"ഉജ്ജയ്നിയില്‍ മതതീവ്രവാദവും , ബോംബ് സ്ഫോടനങ്ങളും ഒന്നും അന്യ രാജ്യങ്ങളെ പോലെ സജീവമല്ലാത്തത് ഇവിടെ പുരാതന കാലം തൊട്ട് വിപ്ലവത്തിന്റെ ശക്തമായ വേരോട്ടം ഉള്ളതിനാലാണ്" ഗാല്‍ഗുത്താന്‍ ഊട്ടുപുരയിലെ ഞങ്ങളുടെ സുഹ്രത്ത് സംഗമത്തില്‍ ഭട്ടി കത്തിക്കയറുകയായിരുന്നു. തലേന്ന് ഏതോ പ്രാദേശിക വിപ്ലവ പാഠശാലയില്‍ പോയിരുന്നുറക്കം തൂങ്ങുന്നതിനിടെ ഇടക്കൊന്നു ഞെട്ടിയപ്പോള്‍ ശ്രവിച്ച വാക്കുകള്‍ വള്ളി പുള്ളി വിടാതെ വിപ്ലവാചാര്യനായ് ഞെളിഞ്ഞു നിന്ന് അവന്‍ എഴുന്നള്ളിക്കുന്നത് കേട്ടപ്പോള്‍ ചുറ്റുമിരുന്ന ഞങ്ങളുടെ രക്തം തിളച്ചത് സ്വാഭാവികം.
"എവിടെ മച്ചു ഈ വേരോടിയിരിക്കുന്നത്? ഒന്നു കാണാനാ." ആദ്യം പ്രതികരിച്ചത് തൊണ്ടാണ്.
"പോടാ. ഇതൊക്കെ മനസിലാകണമെങ്കില്‍ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ വായിക്കണം" ഭട്ടി തിരിച്ച്ചടിച്ച്ചു
"ഡാ, ഇക്കിളി സാഹിത്യം ഉന്നമിട്ടു മാത്രം മലയാളം കൂട്ടി വായിക്കാന്‍ പഠിച്ച നീ തന്നെ ഇതു പറയണം, നാം തന്നെ ഇതു കേള്‍ക്കണം. " നാം പറഞ്ഞു.
"കുമാരനത് പറയരുത്. 'വിപ്ലവ പ്രസ്ഥാനങളുടെ കുതിപ്പും കിതപ്പും' ഞാന്‍ ഇന്നലെ വായിച്ചു തീര്‍ത്തതേയുള്ളൂ " ഭട്ടി പിടിച്ചു നില്ക്കാന്‍ ഒരവസാന ശ്രമം നടത്തി.
"ഒരു മാസമായില്ലേ ആ പുസ്തകം നീ ചുമന്നോണ്ട് പോയിട്ട്. തലക്കെട്ട് അക്ഷരത്തെറ്റില്ലാതെ വായിച്ചെടുക്കാന്‍ ഒരു മാസം...നീ ശിങ്കം തന്നെടാ." പേപ്പട്ടി വക ഭട്ടി വധം.
" ഡാ...നീ ദാസ് ക്യാപ്പിറ്റല്‍ എന്ന് കേട്ടിടുണ്ടോ?" നാം ഭട്ടിയോടു ചോദിച്ചു.
ഭട്ടി എന്തോ തെറി കേട്ട ഞെട്ടലോടെ നമ്മേ നോക്കി.
"ഒന്നു വെറുതേയിരിക്ക് കുമാരാ. 'കൊച്ചുപുസ്തകം ദാസ്സപ്പന്‍ കഞ്ഞിക്കുഴിയുടെ' അവസാന കൃതി 'കപ്പകൃഷിയുടെ' കാര്യം ചോദിക്കവനോട്. ഓരോ വാക്കും ക്രത്യമായി പറഞ്ഞു തരും, തെണ്ടി" മറ്റൊരു സുഹ്രത്തായ ഇഞ്ചിക്കാ കോപിഷ്ടനായിരുന്നു " ഡാ, നിന്റെ വിപ്ലവത്തിന്റെ വേരോട്ടമൊന്നും അന്ന് ക്ഷത്രിയ കലാലയത്തില്‍ മതതീവ്രവാദം നിന്റെ നെന്ച്ത്തു സജീവമായി പെരുമാറിയപ്പോള്‍ കണ്ടില്ലല്ലോ. അതോ പിന്നിട് ധന്വന്തരി വൈദ്യശാലയില്‍ വിപ്ലവ വേരിടിച്ച്ചു പിഴിഞ്ഞാണോ നിനക്കു കിഴി പിടിച്ചത്. വിപ്ലവം...നിന്‍റെ അമ്മുമ്മേടെ സ്ത്രീവേഷം" ഭട്ടി തകര്‍ന്നു തരിപ്പണമായിരുന്നു.
പേപ്പട്ടി വീണ്ടും എന്തോ പറയുവാനായി വാ തുറന്നപ്പോഴേക്കും സഖാവ് ഡിങ്കന്‍ ഒരു പറ്റം അനുയായികളുമായി ഞങ്ങളെ തേടി ഊട്ടുപുരയിലേക്കു പ്രവേശിച്ചു. അതുകൊണ്ട് മാത്രം ഭട്ടി രക്ഷപെട്ടു.
ഡിങ്കന്റെ വരവിന്റെ ഉദ്ദേശം സമരാഹ്വാനമായിരുന്നു. പൊതു ഗതാഗത വകുപ്പിന്റെ ഇടിവണ്ടികളില്‍ വിദ്യാര്‍ഥികളുടെ സൗജന്യ നിരക്കിലുള്ള യാത്രാ ചീട്ടിന്റെ വില പ്രതിമാസം നൂറു വരാഹനില്‍ നിന്നും നൂറ്റിഅഞ്ച് വരാഹനായി ഉയര്‍ത്തിയിരുന്നു. അതിനെതിരേയായിരുന്നു വിപ്ലവം തുടങ്ങുവാന്‍ പോകുന്നത്.
