ബഹു: അഗസ്ത്യസ്സ് എസ്ത്തപ്പനോസ്, അല്ലെങ്കില്‍ അഗസ്ത്യഗാരു (സംഭവം തെലുങ്കാണ് , അംഗലേയത്തില്‍ സര്‍. അഗസ്ത്യസ്സ് എന്നും പറയാം ) ഗാല്‍ഗുത്താന്‍ സ്മാരക കലാ മന്ദിരത്തിലെ അംഗീകൃത കടുവയായിരുന്നു. തടിച്ച് കുറുകിയ ശരീരം, കനത്ത താടി മീശകള്‍, തീക്കണ്ണുകള്‍, അന്തകൂപത്തില്‍ നിന്നുയരുന്ന സ്വരം- ആ പേരുകേട്ടാല്‍ ഇപ്പോഴും ഈ വ്യക്തിമുദ്രകളെല്ലാം മനസ്സില്‍ ഘോഷയാത്ര തുടങ്ങും. ഗാല്‍ഗുത്താന്‍ മലനിരകളില്‍ എത്തിയാല്‍ പിന്നെ ഏത് വിപ്ലവവും , ഖദറും , രാജകുമാരനും എസ്ത്തപ്പനോസ്സിനു വിധേയന്‍. പാഠശാലയില്‍ കയറാതെ കറങ്ങി നടക്കുന്ന ശിഷ്യന്മാരെ തിരഞ്ഞ് പിടിച്ച് സ്വതസിദ്ധമായ തനി നാടന്‍ കര്‍ഷക വാണിയില്‍ പിതൃ സ്മരണ ഉളവാക്കി 'ഫ്ഭാ' എന്ന അകമ്പടി സംഗീതത്തോടെ പാഠശാലയില്‍ എത്തിക്കുന്ന, എത്ര ഓടിച്ചാലും പിടികൊടുക്കാത്ത നമ്മേ പോലുള്ള സമര്‍ത്ഥന്‍മ്മാരെ ചില അവസരങ്ങളില്‍ സ്വപാദുകം പോലും ഊരി എറിഞ്ഞിടാന്‍ ശ്രമിക്കുന്ന, പാലാ മഹാരാജ്യത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും രസതന്ത്രത്തിന്റെ മഹാസാഗരം പുല്ലു പോലെ നീന്തി കടന്ന ഞങ്ങളുടെ മുഖ്യ ഗുരുനാഥന്‍ ...സ്വന്തം പ്രിന്‍സി. ഇതിനെല്ലാം പുറമേ നമ്മുടെ പിതാജി മഹാരാജിന്റെ പ്രിയ സുഹൃത്തും.
നമ്മുടെ സഖാക്കളില്‍ ഒട്ടുമിക്കവരും പലപ്പോഴായി അഗസ്ത്യഗാരുവിന്റെ സ്നേഹ പ്രകടനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. നാം, ഇനി പറയുവാന്‍ പോകുന്ന നാള്‍ വരെ, രക്ഷപ്പെട്ട് നടക്കുകയായിരുന്നു. താത്കാലിക പുറത്താക്കല്‍, താകീത് തുടങ്ങിയ വാറോലകള്‍ കലാലയ ഗുമസ്ത്തന്‍മ്മാര്‍ വഴി മാത്രം കൈപറ്റുക, മുങ്ങുക- അതായിരുന്നു നമ്മുടെ പതിവ്. ഒരു പൊതുധാരണ പോലെ അഗസ്ത്യഗാരുവും ഇതൊന്നും കൊട്ടാരത്തില്‍ അറിയിച്ചിരുന്നില്ല . അന്ന് വരെ...
ഊട്ടുപുരയില്‍ രണ്ടാം വര്‍ഷ ബീഡിക്കരിക്ക് (പ്രയോഗത്തിന് കടപ്പാട് ദര്‍ബാര്‍ ധന്യമാക്കുന്ന മഹാകവി ബഹുവ്രീഹിയോട് ) ഗുമസ്തപ്പണി മുഖ്യവിഷയമായി തകര്‍ക്കുന്ന ഷെഹസാദി ഗുല്‍നാറുമായി വിശുദ്ധ ഖുറാനിലെ 'സൂറത്തുല്‍ ഖാരിഅഃ' എന്ന ഭയങ്കര സംഭവത്തെ കുറിച്ചു ആഴത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു നാം. ( എന്തേ ...ആര്‍ക്കെങ്കിലും അതല്ല നാം ചര്‍ച്ച ചെയ്തതെന്ന് തെളിയിക്കാമോ?) .ഗാല്‍ഗുത്താനിലെ അക്കാലത്തെ നമ്മുടെ സ്ഥിരം പ്രണയം, മേഴ്സിക്കുട്ടി അവളുടെ അമ്മാവന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും ഭാരതിയരോട് പത്രാസ്സു കാണിക്കുവാന്‍ വന്നത് പ്രമാണിച്ച് നാല് ദിവസ്സത്തേക്ക് മാതാവിന്റെ നാടായ കോട്ടയം രാജ്യത്തേക്ക് പോയതുക്കൊണ്ട് മാത്രമാണ് നമുക്കീ ചര്‍ച്ചക്കുള്ള അസുലഭാവസരം ലഭിച്ചത്. ചര്‍ച്ച സുഗമമായി പുരോഗമിക്കവേയാണ് കല്ലുകടിയായി കലാലയ കാവല്‍ ഭടന്‍മ്മാരില്‍ പ്രമുഖന്‍ ശ്രീ : കൃഷ്ണശ്ശാര്‍ ബഹു: അഗസ്ത്യസ്സ് എസ്ത്തപ്പാനോസ് വക വാറോലയുമായി നമുക്കരുകില്‍ എത്തിയത്. വാറോലയില്‍ വരികള്‍ ലളിതം.
"ഈ ഓല കിട്ടി അഞ്ചു നിമിഷങ്ങള്‍ക്കകം കാര്യാലയത്തില്‍ ഹാജരായില്ലെങ്കില്‍, ആറാം നിമിഷം നിന്‍റെ മരണം അപ്രതീക്ഷിതമായിരിക്കും." അതിസുന്ദരമായ എസ്ത്തപ്പാനോസ് ശൈലി.
കടുവാകൂട്ടിലേക്കുള്ള ക്ഷണം നമ്മേ പാടേ തളര്‍ത്തിക്കളഞ്ഞു . എന്തായാലും നമ്മേ ഒന്നു കാണുവാനുള്ള അടക്കാനാവാത്ത ആഗ്രഹമല്ല ഓലയുടെ പിന്നിലുള്ള ഉദ്ദേശം. അതുറപ്പായിരുന്നു നമുക്ക്.
