Monday, August 11, 2008

മലയാള മനോമര്‍ദ്ധിനി - കലാശം

ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ദയവായി അത് വായിച്ച ശേഷം ഈ ചരിത്രത്തെ വധിക്കുക...
ദര്‍ബാറില്‍: സിംഹാസനത്തില്‍ നാം. സിംഹസനത്തിനോപ്പമുള്ള മൂന്ന് ഇരിപ്പടങ്ങളില്‍ സ്ഥിരം ക്ഷണിതാക്കളായി യേശു ക്രിസ്തു , മുഹമ്മദ് നബി , ശ്രീപരമേശ്വരന്‍ ( മനുഷ്യരില്‍ നമുക്കു വിശ്വാസം പോരാ. പിന്നെ ദൈവങ്ങളും അവരുടെ അംഗീകൃത പ്രതിനിധികളുമാകുമ്പോള്‍ നാം അല്‍പ്പം ചൂടായി എന്തെങ്കിലും പറഞ്ഞാലും കൃസ്ത്യാനിയെ അപമാനിച്ചു, മുസല്‍മാന്റെ മാനത്തെ ചോദ്യം ചെയ്തു, ഹൈന്ദവ വികാരത്തിനെ ഓടിച്ചിട്ട് വെട്ടികൊന്നു എന്നൊന്നും പറഞ്ഞു കൊടി പിടിക്കാന്‍ വരില്ല. മാത്രമല്ലാ, ഇടയ്ക്ക് നമുടെ ധര്‍മ്മബോധത്തിനിളക്കം തട്ടിയാല്‍ കല്ല്‌ വെച്ച തെറി പറഞ്ഞ് അവര്‍ നമ്മേ നേര്‍ വഴിക്ക് നടത്തുകയും ചെയ്യും ). ഞങ്ങള്‍ നാലുപേരെ കൂടാതെ നമ്മുടെ ഭാവി മഹാമന്ത്രി ഭട്ടി. അവനാണ് വിചാരണയുടെ ചുക്കാന്‍ പിടിക്കുന്നത്‌ . (മനുഷ്യരില്‍ ഉള്ള വിശ്വസത്തെക്കുറിച്ച്ചു ചോദിക്കണ്ടാ...ഭട്ടി മനുഷ്യനല്ലാ . പരിണാമം സംഭവിച്ചു കൊണ്ടേയിരിക്കുന്ന ഒരു ജീവി . )ആദ്യ വിചാരണ നേരിടുന്നത്‌, ഉജ്ജയ്നിയില്‍ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ദിനപത്രമായ മനോമാര്‍ദ്ധിനിയുടെ മുഖ്യ അക്ഷരഘാതകന്‍ കഷ്ടത്തില്‍ ബേബി എന്ന കുറുക്കന്‍ കിളവന്‍ . 'ടി'യാനില്‍ ചുമത്തപ്പെട്ട കുറ്റം- സ്വഭാവഹത്യ, തേജോവധം. ദര്‍ബാറിന്റെ നടുത്തളത്തില്‍ നില്ക്കുന്ന ആരോപണ വിധേയനായ മൂപ്പിന്ന്. മുന്നില്‍ ഭട്ടി. ആദ്യ ചോദ്യം ദര്‍ബാറിനു വേണ്ടി ഭട്ടി വക.

