Monday, October 20, 2008

ഭട്ടിയെ കാണ്മാനില്ലാ

അഞ്ചു ദിവസത്തേക്കുള്ള അവധിയുടെ അപേക്ഷ തിരിച്ചും മറിച്ചും നോക്കി ഗാല്‍ഗുത്താന്‍ മലകളെ അടക്കി ഭരിക്കുന്ന ഞങ്ങളുടെ പ്രധാന അധ്യാപകനായ ബഹു: അഗസ്ത്യസ്സ് എസ്തപ്പനോസ് ഒരല്‍പ്പ നേരം മൌനമായി ഇരുന്നു. പിന്നെ മിഴികള്‍ ഉയര്‍ത്തി, മുന്നില്‍ വിനയത്തോടെ നില്‍ക്കുന്ന നമ്മേ നോക്കി. നോട്ടത്തിന്റെ പൊരുള്‍ നമുക്കറിയാം. അദ്ദേഹത്തിന്‍റെ കൈയ്യിലിരിക്കുന്ന അപേക്ഷയില്‍ അവധിക്കു വേണ്ടി കാണിച്ചിരിക്കുന്ന കാരണവും, മുന്നില്‍ നില്‍ക്കുന്ന നാമും തമ്മിലെ പൊരുത്തക്കേടിന്റെ സംശയമാണ് ആ നോട്ടത്തില്‍ മുഴുവന്‍. നമുക്കു അവധി വേണ്ടത് ഉജ്ജയ്നിയിലെ കലാലയങ്ങള്‍ എല്ലാം പങ്കെടുക്കുന്ന കല സാംസ്കാരിക ഉത്സവമായ ഹോച്ച് പോച്ച് എന്ന പോച്ചാ പറിക്കലില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി. കലയും , സംസ്കാരവും, നാമും തമ്മില്‍ വെള്ളവും, എണ്ണയും, കരിക്കട്ടയും തമ്മിലുള്ള ചേര്‍ച്ച ഉണ്ടല്ലോ എന്നത് എസ്ത്തപ്പനോസ്സിന്റെ സംശയം.
"നീ പരിപാടികളില്‍ വല്ലതും പങ്കെടുക്കുന്നുണ്ടോ? " അദ്ദേഹം ചോദിച്ചു . 'പരിപാടികളില്‍ പങ്കെടുക്കനല്ലാതെ വെറുതെ വായിനോക്കനാണ് നീ പോകുന്നതെങ്കില്‍ നിന്നെ ഞാന്‍ എന്‍റെ മുതലക്കുട്ടികള്‍ക്ക് ആഹാരമാക്കും' എന്നൊരു ജോസ് പ്രകാശ് ധ്വനി ആ ചോദ്യത്തില്‍ അന്തര്‍ലീനമായിരുന്നതിനാല്‍ മുന്നും പിന്നും നോക്കാതെ നാം ഉണ്ടെന്നു പറഞ്ഞു.
"എന്താ പരിപാടി?" അടുത്ത ചോദ്യം
"നാടകം" നാം ഉണര്‍ത്തിച്ചു . അതപ്പോള്‍ തോന്നിയ ഒരു ബുദ്ധിയാണ്.നാടകം എന്ന് പറഞ്ഞാല്‍ നമ്മുടെ മുഴുവന്‍ സംഘത്തിനും ഒറ്റയടിക്ക് അഞ്ച് ദിവസം കഴിച്ചില്ലായി കിട്ടും. ഏതിനും അതേറ്റു .ഞങ്ങള്‍ നവരത്നങ്ങള്‍ക്ക് അവധി അനുവദിക്കപ്പെട്ടു .

അഗസ്ത്യസ്സ് എസ്തപ്പനോസ്സിനെ വിശ്വസിപ്പിക്കാനും, പിന്നെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ എന്ന പേരില്‍ മേളയില്‍ പ്രത്യേക പരിഗണന ലഭിക്കുവാനുമായി ഞങ്ങള്‍ ഒരു ഹാസ്യ നാടകം തട്ടി കൂട്ടി. വേണ്ടുവോളം കൂവലും കിട്ടി. പെട്ടന്ന് തിരശീല ഇട്ടതു കാരണം പിറ്റേന്ന് ചെരുപ്പ് കട തുടങ്ങേണ്ടി വന്നില്ലാ .
നാടകത്തിന് കൂവല്‍ കിട്ടിയാലും മേള നടക്കുന്ന വേദികളില്‍ അഞ്ചു ദിവസം സ്വത്രത്ര സഞ്ചാരത്തിനുള്ള വകുപ്പ് ഒപ്പിക്കുക . അത് മാത്രമായിരുന്നു ഞങ്ങളുടെ ഉന്നം . അതേതായാലും ഒത്തു. ഉജ്ജയ്നിയിലെ പ്രമുഖ രാജകീയ വനിതാ കലാലയം , സകല വിശുദ്ധ ചെകുത്തിണികളും ഒരു മച്ചിനു കീഴെ ഒത്തു കൂടുന്ന കലാലയം ...ഈ രണ്ടിടങ്ങളില്‍ നിന്നും മേളക്കെത്തുന്ന വനിതാ പ്രതിനിധികളുമായി ഒരു അന്താരാഷ്ട്ര സൌഹൃദം സ്ഥാപിക്കുക എന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം നടക്കുന്ന കാര്യമാണ്.

