Sunday, August 17, 2008

ദാസപ്പന്‍ പഠിച്ച പാഠങ്ങള്‍

ചൂഴമ്പാല പ്രദേശത്തെ ചെത്തിത്തറ കുടുംബത്തിലെ വേലപ്പന്‍ കണ്ട്രക്കിന്റെ രണ്ടാമത്തെ മകന്‍ ദാസപ്പന്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് എന്ന് ദാസപ്പന്‍ പോലും പറയില്ല. കണ്ണിലുണ്ണിയല്ലെങ്കിലും കയ്യിലിരുപ്പിന്റെ ഗുണത്താല്‍ ആരെങ്കിലും അവന്‍റെ കണ്ണടിച്ച് പൊട്ടിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ഇടക്കിടെ പറയാറുണ്ട്. നാട്ടുകാരുടെ ഈ മനോഭാവമാണ് ഒരുപക്ഷെ ഉജ്ജയ്നി മുഴുവന്‍ വ്യാപിക്കേണ്ടിയിരുന്ന ചെത്തിത്തറ കുടുംബത്തിന്റെ പ്രശസ്തി ചൂഴമ്പാലയെന്ന 'ഠ' വട്ടത്തില്‍ ഒതുങ്ങുവാന്‍ കാരണമായത്‌. ആ കുടുംബത്തെക്കുറിച്ച് പുറമെ നിന്നുള്ള ആരന്വേഷിച്ചാലും ചൂഴമ്പാലക്കാര്‍ കൂടുതല്‍ വിസ്തരിക്കാതെ "ചെത്തിത്തറേല് ഗുണ്ടയല്ലാത്തതായി ദാസ്സപ്പന്റെ അമ്മ മാത്രമേയുള്ളു " എന്ന മട്ടില്‍ മിതത്വം പാലിച്ചാല്‍ പിന്നെങ്ങിനെ പുറം ലോകമവരെ അറിയും. അല്ലെങ്കില്‍ അച്ഛന്‍ വേലപ്പന്‍ ഷാപ്പ്‌ മുതലാളി , മൂത്തവന്‍ ചന്ദ്രന്‍ കൂപ്പ് മുതലാളി , രണ്ടാമന്‍ ദാസപ്പന്‍ പോക്ക് (സകല തല്ലിപ്പൊളിത്തരത്തിന്റെയും ) മുതലാളി എന്നിങ്ങനെയുള്ളപ്പോള്‍ പ്രസിദ്ധി കുതിച്ചുയരേണ്ടതല്ലേ ? .