ഭട്ടി: " കഴിഞ്ഞ കുറച്ചു കാലമായി ഉജ്ജയ്നി സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തിലെ ചില ഗവേഷര്‍ക്കര്‍ക്കെതിരെ ചാര പ്രവര്‍ത്തനം , സ്ത്രീലംബടത്തം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും , പൈങ്കിളി സാഹിത്യ നിലവാരത്തിലെ ഭാഷ ഉപയോഗിച്ചു യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്തകള്‍ എഴുതുകയും, വായനക്കാരില്‍ ഉച്ചപ്പടം കാണുവാനോടുന്ന കൌമാരക്കാരിലെന്ന പോലത്തെ ആക്രാന്തം, ക്ഷമിക്കണം ഹൈനെസ്സ്, വികാരം ഉണര്‍ത്തി അതെല്ലാം പ്രചരിപ്പിച്ച് , മേല്‍പ്പറഞ്ഞ ഗവേഷകരെ നിങ്ങളുടെ ഉടമസ്ഥതയിലുള്ള മലയാള മനോമര്‍ദ്ധിനി എന്ന ദിനപ്പത്രം തേജോവധം ചെയ്യുകയും ഉണ്ടായി . ഇവയാണ് നിങ്ങളുടെ പേരില്‍ ആരോപിച്ചിരിക്കുന കുറ്റങ്ങള്‍.സമ്മതിക്കുന്നുണ്ടോ? "
മൂപ്പിന്ന്: "ആര് ആരോവിച്ചെന്നാടാവേ ഈ പറഞ്ഞോണ്ട് വരുന്നത് ?"
നാം: "സിംഹാസനത്തിന് നേരിട്ട് ബോധ്യപെട്ട് സ്വമേധയ ഉന്നയിച്ചതാണ് ഈ ആരോപണം "
മൂപ്പിന്ന്: "കര്‍ത്താവാണേ പത്രധര്‍മ്മത്തിന് നിരക്കാത്തതൊന്നും ബേബി ചെയ്തിട്ടില്ല , ഇനിയൊട്ടു ചെയ്യുകേം ഇല്ല "
നമുക്കരുകിലിരുന്നിരുന്ന യേശുനാഥന്‍ സ്വയമറിയാതെ സ്വന്തം തലയില്‍ കൈ വെച്ചു നോക്കി. ഭാഗ്യം, തല തെറിച്ചു പോയിട്ടില്ലാ. അടുത്തിരുന്ന നബി തിരുമേനി ചിരിയോടു ചിരി .
യേശുനാഥന്‍ :" ചിരിച്ചോ , ചിരിച്ചോ അടുത്ത വിചാരണ അടപ്രഥമന്‍ കേസില്‍ രാജിവെച്ച പഴയ മന്ത്രിയുടെതാ. ഓന്‍ സത്യം മുഴുവന്‍ അന്നെ പിടിച്ചാവും ചെയ്യുക. "
നബി തിരുമേനി : "യ്യോ!!!"
നാം: (കുറുക്കന്‍ കിളവനോട്) " ചാരപ്രവര്‍ത്തനം നടന്നു എന്ന് നിങ്ങള്‍ എഴുതി പിടിപ്പിച്ചു.ഇപ്പോഴും ആ വാദത്തില്‍ ഉറച്ചു നില്ക്കുന്നുണ്ടോ ? "
മൂപ്പിന്ന് ഒരല്‍പ്പം ആശയ കുഴപ്പത്തില്ലായി. മഹാരാജാവ് ആരോപിതരെ വെറുതെ വിട്ടതാണ്. ഉറച്ചു നില്ക്കുന്നു എന്ന് പറഞ്ഞാല്‍ കാരണം വിശദീകരിക്കേണ്ടി വരും. അല്ല അതെല്ലാം വെറുതെ എന്ന് പറഞ്ഞാല്‍ അത് കുറ്റസമ്മതവും. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു കിളവന്‍ പറഞ്ഞു : "ഉറച്ചു നിന്നേക്കാം "
നാം: "അങ്ങിനെയെങ്കില്‍ എന്തായിരുന്നു ചാരന്മാര്‍ ചോര്‍ത്തിയതെന്നു ദര്‍ബാറിനെ അറിയിക്കുക"
മൂപ്പിന്ന് : (പുച്ഛ രസമാണ് )" അഗ്നെയാസ്ത്രത്തിന്റെ മൂലമന്ത്രം . എം എം എന്ന അത്യന്താധുനിക സാങ്കേതിക വിദ്യ. അതിന്റെ ഗണിത സംഹിത വരെ മനോമര്‍ദ്ധിനി പ്രസിദ്ധികരിച്ച്ചിരുന്നു"
നാം: " പ്രസ്തുത സാങ്കേതിക വിദ്യ സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തതാണോ?"
മൂപ്പിന്ന്
: "അതേന്നേ...ഉജ്ജയ്നിയുടെ സുരക്ഷ മൊത്തത്തില്‍ കച്ചോടം ചെയ്യുവല്ലായിരുന്നോ. പിന്നെ അവന്മാരുടെ നല്ലകാലം. സംഭവം വല്യ മഹാരാജാവ് തിരുമനസ്സിന്റെ ദര്‍ബാറില്‍ വിചാരണക്കെത്തിയപ്പോള്‍ വ്യക്തമായ തെളിവില്ലാതെപോയി."
