Thursday, August 7, 2008

മലയാള മനോമര്‍ദ്ധിനി- ഭാഗം ഒന്ന്

ഇതു ഉജ്ജയ്നിയിലെ ദര്‍ബാര്‍ . സത്യത്തിന്റെയും , നീതിയുടെയും ഉജ്ജയ്നിയിലെ അവസാന പ്രതീക്ഷയായ രാജസദസ്സ്.(തന്നെ, തന്നെ എന്ന് പറഞ്ഞവന്മാരെ നാം കണ്ടു...ശരിയാക്കിത്തരാം ). കാലവും സമയവും ബാധിക്കാത്ത ഈ ദര്‍ബാറില്‍ ഹാജരകുന്നവര്‍ ഉജ്ജയ്നിയില്‍ മാത്രം ഉള്ളവരാണ്. ഇവരെ ഈ ചരിത്രം വായിക്കുന്നവര്‍ക്ക് സമാന സാഹചര്യങ്ങളിലും, അന്യ ദേശങ്ങളിലും വെച്ചുള്ള പരിചയം തോന്നുന്നുവെങ്കില്‍... അത് നിങ്ങളുടെ ചിന്തകളുടെ കുഴപ്പം. ഇനിയെങ്കിലും മര്യാദക്ക് ചിന്തിക്കുവാന്‍ പഠിക്കുക.പിതാജി മഹാരാജിന്റെ നിരന്തര സമ്മര്‍ദ്ധങ്ങളുടെ ഫലമായി ( മുന്‍ ചരിത്രങ്ങള്‍ വായിക്കുക) ,ബീഡിക്കരിക്ക് പഠിക്കുന്ന കാലഘട്ടം മുതല്‍ ഭാവിയിലേക്കുള്ള ഒരു പരിശീലനം എന്ന നിലക്ക് മഹാരാജാവ് സ്ഥലത്തില്ലാത്ത വേളകളില്‍ നാം ദര്‍ബാര്‍ നിയന്ത്രിച്ചു തുടങ്ങിയിരുന്നു. ആ പരിശീലന കാലത്ത് നാം നടത്തിയ ചില വിചാരണകളുടെയും, തീര്‍പ്പുകളുടെയും രാജകീയ രേഖകളാണിവ. ഇങ്ങിനെയൊക്കെ നടക്കുമോ എന്ന് ചോദിക്കരുത്. ഉജ്ജയ്നിയില്‍ എന്തും നടക്കും...നടത്തുന്നത് നാമാണെങ്കില്‍.

സംഭവങ്ങള്‍ നടക്കുന്നത് ദര്‍ബാറില്‍. സിംഹാസനത്തില്‍ നാം. സിംഹസനത്തിനോപ്പമുള്ള മൂന്ന് ഇരിപ്പടങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായി മുഹമ്മദ് നബി ( അള്ളാഹു ഖുറാന്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നതില്‍ ദുഖിതനായി വിശുദ്ധ ഗ്രന്ഥത്തിന് ഒരു യഥാര്‍ത്ഥ വിശദീകരണം എഴുതുന്ന തിരക്കിലായിരുന്നു ) , യേശു ക്രിസ്തു (യാഹോവയായിരുന്നു നമുക്ക് താത്പര്യം . പക്ഷേ കൂടുതല്‍ ജനകീയന്‍ മനുഷ്യപ്പുത്രനായത് കൊണ്ട് പിന്നിടാ ക്ഷണം പുള്ളിക്ക് കൊടുത്തു ) , സര്‍വ സംഹാരി ശിവന്‍ പിള്ള ( സംഹാരകാലമാകുന്നത് വരെ പ്രത്യേകിച്ച് പണിയൊന്നുമില്ലത്തതിനാല്‍ അങ്ങേരെ എവിടെയെങ്കിലും ഇരുത്തണ്ടേ. പിന്നെ നമുക്ക് അമര്‍ത്ത്യത എന്ന കൈകൂലി വാഗ്ദാനം ചെയ്തിട്ടാണ് സ്ഥിരം ക്ഷിണിതാവായതും. പുറത്ത്‌ പറയരുത്. ) ഇവരെക്കൂടാതെ നമ്മുടെ ഭാവി മഹാമന്ത്രി ഭട്ടി . ( നിന്നു കൊണ്ടാണ് ഭട്ടി ദര്‍ബാറില്‍ കാര്യങ്ങള്‍ നടത്തുന്നത്. ലവന്‍ നിന്നാല്‍ മതി. ഇരിക്കാറാകുമ്പോള്‍ നാം പറയും).

"ആദ്യത്തെ ദര്‍ബാര്‍ ആയത്‌ കൊണ്ടു സഭാകമ്പം വല്ലതും ഉണ്ടോ പ്രോക്സി ഹൈനെസ്സ്? " എന്ന ഭട്ടിയുടെ കുനഷ്ട്‌ ചോദ്യത്തോടെ ദര്‍ബാര്‍ നടപടികള്‍ ആരംഭിക്കുന്നു.

" നാമെത്ര ബാര്‍ കണ്ടതാടാ. പിന്നല്ലേ ദര്‍ബാര്‍ ...നീ ആദ്യത്തെ അധമനെ വിളി . വിചാരണ തുടങ്ങാം" എന്ന് നാം.