"ക്രിസ്തുവിനെയും, ശിവനെയും ത്രിക്കണ്‍ പാര്‍ത്ത , മുഹമ്മദ് നബിയുമായി നേരിട്ട് ആശയ സംവാദം നടത്തുന്ന അങ്ങേക്ക് വെറുമൊരു പ്രിന്‍സിയെ ഭയമോ? "പ്രിന്‍സിയുടെ വാറോല വായിച്ചു വേനല്‍ ചൂടിലും ഹിമസമം തണുത്തു വിറങ്ങലിച്ച നമുക്കു ധൈര്യം പകരുവാന്‍ ഗുല്‍നാര്‍ കുമാരി ശ്രമിച്ചു.
"അതേടി അതേ. നിനക്കൊക്കെ ഇതു പറയാം. ഹാജര്‍ നില വഷളായാലും , എന്തലമ്പ് കാണിച്ചാലും , ഇനി നീയൊക്കെ ഗാല്‍ഗുത്താന് തിതന്നെയിട്ടാലും , നാരീജനം എന്ന പരിഗണനയാല്‍ എസ്ത്തപ്പാനോസ്സിന്റെ ഒരു നോട്ടത്തില്‍ കവിഞ്ഞൊന്നും ഏല്‍ക്കാത്ത വര്‍ഗ്ഗമല്ലേ നീയൊക്കെ . പക്ഷേ പരംപുരുഷന്മാരായ ഞങ്ങള്‍ക്ക് , കോപിച്ചാല്‍ പിതാമഹന്റെ പിതാവിന് വരെ വിളിക്കുന്ന എസ്ത്തപ്പാനോസ്സിനെ അല്‍പ്പമൊക്കെ ഭയക്കണം. എന്തേ വിരോധമുണ്ടാ?" നാം കുപിതനായി.
"ങ്ങളിതെന്തു ബര്‍ത്താനാണ് കോയ പറേണത്. പേടിക്കാണ്ട് അബ്ടം വരെ പൊയ് സുജായിനെ ഒന്നു കണ്ടേച്ചും ശട്ടെന്നു തിര്യെ ബരീനെന്നു" ഗുല്‍നാര്‍ ഇത്താത്ത അപ്പോഴും സംഗതിയുടെ ഗൗരവം മനസിലാക്കിയിരുന്നില്ല.
കുറച്ചുനാള്‍ മുന്‍പ് നമ്മുടെ സുഹൃത്തായ 'തൊണ്ട്' കടുവാക്കൂട്ടില്‍ അറിയാതെ ഒന്നു തലയിട്ടതാണ്. രണ്ടാം വര്‍ഷ വാര്‍ഷിക ആയോധന മത്സരത്തില്‍ പങ്കെടുക്കുവാന്‍ കലാലയത്തിലെ ഹാജര്‍ നില ഉത്തമമായിരിക്കണം എന്ന ദുഃഖത്തില്‍ ഞങ്ങളെല്ലാം നടക്കുമ്പോള്‍ , ഉറവിടം വ്യക്തമല്ലാത്ത ഒരു വാര്‍ത്ത തൊടിണ്ടിന്റെ ചെവിയിലെത്തി . 'അഞ്ഞൂറ് വരാഹന്‍ പിഴയൊടുക്കിയാല്‍ ഹാജര്‍ നിലയുടെ ദയനീയാവസ്ഥ മാപ്പാക്കി കൊടുക്കപ്പെടും'. കേട്ട പാതി കേള്‍ക്കാത്ത പാതി വിദ്വാന്‍ ആരുടെയൊക്കയോ കാല് പിടിച്ചു അഞ്ഞൂറ് വരാഹന്‍ സംഘടിപ്പിച്ചു ഗാല്‍ഗുത്താനിലെ ഗുമസ്തന്‍മ്മാരെ ചെന്നു കണ്ടു. അവര്‍ അവതാരത്തെ കൈയ്യോടെ എസ്ത്തപ്പനോസ് സവിധത്തിലേക്കയച്ചു. കാര്യാലയത്തില്‍, മഹാഗണി മേശക്കു പിന്നില്‍, കടിച്ചു കീറപ്പെടേണ്ടവന്മാരുടെ പട്ടിക പരിശോധിച്ചുക്കൊണ്ടിരുന്ന കടുവ വലിയ മുരള്‍ച്ചയൊന്നും കൂടാതെ ശിഷ്യനെ സ്വാഗതം ചെയ്തു. പിഴ പ്രിന്‍സി നേരിട്ടു വാങ്ങും എന്ന് ധരിച്ച് തൊണ്ട് കുഷിയായി ചെന്നു മഹാഗുരുനാഥനോട് കാര്യം ഉണര്‍ത്തിച്ചു. പറഞ്ഞു നാവെടുത്തതും... "ഫ്ഭാ" എന്ന അലര്‍ച്ചയോടെ കടുവ മേശപ്പുറത്ത്, ആട്ടിന്റെ ശക്തിയില്‍ തൊണ്ട് തെറിച്ച് കാര്യാലയത്തിനു പുറത്തെ വരാന്തയില്‍. തെറിച്ച് വന്ന ഊക്കില്‍ താടിയിടിച്ച് വീണ തൊണ്ടിന് ചാടിയെണീറ്റോടാന്‍ സാധിക്കും മുന്‍പ് കടുവ കുതിച്ച് മുന്നിലെത്തി. "നിന്‍റെ അപ്പന് കൊണ്ടു കൊടുക്കിനെടാ ഇട്ടുണ്ണാപ്പാ ഈ കാശ് ." നാടന്‍ പ്രയോഗങ്ങളുടെ ഒരു പ്രവാഹം " എന്നിട്ട് അങ്ങേരോട് പറ (തൊണ്ടിനെയൊന്നടിമുടി നോക്കി കൊണ്ട് ) ഇമ്മാതിരി മണ്ടത്തരങ്ങള്‍ ഇനി കാണിക്കാന്‍ തോന്നുവാണേല്, അതിന് പകരം പത്തു മൂട് തെങ്ങ് വാങ്ങിച്ച് വെയ്ക്കാന്‍ . നിന്‍റെ തലമണ്ടക്കകത്തെ ചാണകം വളമായിട്ടിടുകയും ചെയ്യാം . വയസ്സ് കാലത്ത് അങ്ങേര്ക്കതിന്റെ പ്രയോജനം കിട്ടും. നിന്നെപ്പോലൊരു മരങ്ങോടനെക്കൂടി സഹിക്കുകയും വേണ്ടാ" . കഷ്ണം കഷ്ണമായി നുറുക്കപ്പെടുമ്പോഴും തൊണ്ടിനു സര്‍വകലാശാലയില്‍ അടക്കേണ്ട പിഴ പ്രിന്‍സിക്ക് നേരിട്ടു നല്‍കുവാന്‍ ശ്രമിച്ചതിന്റെ ഭവിഷ്യത്താണ് താന്‍ അനുഭവിക്കുന്നത് എന്നറിയില്ലായിരുന്നു .