നാം:"വ്യക്തമായ തെളിവില്ലാതായത് എന്ത് കൊണ്ട് ? ആധികാരികമായിരുന്നല്ലോ നിങ്ങളുടെ എഴുത്തുകള്‍?അക്കണക്കിന് ദര്‍ബാറിലും തെളിവുകള്‍ ഉണ്ടാകേണ്ടിയിരുന്നില്ലേ?ചുരുങ്ങിയ പക്ഷം നിങ്ങളുടെ പത്രമെങ്കിലും അവ ദര്‍ബാറില്‍ ഹാജരക്കേണ്ടതല്ലേ? "
മൂപ്പിന്ന് :" അത് കുമാരന്റെ രാജ്യ ഭരണത്തിലെ പരിചയ കൊറവ് കൊണ്ടു പറയുന്നതാ. പത്രങ്ങളില്‍ എന്തേലും എഴുതാന്‍ അങ്ങിനെ വെല്യ തെളിവൊന്നും വേണ്ടാന്നേ. "
നാം :" എന്നിരുന്നാലും ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധികരിക്കാന്‍ എന്തെങ്കിലും ആധാരമായി വേണമല്ലോ. അതെന്തായിരുന്നു? കുറച്ചു കൂടി വ്യക്തമായി ചോദിച്ചാല്‍ നിങ്ങളുടെ പത്രം കുറ്റം ആരോപിച്ച രണ്ടു ഗവേഷകര്‍ ചാര പ്രവര്‍ത്തനം നടത്തി എന്ന് നിങ്ങള്‍ക്ക് എങ്ങിനെ മനസിലായി, അല്ലെങ്കില്‍ സംശയം തോന്നി?"
മൂപ്പിന്ന്:" ഇതൊക്കെ നമുക്കു ഊഹിക്കവുന്നതല്ലേ ഉള്ളു."
നാം: "എന്നാല്‍ നമുക്കും ഉണ്ട് ഒരു ഊഹം. ദ്രൌപദി കൌരവ സഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടുകയായിരുന്നില്ലാ മറിച്ച് സ്വമനസ്സാലെ ക്യബറേ കളിക്കുകയായിരുന്നു എന്ന്. നാളത്തെ പത്രത്തില്‍ വരണം."
മൂപ്പിന്ന് :(ആവേശത്തോടെ)"അങ്ങനാന്നോ...ഇപ്പോതന്നെ വിളിച്ചു ഒന്നാം പുറത്ത്‌ മുഴുവന്‍ താള്‍ വാര്‍ത്ത ശരിയാക്കാന്‍ പറഞ്ഞേക്കാം. ജനം ഇടിച്ചു കൂടി വാങ്ങും നാളെ മനോമര്‍ദ്ധിനി. ആ കൊച്ചിന്റെ നാലഞ്ചു ചിത്രങ്ങള്‍ കിട്ടനെന്നാ വഴി. അല്ല...ഇല്ലേലും കൊഴപ്പമില്ല...നമ്മുടെ ചിത്ര സംഭരണിയിലെവിടേലും കാണാതിരിക്കുവോ. "
"സംഹരിക്കും ഇവനെ ഞാന്‍!!! " ചാടിയിറങ്ങിയത് ശിവന്‍ പിള്ളയാണ് .ക്രിസ്തുനാഥന്‍ പെട്ടന്നെഴുന്നേറ്റു ശിവ്ജിയെ തടഞ്ഞു "അരുത് ഭഗവാന്‍. അങ്ങിവനെ കൊന്നാല്‍ ഒരു നസ്രാണിയെ ശിവന്‍ കൊന്നു എന്ന് പറഞ്ഞിവന്റെ അപ്പോസ്തലന്മാര്‍ എന്നെ കിടത്തി പൊറിപ്പിക്കുകേലാ . പക്ഷേ നസേറത്തിന്റെ രാജാവായ ഞാന്‍ ഇവനെ കാച്ചിയാല്‍ ഒരുത്തനും ചോദിക്കുകേലാ . ക്യാന്‍ ഐ ബോറോ യുവര്‍ ട്രൈഡെന്‍റ്റ് , പ്ലീസ് " എന്ന് ക്രിസ്തു നാഥന്‍ പറഞ്ഞപ്പോള്‍ ശിവ്ജി ത്രിശൂലം കൊടുക്കുവാന്‍ ഒരുങ്ങിയതാണ്.
നാം: "ശിവ്ജി , ക്രിസ്തു നാഥാ, വിചാരണ കഴിയട്ടേ...നിങ്ങളുടെ വിലയേറിയ സമയം ഇതുപോലുള്ള അധമന്മാരെ വധിക്കുവാന്‍ പാഴാക്കിയാല്‍ പിന്നെ ദൈവനീതികെന്തു വില. ഇതു കൈകാര്യം ചെയ്യാന്‍ വിക്രമ നീതി തന്നെ ധാരാളം" എന്ന് രഹസ്യമായി പറഞ്ഞ് ഇരുവരെയും ശാന്തരാക്കി .ഈശ്വരന്മാരുടെ കോപം കണ്ടു ഒരു കാലുംപ്പൊക്കി ഓടുവാന്‍ തയ്യാറായി നിന്നിരുന്ന കുറുക്കനും ആശ്വാസത്തോടെ ചിരിച്ചു .