ഗാല്‍ഗുത്താന്‍ കലാലയത്തിനരുകില്‍ ദാസപ്പന്‍ മഹിളകള്‍ക്കായുള്ള സൌന്ദര്യവസ്തുക്കളുടെ വില്പനശാലയും , ഒപ്പം ഒരു ചായക്കടയും തുടങ്ങിയപ്പോളാണ് നാം അവതാരത്തെ പരിചയപ്പെടുന്നത്‌.പരിചയപ്പെടുത്തിത്തരുന്നത് പതിവുപോലെ സകല കുരിശുകളും ഏറ്റി വെയ്ക്കുവാന്‍ 'വിക്രമസ്കന്ധമാണുത്തമം' എന്ന് പാടി നടക്കുന്ന ഭട്ടിയെന്ന പട്ടി തന്നെ .സമയം ഗാല്‍ഗുത്താനില്‍ നാം ബീഡിക്കരി രണ്ടാം വര്‍ഷം കടലില്‍ കലക്കുന്ന കാലം. ഭട്ടിയുടെ അയല്‍ക്കാരന്‍ കൂടിയാണ് ദാസപ്പന്‍. പരിചയപ്പെട്ടപ്പോള്‍ തന്നെ ഒട്ടനവധി പ്രത്യേകതകളുള്ള , അത് പോലെ തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ജന്‍മാണതെന്ന് നമുക്ക് ബോധ്യമായി.
ദാസപ്പന്റെ നല്ല മനസ്സിനെ നാട്ടുകാര്‍ വെറുതെ തെറ്റിദ്ധരിച്ചതിന് ഉദാഹരണങള്‍ പലത്. ഒരു നാള്‍ ദാസപ്പന്റെ കടയുടെ മുന്നില്‍ ഒരു യന്ത്രക്കുതിരയില്‍ വന്നു വെറുതെ തല്ലിയലച്ച് വീണ ഒരച്ഛനെയും മകളെയും സഹായിക്കാനായി ഓടിയെത്തിയ ഏക വ്യക്തിയായ ദാസപ്പനെ ആ മൂപ്പിന്ന് തെറ്റിദ്ധരിച്ച്‌ കളഞ്ഞു.വീണു കിടന്ന പെണ്‍കുട്ടിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് വസ്ത്രത്തിലെ അഴുക്കു തട്ടിക്കളഞ്ഞ് , 'കൊച്ച് വൃത്തിയായ വസ്ത്രം ധരിച്ച് കൊട്ണ്ട് പോട്ടേ ' എന്ന് കരുതി , സത്കര്‍മ്മം നടപ്പിലാക്കുവാന്‍ ശ്രമിച്ച ദാസപ്പന്റെ കരണത്ത് 'പഠക്കേ' എന്ന് താളമിട്ട്‌ വഴിരുകിലെവിടെ നിന്നോ എഴുന്നേറ്റു വന്ന ആ കുട്ടിയുടെ പിതാവ് പൊന്നീച്ച പറപ്പിച്ചത് തെറ്റിദ്ധാരണയലെങ്കില്‍ പിന്നെയെന്താണ് .ഒപ്പം " ഞാന്‍ ഓടേല്‍ വീണ് കിടന്നതവന്‍ കണ്ടില്ലാ. പെണ്‍പ്പിള്ളാരെ മാത്രമെ അവന്റെ കണ്ണിനു പിടിക്കു.ഞരമ്പ്‌ ...." എന്ന അവഹേളനവും. 'ഞരമ്പിനു' ശേഷം കിളവന്‍ ഉപയോഗിച്ച പദം കേട്ട് മാതൃ സ്മരണ ഉണര്‍ന്ന് സ്തംഭിച്ച് പോയതിനാലും, സ്ഥലം ചൂഴമ്പാലയല്ലാത്തതിനാലും ദാസപ്പന്‍ കിളവനെ വെറുതെ വിട്ടു.
ഇങ്ങിനെയോക്കെയാണെങ്കിലും പരസഹായ തത്പരത ഉപേക്ഷിക്കുവാന്‍ ദാസപ്പന്‍ ഒരുക്കമല്ലായിരുന്നു.

ആയിടക്കാണ്‌ വേലപ്പന്‍ കണ്ട്രാക്ക് ഇളയ മകനോട്‌ പെട്ടെന്ന് സ്നേഹം കൂടി ഒരു വിദേശ നിര്‍മ്മിത രഥം വരുത്തി നല്‍കിയത് . ചുവന്ന നിറത്തില്‍ 'ഹോണ്ടാ' എന്ന് പുകഴ്പെറ്റ സാധനം. ശനി, ഞായര്‍ ദിവസങ്ങളില്‍ പിന്നെ അതിലായി ദാസപ്പന്‍ പരസഹായത്തിനിറങ്ങുന്നത് .
ഉജ്ജയ്നിയിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍, ദര്‍ശനത്തിനെത്തുന്ന സുന്ദരികളായ ഭക്തകള്‍ക്കെന്തെങ്കിലും സഹായം വേണമോ എന്നന്വേഷിച്ച ശേഷം മാത്രമെ ശനി, ഞായര്‍ ദിവസങ്ങളില്‍ ദാസപ്പന്‍ മറ്റിടങ്ങളില്‍ ഇര പിടിക്കുവാന്‍ പോയിരുന്നുള്ളു .പക്ഷേ പുതിയ വാഹനത്തിന്റെ പച്ചയില്‍ മാത്രം അങ്ങിനെ കണ്ടവന്റെ സഹായം സ്വീകരിക്കുന്നവരല്ലാ പത്മനാഭ ഭക്തകള്‍ എന്ന തിരിച്ചറിവ് ദാസപ്പനെ വിഷമിപ്പിച്ചത് ചില്ലറയൊന്നുമല്ല.ആ വിഷമത്തില്‍ നടക്കുമ്പോഴാണ് , പതിവായി ദര്‍ശനത്തിനെത്തുന്ന ഭക്തമാരുടെ ശ്രദ്ധ ആകര്‍ഷിക്കുവാനുള്ള ഒരവസരം (അതോ പതിവായ്‌ ഭക്തകളെ നോക്കി വെള്ളമിറക്കുന്ന വായിനോക്കിക്ക് ഒരു പണിയോ?) ശ്രീ പത്മനാഭന്‍ തന്നെ ഒരുക്കിയത്.