ഭട്ടി: "അതിന് മുന്പ് ഈ വിചാരണയുടെ പശ്ചാത്തലം അവിടുന്നൊന്ന് അറിഞ്ഞിരിക്കണം"
നാം: "വേണ്ടത് തന്നെ. എഴുന്നള്ളിച്ചോ"

ഭട്ടി: "ഉജ്ജയിനി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ നിന്നും ആഗ്നേയാസ്ത്രം തൊടുക്കും മുന്പ് ചൊല്ലേണ്ട മൂലമന്ത്രം, 'എം എം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദ്യ, അടിച്ചു മാറ്റി ശത്രു രാജ്യത്തിന്‌ വിറ്റു എന്നാരോപിക്കപ്പെട്ട് രണ്ടു ഗവേഷകരേയും, അവരെ വശീകരിച്ച് വിദ്യ അടിച്ചു മാറ്റാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി രണ്ടു വിദേശികളായ അപ്സരസ്സുകളേയും കാക്കിപ്പട തടവിലാക്കിയിരുന്നു. അതോടനുബന്ധിച്ച്ചു ഏറെ വിവാദവും ഉണ്ടായിരുന്നു"

നാം: "പ്രഥമ ദ്രിഷ്ടിയ പോലും നില നില്‍ക്കാത്ത ആരോപണം എന്ന നിലക്കത് പിതാജി മഹാരാജ് തള്ളി കളഞ്ഞതല്ലേ? നമ്മുടെ ഓര്‍മ്മ ശരിയാണെങ്കില്‍ ഗവേഷകര്‍ എല്ലാം മുന്‍‌കാല ആനുകുല്യങ്ങളോടെയും ജോലിയില്‍ തിരികെ പ്രവേശിക്കാനും , അവര്‍ സഹിച്ച മനോവിഷമത്തിനു പരിഹാരമായി ദ്രവ്യം നല്‍കുവാനും അദ്ദേഹം ഉത്തരവായിരുന്നു. മാത്രമല്ല അപ്സരസ്സുകളേയും നിരുപാധികം വിട്ടയച്ചിരുന്നു"

ഭട്ടി: (അല്‍പ്പം ചൂടായി ) "തോക്കില്‍ കയറി വെടിവെക്കാതെ കോപ്പേ ...സോറി വെടി വെയ്ക്കതിരിക്കു യുവര്‍ ഹൈനെസ്സ്. അതല്ലാ ആദ്യ വിചാരണക്ക് ആധാരമായ പ്രശനം"
നാം: "പിന്നെന്തു പുല്ല്?"
ഭട്ടി: "ചാരം , വെണ്ണീര്‍ എന്നോന്നൊക്കെ പറഞ്ഞു കുറച്ചധികം കാലം ഈ വാര്‍ത്തകള്‍ ആഘോഷിക്കുകയും , യാതൊരു അടിസ്ഥാനവുമില്ലാത്ത കുറെ മൃദുല വികാരങ്ങളെ ഉണര്‍ത്തുന്ന കഥകള്‍ എഴുതിപ്പിടിപ്പിച്ച് ഈ ഗവേഷകരേയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുയയും ചെയ്ത മാധ്യമങ്ങളുടെ വിചാരണയാണിന്നു നടക്കേണ്ട കലാപരിപാടി"

നാം : "ആരുടെ മൃദുല വികരങ്ങളെയാടാ ഉണര്‍ത്തിയത്?"

ഭട്ടി: "എന്നെ പോലുള്ള വായനക്കാരുടെ തന്നെ. വെറുതെ കുറെ സമയം കളഞ്ഞു "

നാം: "ഒരെണ്ണം വിടാതെ മുഴവന്‍ വായിച്ചു, അല്ലേ?"

ഭട്ടി: ( വികാരധീനനായി) "വായിച്ചു പോകും...അമ്മാതിരി എഴുത്തായിരുന്നില്ലേ .(സമനില അവനുള്ളത്ര വീണ്ടെടുത്ത് ) ഇപ്പോള്‍ അതല്ല ഇവിടെ വിഷയം എന്ന് ഞാന്‍ ഹൈനെസ്സിനെ ഓര്‍മിപ്പിക്കുന്നു. "

നാം: "ശരി...എല്ലാ മാധ്യമങ്ങളും ഇപ്പറഞ്ഞ മ്ലേച്ഛത്തരം ചെയ്തുവോ?"

ഭട്ടി:"എല്ലാവനും കണക്കാ. പക്ഷേ ഇതേ ശരണം എന്ന മട്ടില്‍ എഴുതി വ്യാപാരം പോഷിപ്പിച്ചത് 'മലയാള മനോമര്‍ദ്ധിനിയാണ്' "

നാം : "അപ്പോള്‍ 'മറ്റാരുടെയോ ഭൂമി', 'ചീനാഭിമാനി ' , 'കരാള ഘാതകി' എന്നി മറ്റ് പ്രമുഖന്മാര്‍ ?"

ഭട്ടി: "ലവന്മാരും ഇതൊക്കെ ചെയ്തു. പക്ഷേ മനോമര്‍ദ്ധിനിയെ പോലെ പൊലിപ്പിച്ച് അലമ്പാക്കിയില്ല . മാത്രമല്ല അവര്‍ക്കൊക്കെ ഈ കാലഘട്ടത്തില്‍ കൊടുക്കുവാന്‍ വേണ്ട വാര്‍ത്തകള്‍ വേറെ ഉണ്ടായിരുന്നത്രേ"

നാം: "എന്ത് വാര്‍ത്തകള്‍?"