നാം:(മൂപ്പിന്നിനോട്) "ഉഹാപോഹങ്ങള്‍ എല്ലാം നാം സമ്മതിച്ചു എന്ന് തന്നെയിരിക്കട്ടേ. പക്ഷെ ഗവേഷകരും അപ്സരസ്സുകളുമായുള്ള ബന്ധം നിങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചതാണല്ലോ. അത്രയും വഷളായി മറ്റൊരു പത്രവും അത് എഴുതിയിരുന്നില്ല. ആ ഒരൊറ്റ കാരണം കൊണ്ടാണ് മറ്റു വഷളന്‍മാരെയൊന്നും വിചാരണ ചെയ്യാതെ നിങ്ങളെ മാത്രം നാം പ്രതിസ്ഥാനത്ത്‌ നിറുത്തുന്നത്. ഉജ്ജയ്നിയെപ്പോലെ സദാചാര കാവല്‍ നായ്ക്കളുടെ അതിപ്രസരമുള്ള ഒരു സമൂഹത്തില്‍, ഇത്തരം അടിസ്ഥാനരഹിതവും എന്നാല്‍ ഭട്ടിയെ പോലെയുള്ള സാമാന്യ ബുദ്ധി ഉപയോഗിക്കുവാന്‍ പണ്ടേ മറന്ന ജനം വായിച്ചാല്‍ വിശ്വസിച്ചു പോകുന്ന തരത്തിലുള്ളതുമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍, ആരോപിതരുടെ കുടുംബങ്ങളില്‍ അത് എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അപമാനം ഭയന്നവര്‍ കൂട്ട ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അവരുടെ മരണങ്ങള്‍ക്ക് നിങ്ങള്‍ സമാധാനം പറയുമോ? . "
മൂപ്പിന്ന് : (മന്ത്രണമാണ് . നമ്മുടെ ശ്വാന ശ്രവണം അത് കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ലാ) "എന്നാ കോപ്പിലെ സമാധാനം പറയാനാ.ആര്‍ക്കെന്നാ പോയാലും എന്റെ പത്രം പത്തു പ്രതി കൂടുതല്‍ വില്‍ക്കണം. പരസ്യക്കാശു കൂട്ടി പത്തു ചക്രം എന്റെ കൊച്ചു മക്കള്‍ക്കുണ്ടാകി വെക്കണം" ( സമാന രീതിയിലെ സംഭാഷണ ശല്ക്കം ഒരുപക്ഷെ ഭാവിയില്‍ സുരേഷ് ഗോപി ചിത്രങ്ങളില്‍ കേള്‍ക്കുവാന്‍ സാധ്യതയുണ്ട് ).
നാം: "ഇതേ മനസിലിരിപ്പും കൊണ്ട് ചിട്ടി നടത്തി ജനങ്ങളെ കുപ്പിയിലിറക്കുകയും, നികുതി വെട്ടിക്കുകയും ചെയ്തത് കൊണ്ടാ താന്‍ പണ്ട് അകത്ത് പോയത്. ഓര്‍മ്മ വേണം"
മൂപ്പിന്നു: "ഞാന്‍ വീണ്ടും പറയുന്നു. അത് സ്വന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു . പിന്നീടെന്നെ നിരുപാടികം വിട്ടയക്കുകയും ചെയ്തായിരുന്നല്ലോ. 'ഒന്‍പതു മരക്കുരിശുകള്‍' എന്ന ഞങ്ങളുടെ കുടുംബ സ്മരണിക വായിച്ചില്ലയിരുന്നോ?."
നാം : "നിരുപാധികം വിട്ടയച്ചെന്നോ. അത് താനൊക്കെ എഴുതി പിടിപ്പിക്കുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന (ഭട്ടിയെ ചൂണ്ടി) ഇവനെ പോലുള്ളവരോട് പറഞ്ഞാല്‍ മതി. തുറുങ്കില്‍ കിടന്നാല്‍ അനാരോഗ്യം കാരണം സിദ്ധി കൂടും എന്ന് അലമുറയിട്ട്, കുറ്റം ഏറ്റു പറഞ്ഞ് മാപ്പും വാങ്ങി രാത്രിക്ക് രാത്രി മദിരാശിക്കു സകുടുംബം വണ്ടി കയറി എന്ന സത്യം മനോമര്‍ദ്ധിനി എത്ര വെള്ള പൂശിയാലും മറയുമോ മൂപ്പിന്നേ ?"
മൂപ്പിന്ന്: (ഒന്നു ഞെട്ടിയെങ്കിലും ചിരിച്ചു കൊണ്ട്) "ചെറുപ്പമാണേലും ഇതൊക്കെ എങ്ങിനെ അറിഞ്ഞ് വെയ്ക്കുന്നു ?"