ഒരു അബദ്ധത്തിന്റെ പേരില്‍ ഞങ്ങളുടെ കൂട്ടത്തില്‍ പൊതുവേ നിരുപദ്രവിയായ തൊണ്ടിനെ ഇപ്രകാരമാണ് അഗസ്ത്യഗാരു കൈകാര്യം ചെയ്തതെങ്കില്‍ കുപ്രസിദ്ധനും , ഗല്‍ഗുത്താന്‍ ഇടയ സഭയുടെ കണ്ണിലുണ്ണിയുമായ നമ്മുടെ ഗതിയെന്താവും എന്നതായിരുന്നു കടുവയെ കാണുവാന്‍ പോകും വഴി നമ്മുടെ ചിന്ത. പറഞ്ഞിട്ടും കാര്യമില്ല. പുതിയ പിള്ളേരെ
'ഹിമ ശൈലത്തിന്‍ മുകളില്‍ നിന്നും
രാജകുമാരന്‍ എന്ന് വിളിച്ചാല്‍
സാഗര വീചികള്‍ മറുപടി ചൊല്ലും
വിക്രം വിക്രം സിന്ദാബാദ് ' തുടങ്ങിയ രസികന്‍ മുദ്രാവാക്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ച് സമരത്തിനിറക്കിയപ്പോളൊന്നും നാമും ആലോചിച്ചിരുന്നില്ല, ഇടയ സഭയും , അതുവഴി അഗസ്ത്യഗാരുവും നമ്മേ നോട്ടമിടുമെന്ന്.
'വരുന്നിടത്ത് വെച്ചു കാണാം. എന്തോന്ന് കടുവ?' ചിന്തകള്‍ക്കിടെ ക്ഷത്രിയ രക്തം തിപ്പൊരിയായി തലപൊക്കി. അങ്ങിനെ തന്നെ എന്നുറച്ച് , വായു ഭഗവാനെ നെഞ്ചിനുള്ളിലേക്ക് പിടിച്ച് കയറ്റി, നാം കടുവയുടെ കാര്യാലയത്തിനു മുന്നിലെത്തി. തേക്ക് കൊണ്ടുള്ള കൂറ്റന്‍ വാതിലില്‍ മെല്ലെ മുട്ടി.
"യെവ അവ ?" അടഞ്ഞ വാതിലിനു പിന്നില്‍ നിന്നും മുരള്‍ച്ച. അത് കേട്ടതും നെഞ്ചില്‍ തടവില്‍ കിടന്ന വായു ഭഗവാന്‍ പുറത്തു ചാടി ഓടിക്കളഞ്ഞു .
"അവിടുത്തെ എരുമ ...അരുമ ശിഷ്യന്‍ കുമാര്‍ വിക്രമാണേ" വായു ഭഗവാന്‍ രക്ഷപെട്ടപ്പോള്‍ മുന്നോട്ടല്‍പ്പം വളഞ്ഞു പോയ നാം.
"വാടാ,വരിനെടാ...വാ, വാ." ചോര മണം പിടിച്ച് ആര്‍ത്തി പൂണ്ട കടുവയുടെ സ്വരം . വാതില്‍ തുറന്നു നാം വിനയാന്വീതനായി ഉള്ളിലേക്ക് പ്രവേശിച്ചു. പതിവു പോലെ മഹാഗണി മേശക്ക് പിന്നില്‍ തന്നെയുണ്ടായിരുന്നു ബഹു : അഗസ്ത്യസ്സ് എസ്ത്തപ്പാനോസ് .
"സുപ്രഭാതം ഗുരുവേ" നാം ആദ്യ അസ്ത്രം തൊടുത്തു. മറുപടി തീകണ്ണുകളാല്‍ ഒരു നോട്ടം "അതെനിക്ക്.നിനക്കിനി അങ്ങോട്ട് വലിയ 'സു - പ്രഭാതങ്ങള്‍' ഉണ്ടാകാന്‍ വഴിയില്ലാ" എന്ന് പറയുമ്പോലെ.
" വിളിപ്പിച്ചത്?" എന്നാലിനി വിഷയത്തിലേക്ക് കടക്കാം എന്ന് കരുതി നാം.
"രണ്ടാം വര്‍ഷ വാര്‍ഷിക ആയുധ മത്സരം ഇങ്ങെത്തിയല്ലോ. പഠനമൊക്കെ എവിടം വരെയായി" ഒന്നനങ്ങിയിരുന്നിട്ടു ഗുരു ചോദിച്ചു .
"കുഴപ്പമില്ലാതെ നടക്കുന്നു" സുഹൃത്തിന്റെ പുത്രന്‍റെ പഠനം എങ്ങിനെ പോകുന്നു എന്നറിയാനുള്ള ആകാംഷയില്‍ നമ്മേ വിളിപ്പിച്ച ആ വലിയ മനുഷ്യനെ തെറ്റിദ്ധരിച്ചതില്‍ നമുക്ക് പശ്ചാതാപം തോന്നി. പറ്റിയാല്‍ ഒരു റാങ്കും നാം അടിച്ചെടുത്തു ഗാല്‍ഗുത്താനില്‍ കൊണ്ടു തരാം എന്ന് കൂടി പറയണം എന്നുണ്ടായിരുന്നു . പക്ഷേ പറഞ്ഞില്ല.
"മത്സര കളരിയില്‍ കയറണമെങ്കില്‍ ഹാജര്‍ നില ഭംഗിയാകണ്ടായോ?" കടുവ അടുത്ത ചോദ്യം എറിഞ്ഞു.
"സര്‍വകലാശാലയില്‍ പിഴ കെട്ടി അത് ശരിയാക്കാം " 'ഇതൊന്നും അറിഞ്ഞു കൂടല്ലേ, സില്ലി ബോയ്' എന്ന മട്ടില്‍ നാം.
"ആന്നോ. പക്ഷെ അതിന് ഞാന്‍ ഇവിടുന്നു മത്സരത്തിനു ഇറങ്ങുന്നവന്മ്മാരുടെ പട്ടികയും, അതില്‍ നിന്‍റെ പേരും,ഹാജര്‍ നിലയും ചേര്‍ത്ത്, അങ്ങോട്ടയച്ചാലല്ലേ പിഴയുമായിട്ടവിടെ ചെല്ലുമ്പോള്‍ വല്ലതും നടക്കു ? " ഗുരു വചനം.
"അയച്ചില്ലായിരുന്നോ?" എന്ന് നാം. 'കഷ്ടം, ഇങ്ങനെ ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു പ്രിന്‍സി. ' എന്ന് മനസ്സില്‍ .
"അതയക്കണേല്, നിന്‍റെ അപ്പനോടോന്നു വന്നെന്നെ കാണാന്‍ പറ" കടുവ മൊഴിഞ്ഞു. 'എന്തിന്? നാമറിയാതെ പിതാജി മഹാരാജ് തപാല്‍ കമ്പനി വല്ലതും തുടങ്ങിയോ? തന്നെയുമല്ല, സ്വന്തം പുത്രന്‍റെ ഹാജര്‍ നിലയോക്കെ സര്‍വകലാശാലയിലേക്ക് ഒരു പിതാവിന്‍റെ കൈയില്‍ കൊടുത്ത് വിടുന്നത് നിയമവിരുദ്ധമാകില്ലേ?' നാം മനസ്സില്‍ ചോദിച്ചു .
"നിന്‍റെ ഇവിടുത്തെ ലീലാവിലാസങ്ങള്‍ അങ്ങേരും കൂടി ഒന്നറിഞ്ഞിരിക്കണമല്ലോ. അതിനാ വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞത് " കടുവ നയം വ്യക്തമാക്കി.
'അതൊക്കെ നമ്മള്‍ അറിഞ്ഞാല്‍ പോരേ? വെറുതെ കലാലയത്തിന് പുറത്തൊക്കെ പാട്ടാക്കാന്‍...മോശം, മോശം' എന്ന് നാം മുഖഭാവത്താല്‍ പറഞ്ഞു നോക്കി.
"പറഞ്ഞത് കേട്ടോടാ?" ഗര്‍ജ്ജന സമാനം ചോദ്യം.
"ഒവ്വ" താണു വണങ്ങി നാം.
"എന്നാ പൊക്കോ"
"പോയ് കഴിഞ്ഞു" പിന്നോക്കം നടന്നു കൊണ്ടു നാം പറഞ്ഞു.
പക്ഷേ കാര്യാലയത്തിനു പുറത്തെത്തിയ നമുക്ക് വലിയ പരിഭ്രമം ഒന്നും ഇല്ലായിരുന്നു. കാരണം ഒന്നാം വര്‍ഷ വാര്‍ഷിക മത്സരത്തിന്റെ ഫലങ്ങള്‍ കാണിച്ച് പിതാജി മഹാരാജിനെ വീഴ്ത്താം. പഠനത്തില്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ കലാലയ ജീവിതം ആഘോഷമാക്കുന്നതില്‍ എതിര്‍പ്പൊന്നും ഇല്ലാത്തയാളാണ് മഹാരാജാവ്. വിപ്ലവവും , സമരങ്ങളും ഒക്കെ അറിഞ്ഞാലും ,ഏറിയാല്‍ സൌമ്യമായ ഒരു താകീത് . കടുവയെ പുള്ളി മെരുക്കിയെടുത്തുകൊള്ളും . ഇത്തരം ശുഭപ്രതീക്ഷകളുമായി നാം കൊട്ടാരത്തിലെത്തി പിതാജിയെ മഹാരാജിനെ ഗുരു അഗസ്ത്യനുടെ സന്ദേശം അറിയിച്ചു. വിചാരിച്ചത്പോലെതന്നെ "വല്ലപോഴുമൊക്കെ പാഠശാലയില്‍ കയറികൂടേടാ?" എന്നൊരു ചോദ്യം മാത്രം ചോദിച്ച അദ്ദേഹം വരാമെന്ന് സമ്മതിച്ചു . മാത്രമല്ല "അഗസ്ത്യഗാരുവിനെ നാം കണ്ടിട്ടും കുറച്ചായി " സ്വയമെന്നവണ്ണം പറയുകയും ചെയ്തു .
പിറ്റെന്നാള്‍ പിതാജി മഹാരാജിന്റെ തേരിലാണ് ഗമയോടെ നാം കലാലയത്തിലേക്ക് എഴുന്നള്ളിയത്. പിതാവും, പുത്രനും താമസിയാതെ തന്നെ പരിശുദ്ധാത്മാവിന്റെ കാര്യാലയത്തിലേക്ക് ആനയിക്കപ്പെട്ടു . പഴയ മച്ചൂസ് തമ്മില്‍ കണ്ടപ്പോള്‍ ആഹ്ലാദപ്രകടനങ്ങളും , ചായ സത്കാരവും (നമുക്കു തന്നില്ല ) ഒക്കെയുണ്ടായി. കുരവയിടാന്‍ മലയാള സാഹിത്യ വിഭാഗത്തില്‍ നിന്നും ആളെ വരുത്തുവാന്‍ അഗസ്ത്യഗാരു മുതിര്‍ന്നതാണ്. പിതാജി തടഞ്ഞത് കൊണ്ടതുണ്ടായില്ല.
"എന്നാലിനി വൈകാതെ കുമാര സംഭവങ്ങളുടെ കെട്ടഴിക്കാം." മഹാരാജാവ് കല്‍പ്പിച്ചു. "ശരി തുടങ്ങാം" അഗസ്ത്യഗാരു സമ്മതിച്ചു. പിന്നെ പത്തു നിമിഷങ്ങള്‍ അരങ്ങ് കടുവയുടെ പിടിയിലായിരുന്നു.
'വഷളന്‍ ഹാജര്‍ നില, വിപ്ലവം എന്ന ഉപദ്രവം, അടിപിടി, മറ്റു ശിഷ്യ ഗണങ്ങളെ ഇതൊക്കെ ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കല്‍,രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഖദര്‍ പക്ഷവുമായി ഉണ്ടായ ഒരു കശപിശയുടെ പേരില്‍ എട്ടു ദിനങ്ങള്‍ തുടര്‍ച്ചയായി ഗാല്‍ഗുത്താനില്‍ വിദ്ദ്യാഭ്യാസം സ്തംഭിപ്പിക്കുവാന്‍ മഹനീയ നേത്ര്വത്വം ' തുടങ്ങി ഒരു പിടി കുറ്റകൃത്യങ്ങള്‍ നമ്മുടെ മേല്‍ അഗസ്ത്യഗാരു ആരോപിച്ചു. ഇടക്കിടെ കലി കയറി നമ്മെ കടിച്ചു കീറാന്‍ ചാടിയ ഗുരുനാഥനെ വട്ടംപിടിച്ച് പിതാജി " ക്ഷമിക്കു . കുമാരനെ നാം ഉപദേശിച്ചു നന്നാക്കിയേക്കാം" എന്നെല്ലാം അച്ചടി ഭാഷ പറഞ്ഞും, "ഡാ , മേലാല്‍ ഇതൊന്നു ആവര്‍ത്തിക്കരുത്" ഇമ്മാതിരി താകീതുകള്‍ നമ്മോടുര ചെയ്തും ശാന്തനാക്കുകയായിരുന്നു. നമ്മേ രക്ഷിക്കുവാനുള്ള മഹാരാജാവിന്‍റെ അഭിനയ പാടവത്തിനു മുന്നില്‍ തലകുനിച്ച് നില്‍ക്കുക എന്ന കര്‍മ്മം മാത്രമെ നമുക്കു ചെയ്യേണ്ടതായി വന്നുള്ളൂ . ഇപ്രകാരം സംഭവങ്ങള്‍ ശുഭമായി കലാശിക്കുവാനായി നാം കാത്തു നില്‍ക്കേ...