ഭട്ടി: "'മറ്റാരുടെയോ ഭൂമി' അതിന്റെ എം ഡി സുന്ദരേശന്‍ കൂലിക്കെഴുതിച്ച്ച 'ഹനുമാന്റെ ആവലാതികള്‍' കലക്കി എന്ന് നിരൂപണം ചെയ്തു താളുകള്‍ നിറച്ചു. 'ചീനാഭിമാനി' സാങ്കേതിക വിദ്യ ചീനന്‍മാര്‍ക്കാണ് വിറ്റതെങ്കില്‍ വലിയ കുഴപ്പമൊന്നും വരാനില്ല എന്ന മട്ടിലായിരുന്നു എഴുത്ത്. ' ഘാതകി' ആരോമല്‍ ചേകവരുടെ ആത്മകഥ' ഖണ്ടശ്ശ പ്രസിദ്ധീകരിക്കുകയായിരുന്നു. "

നാം: "ഇതിലിപ്പോള്‍ ലെവനെയാ നമ്മളിന്ന് കാച്ചാന്‍ പോകുന്നത്?"

ഭട്ടി: "മനോമര്‍ദ്ധിനി ഉടമയും മുഖ്യ മര്‍ദ്ധകനുമായ ബേബിച്ചായന്‍ എന്ന കഷ്ടത്തില്‍ ബേബി മാപ്ലയെ"

നാം: "അതെന്താടാ ഈ കഷ്ടത്തില്‍?"

ഭട്ടി: "പണ്ടു വായ് കൈ പൊത്തി നിന്നു ഒരു ജന്മിയെ കുപ്പിയിലിറക്കി, അങ്ങേരുടെ സ്വത്തുവകകള്‍ മുഴുവന്‍ അടിച്ചു മാറ്റിയ വീരനാണീ കക്ഷി എന്നൊരു പഴംപാട്ടുണ്ട്. അങ്ങിനെ ജന്മിയെ കഷ്ട്ടത്തിലാക്കി സ്വന്തം കുടുംബത്തിന്റെ അടിത്തറ പാകിയ പുണ്യ കര്‍മ്മത്തിന്റെ സ്മരണക്കാണത്രേ ഈ കുടുംബപ്പേര് "

നാം : "വന്ന വഴി മറക്കാത്ത ആ മഹാന്‍ ഹാജരുണ്ടോ ?"

ഭട്ടി: "ഉവ്വ്. പക്ഷെ വിളിപ്പിക്കും മുന്‍പ് ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട് . ഉജ്ജയ്നിയിലെ ഏറ്റവും ചിലവുള്ള പ്രാദേശിക ചവര്‍ അച്ചടിച്ചു വില്‍ക്കുന്നതിന്റെയും, പിന്നെ കോട്ടയം ഭാഷയില്‍ പൊതുവായുളളതുമായ ധാര്‍ഷ്ട്യം മൂപ്പിന്നിന്റെ ഭാഷയില്‍ കാണും"

നാം: "മഹാരാജാവും ജനിച്ചത് കോട്ടയത്താടാ കൂവേ. ഉജ്ജയ്നി സ്ഥാപിച്ച്ചതൊക്കെ പിന്നല്ലെയോ. കോട്ടയം ഭാഷ നമുക്കും വഴങ്ങും.പോരാത്തതിന് ശുദ്ധമായ ഉജ്ജയ്നി ഭാഷയും. അതുകൊണ്ടാതുവിട്. എന്നിട്ട് മൂപ്പിന്നിനെ വിളിച്ചാട്ടെ. ധാര്‍ഷ്ട്യം നമുക്കു മാറ്റം, എന്നാ?"

ഭട്ടി: "ഇതു മതി , ഇതു തന്നെ മതി . (കാവല്‍ക്കാരോട്‌) ഇനി നിന്നോടൊക്കെ പ്രത്യേകം പറയണോടാ കിളവനെ ഇങ്ങോട്ട് കെട്ടിയെടുക്കാന്‍?"

ദ്വാരപാലകന്‍ : "മലയാള ഭാഷയുടെ കൊലപാതകി ...ക്ഷമിക്കണം ...കുലപതി , കഷ്ടത്തില്‍ ബേബി ഹാജരുണ്ടോ, ഹാജരുണ്ടോ , ഹാജരുണ്ടോ?"

"ഇവിടൊണ്ടാടവേ" എന്ന മറുപടിയുമായി ശുഭ്ര വസ്ത്രധാരിയായ ഒരു വൃദ്ധന്‍ ദര്‍ബാറിലേക്ക് പ്രവേശിച്ചു. നമ്മേ നോക്കി ഒന്നു വിശാലമായി തൊഴുത്‌ ചിരിച്ചു . വായ് കൈ പൊത്തി നില്ക്കുന്ന മൂപ്പിന്നിന്റെ സ്വഭാവം ഭട്ടി പറഞ്ഞിരുന്നത് കൊണ്ട് നാം അഭിവാദ്യം കണ്ടില്ലെന്നു നടിച്ചു."നടപടികള്‍ തുടങ്ങാം" നാം ഉത്തരവായി.

ഭട്ടി: (മൂപ്പിന്നിനെ നോക്കി ) "ഉജ്ജയനി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തിലെ രണ്ട് ഗവേഷകന്മാരെ സ്ത്രീലമ്പടന്‍മാര്‍ എന്നും , രാജ്യദ്രോഹികള്‍ എന്നും മുദ്രകുത്തി, അടിസ്ഥാനരഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്തതില്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള ദിനപ്പത്രത്തിന്‍റെ പങ്ക് ഈ രാജസദസ്സിനു വ്യക്തമായി ബോധ്യപ്പെടിരിക്കുന്നു. അതിന്‍മേലാണീ വിചാരണ. എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടോ?"