"സമരം ജനകീയ മന്ത്രിമാര്‍ക്കെതിരെ മാത്രമോ അതോ രാജാവിനെതിരെയും ഉണ്ടോ?" രാജകുമാരനായ നാം ന്യായമായും ചോദിച്ചു.
"മന്ത്രിമാര്‍ക്കെതിരെ മാത്രം. എന്തേ ചോദിക്കാന്‍?" സഖാവ് ഡിങ്കന്‍ ചോദിച്ചു.
"അല്ല...രംഗസജ്ജീകരണം താങ്കളുടെ വകയായത് കൊണ്ട് ഭട്ടിക്കു പ്രാദേശിക നിയമപാലകരുടെ കയ്യില്‍ നിന്നുമാണോ അതോ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നുമാണോ ചളുക്കിന് യോഗം എന്നറിയാന്‍ വേണ്ടി ചോദിച്ചതാണ്. " നാം മറുപടി പറഞ്ഞു.അത് കേട്ടതും ഭട്ടിയില്‍ കത്തി തുടങ്ങിയിരുന്ന വിപ്ലവ വീര്യത്തിന് മേല്‍ പേമാരി പെയ്തു.
"കുമാരന്‍ ഒരു തനി ബുര്‍ഷ്വയെ പോലെ സംസാരിക്കരുത്" സഖാവ് ചൂടായി. പറയുന്നവന് യാതൊരു അര്‍ത്ഥബോധവുമില്ലാത്ത മറ്റൊര ജല്‍പ്പനം കേള്‍ക്കുവാന്‍ താത്പര്യമില്ലാതിരുന്നതിനാല്‍ നാം ചോദിച്ചു "ഇപ്പൊ എന്ത് വേണം സഖാവിനു?"
"സമരത്തില്‍ നിങ്ങളുടെയൊക്കെ സജീവ സാന്നിധ്യം" എന്നായി ഡിങ്കന്‍.
"മൂലധനം പിരിക്കലല്ലേ ? ചെയ്യാം. പക്ഷെ മൂന്നിലൊന്നു നാമെടുക്കും"
" അത് വേണ്ടത് തന്നെ. പക്ഷെ അതിലുപരി ഗാല്‍ഗുത്താനിലെ സംഘടനാ ശക്തി നമുക്കു തെളിയിക്കണം. " സഖാവ് ഡിങ്കന്‍ ആവേശത്തോടെ പറഞ്ഞു.
"ജാഥ വിളിച്ചു കാക്കിപ്പടയുടെ ചവിട്ടു വാങ്ങുന്ന ഏര്‍പ്പാടല്ലേ? ഒന്നാം വര്‍ഷ ബീഡിക്കരിയില്‍ (പ്രയോഗത്തിന് കടപ്പാട് മഹാകവി ബഹുവ്രീഹി ദര്‍ബാര്‍ ധന്യമാകിയ വേളകളില്‍ നടത്തിയ ഒരു പരാമര്‍ശത്തോട് ) ആവശ്യത്തിലധികം പുതിയ കുട്ടിക്കുരങ്ങന്മാര്‍ ഇല്ലേ?. അവരെ കൊണ്ടു പോരെ ചൂടു ചോറ് വാരിക്കുന്നത്?" എന്ന ചോദ്യത്തിന് സഖാവ് മറുപടിയൊന്നും പറഞ്ഞില്ല.
"മാത്രമല്ല...ഈ നൂറ്റിയന്ച്ചായി വര്‍ദ്ധിപ്പിച്ചത് രണ്ടാഴ്ച്ചക്കുള്ളില്‍ പതിവു പോലെ നൂറ്റി രണ്ടാക്കി കുറയ്ക്കും. ജനവും സന്തുഷ്ടര്‍. ഇന്ധന വില വര്‍ദ്ധനവ് പോലുള്ള കാര്യങ്ങളില്‍ ദര്‍ബാറില്‍ മന്ത്രി കോമരങ്ങള്‍ കാലങ്ങളായി സ്വീകരിച്ചു വരുന്ന ഒരു അടവ് നയമല്ലേ ഈ ആദ്യത്തെ കൂറ്റന്‍ വര്‍ദ്ധനയും പിന്നത്തെ അല്‍പ്പം ഇളവും. അതാതിന്റെ വഴിക്ക് അത് നടക്കട്ടെ. എന്തിനാ വെറുതെ സമരം?" എന്നായി നാം.
"സംഘടനാ തീരുമാനമാണ്. അനുസരിച്ചേ മതിയാവു" എന്നായി സഖാവ്.