"പക്ഷെ ഇതിനൊന്നുമല്ല മഹാരാജാവേ താങ്കളെ ഞാന്‍ ഇത്രേടം വരുത്തിയത് " അഗസ്ത്യഗാരുവിന്റെ വാക്കുകള്‍ നമുക്ക് ഇടിമുഴക്കം പോലെ തോന്നി .
' ഇനിയേതു കുന്തം ബാക്കി നമ്മേ കുത്തുവാന്‍ ' എന്ന മട്ടില്‍ നാം തലയുയര്‍ത്തി അദ്ദേഹത്തെ നോക്കി.
"ഈ കാണിക്കുന്ന അക്രമം ഒന്നു പോരാഞ്ഞിവന് പീലാത്തോസ് കുരുക്കളുടെ മകള്‍ മേഴ്സിക്കുട്ടിയുമായി മുടിഞ്ഞ പ്രേമം".
നമ്മുടെ താടിക്കിട്ടാരോ ഇടിച്ചത് പോലെ തോന്നി .
'ഇതിങ്ങേരെങ്ങിനെ അറിഞ്ഞു?'. ഗാല്‍ഗുത്താനിലെ രസതന്ത്ര വിദ്വാന്മാരില്‍ പ്രമുഖനായ പീലാത്തോസ് കുരുക്കളുടെ ഏക പുത്രി മേഴ്സിക്കുട്ടിയുമായുള്ള നമ്മുടെ അടുപ്പം അറിയാവുന്നവര്‍ വളരെ ചുരുക്കം. പിതാജിയുടെ മുഖത്ത് പടരുന്ന അപകടകരമായ ഗൗരവം ഇടക്കണ്ണിലൂടെ നാം കണ്ടു.
' നാല് ദിവസം മുന്‍പ് കലാലയത്തില്‍ വെച്ചു കണ്ടതാണല്ലോ അവളെ. അന്ന് രാത്രി ദൂരവിനിമയ യന്ത്രം വഴി പുലരുവോളം സല്ലപിക്കുകയും ചെയ്തു. കോട്ടയത്ത് പോകുന്നു എന്ന് പറഞ്ഞതല്ലാതെ അപ്പോഴൊന്നു യാതൊരു അപകട സൂചനയും സുന്ദരി തന്നിരുന്നില്ല. ഇനി ഗുല്‍നാറുമായുള്ള നമ്മുടെ സല്ലാപങ്ങള്‍ കോട്ടയത്തറിഞ്ഞിട്ട് കൊച്ച് കത്തെഴുതി വെച്ചിട്ട് കയറി തൂങ്ങിയാ, ക്രിസ്തു നാഥാ' . നമ്മുടെ ചിന്തകള്‍ ആ വഴിക്കായിരുന്നു.
"മിനിയാന്ന് ആ കുട്ടിയുടെ മുറി അടിച്ചുവാരാന്‍ കയറിയ വേലക്കാരിക്ക് തലയിണക്കടിയില്‍ നിന്നു കിട്ടിയതാണ് ഇതൊക്കെ" നമ്മുടെ ചിന്തകള്‍ക്കുത്തരം എന്നവണ്ണം അഗസ്ത്യഗാരുവിന്റെ സ്വരം. ഒപ്പം മഹാഗണി മേശയുടെ വലിപ്പില്‍ നിന്നും കടുവ ഒരു കെട്ട് കടലാസുകള്‍ എടുത്ത് പുറത്തേക്കിട്ടു . ആ കെട്ടിന് മുകളില്‍ മഴയത്ത് ഉമ്മ വെച്ച് കളിക്കുന്ന ബാലിക ബാലന്മാരുടെ ചിത്രമുള്ള ആശംസാപത്രം കണ്ടപ്പോഴേ നമുക്കു ബോധക്ഷയം ബാധിച്ച് തുടങ്ങിയിരുന്നു . അതിന് താഴെയുള്ള വര്‍ണ്ണക്കടലാസുകള്‍ ഒമര്‍ ഖയ്യാം, മഹാകവി ജയദേവന്‍ തുടങ്ങിയവരുടെ വരികള്‍ അടിച്ചു മാറ്റി നാം മേഴ്സിക്കുട്ടിക്കെഴുതിയ പ്രണയ കാവ്യങ്ങളാണെന്ന് ഉറപ്പ്. മേഴ്സിയെ ജേര്‍സി പശുവിനെ വിട്ടു തൊഴിപ്പിക്കനാണ് നമുക്കു തോന്നിയത്. 'ഇത്തരം ലോകോത്തര സാഹിത്യ സൃഷ്ടികള്‍ തലയിണക്കടിയിലോ സൂക്ഷിക്കുന്നത് ? വിവരംകെട്ടവള്‍'
പിതാജി മഹാരാജ് നമ്മുടെ കലാസൃഷ്ടികള്‍ ഓരോന്നായി എടുത്ത് വായിച്ചു നോക്കി. അനുനിമഷം രൌദ്രം, ബീഭത്സം ,ഭയാനകം ഇത്യാദി രസങ്ങള്‍ ആ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു .
"പത്താം തരത്തില്‍ പതിനഞ്ചാം റാങ്ക് മേടിച്ച കുട്ടിയാണ് മേഴ്സി .പക്ഷെ ഇപ്പോള്‍ അവള്‍ക്കു കുറെ നാളായി പഠിത്തത്തിലൊന്നും തീരെ താത്പര്യമില്ല എന്ന മട്ടാ . ഇതെല്ലാം കിട്ടിയതിനു ശേഷമല്ലിയോ പീലാത്തോസ് കുരുക്കള്‍ക്ക് കാരണം മനസ്സിലായത്. സ്വകാര്യ പരിശീലനത്തിനും ഒന്നും ഇതു കാരണം ആ കൊച്ചു ക്രത്യമായി പോകാറില്ലാ എന്നാണ് കുരുക്കള്‍ പറഞ്ഞത് ." അഗസ്ത്യഗാരു വക എരിതീയില്‍ എണ്ണ . പിതാജി ജ്വലിച്ച് തുടങ്ങിയിരുന്നു.
'നുണ പറയരുത് കടുവേ . നാം ഇന്നു വരെ ആ കൊച്ചിനെ ആവധി ദിവസങ്ങളില്‍ കണ്ടിട്ടില്ലാ. ' എന്നെല്ലാം പറയണം എന്നുണ്ടായിരുന്നു നമുക്ക്. പക്ഷേ സ്വരം പൊങ്ങിയില്ല.
'ഇനി കശ്മല ശനി, ഞായര്‍ ദിവസങ്ങളില്‍ മറ്റു വല്ലവരുടെയും കൂടെ ചാടി പോകുന്നുണ്ടോ?' എന്ന സംശയവും നമ്മില്‍ അങ്കുരിച്ചു .