മൂപ്പിന്ന് : ( അല്‍പ്പം കൂടി മുന്നോട്ടു വളഞ്ഞ് ) "അതിന് മുന്നേ സമക്ഷത്തു വേറെ രണ്ടു കാര്യങ്ങള്‍ ബോധിപ്പിക്കുവാനുള്ള അനുവാദം തരണം"

നാം: "ചുമ്മാ ബോധിപ്പി , കേക്കട്ട് "

മൂപ്പിന്ന്: "അടുത്തയാഴ്ച്ച മനോമര്‍ദ്ധിനിയുടെ ഞായറാഴ്ച വിശേഷാല്‍ പതിപ്പില്‍ കുമാരന്റെ ജീവചരിത്രം മുന്‍ താളില്‍ ഒരു പൂര്‍ണ്ണകായ ചിത്രം സഹിതം കൊടുത്താല്‍ കൊള്ളാമെന്നുണ്ട്"

നാം: "ഉവ്വോ? നമ്മുടെ പൂര്‍ണ്ണകായ ചിത്രം കയ്യിലുണ്ടോ? (പെട്ടന്ന് സമചിത്തനായി ) ഡായ് , മന്നനുക്ക് ലന്‍ച്ചമാ ? വെട്ടി അരമനൈ നായ്ക്കള്‍ക്ക് ലഞ്ച് പോട്ടിടുവേന്‍, ജാഗ്രതൈ"

ശ്രമം പാളിയപ്പോള്‍ മൂപ്പിന്ന് വിനയം വിട്ട് നിവര്‍ന്നു നിന്നു.
ഭട്ടി: "എന്താ ബോധിപ്പിക്കുവാനുള്ള അടുത്ത കാര്യം?"
മൂപ്പിന്ന്: " അത് നമ്മുടെ പത്രത്തിന്‍റെ ..."

നാം : "നമ്മുടെ അല്ല തന്‍റെ..." മൂപ്പിന്ന് : (കൂസലില്ലാതെ ) "അതേ, എന്‍റെ പത്രത്തിന്റെതുത്പടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉജ്ജയ്നിയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. അതിന് സമക്ഷത്തു നിന്നും പരിഹാരം ഉണ്ടാക്കി തരണം"

നാം: "പോക്രിത്തരങ്ങള്‍ എഴുതുന്നത് കുറച്ചാല്‍ തല്ലും അത്രയും കുറഞ്ഞിരിക്കും"

മൂപ്പിന്ന് : "ക്രിയാത്മകമായി വിമര്‍ശിക്കണം എന്നൊരപേക്ഷ ഉണ്ടായിരുന്നു."

നാം : "ഹിംസാത്മകമായി പ്രവര്‍ത്തിച്ചാലോ?"

മൂപ്പിന്ന് : "ഇവിടുന്നു വലിയ കോപ്പിലെ രാജാവായിരിക്കും. പക്ഷേ ഞാന്‍ ഒരു പഴയ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് മറക്കരുത്"

നാം: "ഉജ്ജയനി സ്വതന്ത്രമാക്കുവാന്‍ നടത്തിയ പോരാട്ടങ്ങളില്‍ താങ്കള്‍ പങ്കെടുത്തിട്ടുണ്ടോ?"
മൂപ്പിന്ന് : "പിന്നെ മൂന്ന് കൊല്ലം തുറുങ്കീ പോയിക്കെടന്നത് ചുമ്മാതാന്നോ ?"

നാം: " അത് നികുതി വെട്ടിച്ചത്തിനു വെള്ളക്കാര്‍ തൂക്കി ഉള്ളിലിട്ടത് . അതും സ്വാതന്ത്ര്യ സമരവുമായി എന്ത് ബന്ധം?"

മൂപ്പിന്ന് കലശലായ ഞെട്ടലോടെ നമ്മേ നോക്കി "അല്ല ...അതെങ്ങനെ അറിഞ്ഞായിരുന്നു?. ഒരു വിധം ചരിത്രമെല്ലാം ഞാന്‍ മനോമര്‍ദ്ധിനീകൂടെ വെള്ളപൂശിയതാന്നല്ലോ? "

നാം: "ത്രികാല ജ്ഞാനവും നമുക്കുണ്ട് എന്ന് കൂട്ടിക്കോ"

മൂപ്പിന്ന്: "അപ്പൊ മാധ്യമ പ്രവര്‍ത്തകരുടെ നേരെയുള്ള അക്രമം..."

നാം: "ഏറ്റവും കൂടുതല്‍ ചവിട്ട്‌ കിട്ടുന്നത് മനോമര്‍ദ്ധിനിയുടെ ലേഖകര്‍ക്ക് തന്നെയല്ലേ? "
മൂപ്പിന്ന്: "ആന്നേ"

നാം: "പരിഹാരം രണ്ടുണ്ട്. മനോമര്‍ദ്ധിനിയുടെ പ്രവര്‍ത്തി പരിചയം കൂടുതലുള്ള ലേഖകരോട് അഹങ്കാരം അല്‍പ്പം കുറച്ച് വാര്‍ത്തകള്‍ തേടാന്‍ പറയുക എന്നതാണ് ഒന്നാമത്തെ വഴി "

മൂപ്പിന്ന്: "അങ്ങോട്ട് മനസിലായില്ലാ"

നാം: "ഉദാഹരണത്തിന് , രാവണന്‍ സീതയെ അടിച്ചോണ്ട് പോയതിനെക്കുറിച്ച് ലങ്കയില്‍ നിന്നും നേരിട്ടു സചിത്ര ലേഖനം എഴുതുവാന്‍ നിങ്ങളുടെ തലമുതിര്‍ന്ന ഒരു ലേഖകന്‍ പോവുകയാണെന്ന് വെയ്ക്കുക."