"നമുക്കു ചിലവിനുള്ള വക തരുന്നത് സംഘടന അല്ലല്ലോ . പിരിവു നടത്തി ഞങ്ങളല്ലേ സംഘടനയെ പോറ്റുന്നത്. അതുകൊണ്ടിത്രയൊക്കെ മതി. മാത്രമല്ല, തെരുവിലെ കയ്യാങ്കളി മടുത്തു" നാം തീര്‍ത്ത് പറഞ്ഞു " സഖാവ് ഒന്നാം വര്‍ഷ ബീഡിക്കരിക്കാരിലേക്ക് ഇറങ്ങി ചെല്ല്. നമ്മുടെ ഭട്ടിയെ പോലെ നിന്നു തല്ലു കൊള്ളാന്‍ തയ്യാറുള്ളവര്‍ അവിടെ കാണും"
സഖാവ് ഡിങ്കന്‍ ഗാല്‍ഗുത്താനിലെ വിപ്ലവത്തിന്റെ ബാല്യ പാഠങ്ങള്‍ അഭ്യസിക്കുന്ന കുട്ടിക്കുരങ്ങന്മാരുടെ തത്ത്വോപദേശിയും , (ദുര്‍)മാര്‍ഗ്ഗദര്‍ശ്ശിയും ആയിരുന്നു. ജാഥക്കാളേ കൂട്ടുക, രസികന്‍ തല്ലുകള്‍ കാക്കിപ്പടയുടെയും , എതിരാളികളുടെയും കൈകളില്‍ നിന്നും ലഭിക്കുവാനുള്ള അവസരങ്ങള്‍ കിടാങ്ങള്‍ക്കു ഒരുക്കി കൊടുക്കുക എന്നിങ്ങനെ മികച്ച സംഘടനാ പാടവം കൈമുതലാക്കിയ ഒന്നാന്തരം നവീന സഖാവ്. ഏറ്റവും ഒടുവില്‍, അനുരഞ്ജനം എന്ന ശുദ്ധ ബോഷ്ക്ക് വിശ്വസിച്ചു നമ്മുടെ ആത്മസുഹൃത്തായ ഭട്ടിയെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബദ്ധവൈരികളായ ആര്‍ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ കുറെ മുട്ടാളന്‍മ്മാരുടെ വായിലേക്കിട്ടുകൊടുത്തിട്ട് ഓടിരക്ഷപ്പെട്ടതുത്പടെ ഡിങ്കന്‍ സഖാവിന്റെ വീര ഗാഥകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തത് . മേല്‍പ്പറഞ്ഞ സംഭവത്തില്‍ ആര്‍ഷന്മാരുടെ സ്നേഹ സത്കാരങ്ങള്‍ കിട്ടാവുന്നിടത്തോളം ഏറ്റുവാങ്ങിയ ഭട്ടി പിന്നെ ഒരു മാസം കഴിഞ്ഞാണ് ധന്വന്തരി മഹാവൈദ്യശാലയിലെ എണ്ണത്തോണിയില്‍ നിന്നും പുറത്തിറങ്ങിയത് എന്ന ചരിത്രം വേറേ. ( ആ സത്കാര ചരിത്രം അന്യത്ര രേഖപ്പെടുത്തിയിട്ടുണ്ട് )
സഖാവിന്റെ സ്വഭാവം നന്നയിട്ടറിയാമായിരുന്ന ഞങ്ങള്‍ ഒന്‍പതു സുഹ്രത്തുക്കള്‍ അങ്ങിനെ സമരത്തിലെ പങ്കാളിത്തം മൂലധനം പിരിക്കുന്നതില്‍ മാത്രമായി ഒതുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു . ഭട്ടിക്കു വിപ്ലവ വീര്യം തെരുവില്‍ കാട്ടുവാന്‍ സാധിക്കാത്തതില്‍ ഒരല്‍പ്പം തെല്ല് ഉണ്ടായിരുന്നു.
"എന്നാല്‍ ചെന്നു കാക്കിപ്പടയുടെ ചവിട്ടു കൂടെ വാങ്ങിച്ചോണ്ട് വാടാ, ശുനക സന്തതി " എന്ന് ഇന്ചിക്കയുടെ സ്നേഹപൂര്‍ണ്ണമായ വാക്കുകളും "ആര്‍ഷന്മാരുടെ അശാസ്ത്രിയ ഇടിയാകില്ല കാക്കിപ്പടയുടെ ശാസ്ത്രിയ സംഗീതം. ആന ചവിട്ടിയ തണ്ണീര്‍മത്തന്‍ പരുവമാകും നീ " എന്ന നമ്മുടെ മുന്നറിയിപ്പും ചേര്‍ന്നപ്പോള്‍ ഭട്ടി വിപ്ലവത്തിനെ നാടു കടത്തി .
സമരം തുടങ്ങി. ഉജ്ജയ്നി കണ്ട ഏറ്റവും അക്രമാസക്തമായ വിദ്യാര്‍ഥി സമരങ്ങളില്‍ ഒന്നായിരുന്നു സൗജന്യ യാത്ര നിരക്ക് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥി വിപ്ലവ പ്രസ്ഥാനം നടത്തിയ,ഒരു മാസത്തോളം നീണ്ട, ആ സമരം. തുടക്കത്തില്‍ ശാന്തമായി തുടങ്ങി, ഒരാഴ്ച്ചക്കുള്ളില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, കാക്കിപ്പടയെ കല്ലെറിയല്‍ എന്നീ കലാപരിപാടികളിലൂടെ ഒടുവില്‍ കാക്കിപ്പടയും വിപ്ലവവും തമ്മിലുള്ള തുറന്ന തെരുവ് യുദ്ധത്തിലെത്തി നിന്നു സംഗതികള്‍.
ഒരു ദാക്ഷണ്യവും പൊതുമുതല്‍ നശിപ്പിക്കുന്നവരോട് കാട്ടേണ്ട എന്ന് കാക്കിപ്പടയുടെ സാരഥിത്ത്വം കൂടി വഹിച്ചിരുന്ന മുഖ്യ ജനകീയ മന്ത്രി, വെണ്ണക്കണ്ണന്റെ പ്രഥമ ഭക്തന്‍, മാരാത്ത് ദയാനന്ദജി ഉത്തരവിട്ടു .അപ്പോള്‍ ഗാല്‍ഗുത്താനില്‍ "എങ്ങിനെയും മാരാത്തെ മന്ത്രിയെ, വിപ്ലവത്തിന്റെ ഉജ്ജയ്നിയിലെ മുഖ്യ ശത്രുവിനെ , ആവണക്കെണ്ണ ഇറക്കുമതി അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചവനെ സംഹരിക്കുവിന്‍ സഖാക്കളേ" എന്ന ആഹ്വാനത്തോടെ, ദിവസവും തല്ലു കൊണ്ടു അവശരായി തിരിച്ചെത്തുന്ന ഒന്നാം വര്‍ഷ ബീഡിക്കരിക്കാരുടെ എണ്ണം കൂട്ടുന്നതില്‍ സഖാവ് ഡിങ്കന്‍ ബദ്ധശ്രദ്ധനായിരുന്നു. വാനരന്മാരെ വേണ്ട കഷായം കൊടുത്ത് ഒതുക്കുന്ന ചുമതല ദയാനന്ദജി, കാലന്‍ പോലും ഭയക്കുന്ന ഡിസ്പി (ഡി വൈ എസ് പി എന്ന് ആംഗലേയം) കാലഭൈരവ മൂര്‍ത്തിയെ ഏല്‍പ്പിച്ചതോടെ എല്ലാം തികഞ്ഞു.
