Thursday, November 13, 2008

എന്ന് സ്വന്തം വിക്രമാദിത്യന്‍...

ഗാല്‍ഗുത്താന്‍ കലാലയത്തിന്,

സ്വഭാവ മഹിമ കാരണം പുറം ലോകം പുറമടിച്ച് പൊളിക്കേണ്ടിയിരുന്ന നമ്മേയും , നമ്മുടെ ആത്മസഖാക്കളെയും രണ്ട് വര്‍ഷക്കാലം കോട്ട മതില്‍ കെട്ടി കാത്ത നിന്‍റെ സംരക്ഷണം ഇനി മുതല്‍ നമുക്കില്ലാ . അടുത്ത വര്‍ഷം ബിരുദം നേടാന്‍ ബിരുദ പഠനത്തിനീനു പറഞ്ഞീവഴി വന്നാല്‍ കാല് തല്ലിയൊടിക്കും എന്നാണ് ഇടയ സഭ പറഞ്ഞിരിക്കുന്നത്. ഇനി ബീഡിക്കരി റാങ്കോടെ ജയിച്ചാലും, നമ്മേ തുടര്‍ന്നിവിടെ പഠിപ്പിക്കുന്നതിനെക്കാള്‍ ഭേദം കലാലയം കാലി തൊഴുത്താക്കുന്നതാനെന്നാണ് വിശുദ്ധ പാതിരിമാരുടെ നിലപാട്. ഇനി ലവന്മാര്‍ സമ്മതിച്ചാല്‍ തന്നെ സുഹൃത്തുക്കള്‍ എല്ലാം ഓരോ വഴി പറിഞ്ഞ ശേഷം രാജാവായി വാണ ഇവിടെ ഒരു അപരിചിതനെപ്പോലെ വരുവാന്‍ നമുക്കു ഇഷടമല്ല.

അതിനാല്‍ ബീഡിക്കരി രണ്ടാം വര്‍ഷ ഗണിത ശാസ്ത്രത്തിന്റെ കഴുത്തൊടിച്ച നിമിഷം മുതല്‍ നാം നിനക്കു അനന്യനാവുകയാണ് . നമ്മുടെ സുഹൃത്തുക്കളായ എട്ട് പൊട്ടന്‍മാരും.

സ്വാതന്ത്ര്യവും , ജീവിതവും ഒരു പോലെ ആഘോഷിക്കാന്‍ പഠിപ്പിച്ച കലാലയ മുത്തശ്ശി ( ഇത് സര്‍വകലാശാല രണ്ടാം ഭാഗം) , അവിടുത്തോട്‌ കൂടുതല്‍ എന്ത് പറയാന്‍ . നീ നല്കുന്ന സുരക്ഷാ ബോധമില്ലാതെ ( ഞങ്ങളില്‍ പലര്‍ക്കും ആകെ ഉണ്ടായിരുന്ന ബോധം അത് മാത്രമായിരുന്നു), ഭാവി മഹാപാപിയായ് മുന്നില്‍ നില്‍ക്കവേ , ഞങ്ങള്‍ വ്യഘ്രങ്ങള്‍ നിന്നോട് വിട വാങ്ങുന്നു.

സ്നേഹപൂര്‍വ്വം
വിക്രമാദിത്യനും മറ്റ് എട്ട് തെണ്ടികളും.