മൂപ്പിന്ന്: "വെയ്ച്ചു "

നാം: "അധികം വെച്ചാല്‍ പിന്നെ നിവരലുണ്ടാവില്ല. ഓര്‍ത്താല്‍ നന്ന്"

മൂപ്പിന്ന്: "ക്ഷമിക്കണം"

നാം: "ആലോചിക്കാം. അപ്പോള്‍ പറഞ്ഞു വന്നത് ....നിങ്ങളുടെ മുന്തിയ ലേഖകന്‍ മനോമര്‍ദ്ധിനിയുടെ പിന്‍ബലം ഉണ്ടെന്ന അഹങ്കാരത്തില്‍, സാധാരണ എവിടെയും കയറിച്ചെന്നു പറയാറുള്ളത് പോലെ, നേരെ ലങ്കയില്‍ ഇടിച്ച് കയറി രാവണന്റെ പത്തു മൂക്കുകള്‍ക്കും താഴേക്ക്‌ തിരിച്ചറിയല്‍ ചീട്ടു നീട്ടി 'മി : രാവണന്‍ , ഞാന്‍ തോമസ് ഊച്ചാളി , മനോമര്‍ദ്ധിനിയുടെ സ്വ:ലേ. താങ്കള്‍ സീതയെ അടിച്ചോണ്ട് വന്ന് അശോകവനിയില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നെനിക്ക് വിവരം കിട്ടി . വരൂ , എനിക്ക് പുള്ളിക്കാരിയുടെ രണ്ടു ചിത്രങ്ങള്‍ അശോകവനിയില്‍ നിന്നും നേരിട്ടെടുക്കണം . താങ്കളുടെ രണ്ടുമൂന്നു രാക്ഷസികളേയും വിളിച്ചോ . പശ്ചാത്തലത്തില്‍ അവര്‍ കൂടിയുണ്ടെങ്കിലേ വാര്‍ത്ത കൊഴുക്കു. അതുകഴിഞ്ഞ് ലങ്കയിലേക്ക് എതുമാര്‍ഗ്ഗമാണ് നിങ്ങള്‍ പുഷ്പകത്തില്‍ സീതയെ കടത്തിയത് എന്നും വിവരിക്കണം. അല്ലെങ്കില്‍ വേണ്ടാ... ഞാന്‍ അതിന്റെ ഒരു കല്ല്‌ പെന്‍സില്‍ രേഖ ഭാവനയില്‍ നിന്നും ഉണ്ടാക്കിക്കൊള്ളാം. ' എന്ന് പറയുന്നു . അവനെ രാവണന്‍ താബൂലം നല്കി സ്വീകരിക്കാന്‍ ഒരു സാധ്യതയും നാം കാണുന്നില്ല. സ്വ:ലേ യുടെ കൊല നടക്കും അവിടെ. അതുകൊണ്ട് ഒരു ഒളിവിനും മറവിനും ഇതൊക്കെ കണ്ടു പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അവനമാര്‍ക്ക് നല്ലത്. ഇല്ലേല്‍ തടി കേടാകും. മനസ്സിലായോ?"

മൂപ്പിന്ന്: "ഒവ്വ...രണ്ടാമത്തെ മാര്ഗ്ഗം എന്നതാണാവോ?"

നാം: " അത് താരതമ്യേന പരിചയം കുറഞ്ഞ ലാട്ട് പുട്ട് ലേഖകന്‍മാരുടെ ദേഹ രക്ഷക്കുള്ളതാണ്. തല്ലു കിട്ടും എന്ന് ഏകദേശം ഉറപ്പുള്ള സ്ഥലത്തൊക്കെ നിങ്ങള്‍ അവര്‍ക്കൊപ്പം പോയാല്‍ മതി"

മൂപ്പിന്ന് : (വിടര്‍ന്ന ചിരിയോടെ ) " അത് നേരാ ...എന്നെ കാണുമ്പോള്‍ തല്ലാന്‍ വരുന്നവന്‍മാര് ബേബിച്ചായന്റെ മുന്നിലിട്ടെങ്ങിനെയാ എന്ന് കരുതി മാറുവായിരിക്കും, അല്ലിയോ ?

നാം: "അതല്ലാ...മൂര്‍ഖന്‍ പാമ്പ് മുന്നിലുള്ളപ്പോള്‍ ആരെങ്കിലും നീര്‍ക്കോലികളെ തല്ലിക്കൊല്ലാന്‍ മിനക്കെടുമോ?"

"കിളവനെ വിഷപ്പാമ്പുകളോട് താരതമ്മ്യം ചെയ്ത് ഞങ്ങളെ അപമാനിക്കരുത്" നമ്മുടെ ചെവിയില്‍ ശിവ്ജിയുടെ കഴുത്തില്‍ കിടന്നിരുന്ന വാസുകി വക മുന്നറിയിപ്പ് " ഞങ്ങള്‍ക്ക് സംസ്കാരമുണ്ട്. ഇങ്ങോട്ട് മെക്കിട്ടു കേറാന്‍ വന്നാലേ ഞങ്ങള്‍ വിഷം പ്രയോഗിക്കു. കിളവന്‍ അങ്ങിനെയാണോ.?"