ഇങ്ങനെയുള്ള അസുലഭ അവസരങ്ങള്‍ ഏറെ ഇഷ്ട്ട്ടപ്പെട്ടിരുന്നത് നമ്മുടെ ആത്മ സുഹൃത്തായ ഭട്ടിയാണ്. ഗാല്‍ഗുത്താനിലെ ഒരു വിധം കാണാന്‍ കൊള്ളാവുന്ന നാരീ രത്നങ്ങള്‍ എല്ലാം തന്നെ 'ഒന്നുകില്‍ സഹോദര സ്ഥാനത്തേക്ക് ക്ഷണിക്കുകയോ അല്ലെങ്കില്‍ തിരിഞ്ഞു നോക്കതിരിക്കുകയോ' എന്ന അവസ്ഥയിലുള്ള ഒരുവന് പുറം ലോകത്തെ സുന്ദരികളെ കണ്ട് , പരിചയപ്പെട്ട് പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ നടത്തുവാനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ എത്രമാത്രം പ്രിയപ്പെട്ടതാവുമെന്നു ഊഹിക്കാവുന്ന കാര്യം മാത്രം...

രാവിലെ എട്ടര മണിയാകുമ്പോള്‍ ഭട്ടി കുളിച്ചൊരുങ്ങി മേള നടക്കുന്ന വേദിയില്‍ ഹാജരുണ്ടാകും. ഒപ്പം ബച്ചുവും. നാമും മറ്റു താരകങ്ങളും എത്തുമ്പോള്‍ മണി ഒന്‍പതര . പിന്നെ ബഹുജന സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങുകയായി.

മേളയുടെ മൂന്നാം നാള്‍ രാവിലെ നാം വേദിയില്‍ എത്തിയപ്പോള്‍ ഭട്ടി "കോളേജ് , ടീനേജ് പെണ്കള്‍... എല്ലോര്‍ക്കും എന്‍ മീത് കണ്കള്‍" എന്ന പാട്ടും പാടി തുള്ളിച്ചാടി നടക്കുന്നു.
കാരണം ചോദിച്ചു . ഭട്ടിയുടെ കാലുകള്‍ നിലത്തുറക്കാത്തത് കൊണ്ട് ( സന്തോഷം കൊണ്ട് ...തെറ്റിദ്ധരിക്കരുത്) ബച്ചുവാണ് കാര്യം പറഞ്ഞത് . അതും തെല്ലസ്സൂയയോടെ. മേള നടക്കുന്ന വേദിയിലേക്കുള്ള പ്രവേശന കവടത്തിനരുകില്‍ നാലഞ്ച് പെണ്‍കുട്ടികള്‍ നിന്നിരുന്നു...അവരില്‍ ഏറ്റവും സുന്ദരിയായ ഒരുത്തിയെ ബച്ചു ഞങ്ങള്‍ക്ക് കാട്ടി തന്നു. അവള്‍ ഭട്ടിയോടു കുശല പ്രശനം നടത്തിയത്രേ . സ്വാഭാവികമായും ഞങ്ങള്‍ ഞെട്ടി "എന്താടാ അവള്‍ പറഞ്ഞത്?" ഇഞ്ചിക്ക ഭട്ടിയോടു ചോദിച്ചു
"എന്റെ പേരും...എവിടാ പഠിക്കുന്നതും എന്നൊക്കെ ചോദിച്ചു ...എല്ലാ ദിവസവും ഇവിടെ വരുമോന്നും തിരക്കി" ഭട്ടി സന്തോഷത്തോടെ പറഞ്ഞു.

ലിത് ലത് തന്നെ . ഞങ്ങള്‍ ഉറപ്പിച്ചു . കൂട്ടുകാരനെ ഒരു സുന്ദരി പ്രണയിക്കുന്നതിലുള്ള സന്തോഷമായിരുന്നോ അതോ ഞങ്ങളെയൊന്നും അവള്‍ തിരിഞ്ഞു നോക്കത്തത്തിന്റെ അസൂയയായിരുന്നോ ആ നിമിഷം മനസ്സില്‍ എന്ന് ചോദിച്ചാല്‍...നല്ല രസികന്‍ അസൂയ. പിന്നേ സന്തോഷം ...ഇത്ര രാവിലെ ഒരുങ്ങിക്കെട്ടി വരുന്നതു ലവന് ഒരു പെണ്ണ് പച്ചകൊടി കാണിക്കുന്നത് കണ്ട് സന്തോഷിച്ചു കൈ അടിക്കനല്ലേ?

ഏതിനും ...അന്നത്തെ ദിനം മുഴുവന്‍ ഭട്ടിയും, സുനിത എന്ന ആ സുന്ദരിയും തമ്മിലുള്ള കൊച്ചു വര്‍ത്തമാനങ്ങളിലും, ഇടക്കിടെയുള്ള പുഞ്ചിരികളിലും കൂടി കടന്നു പോയി .
വൈകുന്നേരം മേള കഴിഞ്ഞു മടങ്ങുമ്പോള്‍ ഭട്ടി സ്വപ്ന ലോകത്തായിരുന്നു . സുനിതയുമായുള്ള വിവാഹവും കഴിഞ്ഞ് , കുട്ടികളെ ഊട്ടിയിലെ ഗുരുകുലത്തില്‍ ചേര്‍ക്കുന്നതുവരെ കാര്യങ്ങള്‍ അവന്‍ കൊണ്ടെത്തിച്ചു. "അളിയാ ഞങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാ അല്ലേ?" ഇടക്കവന്‍ നമ്മോടു ചോദിച്ചു
"അതേടാ. കരിയെണ്ണയും വെണ്ണയും പോലെ " നമ്മുടെ പ്രതികരണം.