നാം: "നേരത്തെ പറഞ്ഞുവല്ലോ.ത്രികാല ജ്ഞാനം . താന്‍ വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ ആ ഗവേഷകരുടെ കുടുംബങ്ങള്‍ മാനക്കേട്‌ കൊണ്ട് ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ ആരാണുത്തരവാദി എന്നതിന് സമാധാനം ബോധിപ്പിക്കു"
മൂപ്പിന്ന്: (ഗര്‍വോടെ) "ആ അപ്സരസുകളെ ഉജ്ജയ്നിയില്‍ ഇറക്കുമതി ചെയ്തത് മനോമര്‍ദ്ധിനിയല്ല. അവരെ ഗവേഷകരുമായി ബന്ധപ്പെടുത്തി ആദ്യം പ്രശ്നമുണ്ടാക്കിയത് ഉജ്ജയ്നിയുടെ അഭിമാനമായ കാക്കിപ്പടയാണ്. അവര്‍ തുടങ്ങി വെച്ച കഥക്ക് അനുബന്ധം എഴുതുക മാത്രമെ മനോമര്‍ദ്ധിനി ചെയ്തിട്ടുള്ളൂ."
നാം:" സത്യം. പക്ഷേ സാങ്കേതിക വിദ്യയും, സുന്ദരികളുമായി ഗവേഷകര്‍ നടത്തിയ വിനോദ സഞ്ചാരങ്ങളും പൊലിപ്പിച്ചത് മര്‍ദ്ധിനി തന്നെയല്ലേ? മറ്റു വഷളന്‍മാരും അതേറ്റ് പിടിക്കുവാന്‍ ഉണ്ടായിരുന്നു. പക്ഷേ നിങ്ങളുടെ ആ ഒരു ആവേശം അവര്‍ക്കില്ലായിരുന്നു. അത് എന്ത് കാരണം കൊണ്ടായാലും. സത്യമല്ലേ?"
കുറുക്കന്‍ നിശബ്ദന്‍.
നാം: "ഉജ്ജയ്നി സ്വര്‍ഗാരോഹണ കേന്ദ്രത്തിനു എം എം സാങ്കേതിക വിദ്യയുമായി ബന്ധമൊന്നുമില്ല എന്ന വസ്തുത താങ്കള്‍ക്കറിയാമോ?"
മൂപ്പിന്ന് ഞെട്ടലോടെ നമ്മേ നോക്കി.
നാം : "മൂലമന്ത്രങ്ങള്‍ , അതേതു ദിവ്യസ്ത്രത്തിനായാലും വികസിപ്പിച്ചെടുക്കുന്നത് നമ്മുടെ സമാന്ത രാജ്യമായ പൂനയിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിലും , പിന്നെ മറ്റു പല രഹസ്യ കേന്ദ്രങ്ങളിലുമാണ്. സ്വര്‍ഗാരോഹണ ഗവേഷണ കേന്ദ്രത്തില്‍ എന്തായാലും അല്ലാ. പിന്നെ കോടിക്കണക്കിന് വരാഹന്‍ കൈക്കൂലി വാങ്ങി അപസരസ്സുകളോടൊത്തു ഉല്ലസിച്ചു നടന്നു, അവിടെ അച്ചാര്‍ നിര്‍മാണ ശാലയുണ്ട് , ഇവിടെ മീന്‍പ്പിടുത്തക്കപ്പലുണ്ട് എന്ന് നിങ്ങള്‍ ആരെക്കുറിച്ചെഴുതിയോ ...അവരെ വല്യ തിരുമനസ്സ് വെറുതെ വിട്ടത് തെളിവില്ലത്തത് കൊണ്ടല്ലാ. കൊട്ടാരത്തില്‍ നിന്നും നേരിട്ടു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്‌ മീന്‍പ്പിടുത്തക്കപ്പലും, അച്ചാര്‍ നിര്‍മ്മാണ ശാലയും ഒന്നുമല്ലാ. മറിച്ച് കടം വാങ്ങി പണിയിച്ച വീടുകളും, നാലക്കത്തിനു മുകളില്‍ വരാത്ത സമ്പാദ്യങ്ങളുമാണ് . ഗവേഷകരില്‍ ഒരാളുടെ കുടുംബം ഏറെക്കാലമായി ഉപയോഗിക്കുന്നത് നിറമില്ലാത്ത വിഡ്ഢിപ്പെട്ടി. നിറമുള്ളത് വാങ്ങുവാന്‍ നിങ്ങള്‍ കോടികള്‍ കൈകൂലി വാങ്ങിയവര്‍ എന്നരോപിച്ചവുടെ കയ്യില്‍ പണമില്ലാ. വസ്തുതകള്‍ ഇതൊക്കെയായിരിക്കെ, എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഈ കഥകള്‍ മെനഞ്ഞവരെ തേജോവധം ചെയ്തത് ?"
വിനയവും , പ്രലോഭനവും കൊണ്ടു കാര്യം കാണാതെ വന്നപ്പോള്‍ കുറുക്കന്‍ തനി സ്വരൂപം കാട്ടി: "ഒരു പത്രപ്രവര്‍ത്തകന് വാര്‍ത്തയുടെ സ്രോതസ്സ് ഒരു രാജാവിന്റെയും മുന്നില്‍ ബോധിപ്പിക്കേണ്ട കാര്യമില്ല. അതിനുള്ള സ്വാതന്ത്ര്യം നിയമം ഞങ്ങള്‍ക്ക് തരുന്നുണ്ട്."