പ്രിയപ്പെട്ട ഗുരുക്കന്‍മാരെ,

ഞങ്ങളെപ്പോലുള്ള കുറെ യമലോക പരട്ടകളെ രണ്ടു വര്‍ഷങ്ങള്‍ സഹിച്ച നിങ്ങളെ പൂവിട്ട് തൊഴുതാലും അത് അധികമാവില്ലാ. ഞങ്ങളുടെ എല്ലാ തല്ലുകൊള്ളിത്തരവും സദയം ക്ഷമിച്ച്, ഞങ്ങളെ സ്നേഹിച്ച നിങ്ങളോട് വിട പറയുമ്പോള്‍, ഇനി മുന്നോട്ടുള്ള ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവരുന്ന ഗുരുക്കന്‍മാരും നിങ്ങളെ പോലെയുള്ളവര്‍ തന്നെ ആകണേ എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളില്‍ . അറിയാതെ പോലും യാതൊരു തരത്തിലെ ഗുരു നിന്ദയും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലാ എന്ന് വിശ്വസിക്കുന്നു. അറിയാതെ നിങ്ങളില്‍ ആരുടെയെങ്കിലും മനസ്സു വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാന്‍ നാം ഈ അവസരം വിനയോഗിക്കുന്നു. ( ഹിറ്റ്ലര്‍, വാഴ്ത്തപ്പെട്ട പൊന്‍കുരിശ്, തണ്ണി പയസ് , രാവണന്‍ തുടങ്ങിയ വിളിപ്പേരുകള്‍ നിങ്ങള്‍ കേള്‍ക്കാതെ നിങ്ങള്‍ക്ക് സമ്മാനിച്ചത്‌ ആധുനിക യുഗത്തിലെ ശിഷ്യന്റെ ചുരുക്കം അവകാശങ്ങളില്‍ ഒന്നായി പരിഗണിക്കുവാന്‍ അപേക്ഷ).

എന്ത് പോക്രിത്തരം കാട്ടിയാലും അതെല്ലാം ക്ഷമിച്ച് ( ചിലപ്പോള്‍ സംസ്കൃത പദങ്ങളാല്‍ ഞങ്ങളെ പ്രബുദ്ധരാക്കിയ ശേഷം ക്ഷമിച്ച് ) ഞങ്ങളെ സ്വന്തം കുട്ടികളായി കാണുന്ന മഹാ ഗുരു ബഹു: അഗസ്ത്യസ്സ് എസ്തപ്പനോസ്സിനോട് നന്ദി പറയുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാകും എന്നതിനാല്‍ അതിന് മുതിരുന്നില്ലാ . അദ്ദേഹത്തോട് ഞങ്ങള്‍ക്കുള്ള ആദരവ്‌ വാക്കുകളുടെ പ്രാപ്തിക്കും അപ്പുറത്താണ് .
എന്നും നിങ്ങള്‍ ഓര്‍ക്കുന്ന ഒരു പറ്റം ശിഷ്യന്മാരായി ഞങ്ങള്‍ തീരട്ടെ എന്ന പ്രതീക്ഷയോടെ എല്ലാ ഗുരുക്കന്‍മാര്‍ക്കും ഒരിക്കല്‍കൂടെ ഞങ്ങളുടെ .
പ്രണാമം.

കൂപ്പു കൈകളോടെ
തലതിരിഞ്ഞ ഒന്‍പത് ശിഷ്യന്‍മാര്‍ .