ഞായറാഴ്ച ദിവസങ്ങളിലെ പതിവു പോലെ അന്നും , ക്ഷേത്രത്തിനു മുന്നിലുള്ള കുളത്തിനരുകില്‍ രഥം ഒതുക്കി , ഭക്തകളെയും, എതിര്‍ വശത്തെ സ്വര്‍ണക്കടയുടെ പരസ്യത്തിലെ സുന്ദരിയെയും മാറി മാറി നോക്കി ആര്‍ക്കും പരാതിക്കിടം നല്‍കാതെ നില്‍ക്കുയയായിരുന്നു ദാസ്സപ്പന്‍. ഒപ്പം ചില സുഹൃത്തുക്കളും . അപ്പോഴാണ് തൊട്ടു പിന്നില്‍ ഒരു ബഹളം. ഒരു മുച്ചക്ക്ര രഥത്തിന്റെ ( ശൈലി ദഹിക്കാത്തവര്‍ ഓട്ടോ എന്ന് വായിച്ചോ) സാരഥിയും, നീലനിറത്തിലെ മാരുതി രഥത്തില്‍ വന്ന ഒരു മധ്യവയ്സ്ക്കനും തമ്മിലാണ് തര്‍ക്കം. മുച്ചക്രം വഴി മുടക്കിയിട്ടതിനു മധ്യവയസ്ക്കന്‍ അതിന്റെ സാരഥിയോട് തട്ടിക്കയറുകയായിരുന്നു.
ദാസപ്പന്റെ ബുദ്ധിയില്‍ പത്മനാഭ ഭക്തമാരുടെ ശ്രദ്ധ ആകര്ഷിക്കുവാനുള്ള വഴി തെളിഞ്ഞത് പെട്ടന്നാണ്. കസവ് വേഷ്ടിയും, പട്ടു കുപ്പായവും ധരിച്ച് നില്ക്കുന്ന മധ്യവയസ്ക്കനോട് അധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടി വാദിക്കുക.ഒരു മാത്ര വൈകാതെ അവന്‍ പദ്ധതി നടപ്പില്‍ വരുത്തി. നേരെ പോയി മധ്യവസ്ക്കനോട് മുച്ചക്ക്ര സാരഥിയുടെ പക്ഷം പിടിച്ച് വാദം തുടങ്ങി. ഒപ്പം സുഹൃത്തുക്കളും. അല്‍പ്പ നേരത്തിനുള്ളില്‍ വാഗ്വാദം രൂക്ഷമായി. മുച്ചക്ക്രത്തിന്റെ സാരഥിയെ എല്ലാവരും മറന്നു. പ്രശ്നം ദാസപ്പനും മധ്യവയസ്ക്കനും തമ്മിലായി. കുപിത യുവാവായ ദാസ്സപ്പന്‍ മധ്യവസ്ക്കന്റെ നാലഞ്ച് പരമ്പരക്ക് വിളിച്ചു. ഒപ്പം അങ്ങേരെ തല്ലാന്‍ കൈ ഓങ്ങുകയും ചെയ്തു.അപ്പോള്‍ മധ്യവയസ്ക്കന്‍ ദാസപ്പനെ "ഞാനാരാണെന്ന് നിനക്കറിയില്ലാ" എന്ന് വിരട്ടാന്‍ നോക്കി . "താനേത് കോത്താഴത്തെ മറ്റവനായാലും എനിക്ക് പുല്ലാടോ @#$%^%^^^^^^@##$" എന്നലറിയ ദാസ്സപ്പന്‍ പിന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ നടത്തിയത് കൊടുങ്ങല്ലൂരമ്മയെ സ്മരിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു. അധികം നേരം ദാസപ്പന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ മധ്യവയസ്ക്കന്‍ സ്വന്തം രഥത്തില്‍ ഓടിക്കയറി. പക്ഷെ മുന്നോട്ടുള്ള മാര്ഗ്ഗം തടഞ്ഞ്‌ ദാസപ്പന്‍ അദ്ദേഹത്തിന്റെ കുടുംബക്കാരുടെ കൂടുതല്‍ കുശലങ്ങള്‍ അന്വേഷിച്ചു തുടങ്ങിയതിനാല്‍, നിവൃത്തിയില്ലാതെ ആ മനുഷ്യന്‍ രഥം പിന്നോക്കം നടത്തി ക്ഷേത്രത്തില്‍ നിന്നും അധികമകലെയല്ലാത്ത സ്വന്തം വീട്ടില്‍ കയറിപ്പറ്റി. പക്ഷേ ഭക്തമാരെ ആകര്‍ഷിക്കുക എന്ന പദ്ധതിയൊക്കെ മറന്ന്, മൂപ്പിലാനെ തെറി വിളിക്കുന്നതില്‍ നൂറു ശതമാനം ആത്മാര്‍തഥ പുലര്‍ത്തിത്തുടങ്ങിയ ദാസപ്പനുണ്ടോ വിടുന്നു. പിന്തുടര്‍ന്ന് ചെന്ന് അയ്യാളുടെ വീടിനു മുന്നില്‍ നിന്നായി അടുത്ത അട്ടഹാസം. പൂരപ്പാട്ട് സഹിക്ക വയ്യാതെ ആ മനുഷ്യന്‍ വീട്ടിനുള്ളിലേക്ക് ഓടിയപ്പോള്‍ മാത്രമാണ്, കവാടത്തിലെ നാമഫലകം ദാസപ്പന്റെ ശ്രദ്ധയില്‍പ്പെട്ടത് . ലിഖിതം ആംഗലേയത്തില്‍. തനിക്ക് മനസിലാവാത്ത ഭാഷ കണ്ടതോടെ ദാസപ്പന്റെ നില തെറ്റി. അറിയാവുന്നതില്‍ വെച്ചേറ്റവും മുഴുത്ത നാല് തെറിയുടെ അകമ്പടിയോടെ " നാണമില്ലാത്ത കിളവാ ...പഠിച്ച് പരണത്ത് കയറിയത്തിന്റെ മെടപ്പാ തനിക്ക് അല്ലേ. . താന്‍ ഫസ്റ്റ് ക്ലാസ്സിലാ ജയിച്ചതെന്ന് പത്ത് പേരെ ബോധ്യപ്പെടുത്താനാനോടോ ഈ തകിട് ?എന്നാപ്പിന്നെ ഞാന്‍ ഫസ്റ്റ് ക്ലാസ്സാണേ , ഫസ്റ്റ് ക്ലാസ്സാണേ എന്ന് പെരപ്പുരത്തു കയറി നിന്നു വിളിച്ചു കൂവടോ പന്ന @#$%^&@#$%^&" എന്ന് ദാസപ്പന്‍ അട്ടഹസിച്ചു . നാമഫലകത്തിലെ 'ഫസ്റ്റ് ക്ലാസ്സ്' എന്ന വാക്ക് മാത്രം സിനിമ കൊട്ടകയില്‍ കണ്ട പരിചയത്തില്‍ മനസ്സിലായ ദാസപ്പന്‍ അതിലേക്ക് നീട്ടിയൊരു തുപ്പും തുപ്പി വിജയ ശ്രീ ലാളിതനായി തിരിഞ്ഞ് നടന്നു.