നാം : "ക്ഷമിക്കണം നാഗരാജ് ...ഒരു ഉപമ പറഞ്ഞതാണ്"

വാസുകി:" നോക്കിയും കണ്ടും വേണം ഉപമ . "

മൂപ്പിന്ന് ആ സമയം ഭട്ടിക്കു കൈക്കൂലിയായി മനോമര്‍ദ്ധിനി വാരികയുടെ പുറം താള്‍ ചിത്രങ്ങളില്‍ വരുന്ന പരസ്യ സുന്ദരിമാരുടെ മേല്‍വിലാസം നല്‍കുവാന്‍ ശ്രമിക്കുകയായിരുന്നു. നാം ഒന്ന് മുരടനക്കിയപ്പോള്‍ ഭട്ടി വീണ്ടും മാന്യനായി.

മൂപ്പിന്ന് : (നമ്മേ നോക്കി ) "പൊതുവേ കുമാരന് മനോമര്‍ദ്ധിനിയോടു അത്ര നല്ല മനോഭാവമല്ല, അല്ലിയോ?"

നാം: "തന്നേ? അങ്ങിനെ തോന്നിയാ?"

മൂപ്പിന്ന്: "ഒരു സൊരുമ നമുക്കു രണ്ടാള്‍ക്കും ഗുണമായേ വരൂ ."

നാം: "നിങ്ങള്‍ നമുക്കെന്ത് ഗുണം ചെയ്യാന്‍ ?"

മൂപ്പിന്ന് ഭട്ടിയെയും, നമുക്കരുകില്‍ ഇരിക്കുന്ന മൂന്നു പുലികളെയും മാറി മാറി നോക്കി. പിന്നെ സ്വരം താഴ്ത്തി :" സംഗതി ഒരല്‍പ്പം രഹസ്യവാ"

നാം: (ഭട്ടിക്കു നേരെ വിരല്‍ ചൂണ്ടി) "വല്യ രഹസങ്ങള്‍ ഒന്നും ഇവന് മനസിലാകില്ല . (ശിവന്‍, ക്രിസ്തു, നബി എന്നിവരെ നോക്കി) ഇവര്‍ക്ക് അറിയാത്ത രഹസ്യങ്ങള്‍ ഒന്നും ഉണ്ടാവാന്‍ വഴിയുമില്ല. അത് കൊണ്ടു പറഞ്ഞോ മൂപ്പിന്നേ ."

മൂപ്പിന്ന്: " ഇപ്പോള്‍ കുമാരന്‍ ഒരന്യ ദേശത്തു പാതിരാ സംബദ്ധത്തിനു പോയി അവിടെ വെച്ചു നാട്ടുകാരെല്ലാം കൂടി വളഞ്ഞു പിടിച്ചാ പെണ്‍കൊച്ച് തലയിലായിയെന്നിരിക്കട്ടെ ..." നമ്മുടെ പ്രതികരണമറിയുവാനായി കുറുക്കന്‍ ഒന്ന് നിറുത്തി.

നാം:"പറയു ...ബാക്കി കൂടി കേള്‍ക്കട്ടേ."

മൂപ്പിന്ന് : "ഞങ്ങളുടെ വനിതകളെ വഴിതെറ്റിക്കാനുള്ള 'പിടക്കോഴി' മാസികയിലൂടെ കുമാരന്റെയും ആ പെണ്‍കൊച്ചിന്റെയും കുറേ പടങ്ങളെല്ലാമിട്ട്, നിങ്ങടെത് അനശ്വര പ്രണയമാണെന്നും , വിവാഹത്തിലൂടെ പ്രണയ സാഫല്യം നേടിയ നിങ്ങള്‍ കമിതാക്കള്‍ക്ക് ഒരു ഉത്തമ മാത്രികയാണെന്നും മറ്റും ലേഖന പരമ്പരകളിലൂടെ ഞങ്ങള്‍ സ്ഥാപിക്കും"
നാം: (ഒരല്‍പ്പം താത്പര്യത്തോടെ) "ഇതു വല്ലതും നടക്കുമോ?"

മൂപ്പിന്ന് : "കൊള്ളാം. ഇതെന്നാ ചോദ്യമാ തിരുമനസ്സേ. സിനിമാ താരങ്ങള്‍ , ഗായകര്‍ ,രാഷ്ട്രീയക്കാര്‍,അങ്ങിനെ എത്രയോ പ്രശസ്തര്‍ ഇത്തരം കുരുക്കുകളില്‍ ചെന്നു ചാടിയിരിക്കുന്നു . അതെല്ലാം ഞങ്ങള്‍ പുല്ല് പോലെ വെള്ള പൂശിയില്ലായോ "

"ഡാ അലവലാതി ...ഇതു ദര്‍ബാറാണ്. മറക്കണ്ടാ" ക്രിസ്തു നാഥന്‍ നമ്മുടെ കാതില്‍ മന്ത്രിച്ചു
നാം: (കുപിതനായി മൂപ്പിന്നിനെ നോക്കി) "ഡോ കെളവാ...ഇങ്ങിനെ ഇടക്കിടെ നമ്മേ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇന്നോളം ഇറങ്ങിയ പിടക്കോഴി മാസികയെല്ലാം ഇവിടെ വരുത്തിച്ച് ഒറ്റയിരുപ്പിന് തന്നേ കൊണ്ടത് മുഴുവന്‍ നാം വായിപ്പിക്കും"