പ്രിയപ്പെട്ടവളേ,

(ഇതില്‍ പങ്കു കച്ചവടം ഇല്ലാ. സുഹൃത്തുക്കള്‍ എന്ന് പറഞ്ഞ് നടക്കുന്ന എട്ടു തെണ്ടികളും പോയി ചത്തോ )
നിന്നെ ആദ്യം കണ്ട ദിവസം ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണെന്ന് നാം പറഞ്ഞാല്‍ ഉടനെ നീ അത് ഏത് ദിവസമായിരുന്നു എന്ന് ചോദിക്കും. അതിനാല്‍ നാം അത് പറയുന്നില്ലാ. പക്ഷേ രണ്ട് മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ , "നിന്നെ പ്രേമിക്കുന്നതിലും നല്ലത് കഴുത്തില്‍ കല്ല്‌ കെട്ടി നിലയില്ലാ കയത്തില്‍ ചാടുന്നതാണ് " എന്ന് പറഞ്ഞ് നീ നമ്മോട്‌ വേര്‍പിരിഞ്ഞത് ഒരു വ്യാഴാഴ്ച്ച ആയിരുന്നു എന്ന് നാം കൃത്യമായിട്ടോര്‍ക്കുന്നു . കാരണം പിറ്റേ ദിവസം വെള്ളിയാഴ്ച്ചയാണ് 'ദേവാസുരം' ഉജ്ജയ്നിയില്‍ പ്രദര്‍ശനം ആരംഭിച്ചത് .
' ആദ്യത്തെ പ്രണയം നിന്‍റെ ഒടുക്കത്തെയാകും , 'പെരുവഴിയില്‍ വീണ് കിടന്നാല്‍ നക്കുവാനായിപ്പോലും നായും നമ്മേ തിരിഞ്ഞ് നോക്കില്ലാ', എന്നിങ്ങനെയുള്ള നിന്‍റെ ആശംസകളെയൊക്കെ കാറ്റിന്‌ കൊടുത്ത് നാം പിന്നെയും പതിനഞ്ചെണ്ണത്തിനെ പ്രേമിച്ചു .അതില്‍ കുറെയെണ്ണം നമ്മേ ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച മട്ടാണ്. (പ്രണയം , കാമുകന്‍ എന്നീ വാക്കുകളോട് അവര്‍ക്ക് ഇപ്പോള്‍ പൂര്‍ണ്ണ വിരക്തിയാണത്രേ ) .രണ്ടെണ്ണം നീ മുന്‍ക്കയ്യെടുത്ത് കലക്കി . ബാക്കിയുള്ള സുന്ദരിമാരെ നാം ഉപേക്ഷിച്ചത്, നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മേ വേട്ടയാടിയത് കാരണമാണെന്ന് നിനക്കറിയാമോ? എല്ലാം നിന്നെ പോലെ തന്നെ ഭദ്രകാളികളായിരുന്നു എന്ന് ചുരുക്കം. .
അതെല്ലാം പോട്ടെ. പഴയതൊന്നും മനസ്സില്‍ വെയ്ക്കുന്ന ശീലം നമുക്കില്ലാ. എല്ലാം നമുക്കു മറക്കാം. പക്ഷേ അതിന് മുന്‍പ്, നമ്മള്‍ രണ്ടും കൂടി കാപ്പിയും, ചായയും കുടിച്ച വകയില്‍ ഗാല്‍ഗുത്താന്‍ ഊട്ടുപ്പുരയില്‍ കടമായി നില്ക്കുന്ന നൂറ്റിയന്‍പത് വരാഹന്‍ നീ ഒന്ന് കൊടുത്തേക്കണം. അത് കൊടുത്ത് കഴിഞ്ഞാല്‍ നമുക്കു പരസ്പരം കൈ കൊടുത്ത് പിരിയാം.
നമ്മുടെ മറ്റ് പഴയ പ്രണയിനികളോട് : പത്തു പതിനഞ്ച് കടിതം, എല്ലാവര്‍ക്കും പ്രത്യേകം, പ്രത്യേകം എഴുതുവാന്‍ നമുക്ക് തത്കാലം സൗകര്യം ഇല്ല . അതിനാല്‍ ഗാല്‍ഗുത്താന്‍ വിളമ്പരപ്പലകയില്‍ പതിക്കുന്ന ഈ കത്ത് തന്നെ നിങ്ങളോട് കൂടിയുള്ള നമ്മുടെ വിടവാങ്ങലായി കരുതി വായിച്ച് കൊള്ളുക . ഇനി നിനക്കൊക്കെ വീണ്ടും എഴുത്ത് തന്നു എന്ന പേരില്‍, നിന്റെയൊക്കെ കുടുമ്പക്കാര്‍ നമ്മേ ഈ ലോകത്ത് നിന്ന് തന്നെ വിട വാങ്ങിപ്പിക്കാന്‍ വരണ്ടാ എന്ന് കരുതിക്കൂടിയാണ് ഈ മുന്‍കരുതല്‍ .


എന്ന്
പ്രണയം മരിച്ചാലും മരിക്കാത്ത പ്രണയിതാവ്
വിക്രമാദിത്യന്‍

9 comments:

വിക്രമാദിത്യന്‍ said...