പിറ്റേന്ന് രാവിലെ നാമും മറ്റു സുഹൃത്തുക്കളും എത്തുമ്പോള്‍ വേദിയുടെ പ്രവേശന കവാടത്തില്‍ ബച്ചു മാത്രം നില്‍ക്കുന്നു .
"ഭട്ടി എവിടെ ?" നാം ചോദിച്ചു .
"രാവിലെ എന്‍റെ കൂടെ വന്നതാ...ഇടക്കാ പെണ്ണ് വിളിച്ച് ഏതോ സംസാരിക്കുന്നത് കണ്ടു . ഞാന്‍ ഒരു പുകയെടുത്ത്‌ തിരിച്ചു വന്നപ്പോള്‍ അവനെ കാണാനില്ല" .
ഭട്ടിയുടെ മാനസ റാണി അവിടെയൊക്കെ തന്നെ കറങ്ങി നടക്കുന്നുണ്ട് .അപ്പോള്‍ അവനെവിടെ പോയി? അതായി ഞങ്ങളുടെ സംശയം .
"ഇനി പ്രണയം പൂത്തുലഞ്ഞ സന്തോഷത്തില്‍ അവള്‍ക്ക് വല്ല സമ്മാനവും വാങ്ങാന്‍ പോയതാണോ?" പേപ്പട്ടി അവന്‍റെ ബുദ്ധി പ്രയോഗിച്ചു. "ആയിരിക്കും" അന്ന് പതിവിലും കൂടുതല്‍ പെണ്‍കുട്ടികള്‍ മേളക്കെത്തിയിരുന്നതിനാല്‍ ഞങ്ങളെല്ലാവരും തത്കാലം ആ വിശദീകരണത്തില്‍ തൃപ്തരായി.