ഗാല്‍ഗുത്താനിലെ കുട്ടിക്കുരങ്ങന്മാര്‍ പലരും തല്ലു കൊണ്ടു ഒരു പരുവമായപ്പോഴും ഡിങ്കന്‍ സഖാവിനു ഒരു പോറല്‍ പോലുമേറ്റിരുന്നില്ല. ഉജ്ജയ്നിയിലെ ഉള്ളൂര്‍ കേഷത്രത്തിലെ തൂക്കുത്സവത്തിനന്നു ഭരണ സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന തേരുകള്‍ തീവെച്ചു നശിപ്പിക്കാന്‍ തീരുമാനിക്കുന്നത് വരെ...
സാധാരണ ഇത്തരം കലാപരിപാടികളില്‍ ഡിങ്കന്റെ സാന്നിധ്യം വിദഗ്ദ്ധമായ തടി കേടാകാത്ത മട്ടിലാണ് ഉണ്ടാവുക പതിവു. കുട്ടിക്കുരങ്ങന്മാര്‍ ഏതെങ്കിലും പ്രാദേശിക ഭരണ വാഹനത്തെ തന്ടഞ്ഞു അതില്‍ യാത്ര ചെയ്യുന്നവരെ പിടിച്ചിറക്കി തേരിനു തീ വെയ്ക്കും. നിശ്ചിത അകലത്തില്‍ മാത്രം നിന്നു,മറ്റാരുടെയും കണ്ണില്‍പ്പെടാതെ , കുരങ്ങന്മാര്‍ക്ക് ചുറ്റും പരിഭ്രാന്തി സൃഷ്ടിച്ചു രക്ഷപെടുവാനുള്ള ഏറുപടക്കം( ഗാല്ഗുത്തനില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതിരുന്നതിനാല്‍ വിപ്ലവത്തിന്റെ ഉജ്ജയ്നിയിലെ ആസ്ഥാനത്ത് നിന്നും സാധനം വരുത്തണമായിരുന്നു അക്കാലത്ത്) വിതരണം ചെയ്ത ശേഷം വെസ്പയെന്ന കുതിരയില്‍ മുങ്ങുക. ഇതായിരുന്നു സഖാവിന്റെ പതിവു.
അന്നും അത് തന്നെയായിരുന്നു സഖാവിന്റെ പദ്ധതി. പക്ഷേ ക്ഷേത്രത്തിനരികിലുള്ള നാലും കൂടിയ കവലയില്‍ വെച്ചു കുട്ടിക്കുരങ്ങന്മാര്‍ ഒരു ഭരണ വാഹനം തടഞ്ഞു നിറുത്തി, അതിലിണ്ടായിരുന്നത് വിവ്പ്ലവത്തിന്റെ ഒരു വലിയ പ്രാദേശിക അണ്ണന്‍ തന്നെ എന്നറിയാതെ, അങ്ങേരെ പിടിച്ചിറക്കി കരണത്ത് ഒന്നു പൊട്ടിച്ചു വാഹനത്തിനു തീയിട്ടപ്പോള്‍, ഡിങ്കന് ശുക്രദശ മാറി കാലഭൈരവയോഗം തുടങ്ങി. അഗ്നിക്കിരയായ രഥത്തിന്റെ സാരഥി അവിടുന്ന് മുങ്ങി കാക്കിപ്പടയെ വിവരമറിയിച്ച്ചു. സംഭവ സ്ഥലത്തേക്ക് ഡിങ്കന്റെ യോഗം പോലെ ,കാക്കിപ്പടയെ നയിച്ചു വന്നത് കാലഭൈരവ് രഥം
ഡിങ്കന്‍, നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നതിന്‍പടി ഒരു തോള്‍ സഞ്ചിയില്‍ കൊണ്ടു വന്ന ഏറുപടക്കങ്ങളില്‍ ചിലത് വാനരന്മാരില്‍ ഒരുവനെ ഏല്‍പ്പിച്ചിട്ട്, അടുത്ത അങ്കം നടക്കുന്നിടത്ത് പടക്ക വിതരണത്തിനായി പോകുവാന്‍ ഒരുങ്ങുകയായിരുന്നു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാക്കിപ്പട കുട്ടിക്കുരങ്ങന്മാരില്‍ ചിലരെ വളഞ്ഞു പിടിക്കുകയും ആ നേരം കൊണ്ട് സഖാവ് ഡിങ്കന്‍ അപ്രത്യക്ഷ്നാവുകയുമാണ് പതിവു. പക്ഷെ അന്ന് , വിപ്ലവത്തിന്റെ ഒരുവിധം എല്ലാ കുട്ടി നേതാക്കളെയും തിരിച്ചറിഞ്ഞിരുന്ന കാലഭൈരവന്‍ രഥം കൊണ്ടു നിറുത്തിയത് സംഭവ സ്ഥലത്തിനു നൂറടിയോളം അകലെ അതുമായിട്ടൊരു ബന്ധവുമില്ലാത്ത മട്ടില്‍ മുങ്ങുവാന്‍ തുടങ്ങുന്ന ഡിങ്കന്റെ കുതിരക്ക് മുന്നില്‍. പര്‍വ്വതസമാനന്‍ മുന്നിലേക്ക് ചാടി വീണപ്പോള്‍ തന്നെ ഡിങ്കന്റെ നല്ല ജീവന്‍, ജീവനും കൊണ്ടോടിയിരുന്നു. പിന്നാലെ ഡിങ്കനും ഓടുവാന്‍ സാധിക്കും മുന്‍പ് കാക്കിപ്പട ഭൈരവ മൂര്‍ത്തിക്കും, ബലിമൃഗത്തിനും ചുറ്റുമായി ഒരു വലയം തീര്‍ത്തു. ഡിങ്കന്‍ നിന്നു പരുങ്ങിയപ്പോള്‍ ഭൈരവ ഹസ്തങ്ങള്‍ നീണ്ടതു സഖാവിന്റെ തോള്‍ സഞ്ചിയിലേക്ക്. സഞ്ചി പരിശോദിച്ചപ്പോള്‍ കാലന്റെ കൈയില്‍ത്തടഞ്ഞത് രണ്ടു രസികന്‍ എറിപ്പടക്കങ്ങള്‍. ഇരു കൈകളിലുമായി അവ ഉയര്‍ത്തി പ്പിടിച്ചു കാലഭൈരവന്‍ ഡിങ്കന്റെ മുഖത്ത് നോക്കി ഒരു മാത്ര നിന്നത്രേ... അതിന് ശേഷമായിരുന്നു ആദ്യ കുശലം . "നിന്റെ തന്തക്കു ഗോട്ടി കളിക്കനാണോടാ .... മോനേ രണ്ടുണ്ട ?" (ഇതു ഭൈരവ വാക്യത്തിന്റെ കഴിവതും സഭ്യമായ പരിഭാഷ. ശരിക്കും ഭൈരവന്‍ ചോദിച്ചത് ഡിങ്ക പിതാവിന്റെ ശരീരത്തിലെവിടയോ പടക്കങ്ങള്‍ തൊങ്ങലുകളാക്കുന്നതിനെക്കുറിച്ചായിരുന്നു എന്ന് കണ്ടു നിന്നവര്‍ പറയുന്നു) .