ക്ഷേത്രത്തിനു മുന്നില്‍ നിന്ന് പക്ഷേ ഏറെ ദൂരം ജൈത്രയാത്ര നടത്തുവാന്‍ ദാസപ്പനായില്ല. കാക്കിപ്പടയുടെ രണ്ടു മൂന്ന് തേരുകള്‍ ഒന്നിച്ചാണ് ഹോണ്ടാ രഥത്തെ വളഞ്ഞത്.

അന്നേ ദിവസത്തെ പ്രകടനം ക്ഷേത്രത്തില്‍ വന്ന ഭക്ത തരുണികളെ ദാസപ്പനിലേക്ക് ആകര്‍ഷിച്ചാലും ഇല്ലെങ്കിലും , ദാസപ്പന്‍ അതുകൊണ്ട് ജീവിതത്തില്‍ വിലപ്പെട്ട ചില പാഠങ്ങള്‍ പഠിച്ചു. അവ എന്തെന്നാല്‍ ....
ആദ്യ പാഠം : രണ്ടാം തരത്തില്‍ അഞ്ച് തവണ തോറ്റവര്‍ ആംഗലേയത്തിലുള്ള നാമഫലകങ്ങള്‍ അറിയാവുന്നവരെ കൊണ്ടു വായിപ്പിച്ച് അര്‍ഥം മനസ്സിലാക്കിയ ശേഷമേ ഫലകത്തിന്റെ ഉടമസ്ഥന്റെ തന്തക്ക് വിളിക്കാവു. കാരണം ദാസപ്പന്‍ കാര്‍ക്കിച്ച് തുപ്പിയ ഫലകത്തില്‍ എഴുതിയിരുന്നത് 'ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്' എന്നായിരുന്നു .
പാഠം രണ്ട് : നിങ്ങളേ മുഖപരിചയമില്ലാത്ത ദേശത്തു ചെന്നാണെങ്കിലും അട്ടഹാസം കാണിക്കുമ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം ഒരടയാളമാകാതെ ശ്രദ്ധിക്കുക. അല്ലാതെ, ഒരു ബോണ്ട പോലും നേരിട്ടു കാണാത്ത ദരിദ്രവാസികളുടെ മുന്നില്‍ ഹോണ്ടാ രഥത്തില്‍ 'വീ വില്‍, വീ വില്‍ റോക്ക് യു ' എന്ന് ദിഗന്തങ്ങള്‍ പൊട്ടുമാറ്‌ പശ്ചാത്തല സംഗീതവും ഇട്ട് ചെന്നിറങ്ങി, ഒന്നാം തരം ന്യായാധിപനെ തടഞ്ഞ്‌ നിറുത്തി അയ്യാളുടെ പത്തു തലമുറയ്ക്ക് വിളിച്ചാല്‍ കാക്കിപ്പട നിങ്ങളെ എളുപ്പത്തില്‍ കണ്ടുപിടിക്കുകയും അസഭ്യം പറഞ്ഞ് അപമാനിക്കല്‍, തടഞ്ഞു നിറുത്തി കയ്യേറ്റം ചെയ്യല്‍, ഭവനഭേദന ശ്രമം , വധശ്രമം എന്നി ചെറിയ കുറ്റങ്ങള്‍ നിങ്ങളുടെ മേല്‍ ചാര്‍ത്തുകയും ചെയ്യും.
മൂന്നാമത്തേതും അവസാനത്തേതുമായ പാഠം: ഉജ്ജയ്നിയില്‍ ന്യായാധിപന്മാര്‍ പൊതുവെ മാന്യന്മാരെങ്കിലും അവരില്‍ ചില എമ്പോക്കികള്‍ കൈക്കൂലി വാങ്ങും. അങ്ങിനെയുള്ളവരെ കഴിയുന്നതും അസഭ്യം പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. മാന്യന്മാര്‍ ചിലപ്പോള്‍ ഒരു മാപ്പ് പറച്ചിലില്‍ നിങ്ങളെ വെറുതെ വിട്ടേക്കും . പക്ഷെ കൈകൂലി പാപികള്‍ ആഴ്ച്ചകളോളം നിങ്ങളെ അവരുടെ വീടിനു ചുറ്റും ശയന പ്രദക്ഷിണം ചെയ്യിച്ച ശേഷം നല്ലൊരു തുക പിടുങ്ങിയെ വിടു. (ആദ്യ ഘട്ടത്തില്‍ കാക്കിപ്പടയുടെ വക ചവിട്ടിത്തിരുമ്മല്‍ വേറെയും. )

19 comments:

:: VM :: said...

കലക്കി മച്ചാന്‍! ;)

പെണ്‍കൊടി said...

വിക്രമാദിത്യന്‍ വന്‍ ഭരണമാണല്ലോ..
കഴിഞ്ഞ തവണ താങ്കളുടെ സഭ സന്ദര്‍ശിക്കുമ്പൊ വെറും 3 'തിരുപോസ്റ്റു'കളേ ഉണ്ടായിരുന്നുള്ളു.. ഇപ്പൊ സന്തോഷമായി..
മനോഹരമായ എഴുത്ത്‌..
ഭാവുകങ്ങള്‍...

Aadityan said...