പക്ഷെ സമയം ഉച്ചയായിട്ടും ഭട്ടിയെ കാണാത്തപ്പോള്‍ ഞങ്ങള്‍ വീണ്ടും സംശയത്തിലായി. "വാടാ ...അവളോട്‌ തന്നെ ചോദിക്കാം" നാം ബച്ചുവിനെയും കൂട്ടി സുനിതയുടെ അടുത്തേക്ക്‌ നടന്നു.രണ്ടു കൂട്ടുകാരികളുമായി നിന്ന് ശീതളപാനിയം മോന്തുകയായിരുന്നു സുന്ദരി.'ഹോയ്, കൂയ് 'തുടങ്ങിയ ഉപചാര വാക്കുകള്‍ക്ക് ശേഷം നാമും ബച്ചുവും അവരെ ചോദ്യം ചെയ്യുവാന്‍ തുടങ്ങി .
"എന്താ പേര്?" സുനിതയുടെ കൂടെ നിന്ന സുന്ദരികളോടായിരുന്നു ചോദ്യം
"രമ"
"കീര്‍ത്തി "
"എല്ലാവരും ഒന്നിച്ചാ പഠിക്കുന്നത്?"
"അതേ" രമയാണ് ഉത്തരം പറഞ്ഞതു.
"എവിടാ വീട്?" ചോദ്യം കീര്‍ത്തിയോട് നാം.
സുന്ദരി ഉത്തരം പറഞ്ഞപ്പോള്‍ ബച്ചു അതേ ചോദ്യം രമയോട് ആവര്‍ത്തിച്ചു . അവള്‍ അവനും ഉത്തരം നല്‍ക്കി .
പിന്നെ നാം കീര്‍ത്തിയോടും, ബച്ചു രമയോടുമായി ചോദ്യങ്ങള്‍ . ഇടയ്ക്ക് സുനിത ബച്ചുവിനെയും നമ്മേയും മാറി മാറി നോക്കി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. "ഭട്ടി ചേട്ടനെ കാണുന്നില്ലല്ലോ?" പറഞ്ഞത് പോലെ ആ പട്ടിയെക്കുറിച്ച് ചോദിക്കനാണല്ലോ ഞങ്ങള്‍ അവരുടെ അടുത്തെത്തിയത് എന്ന ഓര്‍മയില്‍ നാമും ബച്ചുവും പരസ്പരം നോക്കി.
"കുട്ടി അവനെ കണ്ടായിരുന്നോ ഇന്ന്?"ബച്ചു സുനിതയോട്‌ ചോദിച്ചു.
"ഉം "സുന്ദരിയുടെ മുഖത്ത്‌ നാണം കലര്‍ന്ന പുഞ്ചിരി.
"എന്നിട്ടവന്‍ എവിടെയെങ്കിലും പോകുമെന്ന് പറഞ്ഞോ?" നാം ചോദിച്ചു.
"ഇല്ല"
"രാവിലെ കുട്ടിയുമായി സംസാരിച്ച് കഴിഞ്ഞതില്‍ പിന്നെ അവനെ കാണില്ല" ബച്ചു പറഞ്ഞു.
" അപ്പോള്‍ അത് കഴിഞ്ഞു നിങ്ങള്‍ തമ്മില്‍ കണ്ടില്ലേ ? " ബച്ചു പറഞ്ഞതു തന്നെ സുന്ദരി ചോദ്യമായി തരികെ ചോദിച്ചു .മുഖത്ത്‌ നാണം എണ്‍പത് ശതമാനം , നിരാശ ഇരുപതു ശതമാനം എന്ന ക്രമത്തില്‍ പ്രതിഫലിച്ചിരുന്നു
"ഇല്ല...ഞങ്ങള്‍ ഒന്നന്വേഷിക്കട്ടെ " നാം പറഞ്ഞു
"കാണുമ്പോള്‍ ഞാന്‍ തിരക്കി എന്നൊന്ന് പറയാമോ?" സുന്ദരി ബച്ചുവിനോട് ചോദിച്ചു "ഉം" അവന്‍ ഗൗരവത്തില്‍ മൂളി. ഞങ്ങള്‍ തിരിഞ്ഞ് നടന്നു. "അവന്‍റെ സമയം" പെണ്‍കുട്ടികള്‍ കേള്‍ക്കാത്തത്ര ദൂരത്തിലായപ്പോള്‍ ഗൗരവം വിട്ട് ബച്ചു അസൂയയോടെ പറഞ്ഞു.
"എന്നാലും ഇവനിതെവിടെ പോയി?" നാം ആത്മഗതം ചെയ്തു.
"കാക്കിപ്പടയെ വിവരം അറിയിക്കണോ?" ബച്ചു ചോദിച്ചു
"വേണ്ട ...ഇപ്പോള്‍ തന്നെ നാലഞ്ച് അടി പിടികളുടെ പേരില്‍ അവര്‍ അവനെ തിരയുന്നുണ്ട്. ഇനി നമ്മളായിട്ട് പ്രത്യേകം ചെന്ന് പറഞ്ഞ് അന്വേഷിപ്പിക്കേണ്ട കാര്യമില്ലാ" എന്നായി നാം.
" അത് ന്യായം...എന്നാലും ഇവനത് ..."ബച്ചുവിനെ പോലെ തന്നെ ഞങ്ങള്‍ക്കെല്ലാം ആകാംഷ കൂടി കൂടി വരുകയായിരുന്നു .
രാഷ്ട്രീയ ശത്രുക്കള്‍ ഭട്ടിയെ തട്ടി കൊണ്ടു പോയോ, പട്ടി പിടുത്തക്കാര്‍ പിടിച്ചു കൊണ്ടു പോയോ, അതോ വല്ല ഇടി വണ്ടിക്കും അടിയില്‍പ്പെട്ടോ തുടങ്ങിയ സംശയങ്ങള്‍ ഞങ്ങളെ വേട്ടയാടി. കാണാതായത് ഭട്ടിയെയാണ് എന്നത് കൊണ്ടു തന്നെ സാധ്യതകള്‍ പലതാണ്. പരിചയപ്പെടുന്ന നിമിഷം കരണത്തൊന്ന് പൊട്ടിച്ച്, അടിവയറ്റില്‍ മുട്ടും കയറ്റിയ ശേഷമേ ആരും മറ്റെന്തെങ്കിലും പരിപാടി നോക്കു...അത്ര തങ്കപ്പെട്ട സ്വഭാവത്തിനുടമയാണ് ഞങ്ങളുടെ പ്രിയ സുഹൃത്ത് .
ഒടുവില്‍ തീരുമാനമായി...അന്വേഷിച്ചിറങ്ങുക .... ഇഞ്ചിക്കയും പേപ്പട്ടിയും ഭട്ടിയുടെ വീട്ടില്‍ പോയി നോക്കുക. തൊണ്ടും , കാരാമയും ഗാല്‍ഗുത്താനിലും. ദൂര വിനിമയ യന്ത്രം വഴി വിപ്ലവ നേതാക്കളെ വിവരമറിയിക്കാനും ഏര്‍പ്പടുക്കള്‍ ചെയ്യപ്പെട്ടു. അത്യാവശ്യം കാക്കിപ്പടയുടെ താവളങ്ങളും തിരയണമല്ലോ. യാത്രക്കുതിരകള്‍ നാലുപാടും പാഞ്ഞു. മേള നടക്കുന്നിടത്ത് നാമും ബച്ചുവും മാത്രം. ഇടക്കിടെ സുനിത ഞങ്ങള്‍ക്കരുകിലെത്തി ഭട്ടി വന്നോ എന്നന്വേഷിച്ചുക്കൊണ്ടിരുന്നു .
വൈകുന്നേരമായപ്പോഴേക്കും അന്വേഷണ സംഘങ്ങള്‍ എല്ലാം മടങ്ങിയെത്തി .ഭട്ടി മാത്രം ഇല്ല. അന്നത്തെ മേള കഴിഞ്ഞു എല്ലാവരും പിരിയാറായപ്പോള്‍ സുനിത വീണ്ടും ഞങ്ങള്‍ക്കരുകിലെത്തി ഭട്ടിയെ അന്വേഷിച്ചു. ആളിതുവരെ എത്തിയില്ല എന്ന് ബച്ചു പറഞ്ഞപ്പോള്‍ സുന്ദരിയുടെ മുഖത്ത്‌ നിരാശ പൂര്‍ണ്ണമായി. അത് കണ്ടു കരലളിഞ്ഞ നാം "പെങ്ങളേ , ഏത് പാതാളത്തില്‍ നിന്നും നാളെ നാം അവനെ പൊക്കി നിന്‍റെ മുന്നില്‍ ഇട്ടു തരും" എന്ന് മനസ്സില്‍ പ്രതിജ്ഞ ചെയ്തു.

