്ന് വിശ്വസിക്കുന്ന,വീണ്ടും വീണ്ടും രാഷ്ട്രീയ പരിഷകളുടെ പാവക്കൂത്തിന് അറിഞ്ഞുകൊണ്ട് പാത്രമാകുന്ന ഭാരതത്തിലെ സാധാരണ ജനങ്ങളാണ് ഇതില്‍ തെറ്റുകാര്‍ . തള്ളാനുള്ളത് തള്ളുവാനും, കൊള്ളാനുള്ളത് കൊള്ളുവാനും വേണ്ട സാമാന്യ ബുദ്ധി എന്നവര്‍ക്ക് വരുന്നോ അന്നേ ഈ ദുരവസ്ഥ മാറു"

രാജകുമാരന്‍റെ ഉത്തരം നൂറ് ശതമാനം ശരിയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍.കാരണം അദ്ദേഹം ഭാരതത്തിന്റെ പ്രധാനമന്ത്രിയോ ,കേരളത്തിന്‍റെ മുഖ്യമന്ത്രിയോ ആയില്ലാ.
മാത്രമല്ല വേതാളം അദ്ദേഹത്തിന്‍റെ ചുമലില്‍ നിന്നിറങ്ങി അടുത്ത്‌ കണ്ട ചാരായക്കടയിലേക്ക് നീങ്ങുകയും ചെയ്തു .

ജാഗ്രത : വേതാള കഥകള്‍ അവസാനിക്കുന്നില്ലാ...

18 comments:

വിക്രമാദിത്യന്‍ said...

കേട്ട് പഴകിയ കഥയാണിതെന്ന് പറയുവാന്‍ തോന്നിയെങ്കിലും , താന്‍ ഉരിയാടിയാല്‍ വേതാളം ചുമലില്‍ നിന്നുമിറങ്ങി മുങ്ങുമല്ലോ എന്നോര്‍ത്ത് വിക്രം മൗനം പാലിച്ചു ...

ശ്രീ said...

"ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ഇറ്റാലിയന്‍ അടുക്കളയില്‍ എച്ചില്‍ പാത്രം കഴുകേണ്ടി വരുന്ന ദുരവസ്ഥയും ,കേരളത്തിന്‍റെ മുഖ്യമന്ത്രിയായ തന്‍റെ ചിത്രം കഴുത്തില്‍ തൂക്കി നായ വഴിയില്‍ നടക്കുന്ന അധോഗതിയും മനസ്സില്‍ക്കണ്ട വിക്രം കലശലായി ഞെട്ടി."

:)

Chullanz said...
This comment has been removed by the author.
Chullanz said...

രാജ്യം കാക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച സൈനികന്റെ അഭിമാനം മാധ്യമങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തയിലൂടെ തകര്‍ന്നു എന്ന് വിശ്വസിക്കുന്ന,വീണ്ടും വീണ്ടും രാഷ്ട്രീയ പരിഷകളുടെ പാവക്കൂത്തിന് അറിഞ്ഞുകൊണ്ട് പാത്രമാകുന്ന ഭാരതത്തിലെ സാധാരണ ജനങ്ങളാണ് ഇതില്‍ തെറ്റുകാര്‍ . തള്ളാനുള്ളത് തള്ളുവാനും, കൊള്ളാനുള്ളത് കൊള്ളുവാനും വേണ്ട സാമാന്യ ബുദ്ധി എന്നവര്‍ക്ക് വരുന്നോ അന്നേ ഈ ദുരവസ്ഥ മാറു"
വലിയൊരു സത്യം തന്നെ ആണു പറഞ്ഞിരിക്കുന്നത്‌. ഹാറ്റ്സ്‌ ഓഫ്‌ റ്റു വിക്രം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ വിക്രം വേതാള്‍ ഉദ്യമം കൊള്ളാം പക്ഷേ അടുത്ത കഥ വേതാളം പറയണമെങ്കില്‍ ഇനീം തീവ്രവാദികള്‍ വരേണ്ടി വരുമോ?

അതോ പഴയ സിബി‌ഐ കേസ് ഡയറികള്‍ കുത്തിപ്പൊക്കി കഥയാക്കുമോ?

വിക്രമാദിത്യന്‍ said...

ചാത്താ : ഡോട്ട് ഓണ്‍ . കഥയുടെ സസ്പെന്‍സ് കഥാകാരനും മുന്‍പേ പുറത്താക്കിയാല്‍ ചാത്തനെ വിചാരണ ചെയ്യും പറഞ്ഞില്ലാന്നു വേണ്ട .
:-)

Rare Rose said...

ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വേതാളത്തിന്റെ കഥ പറച്ചില്‍ കെങ്കേമം....അതിനുള്ള വിക്രമാദിത്യന്റെ ഉത്തരം അതിലും കേമം..അറിഞ്ഞുകൊണ്ടു എല്ലാം ഇനിയും സഹിച്ചു കൊണ്ടേയിരിക്കുന്ന പൊതുജനം....അതല്ലാതെ വെറേന്തുത്തരമാണവിടെ സ്വീകാര്യമാവുക...ഇനിയും തുടരട്ടെ കഥകള്‍...:)

ബഹുവ്രീഹി said...

:)

ഗോപക്‌ യു ആര്‍ said...

വന്നു...പിന്നീടു വായിച്ചുകൊള്ളാം...

പ്രിയ said...

" രാജ്യം കാക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച സൈനികന്റെ അഭിമാനം മാധ്യമങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തയിലൂടെ തകര്‍ന്നു എന്ന് വിശ്വസിക്കുന്ന,വീണ്ടും വീണ്ടും രാഷ്ട്രീയ പരിഷകളുടെ പാവക്കൂത്തിന് അറിഞ്ഞുകൊണ്ട് പാത്രമാകുന്ന ഭാരതത്തിലെ സാധാരണ ജനങ്ങളാണ് ഇതില്‍ തെറ്റുകാര്‍ . തള്ളാനുള്ളത് തള്ളുവാനും, കൊള്ളാനുള്ളത് കൊള്ളുവാനും വേണ്ട സാമാന്യ ബുദ്ധി എന്നവര്‍ക്ക് വരുന്നോ അന്നേ ഈ ദുരവസ്ഥ മാറു"


ഈ ഉത്തരത്തിനു വിക്രമിന് 100 മാര്‍ക്ക്. (എങ്കിലും ഇതു പറഞ്ഞിട്ടും പറഞ്ഞിട്ടും ഒന്നും കാര്യമില്ല. ...എത്ര കണ്ടാലും കൊണ്ടാലും നന്നാവില്ലമ്മാവാ)

:: VM :: said...
This comment has been removed by the author.
:: VM :: said...

Good One ;)

Aadityan said...

കാണാനില്ലാലോ എന്ന് vicharichathe ഉള്ളു . വേതാളം കൊള്ളാമല്ലോ.വിചാരണയുടെ പുതിയ രൂപമാണോ ? എന്തായാലും എത്രയും ഗാപ് വേണ്ട . പാവം വായനക്കാര്‍ . third person narration anno first person narration anno നല്ലത് എന്ന് ഒന്നു കുടി അല്ലോചിക്കുക

Sarija NS said...

ഹോ ഒരു വിക്രമാദിത്യനെക്കൊണ്ട് തന്നെ തോറ്റിരിക്കുമ്പോഴാ ദേ വേതാളത്തെയും കൊണ്ടു വന്നിരിക്കുന്നു!!!

വേതാളത്തിനുള്ള വിക്രമന്‍റെ അക്രമ മറുപടിക്ക് അഭിനന്ദനങ്ങള്‍.

ഓ.ടോ: വേതാളത്തെക്കൊണ്ടു നടന്നാലും ഇടക്ക് ദര്‍ബാര്‍ കഥകളും വേണം

[ boby ] said...

ബ്ലോഗിന്‍റെ കൂട് പൊട്ടിക്കാതെ വിക്രമാദിത്യന്‍ ആയി തന്നെ സമകാലികമായ ഒരു വിഷയം അവതരിപ്പിക്കുകയും സ്വന്തം അഭിപ്രായം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു... രാജാവേ താങ്കള്‍ കേമന്‍ തന്നെ...

smitha adharsh said...

ഇഷ്ടപ്പെട്ടു കേട്ടോ..ഈ വേറിട്ട ശൈലി..

G.MANU said...

പക്ഷേ അറിയാത്ത ഭാഷ വേണ്ടാത്തിടത്തു പ്രയോഗിച്ചാല്‍ അതിന്റെ തല്ലു വേറെ കിട്ടും എന്ന് മാമക്ക്‌ അറിയില്ലായിരുന്നു. മാമ ആംഗലേയം ആംഗ്യ സഹായത്തോടെ പറഞ്ഞതിനെ മാധ്യമങ്ങള്‍ സുന്ദരമായിത്തന്നെ വളച്ചൊടിച്ച് 'സൈനികന്റെ പിതാവിന് ഭ്രാന്താണ്' എന്നദ്ദേഹം പറഞ്ഞതായി കൊട്ടിഘോഷിച്ചു .

വിക്രമാ നമിച്ചു. ഒന്നല്ല പലതവണ..
ഇതാണു ക്ലാസ് പോസ്റ്റ്....
സമയമില്ല..അടുത്തതിട്

അശ്വതി/Aswathy said...

വളരെ നന്നായി.
പത്രങ്ങളും അവയുടെ വളചോടിക്കലും.....ഇപ്പൊ കുറച്ചു അധികം ആകുന്നുണ്ട്.
വേതാള കഥകള്‍ അവസാനിക്കുന്നില്ലാ...
അതും നന്നായി. ഇനിയും പോരട്ടെ.