മൂപ്പിന്ന് :(സ്വയമറിയാതെ)"അയ്യോ"

നാം: (നടുങ്ങി നില്ക്കുന്ന മൂപ്പിന്നിനെ നോക്കി വലം ചൂണ്ടുവിരലിളക്കിക്കൊണ്ട് ) "അതാണ്‌" . (ഭട്ടിയെ നോക്കി)" ഡാ മഹാമാക്രി, മഹാമന്ത്രി ... കൂടുതല്‍ ഇങ്ങേരുടെ വായ് തുറപ്പിക്കാതെ പ്രധാന വിചാരണ തുടങ്ങടാ തെണ്ടി"

ഭട്ടി: (മൂപ്പിന്നിനെ ഗൌരവമായി നോക്കി ) "വിചാരണ തുടങ്ങുന്നു. ഇനി കാര്യമാത്ര പ്രസക്തമായി സംസാരിക്കുക."

തുടരും...

16 comments:

വിക്രമാദിത്യന്‍ said...

ജനകീയ മന്ത്രിസഭയും , പരമാധികാരമുള്ള രാജ സിംഹാസനവും ഒരേ വ്യവസ്ഥയില്‍ . ഇത് ഉജ്ജയ്നിയുടെ മാത്രം പ്രത്യേകത . ജനാധിപത്യത്തില്‍ നീതി അന്യമാകുന്ന വിഷയങ്ങള്‍ക്ക്‌ ചിലപ്പോള്‍ ദര്‍ബാറില്‍ തീര്‍പ്പ് കല്പ്പിക്കാറുണ്ട്. ഇതങ്ങിനെ ഒരു ചരിത്രം...

Ashly said...

Great & nice writing....

Ashly said...

ഠേ.......

ഹോ... ഈപ്രാവശ്യം ഞാന്‍ തേങ്ങയുടച്ചൂ.........

Sarija NS said...

കുമാരാ,
ഇതു കലക്കി. ഈ പത്രക്കാരെയെല്ലാം കയറൂരിവിട്ടിരിക്കുവാ. അവന്മാരുടെ മനോധര്‍മ്മമാടലാണ് ദൈനം ദിന വാര്‍ത്തകള്‍. പിറ്റേന്ന് നേരെ തിരിച്ചെഴുതാനും ഇവനൊന്നും ഒരു മടിയുമില്ല. കൊള്ളാം കുമാരണ്ടെ ഈ വിചാരണ എനിക്കിഷ്ട്മായി.
“നാമെത്ര ബാര്‍ കണ്ടതാടാ. പിന്നല്ലേ ദര്‍ബാര്‍ ” ഹ ഹ ഈ ഡയലോഗ് ഒക്കെ സൂക്ഷിച്ചു പറയണെ. വല്ല അലുഗുലുത്ത് പത്രക്കാരും കേട്ടാല്‍, കന്യകുമാരി തൊട്ടു കാസര്‍ഗോഡ് വരെയുള്ള എല്ലാ ബാറിന്‍റെ പേരിന്‍റെയൊപ്പവും അവന്മാര്‍ കുമാരന്‍റെ പേര് ചേര്‍ത്ത് നാളെ കണിവയ്ക്കും. മാനം (കുമാരന്‍റെയല്ല അച്ഛന്‍റെ) കപ്പലു കയറും . സോ സൂക്ഷിച്ചും കണ്ടുമൊക്കെ വേണം സത്യങ്ങള്‍ വിളിച്ചലറാന്‍. ഓക്കെ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഭാവന കൊള്ളാം എന്നാല്‍ പോസ്റ്റ് വായിക്കാന്‍ കൊള്ളൂല...നത്തിങ് സ്പെഷല്‍...മഹാഭാരതം പോലെ എഴുതി നിറച്ചിരിക്കുന്നു എന്തേലും ഒരു സംഭവം വേണ്ടേ!!!!

വിക്രമാദിത്യന്‍ said...

Ashly A K : നന്ദി . തേങ്ങക്ക് പ്രത്യേക നന്ദി.
Sarija N S : നന്ദി.പത്രക്കാര്‍ അപവാദം പോയിട്ട് നമ്മെ കുറിച്ചു സത്യമായിട്ടുള്ള വിവരങ്ങള്‍ പോലും എഴുതില്ലാ. മനോമര്‍ദ്ധിനിയുടെ കലാശം വായിച്ചാല്‍ കാരണം മനസിലാകും :-)
ചാത്താ: ഒന്നാം ഭാഗമല്ലേ ആയുള്ളൂ. അടുത്തത് കൂടി ചുമ്മാ കടിച്ച് പിടിച്ചങ്ങ് വായിക്കു. അപ്പോഴല്ലേ ഫസ്റ്റ് ഹാഫ് പോലെ തന്നെ ക്ലൈമാക്സും ബോറായി എന്ന് പറയാന്‍ ഒരു ഇത്

[ സജീഷ് | sajeesh ] said...

മഹാരാജന്‍.. കലക്കി പൊളിച്ചിട്ടുണ്ട് അങ്ങയുടെ ശൈലി... എല്ലാ പോസ്റ്റും ഒറ്റയിരിപ്പിനു വായിച്ചു... തകര്‍പ്പന്‍.. വിക്രമാദിത്യ മഹാരാജാവ് നിന്നാല്‍ വീഴട്ടെ...!

Aadityan said...