"കുരുക്കള്‍ക്ക് മകളെ പഠിപ്പിച്ച് ഇഞ്ചി നീരാക്കി അമേരിക്കന്‍ സാമന്ത രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനയക്കണം എന്നാണ് ആഗ്രഹം. പക്ഷേ ഇനി അതൊന്നും നടക്കുകേലെന്നും പറഞ്ഞു ആ പാവം മിനിഞ്ഞാന്ന് ഇവിടിരുന്നു കരയുകായിരുന്നു" പ്രണയലേഖനങ്ങളും അമേരിക്കന്‍ പഠനവും തമ്മിലെന്ത് ബന്ധം എന്ന് നാം ആലോചിച്ചു. ഒരു പിടിയും കിട്ടിയില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി. കടുവ അത്രയും നേരം നടത്തിയ ഗിരിപ്രഭാഷണത്തില്‍ മഹാരാജാവിനെ ഏറ്റവും ആകര്‍ഷിച്ചത് ഒരു പിതാവിന്‍റെ , അതും ഒരു പുത്രിയുടെ പിതാവിന്‍റെ കണ്ണുനീര്‍ വര്‍ണ്ണനയായിരുന്നു . കാരണം കടുവയത് പറഞ്ഞു കഴിഞ്ഞതും ... "ഫ്ഭാ ...രാജാവിന്‍റെ മോനേ" എന്നലറികൊണ്ട് പിതാജി മഹാരാജ് ചാടിയെഴുന്നേറ്റു. (രാജാവിന്‍റെ എന്നുള്ളത് മാറ്റി മനോധര്‍മ്മം പോലെ എന്തും ചേര്‍ത്ത് കൊള്ളുക. ജീവിതത്തിലാദ്യവും അവസാനവുമായിട്ടാണ് അത്തരം ഒരു അസംസ്കൃത പദം നാം പിതാശ്രിയുടെ നാവില്‍ നിന്നും കേള്‍ക്കുന്നത് . അതിനാല്‍ അതിവിടെ പറയില്ല ).
അദ്ദേഹത്തിന്റെ ഇരുപ്പിടം പിന്നോക്കം മറിഞ്ഞ് വീണിരുന്നു. അലര്‍ച്ചയുടെ ഉസ്താദായ കടുവ നടുങ്ങി വിറങ്ങലിച്ച് നില്ക്കുന്നു. നാം അപ്പോഴേക്കും ഒരൊറ്റ ചാട്ടത്തിന് നാലഞ്ചടി പിന്നോക്കം എത്തിയിരുന്നു. കഥാപാത്രങ്ങള്‍ അന്യോന്യം മാറിയത് കണ്ണടച്ച് തുറക്കുന്ന നേരത്തില്‍. പിതാജിയുടെ ഉഗ്രരൂപം കണ്ടപ്പോളേ അഗസ്ത്യഗാരു കടുവാസ്ഥാനം രാജി വെച്ച് ഒഴിഞ്ഞിരുന്നു. അതുവരെ നമ്മേ കടിച്ചു കീറാന്‍ നിന്ന കടുവ സമാധാനത്തിന്റെ വെള്ളരിപ്രാവായി, നരസിംഹ സ്വരൂപത്തില്‍ നമ്മുടെ കുടല്‍മാല ചൂടുവാന്‍ വെമ്പുന്ന പിതാശ്രിയെ ശാന്തനാക്കുവാന്‍ ശ്രമിക്കുന്നു. 'സംസര്‍ഗ ഗുണം ദോഷം' എന്നപോലെ പിതാജിയുടെ നാവില്‍ കര്‍ഷക വാണി . അഗസ്ത്യഗാരു ശുദ്ധ സംസ്ക്രതം.
" നിന്നെയൊക്കെ വളര്‍ത്തി വലുതാക്കി മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കുന്നതിലും ഭേദം വെട്ടിയരിഞ്ഞു വാഴക്ക് വളമാക്കുന്നതാട " പിതാജി വക തീപാറുന്ന സംഭാഷണം.
"ക്ഷമിക്കു മഹാരാജ് , ക്ഷമിക്കു " പിതാജിയെ വട്ടംപ്പിടിച്ച് എക്സ് കടുവ.
"ഞാഞ്ഞൂല് പ്രേമിക്കാന്‍ നടക്കുന്നു. ആ വാക്ക് അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ അറിയാമോടാ ..." പിന്നെ പറയുവാന്‍ ഉദ്ദേശിച്ചത് എന്തോ നല്ല വാക്കായതിനാല്‍ പിതാജിയത് വിഴുങ്ങി. പകരം സ്വതന്ത്രമായ കൈ വീശി നമ്മുടെ കപോലം തഴുകുവാന്‍ ഒരു വിഫല ശ്രമം നടത്തി. "ഇന്നു കൊല്ലും നിന്നെ " എന്ന വാഗ്ദാനവും.
"അടങ്ങു മഹാരാജാവേ . നമുക്കു കുമാരനെ കാര്യം പറഞ്ഞു മനസിലാക്കാം" അഗസ്ത്യഗാരു പിതാജിയെ കൂടുതല്‍ ബലമായി പിന്നോക്കം പിടിച്ചു കൊണ്ട് പറഞ്ഞു. പിതാജിയില്‍ നിന്നും ഒരു സുരക്ഷിത അകലം പാലിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് നിന്നിരുന്ന നമ്മുടെ കണ്ണുകള്‍ ഗുരുനാഥന്റെ പുതിയ രൂപം കണ്ടു നിറഞ്ഞ് പോയി. ഏറെ നേരം പിതാജി സംഹാര രൂപം പൂണ്ടലറി . ഇടക്കിടെ നമ്മേ മര്‍ദ്ധിക്കുവാന്‍ ശ്രമിച്ചു. അഗസ്ത്യഗാരു തടുത്തത് കൊണ്ടും, ഞങ്ങള്‍ക്കിടയിലെ ദൂരം കൃത്ത്യമായി നാം പാലിച്ചത് കൊണ്ടും നമുക്കു തട്ടൊന്നും കിട്ടിയില്ല. പഴയ കടുവ ഒടുവില്‍ പെടാപാടുപ്പെട്ട് പിതാജിയെ ശാന്തനാക്കി. മറിഞ്ഞുവീണ ഇരിപ്പിടം നേരെയാക്കി അതില്‍ പിടിച്ചിരുത്തി.