"അവസാനത്തെ അടവാണ്" നീതി നമുക്ക് വിട്ട് 'അക്കുത്തിക്കു' കളിക്കുവാന്‍ തുടങ്ങിയ ഈശ്വരന്മാരെ നോക്കി നിന്നിരുന്ന ഭട്ടി മുന്നറിയിപ്പ് നല്കി.

"ഇനിയാ നിയമം തിരുത്തി എന്നെ ശിക്ഷിക്കുവാനാണ് പുറപ്പാടെങ്കില്‍, പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റം എന്നെഴുതി ഞങ്ങള്‍ ജന വികാരം അങ്ങേക്കെതിരാക്കും. " കത്തിക്കയറിയ കിളവന്‍ തുറന്ന ഭീഷണി മുഴക്കി. "അതുകൊണ്ടീ പ്രശനത്തില്‍ എന്നെ ഒരു കോപ്പും ചെയ്യാന്‍ ഒക്കുകേല എന്ന് വിനയപൂര്‍വ്വം അവിടുത്തെ അറിയിക്കുന്നു. മനോമര്‍ദ്ധിനി എന്തെഴുതുന്നോ അതാണ്‌ വാര്‍ത്ത. അതേതു കൊമ്പത്തെ രാജാവ് വിചാരിച്ചാലും തിരുത്താന്‍ ഒക്കുകേല , എന്നാ?"
നാം: " ഈ പ്രശ്നത്തിന്റെ പേരില്‍ താങ്കളെ ശിക്ഷിക്കുവാനും , വാര്‍ത്തകളുടെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന നിയമം ഭേദഗതി ചെയ്യുവാനും നമുക്കു യാതൊരു ഉദ്ദേശവും ഇല്ല."
കിളവന്‍ വിജയഭാവത്തില്‍ നമ്മേ നോക്കി. ഭട്ടിയുടെ മുഖത്ത്‌ അമ്പരപ്പ്. ഈശ്വരന്മാരുടെ മുഖത്ത്‌ ചിരി
നാം: "മറിച്ച് സാധാരണ ജനങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത രണ്ടു നിയമങ്ങളാണ് നാം കൊണ്ടു വരുവാന്‍ ഉദ്ദേശിക്കുന്നത്."
മൂപ്പിന്ന്: (പുച്ഛത്തില്‍ ) "എന്നതൊക്കെയാണാവോ?"
നാം: "പത്രങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ അല്ലേ? ...നിനക്കൊക്കെ തോന്നിയതെന്തും എഴുതിക്കോ. "
കിളവന്റെ മുഖത്തത്‌ രസിച്ച ഭാവം.
നാം: "പക്ഷേ നാളെമുതല്‍ ഇറങ്ങുന്ന ഒരു പത്രത്തിലും വാര്‍ത്തകളല്ലാതെ മറ്റൊന്നും കാണുവാന്‍ പാടില്ല.വിശേഷാല്‍ പതിപ്പില്‍ പോലും പത്രത്തിന്റെ പേര് മാത്രമെ വാര്‍ത്തയല്ലാതെ പാടുള്ളു "
മൂപ്പിന്നിന്റെ ചിരി ഡിം
നാം: "പരസ്യം എന്ന വാക്കേതെങ്കിലും പത്രത്തില്‍ കണ്ടാല്‍ ആ പത്രം നാം കണ്ടുക്കെട്ടും. നീയൊക്കെ നിറച്ചെഴുതി ജനങ്ങളെ പ്രബുദ്ധരാക്ക്. കാണട്ടേ "
മൂപ്പിന്ന് : (നെഞ്ചത്തു കൈവെച്ചു ) "കര്‍ത്താവേ!!!"
കര്‍ത്താവ്
:(നമ്മോട്) " അത് കലക്കിയെടാ "
നബി തിരുമേനി : "ഇപ്പോഴാണ് ആ കര്‍ത്താവേ എന്ന വിളിക്കൊരു ആത്മാര്‍തഥ വന്നത്."
നാം
: "രണ്ടാം നിയമം ...ഉജ്ജയ്നിയില്‍, തേര്‍ ചക്ര നിര്‍മാണ സ്ഥാപങ്ങള്‍ പണ്ടു ധനകാര്യ സ്ഥാപങ്ങളെ ചെയ്തത് നാം ദേശീയവത്കരിക്കുവാന്‍ പോകുന്നു . ഉദ്ദേശം ചക്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവിന് , അതിന്റെ കൃഷിക്ക്, രാജകീയ സഹായങ്ങള്‍ നേരിട്ടു കര്‍ഷകരില്‍ എത്തിക്കുക .ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണങ്ങളെ കുറിച്ചുള്ള വാര്‍ത്ത ദേശീയോത്ഗ്രഥന വാര്‍ത്ത ആയതിനാല്‍ നാളെ എല്ലാ പത്രങ്ങളും അത് ആദ്യ താളില്‍ കൊടുത്തേ മതിയാവു . എന്നാ ബോധിച്ചോ ?" "പൊന്നുടയതേ!!!" എന്ന അലര്‍ച്ചയോടെ കുറുക്കന്‍ സാഷ്ടാംഗം വീണു .അവിടുന്നങ്ങോട്ട് മൂപ്പിന്നിന്റെ സംഭാഷണമെല്ലാം വീണു കിടന്നാണ് "കഞ്ഞിയില്‍ പാറ്റയിടരുത്. കുടുംബം വഴിയാധാരമാകും."
നാം: "ശരി ...പക്ഷേ നമ്മുടെ രണ്ടു വ്യവസ്ഥകള്‍ ഉടനടി മനോമര്‍ദ്ധിനി നടപ്പിലാക്കണം "
മൂപ്പിന്ന് : "എന്നാ വേണേലും ചെയ്യാം . എന്റെ പൈതൃകം നിഷേധി്ക്കണമെങ്കില്‍ അതും. പരസ്യം നിറുത്തലാക്കരുത്.ചക്ര നിര്‍മാണം ദേശീയവത്കരിക്കരുത് "
നാം
: "എന്നാലീ സാഷ്ടാംഗം വീണുകിടക്കുന്ന ഭാവത്തില്‍ തന്നെ തന്റെ ഒരു പടം നാളെ മനോമര്‍ദ്ധിനിയുടെ മുന്‍ താളില്‍ വലുതാക്കി കൊടുത്ത് , ആ ഗവേഷകരോടും അവരുടെ കുടുംബങ്ങളോടും മാപ്പ് ചോദിക്കണം. എഴുതി പിടിപ്പിച്ച പോക്രിത്തരങ്ങള്‍ ഓരോന്നും എണ്ണി എണ്ണി പറഞ്ഞ് മാപ്പു ചോദിക്കണം ."
മൂപ്പിന്ന്
: "മാപ്പ് ചോദിച്ചു കൊണ്ട് പ്രത്യേക പതിപ്പ് വേണേലും ഇറക്കാം.അവരുടെയൊക്കെ വീടുകളില്‍ ഞാന്‍ തന്നെ അത് കൊണ്ടെ കൊടുക്കുകയും ചെയ്യാം. "
നാം : "മിടുക്കന്‍. പിന്നെ മേലാല്‍ ഇത്തരം വൃത്തികേടുകള്‍ കാണിച്ചു പ്രചാരം കൂട്ടാന്‍ തോന്നുമ്പോള്‍ നാം നേരത്തെ പറഞ്ഞ രണ്ടു നിയമങ്ങള്‍ ഓര്‍ത്തോണം "
മൂപ്പിന്ന്: "ചത്താലും അത് മറക്കുകേലാ "
നാം: "അന്ത ഭയം ഇറുക്കട്ടും. എന്നാ പിന്നെ എഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ ഓടിക്കോ. പത്രത്തിന്റെ അച്ചടിപ്പുരയില്‍ ചെന്നേ നില്‍ക്കാവു. നാളത്തെ എല്ലാ താളുകളിലും മാപ്പ് തന്നെയായിക്കോട്ടെ വിഷയം. "
"ആക്കാമേ" എന്ന് കൂവി , കുറുക്കന്‍ ചാടിയെഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ ഓടി.
നബി തിരുമേനി : "എന്നാലും ബേബി ആള് വീരന്‍ തന്നെ"
നാം :(അമ്പരപ്പോടെ)"അതെന്താ തിരുമേനി?"
യേശുനാഥന്‍ :(നബി തിരുമേനിയുടെ മനസ്സറിഞ്ഞ് ) "അല്ലെടാ...ബേബി സ്വന്തം പൈതൃകം നിഷേധിക്കാന്‍ വരെ തയ്യാറായി. പക്ഷേ അപ്പോഴും കൊച്ചു മക്കള്‍ക്ക്‌ പത്തു ചക്രം ഉണ്ടാക്കുക എന്ന അടിസ്ഥാന തത്വത്തില്‍ നിന്നും ഒരു ഇഞ്ച് ഇളകിയില്ലല്ലോ എന്നാ നബി ഉദ്ദേശിച്ചത്"