ഓ.... ദര്‍ബാറില്‍ എത്താന്‍ കുറച്ചു വൈകി .പോസ്റ്റ് നന്നയിതുണ്ട് . എന്നി ഇതെങ്ങനെ കൊണ്ടാവസനിപ്പികും എന്നാണ് കാണേണ്ടത് . സാധാരണ പോലെ ചിരിപ്പികുനതിന്തേ കൂടെ കുറച്ചു ചിന്തിപ്പികന്നാണോ പ്ലാന്‍ ? അന്നെങ്ങില്‍ വളരെ നന്ന് .വല്ലപ്പോഴും കുറച്ചു ചിരിയില്‍ പൊതിഞ്ഞ ചിന്തയും അക്കം അല്ലെ ദര്‍ബാറില്‍.പിന്നെ പിടകോഴി മാസികയെ ചീത്ത പറയുന്നതു അന്തപുരത്തില്‍ അറിയണ്ട .പട്ട മഹിഷി ചിലപ്പോള്‍ അതിലക്കും കിടന്നുറങ്ങുന്നത് തന്നെ.(സ്ത്രീ ജനനങളില്‍ നിനും അടി ഉറപ്പു) . ഓള്‍ ദ ബെസ്റ്റ് .അടുത്തത് വേഗം ആയികൊട്ടെ . പിന്നെ തുടരാന്‍ എഴുതാന്‍ തങ്ങള്‍ ആര് ? മാത്യു മതമോ മുത്തു വര്‍ക്കിയോ? :) (just kidding)

G.MANU said...

wow..what a classic craft ente vikrams.

continue.. pls..with more stuff

അശ്വതി/Aswathy said...

കലക്കി രാജാവേ ...(ഇനിയിപ്പോ സിനിമയിലെ പോലെ ഞാന്‍ രാജാവ് ഒന്നും അല്ല എന്ന് പറയുമോ ? )
തുടരന്‍ ആണല്ലേ?
ചിരിപ്പിച്ചു ചിന്തിപ്പിച്ചു.കൊള്ളാം.ഭാവന നല്ലത് .ഭാഷയും .
പത്രക്കാര് എഴുതി തന്നു ആണല്ലോ നമ്മളെല്ലാം ഇപ്പോള്‍ ചിന്തിക്കുന്നത്.
നികെഷിനെ പോലെയോ കെ.പി. മോഹന്നനെ പോലെയോ ബ്രിടാസിനെ പോലെയോ ഒക്കെ...

കിരണ്‍ തോമസ് തോമ്പില്‍ said...

ആര്‍ക്കും കേറി നിരങ്ങാന്‍ പാവം അച്ചായനും മലയാള മനോ മര്‍ദ്ധിനിയും.

ഉഗ്രനായിട്ടുണ്ട്‌ കൂട്ടത്തില്‍ ഇതും ഒന്ന് വായിച്ചോ. അടുത്തലക്കത്തിന്‌ ഒരു ഉശിരുണ്ടാകട്ടേ

വിക്രമാദിത്യന്‍ said...

സജീഷ് :- സ്വാഗതം. നന്ദി . തുടര്‍ന്നും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
ആദിത്യാ :- മുട്ടത്തു വര്‍ക്കിയും , മാത്യു മറ്റവും എഴുതിയ തുടരന്മാര്‍ കണ്ടപ്പോള്‍ നമുക്കും ഒരിളക്കം. അത്രേയുള്ളൂ :-)
മനുജി : ഈ ഒരൊറ്റ അഭിനന്ദനത്തില്‍ നമുക്കു പത്തു പോസ്റ്റിനുള്ള ഊര്‍ജ്ജമായി . വളരെ നന്ദി . തുടര്‍ന്നും അഭിപ്രായങ്ങളും വിമര്‍ശനങളും അറിയിക്കുമല്ലോ
അശ്വതി : രാജാവ് തന്നെ , രാജാവ് തന്നെ :-). മാധ്യമങ്ങളുടെ കാര്യം എഴുതിയത് അക്ഷരം പ്രതി സത്യം

Anonymous said...

Got the link three days back . Read everything but couldn't comment then. You still commands mastery over the words. Kudos .
I've send you an email .
DO NOT DELAY THE REPLY . And do send me the software for writing in malayalam.
Sandhya , Alex and
With Lot of Love
Tiny Mol

ashidh said...

കിടു... കലക്കി...
കൂട്ടത്തില്‍ ബെര്‍ളിക്ക് ഒരു കുത്തും...അതു വേണായിരുന്നോ അദ്ദേഹം കേറി അങ്ങ് പ്രശസ്തനാക്കും മഹാരാജാവിനെ...

BS Madai said...

ഉജ്ജയ്നിയിലെ ദര്‍ബാറില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന സര്‍വേശ്വരന്‍മ്മാരുടെ പുഞ്ചിരിക്കുന്ന മുഖങ്ങളുടെ പശ്ചാത്തലത്തില്‍ നാം സ്ലോമോഷനില്‍ സിംഹാസനത്തില്‍ നിന്നും ഇറങ്ങി അന്തപുരത്തിലേക്ക്...(അന്തപുരത്തിലെ വിശേഷങള്‍ അടുത്ത പോസ്റ്റായി പ്രതീക്ഷിക്കാമോ? കൊതിപ്പിക്കരുത് പ്ലീസ്..)

Super post vikrams, അല്ല കുമാരാ, സോറി പ്രോക്സി രാജാവേ!! ഈ ശൈലി യുനീക്... എല്ലാ ഭാവുകങളും..

ഗോപകുമാര്‍.പി.ബി ! said...

നമിക്കുന്നു!