കാക്കിപ്പടയുടെ താവളങ്ങളിലും ഭട്ടി ഇല്ലാ എന്ന വിവരും വിവരവും ഒടുവില്‍ ലഭിച്ചു. പിന്നെ അവന്‍ എവിടെ പോയി എന്ന ചിന്തയില്‍ ഞങ്ങള്‍ നിന്ന് കറങ്ങുമ്പോള്‍ സമയം ആരെയും കാത്തു നില്‍ക്കാതെ സന്ധ്യയായി.
"ഇനി കാക്കിപ്പട അവനെ വല്ല രഹസ്യ സങ്കേതത്തിലും കൊണ്ടു പോയി ഉരുട്ടി കൊന്നോ?" പേപ്പട്ടിയുടെ സംശയം.
"അവന്റെ ശരീര പ്രകൃതിക്ക്‌ ഉരുട്ടാന്‍ പെന്‍സില്‍ മതി .പെന്‍സില്‍ കൊണ്ടു ഉരുട്ടുന്ന വിദ്യ എന്‍റെയറിവില്‍ കാക്കികള്‍ക്ക് വശമില്ല. അതുകൊണ്ടതിന് സാധ്യത ഇല്ല " നാം തീര്‍ത്ത്‌ പറഞ്ഞു.
സമയം വൈകുന്തോറും ഞങ്ങളുടെ ആകാംഷയും കൂടി വന്നു. ഭട്ടിയുടെ മാതാ പിതാക്കള്‍ ഇപ്പോള്‍ അ വീട്ടില്‍ ജോലി കഴിഞ്ഞു തിരികെ എത്തിയിട്ടുണ്ടാകും. അവനവിടെ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചാല്‍ അഥവാ ഇല്ലെങ്കില്‍ അത് കൂടുതല്‍ പൊല്ലാപ്പിന് വഴി മരുന്നാകും . ഈ വിധമെല്ലാം ചിന്തിച്ച് നില്‍കുമ്പോള്‍ നഗരത്തിലെ പ്രസിദ്ധമായ അതി പുരാതന കലാലയത്തിലെ വിദ്യാര്‍ഥിയും ഞങ്ങളുടെ വിപ്ലവ പ്രസ്ഥാനത്തില്‍ അംഗവുമായ രമേഷ് അവന്‍റെ യന്ത്രക്കുതിരയില്‍ ഞങ്ങള്‍ക്കരുകില്‍ എത്തിയത്. രണ്ടു ഫെര്‍ലോങ്ങ് അപ്പുറത്ത് നിന്നു തന്നെ വിപ്ലവ വീര്യം മൂക്കില്‍ തുളഞ്ഞു കയറിയപ്പോള്‍ ,സന്ധ്യക്ക്‌ പതിവുള്ള വിപ്ലവാരിഷ്ടം സേവിച്ചിട്ടു വരുന്ന വഴിയാണ് സഖാവെന്ന് ഉറപ്പായി ."ലസാഗുക്കളെ" രമേഷ് ഞങ്ങളെ അഭിവാദ്യം ചെയ്തു. നാക്ക് പിണഞ്ഞത് കാരണം 'ലാല്‍ സലാം സഖാക്കളേ' അങ്ങിനെയാണ് പുറത്തു വന്നത് ."ലാല്‍ സലാം" ഞങ്ങള്‍ പ്രത്യഭിവാദ്യം ചെയ്തു.
"നിങ്ങ എന്താ ഇവിഴെ ? ഫട്ടി നിങ്ങളെ ആഴെയും വിളിച്ചില്ലേ ?" രമേഷ് ചോദിച്ചു
"എവിടേക്ക്?" ഞങ്ങള്‍ എട്ട് പേര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു.
"ഭ്രമണപഥത്തിലേക്ക്" കള്ളിന്‍റെ കെട്ടിലും നഗരത്തിലെ പ്രസിദ്ധ മദ്യശാലയുടെ പേര് മാത്രം സഖാവിന്റെ നാവില്‍ സ്ഫുടതയോടെ വിളയാടി.

ഭട്ടി എവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ പകുതി ആശ്വാസമായി. ഇഞ്ചിക്കയെ പാമ്പായി നില്‍ക്കുന്ന സഖാവിനെ വീട്ടിലെത്തിക്കുവാനുള്ള ചുമതലയേല്‍പ്പിച്ച് ഞങ്ങള്‍ ഭ്രമണപഥത്തിലേക്ക് തിരിച്ചു .

ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച ഞങ്ങളെ അക്ഷരാര്‍ത്തില്‍ ഞെട്ടിച്ചു . പാമ്പും, ഇരയും ഒക്കെ കഴിഞ്ഞ് പരുന്തായി നില്‍ക്കുന്ന ഭട്ടി.ഇരുന്നു കുടിച്ച് മടുത്തയവന്‍ ഇപ്പോള്‍ നിന്നു കൊണ്ടുള്ള കീറാണ്. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല . (സന്തോഷം കൊണ്ടല്ലാ...ശരിയായി തന്നെ ധരിച്ചോ)
"അഴിയാ കുമാരാ..." നമ്മേ കണ്ട ഭട്ടി കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യാന്‍ വിഫല ശ്രമം നടത്തി .
നിന്ന നില്‍പ്പില്‍ ഒന്നാടി, വീഴുവാന്‍ തുടങ്ങിയ ഭട്ടിയെ നമ്മുടെ സുഹൃത്ത് ബഫൂണ്‍ ഓടി ചെന്ന് താങ്ങി.
"മച്ചു...വീഴല്ലെടാ. വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം..." ഭട്ടി ബഫൂണിനെ മുറുകെ ചുറ്റിപ്പിടിച്ചു കൊണ്ട് ഉപദേശിച്ചു .
പരിചയമുള്ള ഒരു വിളമ്പുകാരനില്‍ നിന്നും രാവിലെ പത്തു മണി മുതല്‍ ഭട്ടി മദ്യമല്ലാതെ ഒന്നും കഴിച്ചിട്ടില്ലയെന്ന് ഞങ്ങള്‍ അറിഞ്ഞു.
"ഇനി ആദ്യമായിട്ട് ഒരു പെണ്ണ് ഇഷ്ടമാണെന്ന് പറഞ്ഞതിന്‍റെ ഞെട്ടല്‍ മാറാത്തുള്ള കുടിയാണോ?" ബച്ചു സംശയം പ്രകടിപ്പിച്ചു.
"പോഴാ കഴുവേഴിഴെ മോഞ്ഞേ " ബച്ചുവിന്റെ വാക്കുകള്‍ കാതില്‍ വീണ ഭട്ടിയുടെ പ്രതികരണം .
"എടാ മിണ്ടാതെ നിന്നോ. ഇല്ലെങ്കില്‍ നിന്‍റെ വായില്‍ ഞാന്‍ മണല് നിറയ്ക്കും" ബഫൂണ്‍ അവനെ ആലിംഗനം ചെയ്ത് നിന്ന ഭട്ടിയെ ഭീഷ്ണിപ്പെടുത്താന്‍ ശ്രമിച്ചു
"മച്ചു...നിനക്കെത്ര ലോഡ് മണല്‍ വേണം... എന്നോട് പറ...ഞാന്‍ ഇറക്കിത്തരാം" എന്ന് പറഞ്ഞ ഭട്ടി ബഫൂണിന്റെ കവിളത്ത് ഒരു മുത്തവും കൊടുത്തു .

ഏറെ നേരത്തെ പിടി വലികള്‍ക്കൊടുവില്‍ മദ്യശാലയിലെ കണക്ക് തീര്‍ത്ത്‌ ഭട്ടിയെ ഞങ്ങള്‍ പുറത്തിറക്കി.
അവനെ വീട്ടിലേക്ക് വിടാന്‍ പറ്റാത്തതിനാല്‍ നഗരത്തിലെ വിപ്ലവ കക്ഷികളുടെ സങ്കേതങ്ങളില്‍ ഒന്നിലേക്ക് കൊണ്ടു പോകുവാന്‍ തീരുമാനമായി . ബച്ചുവിന്റെ യന്ത്രക്കുതിരക്ക് പിന്നില്‍ അവനോടു കയറുവാന്‍ പറഞ്ഞപ്പോള്‍ അവന്‍ ബച്ചുവിനെ തെറി കൊണ്ടഭിഷേകം നടത്തി."ഇവന്‍റെ കൂടെ എന്‍റെ ഫട്ടി കയഴും" എന്നൊരു പ്രഖ്യാപനവും. തത്കാലം ഭട്ടിയുടെ പട്ടിയെ കൊണ്ടു വരുവാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലാതിരുന്നതിനാല്‍ ബഫൂണിന്റെ യന്ത്രകുതിരയുടെ പിന്നില്‍ ഭട്ടിയെ സ്ഥാപിച്ച്, അവന് പിന്നില്‍ താങ്ങായി നാമും കയറി.