ഉജ്ജയ്നിയിലെ ദര്‍ബാറില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന സര്‍വേശ്വരന്‍മ്മാരുടെ പുഞ്ചിരിക്കുന്ന മുഖങ്ങളുടെ പശ്ചാത്തലത്തില്‍ നാം സ്ലോമോഷനില്‍ സിംഹാസനത്തില്‍ നിന്നും ഇറങ്ങി അന്തപുരത്തിലേക്ക്...ഈ സന്ദര്‍ഭത്തില്‍ വായനക്കര്‍ക്ക്, അവരവരുടെ നിലവാരം അനുസരിച്ച് രംഗ പടത്തില്‍ പശ്ചാത്തല സംഗീതമായി 'വിക്രം, വിക്രം' എന്ന എന്ന കമല്‍ സിനിമ സംഗീതം മുഴങ്ങുന്നതായോ അല്ലെങ്കില്‍ "ഒരു ഒറ്റയാന്റെ രോഷാഗ്നി ..." എന്ന് തുടങ്ങുന്ന രണ്‍ജിപ്പണിക്കരുടെ വാചകങ്ങള്‍ രംഗപടത്തില്‍ തെളിയുന്നതായോ സങ്കല്‍പ്പിക്കാം.

പിന്‍ക്കുറിപ്പ് : നമ്മുടെ ഭാവി മഹാമന്ത്രി അപ്പോഴും തേര്‍ച്ചക്രവും, മനോമര്‍ദ്ധിനിയുമായി എന്ത് ബന്ധം എന്നാലോചിച്ച് കിളിയായി നില്‍ക്കുകയായിരുന്നു.