പിന്നെയും ലേറ്റ് ആയി രാജാവേ . എന്തായാലും സംഭവം തകര്ത്തു .ദാസപ്പന്‍ ചവിട്ടിത്തിരുമ്മല്‍ ഉം ശയന പ്രദക്ഷിണം ഉം കഴിഞ്ഞു നന്നായോ അതോ ഇപ്പോഴു ഉം പഴയ ലൈന്‍ തന്നെയാണൊ ? കഴിഞ്ഞ പോസ്ടില്ലേ കമന്റ്സ് ഇന് മറുപടി കണ്ടില്ല . മനോമാര്‍ദിനി virathi ഒതുക്കിയോ ? ബേബിച്ചന്‍ ആരാ പുള്ളി !!! all the best. enniyum porathe

nandakumar said...

ദാസ്സപ്പന്‍ പിന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ നടത്തിയത് കൊടുങ്ങല്ലൂരമ്മയെ സ്മരിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു. :)

ഉജ്ജനിയില്‍ മാത്രമല്ല, കേരളമെമ്പാടും ജില്ലാ കോടതി വരെ ഇമ്മട്ടിലുള്ള ആളുകളാണ്.(അനുഭവം)

നന്നായെന്നു പറയേണ്ടല്ലോ.(എന്നാലും കൊഴുപ്പിത്തിരി കുറഞ്ഞുപോയി,ഐ മീന്‍ സംഭവ ബഹുലം)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതു കലക്കി.


ഓടോ:കഴിഞ്ഞ പോസ്റ്റിനു കൊള്ളാം എന്നതിനു പകരം കൊളം എന്നെഴുതണമെന്നു പോലും തോന്നീല...

സുല്‍ |Sul said...

കൊള്ളാം വിക്രമാ നിന്റെ അക്രമങ്ങള്‍

-സുല്‍

നിലാവ്‌ said...

ഹ ഹ ദിദ്‌ കലക്കി..ന്തൂട്ടാ കീറ്‌......

Sarija NS said...

അത്രക്കങ്ങടായില്ലല്ലൊ കുമാര !!!

Sharu (Ansha Muneer) said...

വായിച്ചു...കുറെ ചിരിച്ചു, കിടിലന്‍ പോസ്റ്റ്.

ഇനിയും ഇതുവഴി വരാം :)

Anonymous said...

Kollam keto....

smitha adharsh said...

ആദ്യയാണ് ഇതു വഴി.ചിരിപ്പിച്ചു,ചിരിപ്പിച്ചു മനുഷ്യന്‍റെ കോലമൊക്കെ ഇയാള് അങ്ങ് മാറ്റും അല്ലെടോ?

അലിഫ് /alif said...

കുമാര, അക്രമാദിത്യ ചരിതം ഇതുവരെ കിട്ടിയ എല്ലാ ‘എപ്പിഡോസു’കളും വായിച്ചു. തരക്കേടില്ലാത്ത ശൈലി തന്നെ;ആശംസകൾ. എങ്കിലും തോന്നിയ ചെറിയഒരു കല്ലുകടി ഉണർത്തിക്കുന്നതിൽ തിരുവുള്ളക്കേടുണ്ടാകരുത്. "റെയര്‍ സാധനമാണ്. ചിലപ്പോള്‍ അക്കാദമി വക ഗ്രന്ഥ ഗൃഹത്തില്‍ കണ്ടേക്കും"എന്ന പോലുള്ള കിടിലം ശൈലികൾ അടിക്കുന്ന അങ്ങ് തന്നെ ചിലതിനൊക്കെ ബ്രാക്കറ്റിൽ അർത്ഥം , നാനാർത്ഥം ഒക്കെ എഴുതുന്നത് വായനക്കിടയിൽ അലോരസമുണ്ടാക്കുന്നു. മുൻ പോസ്റ്റുകളിലെ ചില ഉദാ:
"ആഡംബരത്തിനു ഒരു കുറവുമില്ല. എല്ലാവനും പടച്ചട്ടയും, കവച കുണ്ടലങ്ങളും ( കൊട്ടും , തൊപ്പിയും, കണ്ണാടിയും തന്നെ )", കലാലയത്തിന്റെ പുരാതന വസ്തുക്കള്‍ വില്പനയ്ക്ക് വെയ്ക്കുന്ന ( പില്‍കാലത്തെ ക്യാന്റീന്‍) ഊട്ടുപുരയില്‍” - പോലുള്ളവ. ഈ ലക്കത്തിലുമുണ്ട് - “ഒരു മുച്ചക്ക്ര രഥത്തിന്റെ ( ശൈലി ദഹിക്കാത്തവര്‍ ഓട്ടോ എന്ന് വായിച്ചോ)“
” എനിക്ക് തോന്നുന്നത് ബ്രാക്കറ്റിനുള്ളിലെ വിവർത്തനമൊന്നുമില്ലാതെ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്തരം കാര്യങ്ങൾ എന്നാണ്.
തുടർന്നും വായനക്കെത്തും എന്നൊരു ഭീക്ഷണിയോടെ

അലിഫ്/നൈജീരിയ

ശ്രീ said...