"ശരി. പക്ഷേ, ഇനി കൊട്ടാരത്തില്‍ കാലുകുത്തണമെങ്കില്‍ നീ പീലാത്തോസ് കുരുക്കളെ കണ്ടു ആയിരത്തൊന്ന് ഏത്തമിട്ടു മാപ്പു പറയണം. " അല്‍പ്പനേരം കഴിഞ്ഞു പിതാജി നമ്മേ നോക്കി പറഞ്ഞു.'എപ്പോ പറഞ്ഞൂന്ന് ചോദിച്ചാല്‍ പോരെ? ' എന്ന മട്ടില്‍ നാം തല ശക്തിയായിട്ടാട്ടി
"മേലില്‍ കുരുക്കളുടെ മകളെ കണ്ടാല്‍ നീ തിരിഞ്ഞ് നടക്കണം. യാതൊരു വിധ ബന്ധവും നിനക്കാ കുട്ടിയുമായി പാടില്ല" അടുത്ത കല്പന .ലോകരുടെ കണ്ണില്‍പ്പെടാതെ എങ്ങിനെയാ ബന്ധം മുന്നോട്ടു കൊണ്ടു പോകാം എന്നായിരുന്നു അപ്പോള്‍ നമുക്കു ചിന്ത മുഴുവന്‍ "ഇതൊക്കെ തല കുലുക്കി സമ്മതിച്ചിട്ട് വീണ്ടും ആ കുട്ടിയുടെ പിന്നാലെ നടന്നു എന്നറിഞ്ഞാല്‍ നിന്‍റെ കൈകാലുകള്‍ വെട്ടിയരിഞ്ഞ് കൊട്ടരത്തിലിട്ട് ചോറ് തരും ശിഷ്ടകാലം" നമുക്കു മനസ്സ് വായിച്ചിട്ടെന്നവണ്ണം പിതാജി മുന്നറിയിപ്പ് നല്കി. "ശിഷ്ടകാലം സുഭിക്ഷ ഭക്ഷണം കൊള്ളാവുന്ന ഏര്‍പ്പാടാണെങ്കിലും കൈയ്യും കാലും... അത് വേണ്ട " നാം നമ്മോടു തന്നെ പറഞ്ഞു.
"പീലാത്തോസ് കുരുക്കളോട് നീ മാപ്പ് പറഞ്ഞെന്ന് അഗസ്ത്യഗാരു നമ്മേ അറിയിച്ചതിന് ശേഷം ഇന്നു നീ കൊട്ടാരത്തിലേക്ക് വന്നാല്‍ മതി ." രാജകീയ ശൈലി വീണ്ടെടുത്തു തുടങ്ങിയ പിതാജി പറഞ്ഞു. അനന്തരം അഗസ്ത്യഗാരുവിനോട് യാത്ര പറഞ്ഞു കൊടുങ്കാറ്റ് പോലെ ഇറങ്ങി പോയി.
"അപ്പോള്‍ നീ ഇനി മേഴ്സിക്കുട്ടിയുടെ പുറകെ നടക്കില്ല. ഉറപ്പാന്നേ?" പിതാജി പോയിക്കഴിഞ്ഞപ്പോള്‍ അഗസ്ത്യഗാരു നമ്മോട് ചോദിച്ചു.
" ഏത് മേഴ്സിക്കുട്ടി?" നമ്മുടെ മറു ചോദ്യം .
എല്ലാം സഹിക്കാം. പക്ഷേ മാപ്പ് പറയുവാന്‍ ചെന്ന നമ്മേ ആദ്യ അരമണിക്കൂര്‍ 'വൃത്തികെട്ടവന്‍, ശവം, ശ്വാനനെ പോല്‍ മണം പിടിച്ചു നടക്കുന്നവന്‍ , അലവലാതി' തുടങ്ങിയ വിശേഷണങ്ങളാല്‍ ചരിതാര്‍തഥനാക്കുകയും, അടുത്ത അരമണിക്കൂര്‍ ഉപദേശിച്ച് ഒരരുക്കാക്കുകയും ചെയ്ത പീലാത്തോസ് കുരുക്കള്‍ മേഴ്സിക്കുട്ടിയെ നാം ഗാല്‍ഗുത്താന്‍ വിടുന്നത് വരെ വീടുതടങ്കല്ലില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുകയും, അതിന് ശേഷം കോട്ടയം രാജ്യത്തേക്ക് എന്നന്നേക്കുമായി നാടു കടത്തുകയും ചെയ്തതിലേ നമുക്കു പ്രതിഷേധമുളളു.
Friday, October 24, 2008
Subscribe to:
Post Comments (Atom)
22 comments:
ഗുരു സ്മരണയില്‍ ഒരു നീണ്ട പോസ്റ്റ്
excellent
ഹി..ഹി..സബാഷ് കുമാരാ..ഏറെ നാളായി സഭയിലെത്താന്‍ സാധിച്ചിട്ട്..എന്നാല്‍ അഗസ്ത്യഗാരു ചരിതം വായിച്ചതോടെ ആ വിഷമം മുഴുവന്‍ മാറി...കടുവാക്കൂട്ടിലകപ്പെട്ടതിന്റെ വര്‍ണ്ണനകള്‍ കേമായിരിക്കണു..:)
ഹോ എന്‍റെ കുമാരാ...
എന്തു പറഞ്ഞ് അഭിനന്ദിക്കണം എന്നറിയാതെ അടിയന്‍ കണ്‍ഫ്യൂഷനായി ഇരിക്കുന്നു. എന്താ ആ വാക്ചാതുര്യം!!! അവതരണമോ കെങ്കേമം. കുമാരന്‍ തീര്‍ച്ചയായും മലയാള സാഹിത്യ രംഗത്തെ താരം ആഫ്റ്റര്‍ വി.കെ.എന്‍ ആയിരിക്കുമെന്ന് ഞാനിതാ അനുഗ്രഹിക്കുന്നു ആഗ്രഹിക്കുന്നു. (അസൂയ വല്ലാതെയുണ്ട്. കാണിച്ചിട്ട് കാര്യമില്ലല്ലൊ :( )
Superb....
(also my salute to your father...)
നമിച്ചു അണ്ണാ..നമിച്ചു..എങ്ങനെ എഴുതുന്നു ഇത്?
അപ്പൊ,മേഴ്സി കുട്ടി രക്ഷപ്പെട്ടു അല്ലെ..
കലക്കി.
മേര്സി കുട്ടി രക്ഷപെട്ടു ഇപ്പോള്‍ എവിടെ?
ഇത്ര നല്ല അച്ഛനെ എവിടെ കിട്ടും.അദേഹത്തിന്റെ ക്ഷമയും കുമാരന്‍ പരിക്ഷിച്ചു കളഞ്ഞല്ലോ?
"മേഴ്സിയെ ജേര്‍സി പശുവിനെ വിട്ടു തൊഴിപ്പിക്കനാണ് നമുക്കു തോന്നിയത്..."
മഹാപാപം... ജേര്‍സിക്ക് ചോദിക്കാനും പറായനും ആരൂല്ലാത്തോണ്ടല്ലേ...
കുമാരാ... ആയുഷ്മാന്‍ ഭവ...കിടിലന്‍ പോസ്റ്റ്
:)
കുമാരൻ മിടുമിടുക്കൻ.. പോസ്റ്റ് രസിച്ചിരുന്നു വായിച്ചു. പാരിതോഷികമായി തരാൻ നമ്മുടെ കയ്യിൽ ഒന്നുമില്ല്യ. പകരം നാം ഒരു ചൈനീസ് മോഹനം പോസ്റ്റ് ചെയ്തിരുന്നത് കേട്ടാലും.