മറുപടി പറയാന്‍ ഡിങ്കന്‍ ഒരുക്കമല്ലാ എന്ന് കണ്ട ഭൈരവ മൂര്‍ത്തി അനന്തരനടപടിയിലേക്ക് കടന്നത് വളരെ പെട്ടന്നായിരുന്നു. "പ്രയോഗം അറിയാവുന്നവര്‍ ആറാംവാരിക്കു മുട്ടുകാല്‍ കയറ്റിയാല്‍ ഉരലില്‍ ഉലക്ക വീഴുന്ന ശബ്ദം ഉണ്ടാകും" എന്ന് പിന്‍കഥ പാടുവാനായി കാക്കിപ്പടയുടെ വലയത്തിന് പുറത്തു നിന്ന് സംഭവം കണ്ട പാണന്മ്മാര്‍ പിന്നീട് പറയുകയുണ്ടായി. സഖാവിന്റെ നിലവിളി കാലഭൈരവന്റെ തുടര്‍ന്നുള്ള പൂരപ്പാട്ടില്‍ മുങ്ങിപ്പോയെന്നും, അതില്‍ പ്രതിഷേധിച്ച് സഖാവ് കൂടുതല്‍ ഉച്ചത്തില്‍ കാറിയെന്നും അവരിപ്പോഴും പാടി നടക്കുന്നു . പക്ഷേ സഖാവിന്റെ കാറലിനിടയിലൂടെപ്പോലും ഭൈരവ മൂര്‍ത്തി വക ' തവ മാതാവിന്റെ...." "തവ താതന്റെ ..." പിന്നെ "തവ മറ്റാരുടെയോക്കെയോ..." തുടങ്ങിയ അസംസ്കൃത ശ്ലോക ശല്‍ക്കങ്ങളും, ഇടതടവില്ലാതെ ഉയരം കൂടിയ തെങ്ങില്‍ നിന്നും തേങ്ങ നനഞ്ഞ മണ്ണില്‍ വീഴുംബോളുണ്ടാകുന്ന ശബ്ദങ്ങളും കേട്ടിരുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയായിരുന്നു.
ഒടുവില്‍ ഭൈരവന് പൊതുസ്ഥലത്തെ താണ്ടവം മടുത്തപ്പോള്‍ ,കാക്കിപ്പട ഡിങ്കനെ പഴന്തുണിക്കെട്ടു പോലെ എടുത്ത് കാലഭൈരവ രഥത്തിന് പിന്നിലെക്കെറിയുകയും ശേഷക്രിയകള്‍ക്കായി ഏതോ താത്കാലിക തുറുങ്കിലേക്ക് കൊണ്ടുപോവുകയും ചെയ്തത്രേ.
പിറ്റെന്നാള്‍ ഗാല്‍ഗുത്താനിലെ പന്ചാര മുക്കെന്നു പ്രസിദ്ധി നേടിയ ആംഗലേയ വിഭാഗത്തിനു സമീപമുള്ള മുത്തശ്ശി പ്ലാവിന്‍ ചോട്ടില്‍, സമര സംഭാവനകള്‍ ഉദാരമായത് കാരണം, പതിവുള്ള 'ഒന്‍പതു വായ്ക്കൊരു പുക' തത്ത്വം വിട്ടു ആളുക്കൊന്നെന്ന കണക്കിന് ധൂമ്രാപനം ചെയ്തു വിശ്രമിക്കവെയാണ്, തലേന്ന് കൊള്ളിവെയ്പ്പിനു പോയിരുന്ന ( ഡിങ്കന്‍ന്റെയല്ലാ) ഒരു കുട്ടിക്കുരങ്ങനില്‍ നിന്നും ഞങ്ങള്‍ സംഭവങ്ങളുടെ നേര്‍ക്കഴ്ച്ചാ വിവരണം കേള്‍ക്കുന്നത്. പതിവിനു വിപരീതമായി, തലേന്ന് കുട്ടിക്കുരങ്ങന്മാരിലാരും തന്നെ തല്ലു വാങ്ങിയിരുന്നില്ല.