എഴുത്ത് രസകരം.
:)

അശ്വതി/Aswathy said...

കിടു ആണല്ലോ
ഇനിയും പോരട്ടെ ഇങ്ങനത്തെ കഥകള്‍.
തിരുവന്തപുരം , ചുരംപല തുടങ്ങിയ സ്ഥല പേരുകള്‍ ഒ‌ഴ്വാക്കിയാല്‍ നല്ലതെന്ന് തോന്നുന്നു.
പരിചയം ഇല്ലാത്തവര്‍ക്ക് ചിലപ്പോ അത്ര സുഖം തോന്നില്ല.
എനിക്ക് തോന്നിയതാണ്. ശരി ആണോ എന്ന് അറിയില്ല.
നമ്മളും സ്ഥലം തിരുവന്തോരമ് ആണേ...

ബഹുവ്രീഹി said...

ബിഖ്രമാഥിഥ്യാ..കുമാരാ! മിഡ്ക്ക! മിഡുമിഡ്ക്കാ..

ഇടക്കാലത്ത് വായിക്കാൻ പറ്റാതെപോയ പോസ്റ്റുകൾ ഈയിടെയാണ് വായിച്ചത്.

ഉജ്ജയിനിയിലും ബ്ലോഗുലകത്തിലും ‘വിക്രമ‘രാഹിത്യം കത്തിപ്പടരുന്നതുകണ്ട് വല്ല്യ സന്തോഷായി.

പോസ്റ്റുകൾ രസികൻ.. ഖൽഖൻ..

Sherlock said...

വിക്രംസ്.. പെട മോനേ ...ഒരു ജാതി പെട :)

Chullanz said...

ഗഡീ ഞങ്ങള്‍ടെ കോടുങ്ങല്ലൂറ്‍ ഭരണിക്കു മാത്രേ ഉണ്ടാവുള്ളൂ ട്ടോ.. കോണ്ട്റാക്റ്ററ്‍ക്കു രാജകീയ പദം ഒന്നും കണ്ടില്ല..കരാറുകാരനോ മറ്റൊ ഉപയോഗിക്കരുന്നു....എന്തായാലും തകര്‍ത്തു വാരൂ.

വിക്രമാദിത്യന്‍ said...

VM: നന്ദി മച്ചാ

പെണ്‍കൊടി : ദര്‍ബാറിലേക്ക് വീണ്ടും സ്വാഗതം . തുടര്‍ന്നും സാന്നിധ്യം പ്രതീക്ഷിക്കുന്നു

ആദിത്യാ: മനോമാര്‍ദ്ധിനിക്കാര്‍ പിതാജിക്ക് കൈക്കൂലി കൊടുത്ത ലക്ഷണമാണ്. കുറച്ചു കാലത്തേക്ക് ദര്‍ബാറില്‍ കയറിയാല്‍ കാല് തല്ലിയൊടിക്കും എന്നാണ് ഭീഷണി . എങ്കിലും അധികം വൈകാതെ വീണ്ടും നാം ദര്‍ബാറില്‍ ഓടു പൊളിച്ചിറങ്ങും.പിന്നെ ദാസ്സപ്പന്‍ എവിടെ നന്നാവാന്‍ . നടക്കുന്ന കാര്യം വല്ലതും പറ.

നന്ദകുമാര്‍ രാജാവേ : ഒരു ചിന്ന സംഭവം ഓര്‍ത്തപ്പോള്‍ എഴുതിയതാണ്. അടുത്തവനെ പൊലിപ്പിക്കാം .
പിന്നെ ങ്ങള് കളിക്കാണ്ട് 'കന്യാകുമാരി'... ബാക്കി പറയ് പുള്ളേ. ഇതൊരുമാതിരി ആളെ മക്കാറാക്കണ പരിപാടി ...