ഗാല്‍ഗുത്താനിലെ അവസാന ദിനങ്ങള്‍ എങ്ങിനെയെല്ലാം എഴുതിയിട്ടും ബ്രിജ് വിഹാരത്തിലെ 'ഗുഡ് ബൈ ദില്ലി'....എന്ന പോസ്റ്റിനോട് സാമ്യം വരുന്നു. അത്ര മാത്രം ആ പോസ്റ്റ് നമ്മേ സ്വാധീനിച്ചിട്ടുണ്ടെന്ന് സാരം. അതിനാലാണ് ഇപ്രകാരം വിടവാങ്ങല്‍ കത്തുകളാക്കിയത്...

BS Madai said...

(((((((((((ഠേ))))))))))))
തേങ്ങ ഉടച്ചു - ബാക്കി വായിച്ചിട്ട്...

Santosh said...

Nice Post.....

Veendum kalakki...

Keep Going...

Rare Rose said...

വ്യത്യസ്തമായ ഈ വിട വാങ്ങള്‍ കേമായി കുമാരാ....ഗാല്‍ഗുത്താന്‍ കലാലയവാസികള്‍ക്ക് സമാധാനം പകര്‍ന്ന ഈ വിട വാങ്ങലിനുശേഷം അടുത്ത ഉന്നം എതു കലാലയം ആയിരുന്നാവോ...;)ആ വിശേഷങ്ങളും ഉടനെ പോരട്ടെ..

Aadityan said...

ഗാല്‍ഗുത്താന്‍ എത്ര പെട്ടാണ് അവസാനിപ്പിച്ചത് kastamayi പൊയ്. എന്നിയും കുറെ ഏറെ കഥകള്‍ പ്രടീക്ഷിച്ചിരുന്നു അവിടുന്ന് . ബീടിക്കാരി കളം അന്നലോ കഥകളുടെ സുവര്‍ണ്ണ കാലം.
എന്തായാലും എന്നി എങ്ങോട്ടാ യാത്ര എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു .All the best keep going

Anonymous said...

കുമാരാ, ഗാല്‍ഗുത്താന്‍ ഗുരുകുലത്തില്‍ നിന്നുള്ള വിടവാങ്ങല്‍ ചടങ്ങ് അതിഗംബീരം. പഠിച്ച (പതിനെട്ടു പ്ലസ് ഒന്നു) അടവുക്കളും ഇനി എവിടെയാണാവോ പയറ്റുക എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

കുമാരാ, ഞാന്‍ അയച്ച കളരിപരമ്പര ദൈവങ്ങളില്‍ ഒന്നിനെ ഞാന്‍ തിരിച്ചു വിളിക്കുന്നു. (പതിനെട്ടു പ്ലസ് ഒന്നു) അടവുകള്‍ പഠിച്ച കുമാരനു ഒന്നല്ല ഒന്‍പതു പോയാലും പ്രശ്നമല്ല എന്നറിയാം എന്നാലും ഇരിക്കട്ടെ ബാക്കി.

എന്ന് വീണ്ടും
പേരും(പേരു പിന്നെ പറയാം),പെരുമയും(പുറത്തു പറയാന്‍ കൊള്ളില്ല)ഉള്ള
അപരിചിതന്‍.

Jayasree Lakshmy Kumar said...

പതിവു പോലെ അസ്സലായി. ഗാൽഗുത്താനോട് വിട പറഞ്ഞാലും ദർബാറുകൾക്കും വെടിപ്പടക്കങ്ങൾക്കുമായി ഇനിയും കാത്തിരിക്കുന്നു

:: VM :: said...

Very Good!

Enikk "pranayinikk ulla letter"aanu ishtappettath :)

G.MANU said...

പക്ഷേ , പുതിയ ദര്‍ബാര്‍ വിശേഷങ്ങള്‍ കാണുമല്ലോ അല്ലേ..

കാത്തിരിക്കുന്നു..