വിപ്ലവ സങ്കേതത്തില്‍ ഒരു ഒഴിഞ്ഞ മുറിയില്‍ ഭട്ടിയെ ഞങ്ങള്‍ കൊണ്ട് കിടത്തി . കിടന്നപാടെ അവന്‍ വാള് വെച്ചു . പുറം തടവിക്കൊടുക്കാന്‍ ചെന്ന ബച്ചുവിനു പിന്നെയും പുളിച്ച തെറി സമ്മാനമായി കിട്ടി.
ബച്ചുവിനെ അടുത്തുള്ള തട്ടുകടയില്‍ നിന്നും കട്ടന്‍ കാപ്പി വാങ്ങുവാന്‍ അയച്ചിട്ട് ബഫൂണ്‍ ഭട്ടിയുടെ പുറം തിരുമ്മി കൊടുത്തു. ഞങ്ങളെല്ലാവരും അപ്പോഴും ഇങ്ങിനെ കുടിക്കാന്‍ ഭട്ടിയെ പ്രേരിപ്പിച്ച സംഭവം എന്താണെന്ന് ആലോചിച്ചു അത്ഭുതപ്പെടുകയായിരുന്നു.
നാലഞ്ച് കാപ്പികള്‍ക്കും അതിലേറെ വാളുകള്‍ക്കും ഒടുവില്‍ ഭട്ടി തളര്‍ന്നുറക്കമായി. മേല്‍ക്കുപ്പായം ഊരി മാറ്റി, കൈയ്യില്‍ കിട്ടിയ ഒരു തോരണത്തുണി വെള്ളം നനച്ച് മുഖം തുടച്ച ശേഷം അവനെ ഞങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിക്കിടത്തി. അപ്പോഴാണ്‌ ബച്ചുവിന്റെ കൈയ്യിലിരുന്ന ഭട്ടിയുടെ കുപ്പായത്തിന്റെ കീശയില്‍ നിന്നും നാലായി മടക്കിയ, നീല നിറത്തിലെ ഒരു കടലാസ് താഴെ വീണത്‌.
ബച്ചു അതെടുത്ത് നിവര്‍ത്തി വായിച്ചു നോക്കി . പിന്നെ തലയുയര്‍ത്തി അല്‍പ്പമകലെ നിന്നിരുന്ന നമ്മേ നോക്കി. ശേഷം ഒന്നും മിണ്ടാതെ ആ കടലാസ് തിരികെ മടക്കി സ്വന്തം കീശയില്‍ നിക്ഷേപിച്ചു.
"എന്താടാ അത്?" നാം ചോദിച്ചു.
"പ്രേമലേഖനം" ബച്ചു നിര്‍വികാരനായി പറഞ്ഞു
"എടാ നാണംക്കെട്ടവനെ ...അവന് അവള്‍ എഴുതിയ പ്രേമലേഖനം നീ എന്തിനെടുക്കുന്നു?" നാം കോപാകുലനായി
"അതെനിക്കുള്ളതാടാ" ബച്ചു പറഞ്ഞു
" അതിനെന്താ...ഏ ...എന്തോന്ന്?" നാം ഞെട്ടി
"അവള്‍ എനിക്ക് എഴുതിയതാ. നേരിട്ട് തരാന്‍ മടിയായത് കാരണം ഭട്ടിയുടെ കൈയ്യില്‍ കൊടുക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത് " ബച്ചു പറഞ്ഞു
"നിന്‍റെയൊക്കെ അവളമ്മാരുടെ പ്രേമലേഖനം എന്നെ ഏല്‍പ്പിക്കാന്‍ ഞാന്‍ ആരെടാ നിന്‍റെയൊക്കെ മാമനോ!!!?" അകത്തെ മുറിയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഭട്ടിയുടെ ആക്രോശം. ഭാഗ്യം. നാവിന്‍റെ കുഴച്ചില്‍ മാറിയിട്ടുണ്ട്.
നാമും ബച്ചുവും മുഖാമുഖം നോക്കി. വെറുതെയല്ല അവന്‍ ബച്ചുവിനെ കണ്ടപ്പോള്‍ കുപിതനായതും തെറി വിളിച്ചതും.
"എന്നാലും എന്‍റെ മക്കളെ ....നിങ്ങളെ ഊട്ടിയില്‍ പഠിപ്പിക്കാന്‍ അച്ഛന്‍ കൊടുത്ത ഒന്നര ലക്ഷം രൂപ പാഴായി പോയല്ലോ" അകത്ത് നിന്നും ഭട്ടിയുടെ ആത്മരോദനം

14 comments:

വിക്രമാദിത്യന്‍ said...

ഒരല്‍പ്പം നീണ്ട ഭട്ടി പുരാണം...

സുല്‍ |Sul said...

ഹഹഹ വിക്രമാ
(((((((ഠോ..))))))))
ഭട്ടിക്കൊരു തേങ്ങയിരിക്കട്ടെ.
സൂപര്‍ കോമഡി സസ്പന്‍സ് ത്രില്ലര്‍ :)

-സുല്‍

nandakumar said...

ഹഹഹ അരേ കുമാരന്‍...ക്ലൈമാക്സ് അതി ഗംഭീരം.. ഒട്ടും പ്രതീക്ഷിച്ചില്ല. എന്താപ്പോ സംഗതി ഇങ്ങിനെ എന്നറിയാന്‍ ഞാന്‍ വീണ്ടും മുകളില്‍ പോയി ബച്ചു-സുനിത സംഭാഷണം വീണ്ടും വായിച്ചു നോക്കി അപ്പോഴല്ലേ കൊച്ചിന്റെ നാണവും ചിരിയും മനസ്സിലായത്..
ഗ്രേറ്റ് ഗുരോ...ഗ്രേറ്റ്...

“"കുട്ടി അവനെ കണ്ടായിരുന്നോ ഇന്ന്?"ബച്ചു സുനിതയോട്‌ ചോദിച്ചു.
"ഉം "സുന്ദരിയുടെ മുഖത്ത്‌ നാണം കലര്‍ന്ന പുഞ്ചിരി.
"രാവിലെ കുട്ടിയുമായി സംസാരിച്ച് കഴിഞ്ഞതില്‍ പിന്നെ അവനെ കാണ്ടില്ല" ബച്ചു പറഞ്ഞു.
" അപ്പോള്‍ അത് കഴിഞ്ഞു നിങ്ങള്‍ തമ്മില്‍ കണ്ടില്ലേ ? " ബച്ചു പറഞ്ഞതു തന്നെ സുന്ദരി ചോദ്യമായി തരികെ ചോദിച്ചു .മുഖത്ത്‌ നാണം എണ്‍പത് ശതമാനം , നിരാശ ഇരുപതു ശതമാനം
"കാണുമ്പോള്‍ ഞാന്‍ തിരക്കി എന്നൊന്ന് പറയാമോ?" സുന്ദരി ബച്ചുവിനോട് ചോദിച്ചു.