9 comments:

Aadityan said...

ട്ടോ..ട്ടോ..ട്ടോ...ഞാന്‍ തേങ്ങ ഉടച്ചു.തകര്‍ത്തല്ലോ മാഷേ .ഉഗ്രന്‍ .രണ്ടു ഭാഗവും ചേര്ത്തു വായിച്ചാല്‍ ഇത് വരെ വന്നതില്‍ അത്യുഗ്രന്‍ ഇവന്‍ തന്നെ . എന്നിയും ഇങ്ങനെയുള്ള പുതിയ പരീക്ഷനങ്ങള്‍ പ്രതീക്ഷിക്കുന്നു .രാജാവ് നിന്നാല്‍ വാഴട്ടെ .......All the best and keep going

Sarija NS said...

നന്നായി കുമാര. കുമാരന്‍റെ ഭരണ നൈപുണ്യം വിമര്‍ശനാതീ‍തമായി തെളിയിച്ചിരിക്കുന്നു. :)

Anonymous said...

Good post.. You have taken the charge of Darbar...

(But if "chara case" is imagination you have to procecute the very famous police officer Mr.Sibi Mathew IPS first.)

Waiting for more Darbars...

അശ്വതി/Aswathy said...

"ഇപ്പോഴാണ് ആ കര്‍ത്താവേ എന്ന വിളിക്കൊരു ആത്മാര്‍തഥ വന്നത്."
അത് കലക്കി...
അടുത്ത പോസ്റ്റ് കുറെ കഴിഞ്ഞേ കാണു എന്നാണ് കരുതിയത്‌. നന്നായി കുടുതല്‍ ഗാപ്പ് ഇടാത്തത്.
പുത്തക രൂപത്തില്‍ ആക്കാന്‍ പറ്റുന്ന ഒരു ബ്ലോഗ് ആണിത്.
എല്ലാ ആശംസകളും

Chullanz said...

:)second one is better. but y sivan pillai kept silence?

G Joyish Kumar said...

യുവരാജ് സിംഗ്... സോറി യുവരാജന്‍ നീണാള്‍ വീഴട്ടെ... സോറി വാഴട്ടേ! :)

ദര്‍ബാറുകള്‍ തുടരുക...

ആപ്പിസിലിരുന്ന്‍ ദര്‍ ബാറില്‍ ഹാജര്‍ വെച്ചാല്‍ ചിലപ്പോള്‍ നമ്മുടെ ആപ്പീസ് പൂട്ടും :‌-)

എന്നതാ തോമസ് ഊച്ചാളിയാ, മനോമര്‍ദ്ധിനിയുടെ സ്വ:ലേ യോ - എവിടെയോ കേട്ടിട്ടുള്ളത് പോലുണ്ടല്ലോ :)



പിന്നെ - ശ്രോതസ്സോ സ്രോതസ്സോ?

വിക്രമാദിത്യന്‍ said...

Namaskar :തെറ്റ് ചൂണ്ടിക്കണിച്ചത്തിന് ഒരു ആയിരം രാജകീയ നന്ദി . ലവനെ തിരുത്തിയിട്ടുണ്ട്

Anonymous said...

Maharaj,
There is an IB report that "Delhi Badusha" has landed there in Ujjaini.
Be careful.....

:: VM :: said...

((മൂപ്പിന്ന് : "എന്നാ വേണേലും ചെയ്യാം . എന്റെ പൈതൃകം നിഷേധി്ക്കണമെങ്കില്‍ അതും. പരസ്യം നിറുത്തലാക്കരുത്))

ഹോ..യെന്നാ പെടയാ മച്ചാന്‍? രസിച്ചു വായിച്ചു. രണ്ടാം ഭാഗം കൂടുതല്‍ ഇഷ്ടപ്പെട്ടു. മനഓമര്‍ദ്ധിനിക്കാരുടെ കണ്ണീപെടാതെ നണ്ടന്നോ. ആ വിഭയാ അപ്സറസ്സിന്റെ കൊലക്കേസിനെ പറ്റികൂടി മൂപ്പിത്സിനോട് ഒന്നു ചോദിക്കാമായിരുര്‍ന്നു ;

ആശംസകള്‍
-ഇടിവാള്‍