വലിയ വിപ്ലവ പ്രസ്ഥാനം ഡിങ്കനെ കാക്കിപ്പടയുടെ താവളത്തില്‍ നിന്നും നിയമപരമായി മോചിപ്പിക്കാന്‍ എത്തിയത് പിറ്റേ ദിവസം (സംഭവം ഞങള്‍ അറിഞ്ഞ ദിവസം )മാത്രം. കാരണം പുലര്‍ന്നപ്പോള്‍ മാത്രമെ അവര്‍ക്ക് കാക്കിപ്പടയുടെ ഏത് താവളത്തിലാണ് ഡിങ്കന്‍ സഖാവെന്നു കണ്ടുപിടിക്കന്‍ കഴിഞ്ഞുള്ളൂ. ഈ നേരം കൊണ്ട് പരമ ഭക്തനായ കാലഭൈരവന്‍ മഹാവിഷ്ണുവിനൊരു ഡിങ്കന്‍ത്തൂക്കും , പരമശിവനൊരു ശൂലം കുത്തലും , പിന്നെ കാക്കിപ്പടയില്‍ ശേഷിച്ച ഭക്തന്മാര്‍ പുലരുവോളം അവരവരുടെ ശേഷിക്കൊത്ത ഉരുട്ടല്‍, ഉറിയടി, കൂമ്പിനിടി തുടങ്ങിയ വഴിപാടുകളും ഡിങ്കന്റെ ശരീരപുഷ്ടിയില്‍ കഴിച്ചിരുന്നതിനാല്‍, വലിയ സഖാക്കള്‍ ഡിങ്കന്റെ 'ഡി'യും 'ങ്ക' യും 'ന്‍'ഉം എല്ലാം താത്കാലിക തടവറയുടെ പല മൂലകളില്‍ നിന്നായി തൂത്തുവാരി എടുക്കുകയായിരുന്നു എന്ന് കുട്ടിക്കുരങ്ങന്‍ ഞങ്ങളെ അറിയിച്ചു . പ്രാഥമികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പോലും സഖാവ് അപ്പോള്‍ അശക്തനായിരുന്നത്രെ. കാക്കിപ്പടയുടെ നേര്‍ച്ചകളുടെ ശക്തി അപാരം. അല്ലാതെന്തു പറയാന്‍.
"എന്നിട്ടെവിടേക്ക് കൊണ്ടുപോയെടാ സഖാവിനെ?" വിവരണം തന്ന കുട്ടികുരങ്ങനോട് നാം ചോദിച്ചു.
"അറിയില്ല കുമാരാ"
"ധന്വന്തരി വൈദ്യശാലയിലേക്കാണെങ്കില്‍ എളുപ്പമായി. ഭട്ടി കിടന്ന എണ്ണത്തോണി ഇപ്പോഴും അവിടെ തന്നെ കാണും. ഡാ ഭട്ടി, ഇതാണ് കാവ്യ നീതി" പുതിയ ഒരു പുകക്ക് തീ കൊടുത്ത്, സത്യത്തില്‍ ആസ്വദിച്ചാണ് നാമത് പറഞ്ഞത്.
" ഏത് കാവ്യ?" ഭട്ടിയുടെ വിപ്ലവ ബുദ്ധിക്ക് കാവ്യ നീതി എവിടെ മനസിലാവാന്‍.
"നിന്‍റെ അമ്മുമ്മ കടകമ്പള്ളി കാര്‍ത്തുവിന്റെ കുഞ്ഞമ്മ" ഭട്ടിക്കുള്ള മറുപടി ഇന്ചിക്കാ വക.
Friday, July 25, 2008
Subscribe to:
Post Comments (Atom)
13 comments:
കൊള്ളാം കുമാര, കലാലയ രാഷ്ട്രീയത്തിണ്ടെ പച്ചയായ ചിത്രം വരച്ചിട്ടത് അസ്സലായിട്ടുണ്ട്. ഇന്നും ഡിങ്കനെപ്പോലുള്ളവര്‍ക്കും തല്ലുകൊള്ളാന്‍ മാത്രം വിധിക്കപ്പെട്ട കുട്ടിക്കുരങ്ങന്‍മാര്‍ക്കും ന്നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരാത്ത വാലുകളും വളവുകളും....
തകര്‍ത്തു മാഷേ .ദര്‍ബാര്‍ പൂട്ടിയോ എന്ന് സംശയിക്കുകയായിരുന്നു.ഡിങ്കനെ കാലഭൈരവ് പെരുമാറിയത് നന്നായി. ഏത് പോലെ എല്ലാ ചോട്ടാ നേതാക്കള്‍ക്കും ഓരോന്ന് വീതം കിടിയിരുന്നെങ്ങില്‍ രാഷ്രീയതില്ലേ വിടരുന്നമൊട്ടുകള്‍ നന്നയിപോയെന്നെ .എല്ലാ ആശംസകളും. അടുത്തത് ഉടന്നെ കാണുമല്ലോ അല്ലെ?
വിക്രമത്തമ്പ്രാൻ..
പതിവുപോലെ രസിച്ചിരുന്നു വായിച്ചു. രാവിലെ വായിച്ച് കമന്റാൻ പറ്റിയില്ല്യ. വൈന്നേരം ഒന്നുകൂടി വായിച്ചു.
ട്ട്വോ മിഡ്ക്കാ... അസ്സലായി. ഗംഭീരായി.
ഒരു ഓഫ്.
ദർബാറിലെ നേരമ്പോക്കുകൾ ജനം കാണുന്നില്ല്യേ എന്നൊരു സംശയം. അഗ്രിഗേട്ടന്മാർ കാണിക്കാത്തതാവും കാരണം. ഇത്തരം രസ്സ്യൻ സൃഷ്ടികൾ ശ്രദ്ധിക്കപ്പെടാത്തതിൽ ഒരു സങ്കടമനപ്രയാസം. പോസ്റ്റുകൾ റീ പോസ്റ്റു ചെയ്യുന്ന സൂത്രം ആലോചിക്കാവുന്നതാണ്.