കുട്ടിച്ചാത്താ : ഡാങ്ക്സ് .
ഓ ടോ : ഈ ചാത്തന്റെ ഓരോ തോന്നലുകളേ. ന്നാലും ഓ ടോ കഴിഞ്ഞ പോസ്റ്റില്‍ ഓണ്‍ ടോപ്പിക്കായി ഇടാമായിരുന്നു

സുല്‍ : നന്ദി . വീണ്ടും ദര്‍ബാറിലേക്ക് സ്വാഗതം ചെയ്യുന്നു .

കിടങ്ങൂരാന്‍ : നന്ദി .

Sarija N S : അടുത്ത പോസ്റ്റില്‍ പരാതി മാറ്റുന്നതാണ്. :-) . ഇത് ചെറിയ ഒരു സംഭവത്തിനെ നാം വലിച്ചു നീട്ടിയത് കൊണ്ട് പറ്റിയതാകാം

Sharu: ബെല്‍കം . സ്ഥിരം ക്ഷണിതാവിന്റെ പട്ടം തന്നിരിക്കുന്നു.

Santosh Ravi : നന്ദി

smitha adharsh : സ്വാഗതം. നന്ദി .വീണ്ടും ദര്‍ബാറില്‍ സാന്നിധ്യം പ്രതീക്ഷിക്കുന്നു .

അലിഫ് : അഭിപ്രായം പറഞ്ഞതില്‍ നമുക്കു സന്തോഷമേയുള്ളു. സംഗതി സത്യമാണ്. നമുക്കും തോന്നാറുണ്ട്.പക്ഷേ ഇടയ്ക്ക് നമ്മുടെ ശൈലിക്ക് ചിലതിനു വിശദീകരണം കൂടി ആയാല്‍ നന്നായിരിക്കും എന്ന് ചില സുഹ്ര്‍ത്തുക്കള്‍ പറഞ്ഞതാനുസരിച്ച്ചാണ് ചിലപ്പോള്‍ വിശദീകരണം എന്ന അക്രമം കാണിക്കുന്നത്. താങ്കളുടെ അഭിപ്രായം മാനിച്ചു അടുത്ത പോസ്റ്റില്‍ യാതൊരു വിശദീകരണവും ഇല്ലാതെ അലക്കുന്നതാണ്. ഭീഷണി സ്വാഗതം ചെയ്യുന്നു...

അശ്വതി : നന്ദി. ചൂഴമ്പാല എന്ന പേരു യക്ഷിപാല , ഏഴിലംപാല എന്നിവയുമായി വായനക്കാര്‍ താതാദ്മ്യം കാണും എന്ന് കരുതി എഴുതിയതാണ്. അടുത്ത കൊലപാതകത്തില്‍ ശ്രദ്ധിക്കാം .

ബഹുവ്രീഹി : ബെല്‍കം ബാക്ക് ആന്‍ഡ് ഡാങ്ക്സ് :)

ജിഹേഷ് : നന്ദി .

Chullanz: കൊടുങ്ങല്ലൂരുകാര്‍ അല്ലാത്തവര്‍ അമ്മയെ സ്മരിക്കുന്നത് കൂടുതലും ഭരണി സമയത്താണല്ലോ. ആ അര്‍ത്ഥത്തിലാണ് കീറിയത് . പിന്നെ എഴുതി വന്നപ്പോള്‍ ഷാപ്പ്‌ കോപ്പ്, കോപ്പ് ഈ പ്രാസത്തിന്റെ ഒപ്പിക്കളിനിടയില്‍ കൊണ്ട്രച്ടിന്റെ രാജകീയ പാശം കിട്ടിയില്ല. ചുള്ളന്‍സിന്റെ കമന്റ് വന്ന ശേഷം ഷാപ്പ്‌ മുതലാളി, കൂപ്പു മുതലാളി കോപ്പ് മുതലാളി എന്നിങ്ങനെ ആക്കിയാലോ എന്ന ചിന്ത വന്നു . തിരുത്തി .ഇനിയും ഇപ്രകാരം സംഭവിക്കുന്ന അശ്രദ്ധകള്‍ ചൂണ്ടി കാട്ടുമല്ലോ. ദര്‍ബാറില്‍ തുടര്‍ന്നും സാനിദ്ധ്യം പ്രതീക്ഷിക്കുന്നു

Sapna Anu B.George said...

വിക്രമാദിത്യനെ ‘ക്ഷി’ പിടിച്ചൂ ട്ടോ.....