ഇഷ്ടപ്പെട്ടാൽ ഈ പോസ്റ്റ് നാം രസിച്ചതിനുള്ള പ്രതികാരവുമായി.
കുറേ നാള്‍ കൂടിയാണ് ഇതുവഴി വന്നത്. എന്തായാലും കുമാരചരിതം വളരെ രസകരമായി.... :)
ആ ഭട്ടിയെ ഒന്നു കിട്ടുമോ ? ഈ കുളത്തിലിടാനാ... കല്ലിട്ടാല്‍ പോര ഈ കുളത്തില്‍..
ഡാ വിക്രമാ ക്ഷ പിടിച്ചൂ... ഇതിന്റെ ഒരരികിലൂടെ ഒക്കെ നമ്മളും പോയതാ. പിന്നെ രാജാവിനെ വിളിക്കാതെ രക്ഷപ്പെട്ടു. അതിന്നു വേണ്ടി ഏത് കുളത്തില്‍ കല്ലിടാനും തയ്യാറായതോണ്ടാണ്‍ സങ്കതി ഇപ്പൊഴും സീക്രട്ടായിരിക്കുന്നത്. ഒരു പോസ്റ്റിട്ടത് പൊളിക്കുന്നുണ്ട്.
'ഇനി കശ്മല ശനി, ഞായര്‍ ദിവസങ്ങളില്‍ മറ്റു വല്ലവരുടെയും കൂടെ ചാടി പോകുന്നുണ്ടോ?'
മേഴ്സിയെ ജേര്‍സി പശുവിനെ വിട്ടു തൊഴിപ്പിക്കനാണ് നമുക്കു തോന്നിയത്
ആറാം നിമിഷം നിന്‍റെ മരണം അപ്രതീക്ഷിതമായിരിക്കും.
സ്വപാദുകം പോലും ഊരി എറിഞ്ഞിടാന്‍ ശ്രമിക്കുന്ന
ചിരിച്ചു ചിരിച്ചു എനിക്കുവയ്യാണ്ടായേ....
രാജാവേ ഇടവേളക്ക് ശേഷമുള്ള വരവ് തകര്‍ക്കുകയാണല്ലോ. ഓരോ പോസ്റ്റ് ഉം ഒന്നിനൊന്നു നന്നാകുന്നുണ്ട് . അടുത്ത പോസ്റ്കള്‍ക്കായി കാത്തിരിക്കുന്നു . ചിര്ച്ചു മരിച്ചതിന്നാല്‍ കുടുതല്‍ എഴുതാന്‍ പത്തുന്നില്ല
:)
ഇത് കഴിവു തന്നെ. ഇങ്ങിനെ ഓരോപോസ്റ്റിലും വായക്കാരെ കുടുകുടാ ചിരിപ്പിക്കുന്നത്.
കലക്കി വാരിയിട്ടുണ്ട്. അടിപൊളി
എന്തായാലും കുമാരന്റെ തിരിച്ചു വരവ് മോശമാകുന്നില്ല. എനിക്ക് അസൂയ തോന്നുന്നു. കുമാരന്റെ എഴുത്തിനോടല്ല, ഇമ്മാതിരി കുത്തിയിരുന്നു ചമക്കാനും ചമല്‍ക്കാരമൂണ്ടാക്കാനും കിട്ടുന്ന സമയമുണ്ടല്ലോ!. ശൈലി തുടര്‍ച്ചയായി കൊണ്ടുപോകുന്നതില്‍ വിക്രം താന്‍ വിജയിക്ക്കുന്നു. അഭിനന്ദംസ് :)
എന്‍ഡിങ്ങ്, അവസാന പാര ഗുമ്മായോ അതോ മുന്‍ വിവരണങ്ങളോടൊപ്പം വന്നോ എന്ന് സംശയം.
നന്ദന്‍/നന്ദപര്‍വ്വം
excellent, കുമാരാ....excellent.....super writing....wonderful narration..keep it up!!!Keep it up!!!
Long live..വിക്രമാ കുമാരാ!!!!
വന്നപ്പോ വൈകിപോയ് മഹാരാജന്‍....തിരുവുള്ളകേടുണ്ടാവരുത്. ചിരിച്ചൊരുവഴിയായി....ഇനി ഇവിടുത്തെ പഞ്ചായത്ത് വാര്‍ഡിലിടക്കിടെ വന്ന് തലകാട്ടികൊള്ളാം.
Hahaha! SUPERB..
'ഇനി കശ്മല ശനി, ഞായര്‍ ദിവസങ്ങളില്‍ മറ്റു വല്ലവരുടെയും കൂടെ ചാടി പോകുന്നുണ്ടോ?' എന്ന സംശയവും നമ്മില്‍ അങ്കുരിച്ചു .
ആദ്യമായിട്ട് ഒരു ബ്ലോഗ് വായിക്കുന്ന എനിക്ക് അഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടോ എന്നറിയില്ല, പക്ഷെ പറയാതിരിക്കാനും പറ്റില്ല കാരണം പൊളപ്പന്‍ അവതരണ ശൈലി തന്നെ.
എന്തായാലും എന്‍റെ അഭിപ്രായം പിന്ന പറയാം. തത്കാലം എന്‍റെ കളരിപരമ്പര ദൈവങ്ങളെ കുമാരന്‍റെ കൂടെ അയക്കുന്നു. ബ്ലോഗ് നിര്‍ത്തിയാല്‍, കുമാരാ മോനേ................................
കുമാരാ വിക്രമ, എന്ത് പറ്റി, പല്ലിയോ മറ്റോ നക്കിയോ? എന്‍റെ ഭീഷണിക്ക് ശേഷം ബ്ലോഗില്‍ പോസ്റ്റ് ഒന്നും കണ്ടില്ല. അതോ പേടിച്ചുപോയോ? ഈ കണക്കിന് പോയാല്‍ എപ്പോ പറഞ്ഞു തീരും ഈ ചരിത്രം? പറയും പോല ഒരു റെര്മിനെടോര്‍-ടു നായകനെ (വേതാളം)
അവതരിപ്പിക്കാന്‍ ഉണ്ടോല്ലോ? സൊ കം ബാക്ക് ഫാസ്റ്റ് വിത്ത് എ ബ്ലോക്ക്ബുസ്റെര്‍ ബ്ലോഗ്, ഓക്കേ. അപ്പം വീണ്ടും സന്ധിക്കും വരെ വണക്കം.
എന്ന് ദൂരെ ദൂരെ നിന്നും വിണ്ടും അതെ അപരിചിതന്‍
excellent
http://www.karunamayam.blogspot.com/
ചാത്തനേറ്: അഗസ്ത്യാഗാരു നായകനായാലും(ഫ്രം തലേക്കെട്ട്) കയ്യടി മൊത്തം മഹാരാജാവിനു തന്നെ എന്നാ പെര്‍ഫോമന്‍സ്...:):):)
Post a Comment