അടുത്തതിനായി കാത്തിരിക്കുന്നു.
സരിജാ എന്‍ എസ് : എഴുപതുകളുടെ അത്രയും ഇല്ലെങ്കിലും തീക്ഷണമായ ചിന്തകള്‍ വിളഞ്ഞിരുന്ന കലാലയ ജീവിതം അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ഛവനാണ് നാം. പക്ഷേ ആ ചിന്തകളെ മുതലെടുക്കുവാന്‍ വിപ്ലവവും, ഖദറും, മതങ്ങളും എല്ലാം അന്നും ഉണ്ടായിരുന്നു. മുതലെടുക്കപ്പെട്ടു , ഇന്നും വീല്‍ ചെയറില്‍ ജീവിക്കുന്ന ഒരു യഥാര്‍ത്ഥ സഖാവിനും , നിലമേല്‍ കുന്നുകളില്‍ കൊല്ലപ്പെട്ട ഒരു ആര്‍ഷ സുഹൃത്തിനും വേണ്ടി ഈ പോസ്റ്റ് പേരുകള്‍ പറഞ്ഞു സമര്‍പ്പിക്കണം എന്ന് കരുതിയതാണ്. പക്ഷേ അവരുടെ കുടുംബങ്ങളുടെ അനുവാദം കിട്ടാത്തത് കൊണ്ടു മാത്രം അത് ചെയ്തില്ല .
അഭിനന്ദനങ്ങള്‍ക്ക് നന്ദി.
ആദിത്യാ: ദര്‍ബാര്‍ പൂട്ടാനോ ? എഴുതുന്നത് വായിക്കുവാന്‍ ഒരാളെങ്കിലും ഉള്ള കാലം അത് നടക്കില്ല. അതുണ്ടാവുകയും ചെയും. ആരും വായിച്ചിലെങ്കില്‍ നാം തന്നെ കുത്തിയിരുന്നു എല്ലാം പല വട്ടം വായിക്കും...( അട്ടഹാസത്തിന്റെ ഇമോട്ട് ഐക്കണ്‍ സങ്കല്‍പ്പിക്കുക) .
അഭിനന്ദനങ്ങള്‍ക്ക് നന്ദി.
ബഹുവ്രീഹി : നന്ദി. തനിമലയാളത്തില്‍ പുതിയ പോസ്റ്റ് തല കാണിച്ചിട്ടുണ്ട്. ഇനിയും അത് തുടരും എന്ന് പ്രതീക്ഷിക്കുന്നു. റീ പോസ്റ്റ് ചെയ്യാന്‍ മടിക്കുന്നതു രണ്ടു കാരണം കൊണ്ടു. ഒന്നു നമ്മുടെ ജന്മനാ ഉള്ള മടി. പിന്നെ റീ പോസ്റ്റ് ചെയ്യുമ്പോള്‍ തന്കലെപോലുള്ളവരുടെ കമന്റുകളും നഷ്ടമാകും. അല്ലെങ്കില്‍ അവയും നാം കോപ്പി പേസ്റ്റ് ചെയണം....(ആദ്യ പോസ്റ്റില്‍ അങ്ങിനെ ഒരക്രമം നാം കാണിച്ചിട്ടുണ്ട്) . നിങ്ങളൊക്കെ ഇട്ടതു പോലെ തന്നെ, ലിന്കുകളോട് കൂടി കമന്റുകള്‍ ( അവ എണ്ണത്തില്‍ എത്ര വിരളമാണെങ്കിലും) കാണുന്നതാണ് നമുക്കു സന്തോഷം. എന്തായാലും അടുത്ത പോസ്റ്റില്‍ താങ്കളുടെ ഉപദേശം നാം സ്വീകരിക്കാന്‍ തീരുമാനിച്ചു . ചാത്തന്‍സ് പറഞ്ഞതു പോലെ "ഇനി ബഹുവ്രീഹി ഒരു കാര്യം പറഞ്ഞിട്ട് വിക്രമത് ചെയ്തില്ലെന്ന് വേണ്ട" :-)
പതിവു പോലെ നന്നായി...
നാടൊന്നു നന്നാക്കി കളയാം എന്ന് ആത്മാര്‍ഥമായി വിചാരിക്കുന്ന
പാവങ്ങള്‍ കുടി ഇതിനിടയില്‍ ഉണ്ടെന്നു ഓര്‍ക്കണേ ...
കോളേജ് പടി ഏറന്ഗുപ്പോഴാണ് എന്തിനായിരുന്നു എല്ലാം എന്നൊരു തോന്നല്‍ എല്ലാവരും തിരിച്ചറിയുന്നത് .
എഴുത്ത് തുടരുക . എല്ലാ വിധ ആശംസകളും .
കഴിഞ്ഞ കമന്റിലും എഴുതിയതാണ് എങ്കിലും ഒന്നു കുടി പറയട്ടെ 'ur style is very unique.keep it up.'
കമന്റുകളുടെ എണ്ണം എന്താ ഇങ്ങനെ എന്ന് മാത്രം മനസിലാവുന്നില്ല .
അത് പോട്ടെ .എഴുതലാണല്ലോ നമുടെ ധര്‍മം ...
"നിന്റെ തന്തക്കു ഗോട്ടി കളിക്കനാണോടാ .... മോനേ രണ്ടുണ്ട ?"