വാഹ് എന്നു നിന്റെ തോളില്‍ തട്ടി നോം പറയുന്നു.

Sarija NS said...

നമിച്ചു ഗുരോ നമിച്ചു. എന്താ അവതരണം!!! ഡിറ്റക്ടീവ് സിനിമാക്കാര്‍ കണ്ട് പഠിക്കട്ടെ. ഹോ... എന്നാലും പാവം ഭട്ടി.

മാലാഖന്‍ | Malaghan said...

ദര്‍'ബാറി'ല്‍ കാര്യങ്ങള്‍ നടന്നുകൊണ്ടേ ഇരിക്കുന്നു.
ആ 'ലസാഗു' കിടിലന്‍. ഭട്ടിയെ കണ്ടാല്‍ ഒരു പെഗുകൂടെ കൊടുക്കമായിരുന്നു. ചുമ്മ ഒണൂടെ എരിവു കയറ്റാല്ലോ... പിന്നെ ബാറിലെ ഭട്ടിയെ കണ്ടപ്പോള്‍ ആ ബാറിലെ പാട്ടാണ്‍ ഓര്‍മ്മവന്നത്. ഇതാണ്‌ സമ്ഭവം!
http://oonuready.blogspot.com/2008/09/blog-post_25.html
കേട്ട്നോക്ക്യാല്‍ കറക്റ്റ് ആയിരിക്കും!

Jayasree Lakshmy Kumar said...

ക്ലൈമാക്സിനോടടുത്തപ്പോൾ കഥ എങ്ങോട്ടാ പോകുന്നതെന്നു മനസ്സിലായിരുന്നു. എന്നാലും ഇഷ്ടമായത് ‘"എന്നാലും എന്‍റെ മക്കളെ ....നിങ്ങളെ ഊട്ടിയില്‍ പഠിപ്പിക്കാന്‍ അച്ഛന്‍ കൊടുത്ത ഒന്നര ലക്ഷം രൂപ പാഴായി പോയല്ലോ" അകത്ത് നിന്നും ഭട്ടിയുടെ ആത്മരോദനം ‘ ഈ അവസാനിപ്പിക്കൽ

നല്ല ഒന്നാംതരം കോമഡി പോസ്റ്റ്. ഇതെവിടന്നു കിട്ടി ഇതിലെ കഥാപാത്രങ്ങളുടെ പേരുകൾ. ചിരിച്ചൊരു വഴിക്കായി

Aadityan said...

തകര്ത്തു രാജാവേ . ഉഗ്രന്‍ .ഭട്ടി പുരാണം എന്നിയും കന്നുംമല്ലോ അല്ലെ .ബില്‍ഡ് അപ് ഉം ക്ലൈമാക്സ് ഉം കലക്കി. ജോസ് പ്രകാശ് അന്നേ ഹിറ്റ് ആയിരുന്നോ ? All the best.Keep going

അശ്വതി/Aswathy said...

സൂപ്പര്‍ ആയിട്ടുണ്ട്‌.നല്ല കോമഡി.
"പാമ്പും, ഇരയും ഒക്കെ കഴിഞ്ഞ് പരുന്തായി നില്‍ക്കുന്ന ഭട്ടി."
ചിരിക്കാന്‍ നല്ല വക ആയി. അഭിനന്ദനങ്ങള്‍...
keep it up

ശ്രീ said...

എഴുത്ത് രസിപ്പിച്ചു.

സമാനമായ ഒരു അനുഭവം ഞാന്‍ പഠിച്ച കോളേജിലും നടന്നിട്ടുണ്ട്. പക്ഷേ, അതോടു കൂടി വലിയ സുഹൃത്തുക്കളായിരുന്ന രണ്ടു കൂട്ടുകാര്‍ നിത്യ ശത്രുക്കളായി.
;)

Ashly said...

തകര്ത്തു രാജാവേ....തകര്ത്തു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി, രംഗങ്ങള്‍ ഭാവനയില്‍ കാണാന്‍ പറ്റുന്നു....

ബഹുവ്രീഹി said...

:) കലക്കി കുമാരാ.. കലക്കി.

:: VM :: said...

കുമാരാ,
കുറച്ചു ദിവസങ്ങളായി അങ്ങയെ കാണാതിര്രുന്നപ്പോള്‍ നാം ആശങ്കപ്പെട്ടുപോയി, ഇനി കുമാരന്റെ റൈറ്റിങ്ങ് പിക്കപ്പിനു ഭീതിദതമായ എന്തെങ്കിലും സംഭവിച്ചോ എന്നും വ്യാലുക, ക്ഷമിക്കൂ, വ്യാകുലപ്പെട്ടു പോയി,

എന്നിരുന്നാലും, കുമാരന്‍ പൂര്‍വാധികം ശക്തനായി തിരിച്ചു വന്നതില്‍ അകൈതവമായ ആനന്ദമുണ്ടെന്നു വിനയപുരസ്സരം അറിയിക്കട്ടേ!

സംഭവം അസാരം രസിച്ചു ;)

Santosh said...

"ലസാഗുക്കളെ" രമേഷ് ഞങ്ങളെ അഭിവാദ്യം ചെയ്തു. നാക്ക് പിണഞ്ഞത് കാരണം 'ലാല്‍ സലാം സഖാക്കളേ' അങ്ങിനെയാണ് പുറത്തു വന്നത്...


Super Maharaj.....