' തവ മാതാവിന്റെ...." "തവ താതന്റെ ..." പിന്നെ "തവ മറ്റാരുടെയോക്കെയോ..." തുടങ്ങിയ അസംസ്കൃത ശ്ലോക ശല്‍ക്കങ്ങളും,
വലിയ സഖാക്കള്‍ ഡിങ്കന്റെ 'ഡി'യും 'ങ്ക' യും 'ന്‍'ഉം എല്ലാം താത്കാലിക തടവറയുടെ പല മൂലകളില്‍ നിന്നായി തൂത്തുവാരി എടുക്കുകയായിരുന്നു
പ്രയോഗങ്ങള്‍ അസ്സലായി! പലയിടത്തും (നിലവാരമുള്ള) ചിരി വന്നു.:) ഇനിയും കൊഴുപ്പിക്കാം ഒപ്പം കുറുക്കിയെഴുതാം(നൊ മോര്‍ നീട്ടിയെഴുത്ത് ന്ന്!) വായിച്ചെങ്കിലും കമന്റാന്‍ ഇന്നേ സാധിച്ചുള്ളൂ. ദര്‍‘ബാറി’ല്‍ നിന്നും സ്ഥിരം തരാറുള്ള പെഗ്ഗില്‍ (സോറി,പൊന്‍ നാണ്യം) ഒന്നു കുറക്കാം :)
അശ്വതി : നന്ദി. ആത്മാര്‍തഥ ഒരുപാടുള്ള ആളുകള്‍ സംഘടന പ്രവര്‍ത്തനത്തിന് അന്നും ഇന്നു ഇറങ്ങി തിരിക്കുന്നുടെന്നു അറിയാഞ്ഞല്ല. പക്ഷേ അവരെ കാത്തിരിക്കുന്ന സഖാവ് ഡിങ്കനെ പോലുള്ളവരെ അവര്‍ തിരിച്ചറിയുന്നില്ലല്ലോ.
പിന്നെ കമന്റുകളുടെ കാര്യം...അഗ്രഗേറ്റര്‍കള്‍ക്ക് നമ്മോടുള്ള പിണക്കം മാറി വരുന്നതേ ഉള്ളു. വല്യ താമസമില്ലാതെ കമന്ടിടുന്നവര്‍ക്ക് ചായയും കടിയും ഓഫര്‍ ചെയ്താലോ എന്ന് ആലോചിക്കുകയാണ്.
പിന്നെ നാം എഴുതി നാം തന്നെ വായിച്ചു രസിച്ചു കാലം കഴിക്കും എന്ന് കരുതി തുടങ്ങിയ ചരിത്രമാണിത് . ഇപ്പോള്‍ നിങ്ങളെപോലുള്ള കുറച്ചു പേര്‍ സ്ഥിരമായി ഇവിടെയെത്തി അഭിപ്രായങ്ങളും, വിമര്‍ശനങളും അറിയിക്കുന്നില്ലേ. നാം അതില്‍ തന്നെ വളരെ സന്തുഷ്ടന്‍ . അശ്വതി പറഞ്ഞതു പോലെ എഴുതി തള്ളാം. നാട്ടുകാര്‍ക്ക് മടുക്കുമ്പോള്‍ അവര്‍ പിടിച്ചു തല്ലട്ടെ.
നന്ദകുമാര്‍ രാജാവേ: സ്വാഗതം അഗൈന്‍ ആന്‍ഡ് നന്ദി . പ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം . പിന്നെ എഴുത്തിന്റെ നീളം കൂടുന്നതിന്റെ കാര്യം ...കുറയ്ക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു . എന്നാലും ചിലസമയത്ത് വലിച്ചു നീട്ടിയില്ലെങ്കില്‍ ആശയങ്ങള്‍ മുഴുവനായി സംവദിക്കുവാന്‍ കഴിയില്ല എന്നൊരു തോന്നലുണ്ടാകും. അപ്പോഴാണ് വലിച്ചു വാരി എഴുതാനുള്ള ആക്രാന്തം ഉണ്ടാകുന്നതു. അമ്മച്ചിയാണേ അടുത്ത പോസ്റ്റ് മുതല്‍ ഇക്കാര്യം മനസ്സിരുത്തുന്നതായിരിക്കും. പിന്നെ പെഗ്ഗിന്റെ അല്ല പൊന്‍ നാണയങ്ങളുടെ കാര്യം...ദര്‍ബാറില്‍ അതിന് മാത്രം എന്ത് കൊണ്ടയായാലും പഞ്ഞം വരില്ല. 'വരുന്നവരുടെ ആവശ്യാനുസരണം' ....അതാണ് വിക്രമ മധിരാപാന സംഹിത' പറയുന്നത്
Dear Vikram,
Good style of writing....
Very unique....
Keep going...
(Sorry for english)
Santosh
സംഭവം കലക്കി സഖാവേ
പക്ഷെ ഒരു പൂല്ല് വഴിമണം ഉണ്ടോന്ന് സംശയം?????
Santosh Ravi ... : നന്ദി. പിന്നെ ഇംഗ്ലീഷൊന്നും ഒരു കുഴപ്പവും ഇല്ല. മനസിലാവുന്ന ഏത് ഭാഷയില്‍ അഭിനന്ദനം അറിയിച്ചാലും , വിമര്‍ശിച്ചാലും നാം ഹാപ്പി . വീണ്ടും ദര്‍ബാറില്‍ സാന്നിധ്യം ഉണ്ടാകുമല്ലോ ?
maravan :നന്ദി . പിന്നെ 'പൂല്ല് വഴിമണം' എന്താണെന്ന് മനസിലായില്ല, വ്യക്തമാക്കിയാല്‍ ഉപകാരം
കലക്കന്‍! ചിരിച്ച് മടുത്തു ;) ഞാന്‍ ഫേവറിറ്റ്സില്‍ തൂക്കിീീ ബ്ലോഗ്.
സ്ഥിരം എഴുതുമല്ലോ?
ഇടിവാള്‍ : നന്ദി . നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളും വിമര്ശ്ശനങളും ഉണ്ടെങ്കില്‍ എഴുതാന്‍ നാം ഇന്നലെ തയ്യാര്‍
Innanu sakhavinte posts aadyamayi vayichathu ... Kettu/Kandu maranna palathum orkkan kazhinju ... ethandu kumaran-te kaalaghattathil thanne galgulthan-il kalikkanum chirikkanum chinthikkanum avasaram kittiya oralayi innum ormakal sookshikkunnu ...
Post a Comment